TopTop
Begin typing your search above and press return to search.

'വീട്ടിലെ പട്ടിക്ക് സിപിഐ നേതാവിന്റെ പേരിട്ടാല്‍ അത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് കാവല്‍ നില്‍ക്കും'

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തുടരുമ്പോഴും കാലങ്ങളായി സിപിഎമ്മും സിപിഐയും തമ്മിലുള്ള പോരും തുടരുന്നുണ്ട്. ആരാണ് മുന്നണിയിലെ വല്യേട്ടന്‍ എന്നത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇരുപാര്‍ട്ടികളുടെയും പ്രശ്‌നം. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പരസ്പരം വാഗ്വാദങ്ങളും തര്‍ക്കങ്ങളുമായി മാധ്യമങ്ങളില്‍ നിറയുമ്പോഴും അണികള്‍ ഇതിനെല്ലാം മൂകസാക്ഷികളാകുകയായിരുന്നു പതിവ്. തെരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടത് തങ്ങളാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നിശബ്ദത അവര്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായതോടെ മുമ്പ് നേതാക്കള്‍ തമ്മില്‍ നേരിട്ട് നടത്തിയിരുന്ന പോര് ഇപ്പോള്‍ അണികള്‍ക്കിടയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അണികളുടെ എണ്ണം കൂടുതലായതിനാല്‍ തന്നെ സൈബര്‍ പോരാളികളുടെ എണ്ണത്തിലും സിപിഎം തന്നെയാണ് മുന്നില്‍. സിപിഐഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഒറ്റ ഗ്രൂപ്പില്‍ മാത്രം രണ്ടര ലക്ഷത്തിലേറെ അംഗങ്ങളാണ് ഉള്ളത്. സിപിഐഎം സൈബര്‍ വോയിസ്, വി ലൗ സിപിഎം സിപിഎം എന്നിങ്ങനെ വേറെയും ഗ്രൂപ്പുകളുമുണ്ട്. ഈ ഗ്രൂപ്പുകളിലെല്ലാം സിപിഐയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങളും പരിഹാസവുമാണ് സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്നത്. ആശയപരമായ സംഘടനങ്ങള്‍ക്കപ്പുറം സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന വാക്കുകളും ഇതിനിടയില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. സൈബര്‍ ലോകത്ത് കരുത്തരല്ലെങ്കിലും സിപിഐ സൈബര്‍ കോമ്രേഡ്‌സ് പോലുള്ള ഗ്രൂപ്പുകളിലൂടെ ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടില്‍ ഇതിനെല്ലാം മറുപടിയും നല്‍കുന്നുണ്ട് സിപിഐ പ്രവര്‍ത്തകര്‍. എന്നാല്‍ എല്ലാ പരിധികളും വിട്ട് പരസ്പരം ചെളിവാരിയെറിയലിലേക്ക് ഇത് നീങ്ങിയിരിക്കുന്നു. അടിസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും മുന്നണി ഐക്യം ഇല്ലാതാക്കുന്നതാണ് ഈ ചെളിവാരിയെറിയല്‍ എന്ന് ആരും ഓര്‍ക്കുന്നതുമില്ല.'സ്വന്തം വീട്ടിലെ പട്ടിക്ക് സിപിഐക്കാരുടെ പേരിട്ട് നോക്കൂ, അത് അടുത്തുള്ള കോണ്‍ഗ്രസുകാരന്റെ വീടിന് കാവല്‍ നില്‍ക്കുന്നത് കാണാം' എന്നാണ് സിപിഐഎം സൈബര്‍ കമ്മ്യൂണില്‍ ഒരാള്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. അന്ധമായ സിപിഎം വിരോധം മൂലം സിപിഐ കോണ്‍ഗ്രസുകാരനും ആര്‍എസ്എസുകാരനും കുഴലൂത്ത് നടത്തുകയാണെന്നാണ് ഇതിന് മറുപടിയായി ഒരാള്‍ പറയുന്നത്. നേതാക്കള്‍ എടുത്ത പഴയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചില വിമര്‍ശനങ്ങള്‍. 