TopTop
Begin typing your search above and press return to search.

ആരെയും പിണക്കാതെ വെള്ളാപ്പിള്ളി; സീറ്റ് മോഹവുമായി തുഷാര്‍; എന്താകും ബിഡിജെഎസ്?

ആരെയും പിണക്കാതെ വെള്ളാപ്പിള്ളി; സീറ്റ് മോഹവുമായി തുഷാര്‍; എന്താകും ബിഡിജെഎസ്?

കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസ് (ഭാരതീയ ധര്‍മ്മ ജന സേന) വരാന്‍ പോവുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിലപേശലിനൊരുങ്ങുകയാണ്. കേരളത്തിലെ മൂന്ന് മുന്നണികളും ഒരുപോലെ നിര്‍ണായകമായി കാണുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ സാന്നിധ്യം ഏറെ നിര്‍ണ്ണായകമാവുമെന്ന മുന്നറിയിപ്പോടെയാണ് അവര്‍ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ എന്‍ഡിഎയുടെ വോട്ടിങ് മുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഒരു പരിധിവരെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദമാണ് ബി.ഡി.ജെ.എസ് അടിക്കടി ഉയര്‍ത്തിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ നടന്ന ബി.ഡി.ജെ.എസ്. നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. ജൂണ്‍ ആദ്യവാരം കൊച്ചിയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുകയാവും ബി.ഡി.ജെ.എസ് നേതാക്കളുടെ അടുത്ത നടപടി. ഹിന്ദു വോട്ടര്‍മാരുടെ ശതമാനം നന്നേ കുറവായ ലക്ഷദ്വീപില്‍ എന്‍ഡിഎയുടെ പാര്‍ലമെന്റംഗമെന്ന സ്വപ്‌നത്തിലേക്ക് അമിത് ഷായുടെ തന്ത്രങ്ങള്‍ അടുക്കുമ്പോള്‍ കേരളത്തിലും ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചരടുവലികളുടെ ഭാഗമായാണ് അമിത് ഷാ കേരളത്തിലേക്ക് വീണ്ടുമെത്തുന്നത്. ലക്ഷ്യം വയ്ക്കുന്നത് ആറ് സീറ്റുകളാണെങ്കില്‍ കൂടി അമിത് ഷായ്ക്ക് മുന്നില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം. ഇതിന് പുറമെ എന്‍ഡിഎയുമായി ധാരണയാവുമ്പോള്‍ തന്നെ വാഗ്ദാനം നല്‍കിയിരുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരെയും ലഭിക്കാത്തതിലെ അസ്വാരസ്യവും അമിത് ഷായെ ധരിപ്പിക്കും.

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ബി.ഡി.ജെ.എസ് ചര്‍ച്ച നടത്തിയെന്ന മാധ്യമ വാര്‍ത്ത നേതാക്കള്‍ നിഷേധിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത നേതാക്കള്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ല. ആ സാധ്യതയെ സാധൂകരിക്കുന്നതായിരുന്നു മലപ്പുറം ഉപതിരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞാലിക്കുട്ടിക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകള്‍. ഈ പശ്ചാത്തലത്തില്‍ ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതീക്ഷ.

