Top

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്
സംസ്ഥാന ബിജെപിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധിയിലാണ് പാര്‍ട്ടി ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അവസാന നിമിഷം മാറ്റിയതോടെ ഒരുമാസത്തോളമായി പാര്‍ട്ടിയ്ക്ക് സംസ്ഥാന തലത്തില്‍ നാഥനില്ലാത്ത അവസ്ഥയാണുള്ളത്. പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ ആശങ്കയിലാണെന്നാണ് ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പരാതികളില്‍ നിന്നും മനസിലാക്കേണ്ടത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം പരിഗണിക്കുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തില്‍ തമ്മിലടിയാണെന്നുമൊക്കെയായിരുന്നു കേരളത്തില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവരുടെ പരാതികള്‍.

ചെങ്ങന്നൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് തന്നെ പ്രസിഡന്റിനെ മാറ്റിയത് ബിജെപി നേതൃത്വത്തിന് കുമ്മനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്നാണ് വിലയിരുത്തപ്പെട്ടത്. ചെങ്ങന്നൂരിലെ പരാജയം മുന്‍കൂട്ടി തിരിച്ചറിഞ്ഞുള്ള നടപടിയാണ് അതെന്ന് മാധ്യമങ്ങള്‍ അന്ന് തന്നെ വിധിയെഴുതിയതാണ്. അപ്പോഴും ബിജെപി നേതൃത്വം കുമ്മനത്തിന്റെ പ്രവര്‍ത്തികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ നിരീക്ഷണം തെറ്റല്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ബിജെപിക്ക് മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടില്‍ കനത്ത കുറവുണ്ടായി എന്നു മാത്രമല്ല, സിപിഎം വന്‍വിജയം നേടുകയും ചെയ്തു. കുമ്മനത്തിന് പകരം ആര് എന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ പ്രതിസന്ധിയെക്കുറിച്ച് പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.

മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ആര്‍ക്കും നിയന്ത്രണമില്ലാത്ത രീതിയിലാണ് ബിജെപി മുന്നോട്ട് പോകുന്നതെന്ന് മുന്‍ പാര്‍ട്ടി സെക്രട്ടറി പി പി മുകുന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ നില തുടര്‍ന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഭ്യമല്ലാത്ത പദപ്രയോഗങ്ങളുമായി ഏറ്റുമുട്ടുന്നത് ബിജെപിയ്ക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കൂടാതെ കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങളെയും അണികളെയും ദുഃഖിപ്പിക്കുന്നതാണ് അധ്യക്ഷനെ പ്രഖ്യാപിക്കാത്ത നടപടിയെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞത്.

സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ ഒരുമാസത്തോളമായി ആരായിരിക്കും അല്ലെങ്കില്‍ ആരെ വേണമെന്ന തര്‍ക്കത്തില്‍ നില്‍ക്കുകയാണ് ബിജെപിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എ സജീവന്‍ പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പലപ്പോഴും മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. അത് കെ ജി മാരാരുടെ കാലം തൊട്ടുതന്നെ നാം കാണുന്നതാണ്. അപ്പോഴൊക്കെ ഒരു തീരുമാനമെടുക്കാന്‍ ബിജെപിക്കും അതിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസിനും സാധിക്കുമായിരുന്നു. ഇപ്പോള്‍ ആ സാഹചര്യമല്ല, സംസഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആ സ്ഥാനത്തു നിന്നും മാറ്റി. പകരം ആരെന്ന് ചിന്തിക്കാതെ മാറ്റിയെന്നതാണ് ഇതില്‍ പ്രധാനം. സാധാരണ ഗതിയില്‍ ഒരാളെ അടിയന്തരഘട്ടത്തില്‍ മാറ്റേണ്ട സാഹചര്യമുണ്ടാകുമ്പോഴാണ് ഇത്തരം അവസ്ഥ വരുന്നത്. എന്നാല്‍ ഇവിടെ അത്തരമൊരു അടിയന്തരഘട്ടമുണ്ടായില്ലെന്നും സജീവന്‍ ചൂണ്ടിക്കാട്ടുന്നു. മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരനെ മാറ്റേണ്ട അടിയന്തര സാഹചര്യം ഇവിടെയുണ്ടായിരുന്നില്ല. ഗവര്‍ണര്‍ പദവിയെന്നത് ഒരു സംസ്ഥാനത്തും അടിയന്തര പ്രാധാന്യമുള്ള ഒന്നല്ല. അതൊരു ആലങ്കാരിക പദവി മാത്രമാണ്. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കാനുള്ള ഒരു ആയുധം മാത്രമാണ് ഗവര്‍ണര്‍. ഒഴിവ് വരുമ്പോള്‍ പലപ്പോഴും പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് അധികചുമതല നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടയില്‍ ഇവിടുത്തെ പ്രസിഡന്റിനെ പിന്‍വലിച്ച് ഗവര്‍ണര്‍ ചുമതലയിലെത്തിക്കുകയാണുണ്ടായത്. ചെങ്ങന്നൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്ന ഘട്ടം വരെ പോലും കാത്തിരിക്കാന്‍ ബിജെപി തയ്യാറായില്ലെന്നും സജീവന്‍ പറഞ്ഞു.

