TopTop
Begin typing your search above and press return to search.

ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ മുന്നില്‍ ഇന്ത്യയാണ്, ആ സ്ഥാപനങ്ങളുടെ ഉടമകള്‍ ഹിന്ദുക്കളും

ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ മുന്നില്‍ ഇന്ത്യയാണ്, ആ സ്ഥാപനങ്ങളുടെ ഉടമകള്‍ ഹിന്ദുക്കളും

ഇന്ത്യയില്‍നിന്നും ഏറ്റവുമധികം ബീഫ് കയറ്റി അയക്കുന്ന ഒരു സ്ഥാപനമാണ് അല്‍-കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. പേരുകേട്ടാല്‍ ആര്‍ക്കും തോന്നുക ഇതൊരു മുസ്ലിം സ്ഥാപനമായിരിക്കും എന്നാണ്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ ഷെയറുകളുടെ അമ്പത് ശതമാനം കയ്യാളുന്നത് കുല്‍ദീപ് സിംഗ്, ദിഗംബര സിംഗ്, സതീഷ് സുബ്ബര്‍വാള്‍ തുടങ്ങി സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദുമുതലാളിമാരാണ്. 1973ല്‍ ഡ്രൈ ഫ്രൂട്ട്‌സ് കയറ്റുമതിക്ക് വേണ്ടി മുംബൈയില്‍ ആരംഭിച്ച ജന്‍സോ എക്‌സ്‌പോര്‍ട്ട്‌സ് എന്ന സ്ഥാപനമാണ് പില്‍ക്കാലത്ത് ബീഫ് കയറ്റുമതിയില്‍ ഇന്ത്യയുടെ പേരായി മാറിയ അല്‍-കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ജപ്പാന്‍,മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ച അവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ ആസ്തി വാര്‍ഷിക കണക്കു പ്രകാരം നാനൂറുകോടിയില്‍ എത്തി നില്‍ക്കുകയാണ്. ഈ സ്ഥാപനം മാത്രമല്ല, ബീഫ് കയറ്റുമതിയില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന അറേബ്യന്‍ എക്‌സ്‌പോര്‍ട്ടേഴ്സ് (ഡയറക്ടര്‍ ബോര്‍ഡ് അംഗം: സുനില്‍ കപൂര്‍), M.K.R ഫ്രോസന്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സ് Pvt. Ltd(ഡയറക്ടര്‍ ബോര്‍ഡ് അംഗം: മദന്‍ അബോട്ട്), P.M.L ഇന്‍ഡസ്ട്രീസ് Pvt. Ltd.(ഡയറക്ടര്‍ ബോര്‍ഡ് അംഗം:എ.എസ്.ബിന്ദ്ര), അല്ലാന എക്‌സ്‌പോര്‍ട്ട്‌സ് Pvt. Ltd (ഡയറക്ടര്‍ ബോര്‍ഡ് അംഗം: ചേതന്‍ രസിക് ലാല്‍ സലോട്ട്), HMA ആഗ്രോ ഇന്‍ഡസ്ട്രീസ് (ഡയറക്ടര്‍ ബോര്‍ഡ് അംഗം: സച്ചിന്‍ അഗര്‍വാള്‍) തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും ഹിന്ദുമുതലാളിമാരുണ്ട്. പലരുടേയും ബിജെപി-സംഘപരിവാര്‍ ബന്ധങ്ങള്‍ പല ദേശീയ മാധ്യമങ്ങളും മുമ്പ് പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്.