'സിപിഐ അഥവ, പാര്‍ലമെന്റ് സീറ്റ് 1.85 കോടിക്ക് വിറ്റ പാര്‍ട്ടി സിപിഐ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാല് പാര്‍ട്ടി മാറി, ഇപ്പോള്‍ ബിജെപിയില്‍, ഇതോ ആദര്‍ശം?' തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകളും വിമര്‍ശനത്തിനായി ഉപയോഗിക്കുന്നുണ്ട്. 'നിങ്ങളുടെ വാര്‍ഡിലുള്ള സിപിഐക്കാരുടെ എണ്ണം പറയാമോ?' 'നിങ്ങളുടെ വാര്‍ഡിലെ സിപിഐക്കാരുടെ എണ്ണമാണോ കേരളത്തിലെ കാടുകളിലെ കടുവകളുടെ എണ്ണമാണോ കൂടുതല്‍?' എന്നിങ്ങനെയുള്ള പരിഹാസ്യ ചോദ്യങ്ങളും ചിലര്‍ ഉന്നയിക്കുന്നു. ചേര്‍ത്തലയില്‍ നിയമം ലംഘിച്ച് സിപിഐയുടെ ബഹുനില കെട്ടിടം എന്ന കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയും വിമര്‍ശനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞ കടക്ക് പുറത്ത്, കഴിഞ്ഞ ദിവസം പറഞ്ഞ മാറിനില്‍ക്ക് എന്നീ ശകാരങ്ങളാണ് സിപിഐക്കാരുടെ ആയുധങ്ങള്‍. തോമസ് ചാണ്ടിയുമായുള്ള ബന്ധവും മുമ്പ് കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും എല്‍ഡിഎഫിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും ജനാധിപത്യമര്യാദകള്‍ ലംഘിക്കുന്നതാണ് കമ്മ്യൂണിസത്തിന്റെ ബാലപാഠം പോലും മറന്നുള്ളതാണെന്നും മറ്റ് ചിലര്‍ പരിഹസിക്കുന്നു. 'ഒരു ചാനല്‍കാരനെ കാണുമ്പോള്‍ പേടിച്ച് വിറയ്ക്കുന്ന ഇവനാണോ മുഖ്യമന്ത്രി' എന്നാണ് ഒരാള്‍ ചോദിക്കുന്നത്. അതേസമയം തോമസ് ചാണ്ടിയ്ക്ക് എംപി ഫണ്ട് അനുവദിച്ചത് ആരാണെന്നും അത് ഏത് പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. ചങ്ങനാശേരിയില്‍ വഴി തടസ്സപ്പെടുത്തി കൊടിമരം സ്ഥാപിച്ചതും വിമര്‍ശന വിധേയമാകുന്നു.'2019 ആകട്ടെ! മോദിയുടെ കടി ജനങ്ങള്‍ മാറ്റി കൊടുക്കും അപ്പോള്‍ കുമ്മനത്തിന്റെ കടിയും മാറും. കുമ്മനത്തിന്റെ കടി മാറിയാല്‍ രമേശനും കാനവും ഫ്രീ ആകും കാരണം പിന്നെ കുമ്മനത്തിന് ചൊറിഞ്ഞു കൊടുക്കണ്ടല്ലോ?' എന്നാണ് ഒരു സൈബര്‍ പോരാളി പരിഹസിക്കുന്നത്. സിപിഐ പ്രവര്‍ത്തകര്‍ക്ക് സിപിഎം സുഹൃത്തുക്കളേക്കാള്‍ ഉള്ളത് കോണ്‍ഗ്രസ് സുഹൃത്തുക്കളാണെന്നും സിപിഐ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎം സഖാവ് മുഴുകിയിരിക്കുമ്പോള്‍ അതുവഴി ഒരു കോണ്‍ഗ്രസുകാരന്‍ വന്നാല്‍ സിപിഐക്കാരന്‍ അളിയാ എന്നുവിളിച്ച് തോളില്‍ കയ്യിട്ട് പോകുന്നത് കാണാമെന്നും ഒരു കമന്റ് പറയുന്നു. അതേസമയം പണ്ട് സിപിഎം യുപിഎ സര്‍ക്കാരിനും ജനസംഘത്തിനും മുസ്ലിം ലീഗിനും കാവല്‍ നിന്നതുപോലെയാണോ സിപിഐക്കാരന്റെ പേരിട്ട പട്ടി കോണ്‍ഗ്രസുകാരന്റെ വീട്ടില്‍ കാവല്‍ നില്‍ക്കുന്നതെന്നാണ് ഒരു ചോദ്യം ഉയരുന്നത്. സിപിഐ കോണ്‍ഗ്രസിനൊപ്പം നിന്നതൊക്കെയാണ് അതിനുള്ള മറുപടിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

സിപിഐയെ പൂച്ചയോട് ഉപമിക്കുന്ന ഒരു സന്ദേശം ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. 'സിപിഐയും വീട്ടിലെ പൂച്ചയും ഒരുപോലാണ്! മീന്‍ എങ്ങനെ കരയിലെത്തി, അതെങ്ങിനെ വീട്ടിലെത്തി, അത് വാങ്ങിയ കാശ് എവിടെനിന്ന് വന്നു ഇതൊന്നും അറിയേണ്ട. പക്ഷേ അമ്മ മീന്‍വെട്ടാന്‍ ഇരുന്നാല്‍ തലയും വാലും കൊടലുമൊക്കെ കിട്ടുകയും വേണം! അതൊക്കെ മൂക്കുമുട്ടെ തിന്ന് കഴിഞ്ഞാപ്പിന്നെ സോഫ മാന്തിക്കീറല്‍, പുറത്തുള്ള അരണയെയും ഓന്തിനേയും കൊന്ന് കടിച്ചെടുത്ത് വീടിനകത്ത് കൊണ്ടിടല്‍ തുടങ്ങിയ കലാ പരിപാടികള്‍ തുടങ്ങുകയും ചെയ്യും' എന്നതാണ് അത്. 'സ്വന്തം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പോയ ഒരു മന്ത്രി നിങ്ങള്‍ക്ക് നല്ലവന്‍, അഴിമതി കാണിച്ച് കായല് നികത്തിയെന്ന് കളക്ടര്‍ കണ്ടെത്തിയ എംഎല്‍എ പുണ്യവാനായി തോന്നന്നുവെങ്കില്‍ നിങ്ങളുടെ കമ്മ്യൂണിസം സൂപ്പര്‍. പക്ഷേ 5 വര്‍ഷം കഴിഞ്ഞു ജനങ്ങളുടെ മുന്നിലേക്ക് ചെല്ലേണ്ടതാണ് എന്ന ഓര്‍മ്മ നമുക്കുണ്ടാകുന്നത് നന്നായിരിക്കും. സിപിഐയെ ആവശ്യമില്ലന്ന് പറയേണ്ടത് എല്‍ഡിഎഫില്‍ ആണ്. അവിടെ പറഞ്ഞു നോക്ക്' എന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ഒരു മറുപടി.ആള്‍ക്കൂട്ടങ്ങളുടെ തല എണ്ണിയല്ല വലിയ പാര്‍ട്ടി,ചെറിയ പാര്‍ട്ടി എന്ന് തീരുമാനിക്കുന്നത് അവര്‍ എടുക്കുന്ന നിലപാടുകള്‍ ആണ്. അങ്ങനെ അല്ല എങ്കില്‍ ഈ ഇന്ത്യ രാജ്യം ഭരിക്കുന്ന ബിജെപി ആണ് ഏറ്റവും മികച്ചത് എന്ന് നിങ്ങള്‍ സമ്മതികേണ്ടിവരും വലുപ്പം കൂടുതല്‍ അവര്‍ക്കാണല്ലോ. എന്ന ഓര്‍മ്മപ്പെടുത്തലുകളും ഇതിനിടയില്‍ നടക്കുന്നുണ്ട്. അതേസമയം കാനം രാജേന്ദ്രന്റേതായി പുറത്തുവന്ന പോസ്റ്റില്‍ 'ത്ഫൂ' എന്ന് പറയുന്നതായ പോസ്റ്റ് വ്യാജമാണെന്നാണ് സിപിഐ പറയുന്ന്. കാനമെന്നല്ല ഉത്തരവാദിത്വ ബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് ഫോട്ടോഷോപ്പിലൂടെ വ്യാജമായി സൃഷ്ടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അവര്‍ ഇതിനെതിരെ സൈബര്‍ സെല്ലിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും സമൂഹമാധ്യമങ്ങളിലെ ഈ പരസ്പരം ചെളിവാരിയെറിയല്‍ പാര്‍ട്ടികളിലെ നേതാക്കള്‍ അറിയുന്നുണ്ടോയെന്ന് അറിയില്ല. ഇതിനെതിരെ ഇരു പാര്‍ട്ടിയിലെയും നേതാക്കളാരും രംഗത്ത് വന്ന് കണ്ടതുമില്ല. എന്നാല്‍ സഖാക്കളെ അനാവശ്യമായ ചര്‍ചകള്‍ അവസാനിപ്പിക്കുക ഇടതുപക്ഷ ഐക്യത്തിന്റെ അനിവാര്യത എല്ലാ സഖാക്കളും ബോധ്യപ്പെടണം തുടങ്ങിയ പക്വമായ നിലപാട് സ്വീകരിക്കുന്ന അടിസ്ഥാന പ്രവര്‍ത്തകര്‍ ഇരു പാര്‍ട്ടിയിലുമുണ്ടെന്നത് ആശ്വാസകരമാണ്.

http://www.azhimukham.com/newswrap-pinarayi-cpi-tussle-in-thomaschandy-resignation-sajukomban/

Next Story

Related Stories