TopTop
Begin typing your search above and press return to search.

കോഴ: കുമ്മനം-മുരളീധര പക്ഷങ്ങള്‍ തമ്മിലടിക്കുന്നു; തെറ്റ് ചെയ്തവരോ അത് പുറത്താക്കിയവരോ കുറ്റക്കാര്‍?

കോഴ: കുമ്മനം-മുരളീധര പക്ഷങ്ങള്‍ തമ്മിലടിക്കുന്നു; തെറ്റ് ചെയ്തവരോ അത് പുറത്താക്കിയവരോ കുറ്റക്കാര്‍?

പിണറായി വിജയന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലോടിയെത്തുന്നത് പ്രശസ്തമായ ആ ചിരിയാണ്. ഇപ്പോള്‍ അദ്ദേഹവും സിപിഎം നേതാക്കളും രഹസ്യമായെങ്കിലും അങ്ങനെ ചിരിക്കുന്നുണ്ടാകും. ബിജെപിക്കെതിരെ തല്‍ക്കാലം തങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നും എല്ലാം അവര്‍ തന്നെ ചെയ്തുവെന്നുമുള്ള ചിരിയായിരിക്കും അത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അത്തരത്തിലാണ്.

തിരുവനന്തപുരം ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം മുന്‍നിര്‍ത്തി താത്ക്കാലികമായെങ്കിലും ബിജെപി നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണത്തില്‍ നിന്നും ജനശ്രദ്ധയകറ്റാന്‍ അവര്‍ക്കായിരുന്നു. ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തി ഇവിടെ ക്രമസമാധാനനില തകരാറിലായെന്ന് പ്രഖ്യാപിക്കുകയും സംസ്ഥാനത്ത്‌ പ്രസിഡന്റ് ഭരണം നടപ്പാക്കുമെന്ന തലത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തുകയും ചെയ്തതോടെ ചര്‍ച്ച ആ വഴിക്കായി. എന്നാല്‍ അപ്പോഴേക്കും ബിജെപി നേതൃത്വം തന്നെ ശ്രദ്ധ വീണ്ടും തങ്ങളുടെ അഴിമതിയിലേക്ക് എത്തിച്ചു. തങ്ങളുടെ കുടുംബകാര്യമെന്ന രീതിയില്‍ ഒഴുക്കന്‍ മട്ടില്‍ വിട്ട ഈ സംഭവം രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതോടെ മറ്റൊരു തലത്തിലായി. അഴിമതി ആരോപണം നേരിട്ടവരല്ല പകരം അത് പുറത്തുവിട്ടവരാണ് ശിക്ഷിക്കപ്പെട്ടത് എന്നതിലേക്കായി ഏവരുടെയും ശ്രദ്ധ. ഇതോടെ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പരക്കാന്‍ തുടങ്ങി.

തെറ്റ് ചെയ്ത ചേട്ടനെയല്ല പകരം അത് വിളിച്ചു പറഞ്ഞ അനിയനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു എന്ന് നാട്ടിന്‍പുറങ്ങളില്‍ കേട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സംഭവിച്ചതും അതുതന്നെയാണ്. മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് വി വി രാജേഷിനും വ്യാജരസീത് അച്ചടിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടെന്ന് ആരോപിച്ച് പ്രഫുല്‍ കൃഷ്ണയ്ക്കുമെതിരെ നടപടിയെടുത്തതോടെ അത്തരത്തിലൊരു കീഴ്‌വഴക്കത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത് എന്നാണ് ആരോപണം. 2014ല്‍ അഴിമതി വിരുദ്ധ നിലപാടുകള്‍ ജനങ്ങളിലേക്കെത്തിച്ച് കോണ്‍ഗ്രസിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത ബിജെപിയുടെ സംസ്ഥാന നേതൃത്വം, ഇപ്പോള്‍ അഴിമതി ചെയ്യുന്നത് തെറ്റല്ല, എന്നാല്‍ അത് വിളിച്ചു പറയരുതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് നടപടിയെന്ന് കുമ്മനം രാജശേഖരന്‍ തന്നെ വിശദീകരിക്കുകയും ചെയ്യുന്നു.

ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി.എല്‍ സന്തോഷ്, കുമ്മനം രാജശേഖരന്റെ പക്ഷംപിടിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വി മുരളീധരന്‍ പക്ഷത്തിന്റെ പരാതി മാത്രം മതി ബിജെപിയിലെ ഗ്രൂപ്പ് പോര് മൂര്‍ധന്യത്തിലെത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് അടിവരയിടാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുരളിധരന്‍ പക്ഷം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ അക്കാര്യം പുറത്തറിയിച്ചെന്ന പേരില്‍ രാഷ്ട്രീയ ഭാവിയുള്ളവരെ ക്രൂശിക്കുന്നത് നീതിരഹിതമായ നടപടിയാണെന്ന് ഈ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനൊപ്പം മുരളീധര പക്ഷം ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആരോപണത്തില്‍ നിന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കലിനപ്പുറം ചില നേതാക്കളുടെ (അവര്‍ പാര്‍ട്ടിയുടെ പൈസ പിരിവുകാരായതിനാലാണോ എന്ന് വിശദീകരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണ്) മുഖം രക്ഷിക്കാനാണെന്നും കരുതേണ്ടി വരും. ബിജെപിയുടെ സംഘടന സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് അയാളോട് വിശദീകരണം ചോദിക്കേണ്ടതുണ്ട്. 15 ദിവസത്തിനകം ലഭിക്കുന്ന ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കാവൂ. എന്നാല്‍ ബിജെപി നേതൃത്വം ഇതുവരെ രാജേഷിന്റെയും പ്രഫുല്‍ കൃഷ്ണയുടെയും വിശദീകരണം തേടിയിട്ടില്ലെന്ന് മുരളീധരപക്ഷം ചൂണ്ടിക്കാട്ടുന്നു. കൂടാതെ അന്വേഷണ കമ്മിഷന്‍ അംഗമല്ലാത്ത രാജേഷ് എങ്ങനെ റിപ്പോര്‍ട്ട് ചോര്‍ത്തി എന്നതാണ് മറ്റൊരു ചോദ്യം.

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നതും അപഹാസ്യരായി മടങ്ങുന്നതും കേരളത്തിലെ പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടയില്‍ വേറിട്ടൊരു മുഖം രാജേഷിന്റേത് മാത്രമാണ്. ചര്‍ച്ചകളില്‍ ഫലപ്രദമായി വാദങ്ങള്‍ ഉന്നയിക്കുന്ന ഒരു വ്യക്തിയെയാണ് അന്യായമായ അച്ചടക്ക നടപടിയിലൂടെ മാറ്റി നിര്‍ത്തുന്നതെന്നാണ് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കോഴ വിവാദങ്ങള്‍ നേതൃത്വത്തെ അറിയിച്ചപ്പോള്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. കുമ്മനത്തിനെ ഉള്‍പ്പെടെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല. അന്വേഷണം നടന്നതുപോലും സമ്മര്‍ദ്ദം ശക്തമായപ്പോഴാണ്. ഇതേ നേതൃത്വം റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ രാജേഷിനെതിരെ നടപടിയെടുക്കുന്നത് തങ്ങളെ ദുര്‍ബലപ്പെടുത്താനാണെന്ന് മുരളീധര വിഭാഗത്തിന് നന്നായി അറിയാം.

വ്യാജ രസീതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് യഥാര്‍ത്ഥ രസീതാണെന്നാണ് കുമ്മനത്തിന്റെ മറ്റൊരു വാദം. എന്നാല്‍ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തെക്കുറിച്ച് കാര്യമായൊന്നും പറയാന്‍ അദ്ദേഹം തയ്യാറാകുന്നുമില്ല. റിപ്പോര്‍ട്ട് പുറത്തുവിട്ടത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി എന്ന് മാത്രമാണ് അദ്ദേഹം പറയുന്നുത്. സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനവുമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന കുമ്മനത്തിന്റെ വാക്കുകളെ ജനങ്ങള്‍ സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കുറി ഭാഗ്യത്തിന്റെ പിന്തുണയില്‍ നേമത്ത് നിന്നും ഒരാളെയെങ്കിലും നിയമസഭയില്‍ എത്തിക്കാനായ ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കാനാകുമോയെന്ന ചോദ്യമാണ് പിണറായിയുടെ ചിരിയില്‍ ഉയരുന്നത്.


Next Story

Related Stories