നിരപരാധികളായ അനേകം മനുഷ്യരുടെ ചോര ചിന്തിയ പശുരാഷ്ട്രീയത്തിന്റെ സാമ്പത്തിക ഗുണഭോക്താക്കള്‍ ബീഫ് വ്യവസായികളാണ്. പശുസംരക്ഷണത്തിന്റെ പേരില്‍നടന്ന കിരാതമായ അരുംകൊലകളും ആക്രമണങ്ങളും രാജ്യത്തെ ബീഫ് കയറ്റുമതിക്ക് നല്‍കിയത് കോടികളുടെ വ്യവസായമാണ്. അതിന്റെ വിഹിതം 'എത്തിക്കേണ്ടിടത്ത്' എത്തിച്ച് അവര്‍ രസീത് കൈപ്പറ്റിയിട്ടുണ്ടാകും! മോദിഭാരതത്തില്‍ കാലിവളര്‍ത്തിയും തുകല്‍ വിറ്റും ജീവിച്ചുവന്ന സാധാരണക്കാരായ കര്‍ഷകരുടെ ജീവിതം താറുമാറായി. കാലിച്ചന്തകളും കച്ചവടങ്ങളും പ്രതിസന്ധിയിലായി. അതിലെല്ലാമുപരി കിരാതമായ വംശവെറിയിലൂന്നിയ നരഹത്യകള്‍ രാജ്യത്തെമ്പാടും അരങ്ങേറി. ഹ്യുമന്‍ റൈറ്റ് വാച്ചിന്റേത് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലായി നടന്ന നൂറോളം വ്യത്യസ്ത അക്രമ സംഭങ്ങളില്‍ നാല്‍പ്പത്തി നാലുപേര്‍ കൊല്ലപ്പെടുകയും ഏതാണ്ട് മുന്നൂറോളംപേര്‍ ഗുരുതരമായി ആക്രമിക്കപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ട നാല്‍പ്പത്തി നാലുപേരില്‍ മുപ്പത്തിയാറുപേര്‍ മുസ്ലിങ്ങളും ബാക്കിയുള്ളത് ദളിത്-ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരുമായിരുന്നു. മനുഷ്യത്വരഹിതമായ ഈ ആള്‍ക്കൂട്ടവിചാരണകളുടെ മനഃശാസ്ത്രം വംശവെറിയും വര്‍ണ്ണവെറിയുമാണ് എന്ന് നിസ്സംശയം പറയാവുന്നതാണ് ഓരോ ദുരന്തചിത്രങ്ങളുടേയും പൊള്ളുന്ന കണക്കുകള്‍. സവര്‍ണ്ണ ഫാസിസത്തിനും ഭരണകൂട ഭീകരതകള്‍ക്കും മുന്നില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പിച്ചി ചീന്തപ്പെട്ട് നിസ്സഹായരായി മരണത്തിന് കീഴടങ്ങിയ ആ മനുഷ്യരെ ദുഃഖത്തോടെയല്ലാതെ മാനവിക ബോധമുള്ള ആര്‍ക്കും ഓര്‍ക്കാന്‍ കഴിയില്ല. ഈ സോ-കോള്‍ഡ് പശുസംരക്ഷണ നരനായാട്ടുകള്‍ രാജ്യത്തെ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കിയ അരക്ഷിതത്വബോധവും ഭയവും ചെറുതല്ല!

