TopTop
Begin typing your search above and press return to search.

ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറയുന്നത് വെറുതെയല്ല

ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറയുന്നത് വെറുതെയല്ല
സി.പി.എം വീണ്ടും പഴയ വഴിയില്‍ തന്നെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ എത്രത്തോളം വൈരുധ്യമാണ് ഓരോ നിലപാടിലും സി.പി.എം പ്രദര്‍ശിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ്.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന തീരുമാനം യാതൊരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. പ്രത്യേകിച്ച് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കാന്‍ സി.പി.എം മുന്‍നിരയില്‍ നിന്നു പോരാടുമ്പോള്‍. വേണമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാം, പക്ഷേ സ്വന്തം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന വാദം അസംബന്ധമല്ലാതെ മറ്റൊന്നുമല്ല.

അഞ്ചു വര്‍ഷം മുമ്പ് പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസ് നേതാവിനെ രാഷ്ട്രപതി ഭവനിലേക്ക് അയയ്ക്കുമ്പോള്‍ പിന്തുണ നല്‍കുന്നതില്‍ സി.പി.എമ്മിന് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അതിനെ എതിര്‍ത്ത പാര്‍ട്ടിയിലെ യുവനേതാവിനെ അന്ന് പുറത്താക്കുകയും ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ എന്തെങ്കിലും എതിര്‍പ്പ്, പോരാട്ടം ഇന്ന് നടക്കുന്നുണ്ടെങ്കില്‍ അത് രാജ്യസഭയില്‍ മാത്രമാണ്. അതൊരു നല്ല അവസ്ഥയല്ല, പക്ഷേ അതാണ് ഇന്നത്തെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവവും അപകടത്തിലാണെന്ന് നിരന്തരം ആവര്‍ത്തിക്കുന്ന ഒരിടം കൂടിയാണ് രാജ്യസഭ. ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാവാണ് സീതാറാം യെച്ചൂരി.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നവരും എതിര്‍പ്പുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കഴിവുള്ളവരും അത്യാവശ്യമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ആ രീതിയില്‍ ശക്തമായും വ്യക്തതയോടെയും ഇംഗ്ലീഷിലും ഹിന്ദിയിയിലും അഞ്ചു മിനിറ്റെങ്കിലും സംസാരിക്കാന്‍ കഴിയുന്ന ഒരു നേതാവു പോലും രാജ്യസഭയിലില്ല; യെച്ചൂരി ഒഴിച്ച്. പ്രസംഗപാടവത്തിന്റെ പേരില്‍ ഒരാളുടെ ശേഷി അളക്കണമെന്നല്ല. എന്നാല്‍ ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വന്തം പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കുന്ന ഒരു സര്‍ക്കാരിനെ എതിര്‍ക്കണമെങ്കില്‍ അത്തരം കാര്യങ്ങളെ കുറിച്ചുള്ള ധാരണയും അതിനെ ഫലപ്രദമായി അവിടെ അവതരിപ്പിക്കാന്‍ കഴിവുള്ളവരും ഉണ്ടാകേണ്ടതുണ്ട്.കേന്ദ്ര കമ്മിറ്റിയില്‍ ഇപ്പോള്‍ പാര്‍ട്ടി കേരള ഘടകത്തിന് ഒരു മേല്‍ക്കെ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകള്‍ ഉള്ളപ്പോള്‍ ബംഗാളില്‍ 42 സീറ്റുകള്‍ ഉണ്ടെന്ന കാര്യം മറക്കരുത്. അതുകൊണ്ടു തന്നെ പാര്‍ട്ടി ബംഗാള്‍ ഘടകം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കാനും അവര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അത് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചില്ല എന്നതു തന്നെയാണ് അവര്‍ പരസ്യമായി തന്നെ തങ്ങളുടെ അതൃപ്തി ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നതും.

ഇതൊക്കെ പാര്‍ട്ടിയുടെ സ്വന്തം കാര്യങ്ങളാകാം. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുമുള്ള ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന സി.പി.എം തീരുമാനത്തെക്കുറിച്ച് ഒരു കാര്യം ഉറപ്പിച്ചു പറയാം: ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രു ഈ പാര്‍ട്ടി തന്നെയാണ്.

Next Story

Related Stories