TopTop
Begin typing your search above and press return to search.

ഗുണ്ടകളാര്, രാഷ്ട്രീയക്കാരാര്? ഇന്നത്തെ കൊച്ചി ഇങ്ങനേയുമാണ്

ഗുണ്ടകളാര്, രാഷ്ട്രീയക്കാരാര്? ഇന്നത്തെ കൊച്ചി ഇങ്ങനേയുമാണ്

രാഷ്ട്രീയം ബിസിനസായി മാറിയ കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍ക്കാനും മുന്നേറാനും ഗൂണ്ടകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും സഹായവും പിന്തുണയും ആവശ്യമാണ്. ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലമായി സ്വതന്ത്രവും നിയമവ്യവസ്ഥയെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാനുള്ള അവസരവുമാണ് ഗൂണ്ടാസംഘങ്ങള്‍ക്ക് ലഭിക്കുന്നത്. അക്രമവും ഭീഷണിയുംകൊണ്ട് എതിരാളികളെയും അനുസരിക്കാത്തവരെയും നിശബ്ദരാക്കാന്‍ ഈ രാഷ്ട്രീയ-ഗൂണ്ട സംഘങ്ങള്‍ക്ക് കഴിയുന്നതിന്റെ ചില തെളിവുകളാണ് സമീപദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ഇത്തരം ഉപജപകസംഘങ്ങളെ ശിക്ഷിക്കാന്‍ എത്രകണ്ട് തയ്യാറുകുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ രാഷ്ട്രീയക്കാരും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിലൂടെയുണ്ടാക്കുന്ന അധികാര -സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും അന്വേഷിക്കുകയാണ് ഈ പരമ്പരയിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഡി ധനസുമോദ്. (ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം: രാഷ്ട്രീയം - ബിസിനിസ്- ഗുണ്ടായിസം; കേരളം തഴച്ചുവളരുന്നത് എങ്ങോട്ട്? ഭാഗം - 1, കൊച്ചി പഴയ കൊച്ചിയല്ല; രാഷ്ട്രീയക്കാരും - ഭാഗം 2)

ഭാഗം- 3 - സക്കീറിന്റെ ഗുണ്ട എന്ന രാഷ്ട്രീയക്കാരന്‍ സിദ്ദിക്ക്

എറണാകുളത്ത് സിപിഎം സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകള്‍; അവരില്‍ ഒരാള്‍ക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാര്‍ട്ടിക്ക് വേണ്ടിയുള്ള മുറകളും നടത്തിയ ഇവര്‍ നിരവധി ശത്രുക്കളെയും പാര്‍ട്ടിക്കു നേടിക്കൊടുത്തു. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശന്‍ ലീഡറായി. മറ്റൊരു കൊലക്കേസില്‍ സതീശന്‍ ജയിലില്‍ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു.

ഓരോ പ്രദേശവും ഓരോ ഗുണ്ടാ സംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. വൈറ്റിലയിലെ വെട്ടില്‍ സുരേഷും തേവരയിലെ മകിടി കുട്ടനും ഏലൂരില്‍ ചൗക്ക സാജുവും പാര്‍ട്ടികളെയും നേതാക്കന്മാരെയും രഹസ്യമായി സഹായിക്കുമെങ്കിലും ഇവരുമായുള്ള ബന്ധം തുറന്നു പറയാനോ ഇടപെടാനോ ഒരു നേതാവും തയാറായില്ല. റിയല്‍ എസ്‌റ്റേറ്റ് കച്ചവടം ശക്തമായതോടെ ഗുണ്ടകള്‍ രാഷ്ട്രീയ നേതാക്കളാകാന്‍ ശ്രമിച്ചു. കുണ്ടന്നൂര്‍ തമ്പി കോണ്‍ഗ്രസിലെ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായും തമ്മനം ഷാജി ആര്‍ജെഡി നേതാവായും മാറിയെങ്കിലും ക്ലച്ച് പിടിച്ചില്ല.

പൊതുപ്രവര്‍ത്തകരുടെ മാന്യതയും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുമൊക്കെ എന്നും ഗുണ്ടാത്തലവന്മാര്‍ കൊതിക്കുന്ന കാര്യമായിരുന്നു. ഗുണ്ടാപ്പണിയില്‍ നിന്നും പൊതുസ്വീകാര്യനായ പൊതുപ്രവര്‍ത്തകനായി മാറിയ ആളായിരുന്നു കറുകപ്പള്ളി സിദ്ദിഖ്. എറണാകുളം നഗരത്തില്‍ നിന്ന് ജനപ്രതിനിധികളായി ജയിച്ചു കയറുന്നത് യുഡിഎഫ് ആണെങ്കിലും കറുകപ്പള്ളി പോലെയുള്ള സ്ഥലം കൈപ്പത്തിക്കുള്ളിലെ മോസ്‌കോ ആണ്. ക്വൊട്ടേഷനും കൂലിത്തല്ലും പണപ്പിരിവുമായി നടന്നിരുന്ന സിദ്ദിഖ് ഒരു സുപ്രഭാതത്തില്‍ കുറ്റമെല്ലാം ഏറ്റുപറഞ്ഞ് ഡിവൈഎഫ്ഐക്കാരനായി. നിയമസഭാ സീറ്റില്‍ ഹൈബി ഈഡനെതിരെ മത്സരിച്ച അനില്‍കുമാറിന് വേണ്ടി മണ്ഡലത്തില്‍ ഓടി നടന്നു പ്രവര്‍ത്തിച്ചു. നേതാക്കളുമായി ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കാനുള്ള ഒരവസരവും പാഴാക്കിയില്ല. മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതു മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചും ഫോണ്‍ ഗാലറി നിറച്ചു.