'പശു', 'ബീഫ്' തുടങ്ങിയ വാക്കുകളാല്‍ മോദിഭാരതത്തില്‍ തുറന്നുവിടപ്പെട്ട ഭൂതങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും ഏല്‍പ്പിച്ച പരിക്കുകള്‍ ഗുരുതരമായിരുന്നു. സംഘപരിവാരങ്ങളും ബിജെപിയുടെ നേതാക്കളും പശുവികാരമാകുന്ന എരിതീയില്‍ എണ്ണയൊഴിച്ചപ്പോള്‍ ഭ്രാന്തുപിടിച്ച ഒരാള്‍ക്കൂട്ടം മതേതരസാമൂഹിക ജീവിതങ്ങള്‍ താറുമാറാക്കിയത് അങ്ങേയറ്റം ഗൗരവത്തോടെ ഓര്‍ക്കേണ്ട വിഷയമാണ്. അക്രമങ്ങളും കലാപങ്ങളും അമര്‍ച്ചചെയ്യുന്നതിനും കുറ്റക്കാരെ തുറുങ്കിലടയ്ക്കുന്നതിനും പകരം ഇരകളെ തേജോവധം ചെയ്യാനും വിവിധ വകുപ്പുകള്‍ ചുമത്തി നിയമകുരുക്കുകളില്‍പ്പെടുത്താനും അക്രമികളെ ന്യായീകരിക്കാനുമാണ് ഭരണകൂടങ്ങള്‍ തയ്യാറായത്. കൃത്യനിര്‍വ്വഹണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട പോലീസുകാരും ഉദ്യോഗസ്ഥരുമൊക്കെ മൃഗീയമായി കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. ജനക്കൂട്ടവിചാരണകള്‍ അധികവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു എന്നത് അടിവരയിട്ടു പറയേണ്ടകാര്യമാണ്. കുറ്റവാളികളെ പിടികൂടണമെന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഉണ്ടായപ്പോഴും പ്രതികളെ ജാമ്യത്തില്‍ ഇറക്കാനും മാലയിട്ടു സ്വീകരിക്കാനും കേന്ദ്രമന്ത്രിമാര്‍വരെ വന്ന സംഭവങ്ങള്‍ നമ്മുടെ നീതിവ്യവസ്ഥയേയും ഭരണഘടനയേയും എല്ലാവിധത്തിലും ചോദ്യം ചെയ്തവയാണ്. ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍പോലും അക്രമങ്ങളെ അപലപിക്കാനോ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനോ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഒരുവാക്കുപോലും രാജ്യത്തെ പ്രധാനമന്ത്രി പറയാന്‍ തയ്യാറായില്ല എന്നത് മറക്കാന്‍ കഴിയില്ല. പ്രതിപക്ഷ ആരോപണങ്ങളുടെ സമ്മര്‍ദ്ദത്തിലും നിസ്സംഗമായി നിന്നവര്‍ പ്രാദേശികമായ ചില തിരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ മാത്രമാണ് ഈ വിഷയം പരാമര്‍ശിക്കാന്‍ തുനിഞ്ഞത് എന്നത് വസ്തുതയാണ്.

പശുവിന്റെ പേരില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളും വാദങ്ങളും കര്‍ഷകര്‍ക്കോ പശുക്കള്‍ക്കോപോലും യാതൊരുവിധത്തിലും സഹായമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് 'മരണദണ്ഡനം' കിട്ടുന്ന രാജ്യത്തെ കര്‍ഷകര്‍ 'കാലനില്ലാത്ത കാലത്തേക്ക്' കാലികളെ അഴിച്ചുവിടാന്‍ നിര്‍ബന്ധിതരായി! പ്രായാധിക്യം കൊണ്ടും രോഗംകൊണ്ടും ഉപയോഗശൂന്യമായ കാലികളെ പോറ്റാന്‍ കഴിവില്ലാത്ത പാവം കര്‍ഷകര്‍ക്ക് നാട്ടിലെ നിയമങ്ങളെയും കര്‍ക്കശക്കാരും കലാപകാരികളുമായ ആള്‍ക്കൂട്ടങ്ങളെയും ഭയന്ന് അവയെയെല്ലാം തുറന്നുവിടുകയോ തെരുവില്‍ ഉപേക്ഷിക്കേണ്ടതോ ആയ അവസ്ഥയാണ്. പശുക്കളുടെ വിശുദ്ധവല്‍ക്കരണം അതിന്റെ പരമസീമയില്‍ കൊണ്ടെത്തിച്ച സംസ്ഥാനങ്ങളും ഭരണകൂടങ്ങളും ഗോസംരക്ഷകരുമാണ് ഇതിന്റെ ഉത്തരവാദികള്‍. ഇതിന് ഫലപ്രദമായ മാര്‍ഗ്ഗം കണ്ടുപിടിക്കാനായി ഭരണകൂടങ്ങള്‍ ചെയ്യുന്നതാകട്ടെ ഓരോ കാലികള്‍ക്കും ഉടമയുടെ ബാഡ്ജ് രേഖപ്പെടുത്തി ഭാവിയില്‍ ഏതെങ്കിലും രീതിയില്‍ കാലികള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട് ഏതെങ്കിലും അപകടമോ മറ്റോ ഉണ്ടായാല്‍ ഉടമയ്ക്കെതിരെ 'ഗോവധത്തിന്' കേസെടുക്കാനാണ്! അങ്ങനെ വിചിത്രവിലാസങ്ങള്‍ നിറഞ്ഞ ഇന്ത്യയില്‍ പശുക്കളെയും പശുക്കളെ പോറ്റുന്നവരെയും കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. ഒരു ഭാഗത്ത് ബീഫിന്റെ പേരില്‍ 'ജീവനെടുക്കുന്നവര്‍' മറുഭാഗത്ത് പശു സ്‌നേഹം മൂത്ത ഭരണകൂടങ്ങള്‍ വിധിക്കുന്ന പാവം കര്‍ഷകന്റെ എല്ലൊടിക്കുന്ന സംരക്ഷണനിയമങ്ങള്‍. ഉപേക്ഷിക്കേണ്ടിവന്ന കറവ വറ്റിയതും രോഗം വന്നതുമായ കന്നുകാലികള്‍ പട്ടിണികൊണ്ടും രോഗപീഡകള്‍കൊണ്ടും ദാരുണമായി മരണപ്പെടുകയോ മരണത്തോട് മല്ലടിച്ച് റോഡുകളില്‍ നരകജീവിതം നേരിടുകയോ ചെയ്യേണ്ട അവസ്ഥയാണ്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ അലഞ്ഞുതിരിഞ്ഞ് പ്ലാസ്റ്റിക്ക് പേപ്പറുകള്‍ തിന്നും മലിനജലം കുടിച്ചുമാണ് അവ സഞ്ചരിക്കുന്നത്! അവയുടെ ദുരന്തചിത്രങ്ങളും വാര്‍ത്തകളും അത്രമേല്‍ ദുഃഖകരമാണ്. ചുരുക്കത്തില്‍ പശുസംരക്ഷകരും പരിവാരങ്ങളുംചേര്‍ന്ന് കാലികളെ കൊല്ലാക്കൊല ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ ഒരു വിദ്യാലയം കയ്യേറി ഏതാണ്ട് ഇരുന്നൂറോളം പശുക്കളെ കര്‍ഷകര്‍ക്ക് കെട്ടിയിടേണ്ടിവന്നത് ഇതിന്റെ ഭീകരത ഓര്‍മ്മിപ്പിക്കുന്നതാണ്. തിരക്കേറിയ റോഡുകളില്‍ ഇവയുണ്ടാക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍, റോഡപകടങ്ങള്‍, വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും നേര്‍ക്കുള്ള അക്രമങ്ങള്‍, കൃഷിനശിപ്പിക്കല്‍ തുടങ്ങി അനവധി പ്രശ്‌നങ്ങളാണ് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സൃഷ്ടിക്കുന്നത്!