അദ്ദേഹം ഈ ചുമതലയില്‍ തുടരാന്‍ യോഗ്യനല്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം എന്നാണ് കരുത്തേണ്ടത്. ഏതൊരു പാര്‍ട്ടിയും അത്തരത്തിലൊരു മാറ്റത്തിന് മുതിരുമ്പോള്‍ പകരം ആരെന്ന് ചിന്തിച്ച ശേഷമായിരിക്കും മാറ്റുന്നത്. ഒരാളെ നിയമിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു ധാരണയെങ്കിലുമുണ്ടാക്കും. സംസ്ഥാന നേതൃത്വത്തിന് അത്തരമൊരു ധാരണയുണ്ടായില്ലെന്ന് മാത്രമല്ല, ഈ മാറ്റം വരുത്തിയ അമിത് ഷാ ഇതിനെക്കുറിച്ച് ചിന്തിച്ചു പോലുമില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പുകള്‍ക്കാണെങ്കില്‍ അവരുടേതായ താല്‍പര്യങ്ങളുമായിരുന്നുവെന്നും സജീവന്‍ ചൂണ്ടിക്കാട്ടുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കുറെയധികം സീറ്റുകള്‍ വാരിക്കൂട്ടുമെന്ന് അവകാശപ്പെടുന്ന ബിജെപിയ്ക്ക് പറ്റിയ ചരിത്രപരമായ മണ്ടത്തരവുമാണ് ഇത്. മുന്‍കാലങ്ങളില്‍ വോട്ട് കച്ചവടം നടത്തിയിരുന്ന ബിജെപി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് വിജയച്ചതിനാല്‍ തന്നെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളെന്തെങ്കിലും നേടിയാലും അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. എന്നാല്‍ ബിജെപിയെ നയിക്കാന്‍ കേരളത്തില്‍ ആളില്ലാത്തതല്ല പ്രശ്‌നം. രണ്ട് ഗ്രൂപ്പുകാരും മുന്നോട്ട് വയ്ക്കുന്ന ആളെ മറു ഗ്രൂപ്പുകാര്‍ അംഗീകരിക്കാത്തതാണ് പ്രശ്‌നം. ബിജെപിയ്ക്കുള്ളില്‍ പണ്ടും ഗ്രൂപ്പുകളുണ്ടെങ്കിലും പുറമെയെങ്കിലും കാണിക്കാന്‍ സാധിക്കുന്ന ഒരു അച്ചടക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മറനീക്കിക്കൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ബിജെപി ലക്ഷ്യം വയ്ക്കുന്ന 2019 എന്ന വലിയ കടമ്പ കടക്കുന്നതില്‍ അവര്‍ പരാജയപ്പെടാന്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വടംവലി കാരണമാകുമെന്നതിന് യാതൊരു സംശയവും വേണ്ടെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുമ്മനം രാജശേഖരന് പകരക്കാരനെ കണ്ടെത്താനാകാത്ത അവസ്ഥ ബിജെപിക്കില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അഴിമുഖത്തോട് പറഞ്ഞത്. മാധ്യമങ്ങള്‍ പറയുന്നതിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. അമിത് ഷായുടെ ഫേസ്ബുക്ക് പേജിലേക്ക് സംസ്ഥാന നേതൃത്വത്തെക്കുറിച്ച് പരാതി അയച്ചിരിക്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ മാത്രമാണ്. അവര്‍ യഥാര്‍ത്ഥ ബിജെപി പ്രവര്‍ത്തകര്‍ ആണോ അല്ലയോ എന്ന് നമുക്ക് നിശ്ചയിക്കാന്‍ സാധിക്കുമോയെന്നും രമേശ് ചോദിച്ചു. ഓരോ പാര്‍ട്ടിക്കും ഓരോ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമയം ആവശ്യമുണ്ട്. ഇന്ന സമയത്ത് തന്നെ തീരുമാനമെടുക്കണമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. പല കാര്യങ്ങളും ആലോചിച്ചാണ് പാര്‍ട്ടി ഒരു തീരുമാനമെടുക്കുക. അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഉചിതമായ സമയത്തു തന്നെ തീരുമാനമുണ്ടാകുമെന്നും രമേശ് പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കയെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നാണ് രമേശ് പറയുന്നത്. പാര്‍ട്ടിയുടെ ഒരു ഘടകത്തിനും ഈ വിഷയത്തില്‍ ആശങ്കയില്ല. പാര്‍ട്ടിയുടെ സംവിധാനമെന്താണെന്ന് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും അറിയാം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നു പറയുന്നവര്‍ പല വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളാണ്. ഒരു തീരുമാനം വരുന്നതോടെ അവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. പ്രസിഡന്റ് പദവിയില്‍ നിന്നും ഒരാളെ മാറ്റുമ്പോള്‍ പകരം ഒരാളെ കണ്ടു വച്ചിട്ടാകണമെന്നൊന്നുമില്ലെന്നും രമേശ് പ്രതികരിച്ചു. ഒരാളെ മാറ്റിയതിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അടുത്തയാളെ നിയമിക്കുക. കുമ്മനം രാജശേഖരനെ മാറ്റിയത് അടിയന്തരഘട്ടത്തിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് കൊണ്ട് ബിജെപിയെ സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ട് പോകുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള കേരളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അത് പ്രഖ്യാപിക്കേണ്ട സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ടരമാസക്കാലം രാജസ്ഥാനിലെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഇന്നലെയാണ് അതില്‍ തീരുമാനം പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ ഇതിനെ ആഘോഷിക്കുകയല്ലേ. അവര്‍ ആഘോഷിക്കട്ടേ. നമുക്കതില്‍ വിരോധമൊന്നുമില്ലെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന് പറയാനുള്ളത് മറ്റു ചിലതാണ്. ബിജെപി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമെന്താണെന്നാണ് അവര്‍ ആദ്യം ചോദിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു സംഭവ വികാസമാണല്ലോ ഇപ്പോള്‍ നടന്നിരിക്കുന്നത്. ഒരു സംസ്ഥാന പ്രസിഡന്റിന് ഏറ്റവും ഉന്നതമായിട്ടുള്ള ഗവര്‍ണര്‍ പദവി എന്ന സ്ഥാനം ലഭിച്ചു. അദ്ദേഹം ആ സ്ഥാനത്തേക്ക് പോയതാണ്. ചരിത്രത്തിലില്ലാത്ത സംഭവമാണ് കേരള ബിജെപിക്കുള്ളിലുണ്ടായത്. കുമ്മനത്തെ പാര്‍ട്ടി നേതൃത്വം അടിയന്തരമായി മാറ്റിയതല്ലെന്നും ശോഭ പറയുന്നു. മാധ്യമങ്ങളാണ് അങ്ങനെ പ്രചരിപ്പിക്കുന്നത്. കുമ്മനം രാജശേഖരനെ വളരെ വലിയ പദവി നല്‍കി ആദരിക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. കുമ്മനത്തിന് ലഭിച്ചിരിക്കുന്നത് ഒന്നാം നമ്പര്‍ പദവിയാണ്. മിസോറാം ഗവര്‍ണറുടെ കാലാവധി അവസാനിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരുപാട് അവഗാഹമുള്ള, വര്‍ഷങ്ങളായി പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, ശക്തനായ നേതാവായ കുമ്മനം രാജശേഖരനെ ആ പദവിയിലേക്ക് അമിത് ഷാ ജി പരിഗണിക്കുകയായിരുന്നു. മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും ശോഭ ആരോപിക്കുന്നു.

അടുത്ത നടപടി ക്രമത്തെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നാണ് ശോഭ പറയുന്നത്. അഖിലേന്ത്യ അധ്യക്ഷന്‍ തന്നെ ഇതിനായി കേരളത്തില്‍ വരുന്നുണ്ട്. അത് ഞങ്ങള്‍ സംഘടനാപരമായി ആലോചിച്ച് തീരുമാനിക്കും. അതിനുള്ള ശക്തിയും പ്രൗഢിയും ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ട്. അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അഴിമുഖം ചോദിച്ച രണ്ട് ചോദ്യങ്ങള്‍ക്ക് താനുത്തരം പറഞ്ഞുവെന്നും ഇനി കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

അതേസമയം ആര്‍ എസ് എസിന്റെ മുന്‍ എഡിറ്റര്‍ ആര്‍ ബാലശങ്കര്‍ പ്രസിഡന്‍റായി നിയമിക്കപ്പെട്ടേക്കാം എന്ന വാര്‍ത്തകളും വരുന്നുണ്ട്. സംസ്ഥാന ബിജെപിയിലെ തമ്മില്‍തല്ലില്‍ ആര്‍ എസ് എസ് നേരത്തെ തന്നെ അസന്തുഷ്ടി പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ആര്‍ എസ് എസിന് ഏറ്റവും താത്പര്യമുള്ള ഒരാള്‍ ബിജെപി അധ്യക്ഷ പദവിയിലേക്ക് വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

https://www.azhimukham.com/keralam-chengannur-byelection-result-and-kummanam-rajasekharans-pre-punishment/

https://www.azhimukham.com/india-after-sending-kummanam-to-mizoram-rss-and-bjp-has-huge-plans-for-kerala/

https://www.azhimukham.com/newswrap-fr-peeliyanikkal-arrested-alancheri-meets-kummanam-writes-saju/

https://www.azhimukham.com/newswrap-campaign-spreads-in-mizoram-to-drive-out-hindutwa-governor-kummanam-rajasekharan-writes-saju/

https://www.azhimukham.com/updates-kummanam-argues-everyone-misunderstanding-him/

Next Story

Related Stories