പി രാജീവ്, എംവി ജയരാജന്‍ എന്നീ നേതാക്കള്‍ വളരെ അടുത്ത ആളുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോ പിന്നീട് ഉപയോഗിച്ചത് പഴയ പണിക്കു തന്നെ ആയിരുന്നു. പതിനായിരമോ ഇരുപത്തയ്യായിരമോ അല്ല ലക്ഷങ്ങളുടെ ക്വൊട്ടേഷനാണ് ഏറ്റെടുത്തത്. യുവസംരഭകയായ സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തുകയും അവരുടെ കാര്‍ തട്ടിക്കൊണ്ടു പോകുകയും ചെയ്തത് ഈ ഫോട്ടോകളുടെ ബലത്തിലായിരുന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയുള്ള കൊട്ടേഷന്‍ എന്നെല്ലാം ഈ ആക്രമണങ്ങളെ വരുത്തിത്തീര്‍ത്തു. ഒടുവില്‍ ഗതികേടുകൊണ്ട് സാന്ദ്ര ഡിജിപിക്ക് പരാതി കൊടുത്തതോടെയാണ് ബ്ലാക്ക് മെയിലിങ് , പണപ്പിരിവ് എന്നിവയുടെ കെട്ടഴിഞ്ഞത്.


നേതാക്കളോടുള്ള അടുപ്പം തോന്നിപ്പിക്കുന്നതിനായി സിദ്ദിക്ക് ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ള ഫോട്ടോകള്‍

പാര്‍ട്ടി ലോക്കല്‍ നേതാവാണെങ്കിലും നിലപാടില്‍ മയം വേണ്ടെന്ന്‍ മുഖ്യമന്ത്രി തീരുമാനിച്ചതോടെ അന്വേഷണ സംഘത്തിന് എളുപ്പമായി. ചോദ്യം ചെയ്തതോടെ പൊതുപ്രവര്‍ത്തകന്റെ മുഖംമൂടിയണിഞ്ഞു നടത്തിയ ഗുണ്ടാപ്പണികളുടെ ചിത്രം പുറത്തു വന്നു. ഇതിനിടയില്‍ കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും സിദ്ദിക്കും തമ്മിലെ ബന്ധവും പുറത്തു വന്നു. സിദ്ദിക്കുമായി ബന്ധമില്ലെന്ന് സക്കീര്‍ അറിയിച്ചതോടെ ഷീല തോമസ് എന്ന വ്യവസായിയുടെ കൊട്ടേഷന്‍ അങ്ങോട്ട് ചെന്ന് ഏറ്റെടുത്ത് സക്കീര്‍ തന്നെ ഉപദ്രവിച്ചെന്ന്‍ മറ്റൊരു യുവസംരംഭകനായ ജൂബി പൗലോസ് പരാതി നല്‍കി. ഇതോടെ ഏരിയ സെക്രട്ടറിയും വെള്ളത്തിലായി. സക്കീര്‍ ഉത്തരവിടുന്നത് ചെയ്യുന്ന വാടകഗുണ്ടയെപ്പോലെയാണ് സിദ്ദിഖ് പെരുമാറുന്നത് എന്ന് മനസിലായതോടെയാണ് ഗുണ്ടാബന്ധം മറനീക്കിയത്.

ഭൂമി വില്‍ക്കുമ്പോള്‍ മുന്നിലെ വസ്തു കൂടി ഏറ്റെടുത്ത് ഒറ്റപ്ലോട്ട് ആക്കുക റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ സ്ഥിരം പരിപാടിയാണ്. വില്‍ക്കപ്പെടുന്ന ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന വസ്തു വില്‍ക്കാന്‍ ഉടമസ്ഥന്‍ സമ്മതിച്ചില്ലെങ്കില്‍ ഉടന്‍ 'പാര്‍ട്ടി' ഇടപെടും.സൗത്ത് കളമശേരിയില്‍ ഇങ്ങനെ ഭൂമി കൈമാറാന്‍ തയാറല്ലാതിരുന്ന അനില്‍കുമാര്‍ എന്ന വ്യക്തിയുടെ മതില്‍ പൊളിച്ചുമാറ്റിയാണ് വില്പന സൗകര്യം പാര്‍ട്ടി ചെയ്തു നല്‍കിയത്.

ഇപ്പോള്‍ ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് എറണാകുളത്തെ പ്രവര്‍ത്തനം. തമ്മനം ഷാജി അടക്കമുള്ള ഗുണ്ടകളെ ഒതുക്കാന്‍ മുന്നിട്ടിറങ്ങിയ പോലീസ് ഗുണ്ടകളായ രാഷ്ട്രീയക്കാരെ തൊടാന്‍ പലപ്പോഴും മടി കാണിക്കുകയാണ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ നീതി വാങ്ങി നല്‍കുന്ന ഇടനിലക്കാരായി എറണാകുളത്തെ പല രാഷ്ട്രീയക്കാരും മാറിക്കഴിഞ്ഞു. സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം സമ്പന്നരുടെ ഡീലുകള്‍ ഉറപ്പിക്കുന്നതിനുള്ള ജഗന്നാഥന്‍മാരായി ഇടതുപക്ഷ നേതാക്കളും മാറിക്കഴിഞ്ഞു. ചോദ്യം ചെയ്യാന്‍ ആളില്ലാത്ത ആറാം തമ്പുരാന്മാരായി വാഴിക്കാതെ, നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന്‍ മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

(അവസാനിച്ചു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories