TopTop

പിണറായി, കമല്‍, കെജ്രിവാള്‍; ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുന്നോ?

പിണറായി, കമല്‍, കെജ്രിവാള്‍; ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുന്നോ?
കമല്‍ ഹാസനെ കാണാന്‍ അരവിന്ദ് കെജ്രിവാള്‍ ചെന്നൈയിലെത്തിയതാണ് ഏറ്റവും പുതിയ സംഭവവികാസം. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഡല്‍ഹി മുഖ്യമന്ത്രിയും എല്ലാക്കാലത്തും തമിഴ് രാഷ്ട്രീയത്തിലെ അഴിമതി പ്രവണതകളെ ചോദ്യം ചെയ്തിട്ടുള്ള കമല്‍ ഹാസനും കൂടിക്കാഴ്ച നടത്തുമ്പോള്‍ അതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സമാന അഭിപ്രായമുള്ള വ്യക്തികളെന്ന നിലയിലാണ് കൂടിക്കാഴ്ചയെന്ന് കമല്‍ ഹസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കമല്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴും തങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഐക്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പിണറായി നേരത്തെ കെജ്രിവാളിനെ സന്ദര്‍ശിച്ചതു കൂടി കണക്കിലെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ കൂട്ടുകെട്ടാണ് അണിയറയില്‍ രൂപപ്പെടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായ വീണ്ടെടുത്ത പിണറായി വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ തന്റെ സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ ഒരുപോലത്തെ നിലപാടെടുക്കുന്ന മൂന്ന് പേര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കേണ്ടത് ബിജെപിക്കാണ്.

ഈ മാസം അവസാനത്തോടെ കമല്‍ ഹാസന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നതിന് പിന്നാലെയാണ് അദ്ദേഹം പിണറായിയെയും കെജ്രിവാളിനെയും കണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് അനുകൂല സമരത്തിന്റെ മോഡലില്‍ വലിയൊരു ജനകീയ മുന്നേറ്റത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാനാണ് കമല്‍ ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളില്‍ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തുന്ന അദ്ദേഹം സമീപകാലത്ത് തുടര്‍ച്ചയായി അണ്ണാ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ബിജെപിയുടെ വരേണ്യവര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ഒറ്റിക്കൊടുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ കാതല്‍. തന്റെ രാഷ്ട്രീയം കാവിയല്ലെന്ന് വ്യക്തമാക്കുന്ന കമല്‍ കേന്ദ്രത്തില്‍ ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു സഖ്യം ഉണ്ടാകേണ്ടതിനെക്കുറിച്ചും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാര്‍ട്ടിയെ സജീമാക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷമായ ഡിഎംകെയുടെ ഒരു ചടങ്ങില്‍ അദ്ദേഹം അടുത്തിടെ പങ്കെടുത്തത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ സിനിമയില്‍ നിന്നെത്തിയ മറ്റ് രാഷ്ട്രീയ നേതാക്കളേക്കാള്‍ വ്യത്യസ്തമായി, വ്യക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വ്യക്തിയാണ് കമല്‍. ഏതൊരു വിഷയത്തിലും അദ്ദേഹത്തിന് തന്റേതായ നിലപാടുകളുണ്ട്. അത് അദ്ദേഹം തുറന്ന് പറഞ്ഞ് രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ഇന്ന് പ്രതിപക്ഷ സംസ്ഥാനമെന്ന് വിളിക്കാവുന്നത് കേരളത്തെയും പശ്ചിമബംഗാളിനെയുമാണ്. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്ന നേതാക്കള്‍ രാഷ്ട്രീയമായി എതിര്‍ ധ്രുവങ്ങളിലാണെങ്കിലും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ നിലപാടിലും എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിക്കാനും ഒറ്റക്കെട്ടാണ്. കമലിനെ ഇടതു രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്ന പിണറായിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഏറ്റവും രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. വര്‍ഗ്ഗീയതയെ അനുവദിക്കില്ലെന്നും അതിന്റെ പേരിലുള്ള അക്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും പിണറായി പറയുമ്പോള്‍ അത് ബിജെപിയ്‌ക്കെതിരായ വാക്കുകളാകുന്നു. ഓരോ വിഷയത്തിലും കേരളത്തിന്റെ അഭിപ്രായമെന്താണെന്നാണ് പല ദേശീയ മാധ്യമങ്ങളും ഉറ്റുനോക്കുന്നത്. അതിനാല്‍ തന്നെ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് ദേശീയ മാധ്യമങ്ങളിലും വളരെയധികം പ്രാധാന്യം ലഭിക്കുന്നു. ബീഫ് നിരോധനത്തില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് പിണറായി സ്വീകരിച്ചത്.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രചരണത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ കെജ്രിവാളും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണ്. ബിജെപിയെ അതിശക്തമായി എതിര്‍ക്കുകയും ബിജെപി അദ്ദേഹത്തെ തങ്ങളുടെ കണ്ണിലെ കരടായി കാണുകയും ചെയ്യുന്നു. അഴിമതി വിരുദ്ധ സന്ദേശം നല്‍കി രാഷ്ട്രീയത്തില്‍ സജീവമാകുമ്പോഴും വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശക്തമായി എതിര്‍ക്കുകയാണ് അദ്ദേഹം. ദേശീയതലത്തില്‍ ഇപ്പോള്‍ ശക്തമായ പ്രതിപക്ഷ നേതൃത്വത്തിന്റെ അഭാവം പ്രകടമാണ്. കേരളത്തിലേത് പോലെ കേന്ദ്രത്തിലും കോണ്‍ഗ്രസിന് ശക്തമായ പ്രതിപക്ഷമാകാന്‍ സാധിക്കുന്നതേയില്ല. ഈ ശൂന്യതയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ദേശവ്യാപകമായ പിന്തുണ നേടുകയെന്ന ലക്ഷ്യമാണ് കമല്‍ ഹാസനെയും പിണറായി വിജയനെയും സന്ദര്‍ശിക്കുമ്പോള്‍ കെജ്രിവാളിനുള്ളത്.

ജനകീയ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിടുന്ന കമല്‍ തന്ത്രങ്ങള്‍ തേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്. ശക്തമായ എതിര്‍ശബ്ദമായി തമിഴ്‌നാടിന്റെ രാഷ്ട്രീയ ഇടത്ത് നിലനില്‍ക്കാനാണ് കമലിന്റെ ഒരുക്കം. ആ ഇടത്തില്‍ നിലനില്‍ക്കുമ്പോഴും പ്രാദേശികമായല്ല നില്‍ക്കുന്നതെന്നതിന്റെ തെളിവാണ് കമല്‍ ചര്‍ച്ച ചെയ്യുന്ന ദേശീയ രാഷ്ട്രീയം. അതോടൊപ്പം കെജ്രിവാളില്‍ നിന്നും പിണറായിയില്‍ നിന്നും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് പലതും പഠിക്കാനുണ്ടെന്നും കമല്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അദ്ദേഹം തന്നെ ഇക്കാര്യം പിണറായിയെ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയതാണ്. ഈ മൂന്ന് പേരുടെയും രാഷ്ട്രീയങ്ങള്‍ തന്നെയാണ് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ ഏറ്റവും നല്ല ആയുധമെന്ന് കുറഞ്ഞപക്ഷം അവരുടെ അനുയായികളെങ്കിലും വിശ്വസിക്കുന്നുണ്ട്. സമീപകാലത്ത് ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയ മൂന്ന് രാഷ്ട്രീയ കൂടിക്കാഴ്ചകളായി ഇവ മാറുന്നത് ഇതിനാലാണ്.

Next Story

Related Stories