ബീഫിന്റെ പേരില്‍ അടിയും ഇടിയും കൊലയും കൊള്ളിവയ്പ്പും നടക്കുന്ന രാജ്യം ലോകത്തെ ബീഫ് വിപണിയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നുവെന്നത് വിരോധാഭാസമായി തോന്നാം. ബീഫ് കയറ്റുമതിക്കാരും സംഘപരിവാരങ്ങളും പറയുന്ന ന്യായം, ഇങ്ങനെ കയറ്റി അയക്കുന്നത് പോത്തിറച്ചി മാത്രമാണ് എന്നതാണ്. പശുവിനെ കൊല്ലുന്നതോ കയറ്റിയയക്കുന്നതോ നിരോധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍പോലും പശുവിറച്ചി പോത്തിറച്ചിയായി മാറുന്നുണ്ട് എന്നത് സത്യമാണ്. ബീഫ് കയറ്റുമതി ചെയ്യുന്നവര്‍ മൃഗത്തിന്റെയും ഇറച്ചിയുടേയും ആരോഗ്യവും ഗുണവും ബോധ്യപ്പെടുത്തുന്നതിന് പ്രധാനമായും മൂന്നു തരം പരിശോധനകള്‍ നടത്തണം എന്നാണ് നിയമം. ഒന്ന്, മൃഗത്തിനെ കൊല്ലുന്നതിനു മുന്‍പുള്ള പരിശാധന (Antemortem), രണ്ട് മൃഗത്തിന്റെ മരണത്തിനുശേഷമുള്ള (Postmortem) റിപ്പോര്‍ട്ട്, മൂന്ന് ലാബിന്റെ ഇറച്ചി പരിശാധനയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്. ഇതെല്ലാം അട്ടിമറിച്ച് പശുവിറച്ചി കയറ്റി അയച്ചതിന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിരുന്നു. 2018 മാര്‍ച്ചില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, ജാര്‍ഖണ്ഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബീഫ് കയറ്റുമതി ശാലകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ പതിനാറ് കോടി രൂപയുടെ പശുമാംസം കണ്ടെത്തിയ വാര്‍ത്ത ഇതിനെയെല്ലാം അരക്കിട്ടുറപ്പിക്കുന്നതാണ്. കാര്യമായ യാതൊരുപരിശോധനകളുമില്ലാത്ത സാഹചര്യങ്ങളില്‍ ഇതില്‍ക്കൂടുതല്‍ പശുമാംസം കയറ്റുമതിചെയ്യപ്പെടുന്നുണ്ട് എന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്! പോത്തിറച്ചിയായി ലേബല്‍ ചെയ്യപ്പെട്ടതില്‍ പശുവിറച്ചി സ്ഥിരീകരിച്ച ഫോറന്‍സിക് ലാബ് പരിശോധനാഫലങ്ങളും ഇതൊക്കെയാണ് അടിവരയിടുന്നത്. അനേകം കേസുകള്‍ ഇതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകപോലുമുണ്ടായി. രാഷ്ട്രീയസ്വാധീനവും അധികാരബലവും കൊണ്ട് കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! കേന്ദ്ര കാര്‍ഷിക-വ്യവസായികോത്പ്പന്ന കയറ്റുമതിവികസന കോര്‍പ്പറേഷന്‍ (Agricultural Processed Food Products Export Development Authority (APEDA) നിയമവിരുദ്ധമായ ഇത്തരം കയറ്റുമതികള്‍ രാജ്യത്ത് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതുമാണ്.

ഏതായാലും ബീഫ് വിപണിയില്‍ ഇന്ത്യ 'ലോകത്തെ മഹാശക്തിയായി' വളര്‍ന്നുകഴിഞ്ഞു! ഗോമാതാവിനെ രാഷ്ട്രമാതാവാക്കാന്‍ ഹിമാചല്‍ പ്രദേശില്‍ പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ്സ് അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാലും ബീഫ് മുതാളിമാര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മധ്യപ്രദേശില്‍ പുതിയതായി അധികാരത്തില്‍വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഗോവധത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്ത സംഭവം ഇത് അരക്കിട്ട് ഉറപ്പിക്കുന്നു! അങ്ങനെ ഇന്ത്യയില്‍ പശുവെന്ന സാധുമൃഗം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒരു ഭീകരസത്വമായി മതധ്രുവീകരണത്തിന്റെ രാഷ്ട്രീയം വളര്‍ത്തിയിരിക്കുന്നു! വീണ്ടും രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ സംഘപരിവാറിന്റെ മതരാഷ്ട്രീയം കൂടുതല്‍ രൗദ്രഭാവത്തോടെ ഇന്ത്യയുടെ ജനാധിപത്യ മതേതര സമൂഹങ്ങളെ വേട്ടയാടുമെന്ന് ന്യായമായും സംശയിക്കണം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് നമ്മുടെ ബഹുസ്വരതയയ്ക്കും ഭരണഘടനാ ധാര്‍മ്മികതകള്‍ക്കുംവേണ്ടി പ്രത്യാശിക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് വളരെ നിര്‍ണ്ണായകമാണ്.


Next Story

Related Stories