എന്നാല്‍ കേരളത്തില്‍ നിന്നും ഒരു പൊതുതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുക എന്‍.ഡി.എ സ്ഥാനാര്‍ഥിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കുമെന്നിരിക്കെ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭയുള്‍പ്പെടെയുള്ള ആവശ്യങ്ങളും വിലപേശല്‍ മുറുകുമ്പോള്‍ മുന്നോട്ട് വയ്ക്കാനാണ് നേതൃതലത്തിലെ നീക്കം. ഇതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ബിജെപിയും മറ്റ ഘടക കക്ഷികളും കാണിച്ച ആത്മാര്‍ഥത പല മണ്ഡലങ്ങളിലും ബി.ഡി.ജെ.എസില്‍ നിന്ന് തിരിച്ചുണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ബിജെപി നേതാക്കള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ ഈ കാര്യങ്ങളും ചര്‍ച്ചയാവും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസിന്റെ പ്രവര്‍ത്തനവും കുട്ടനാട്, കായംകുളം മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ ശക്തമായ പ്രവര്‍ത്തനവും ഉദാഹരണമായി ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടിതരായ ന്യൂനപക്ഷ ശക്തികള്‍ സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സമഗ്ര മേഖലയിലും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഭിന്നിച്ച് നില്‍ക്കുന്ന ഭൂരിപക്ഷത്തിന് നീതി ലഭിക്കുന്നില്ലെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി പിന്തുണയോടെ ബി.ഡി.ജെ.എസ്. രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് ഏതാനും സീറ്റുകളുടെ വ്യത്യാസത്തില്‍ ഇടത് പക്ഷത്തിന് ഭരണം നഷ്ടപ്പെട്ട 2011-ലെ തിരഞ്ഞെടുപ്പിലും മധ്യകേരളത്തിലുള്‍പ്പെടെ ഇടതുപക്ഷത്തിന് നേട്ടം കൊയ്യാന്‍ സഹായകമായത് ഈഴവ വോട്ടിലുള്ള ധ്രുവീകരണമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ബിജെപി, എസ്.എന്‍.ഡി.പി. നേതൃത്വത്തെ മുന്‍നിര്‍ത്തി ഇത്തരത്തിലൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ അമ്പേ പരാജയപ്പെട്ടിരുന്ന ഇടതുപക്ഷത്തിന് മുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു ഈ നീക്കം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ പുതിയ സമവാക്യത്തിന്റെ തിരിച്ചടി നേരിട്ടത് യുഡിഎഫിനായിരുന്നു എന്നതാണ് രാഷ്ട്രീയ കേരളം കണ്ട യാഥാര്‍ഥ്യം. ഇതിന് കാരണമായി കണ്ടത് ബി.ഡി.ജെ.എസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയും എന്‍ഡിഎയുടെ വിപുലീകരണവും കണ്ട് ആശങ്കയിലായ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വോട്ട് ഇടതുപക്ഷത്തേക്ക് ഏകീകരിച്ചു എന്നതാണ്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ന്യൂനപക്ഷ പ്രതിനിധികളെക്കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്തിയോ അല്ലെങ്കില്‍ അവര്‍ക്ക് അനുകൂലമായ വാഗ്ദാനങ്ങളോ പദ്ധതികളോ മുന്നോട്ടുവച്ചും ഇടത്-വലത് മുന്നണികള്‍ക്കെതിരെ ശക്തമായ സമരം നടത്തിയും ഈ വോട്ടര്‍മാരില്‍ പുകമറ തീര്‍ത്ത് എല്‍ഡിഎഫിനുണ്ടായ നേട്ടം തങ്ങളുടേതാക്കാന്‍ ഉള്ള നീക്കം എന്‍ഡിഎ മുന്നണിയില്‍ സജീവമാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ഘടകകക്ഷിയെപ്പോലും എന്‍ഡിഎയ്ക്ക് നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

എന്നിരുന്നാല്‍ തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിജെപി സ്ഥാനാര്‍ഥി നിയമസഭയില്‍ എത്തിയതും നിരവധി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എത്താന്‍ കഴിഞ്ഞതും ഈ മുന്നണി സമവാക്യം ബിജെപിക്ക് നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിനും കാരണമാവുന്നു. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിന് മേല്‍ വോട്ട് നേടാനായെങ്കിലും മറ്റു നേട്ടങ്ങള്‍ ഒന്നും തന്നെ ബി.ഡി.ജെ.എസിന് പാര്‍ട്ടി എന്ന നിലയ്ക്ക് ഇതേവരെയും നേടാനായിട്ടില്ല.

ഇതിന് പുറമെ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും എന്‍ഡിഎയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തതോടെ കലിപൂണ്ട സിപിഎം, വെള്ളാപ്പള്ളി നടേശനേയും എസ്.എന്‍.ഡി.പി നേതൃത്വത്തേയും കടന്നാക്രമിച്ച് രംഗത്തെത്തി. അതില്‍ എസ്.എന്‍.ഡി.പി. നേതൃത്വത്തില്‍ ഏറ്റവും പ്രശ്‌നം സൃഷ്ടിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച മൈക്രോഫിനാന്‍സ് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും, എസ്.എന്‍.ഡി.പി. നേതൃത്വം കയ്യാളിയിരുന്ന വിവിധ ക്ഷേത്ര ഭരണമുള്‍പ്പെടെയുള്ള അധികാരങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളുമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ത്രീകളെ ഉള്‍പ്പെടെ രംഗത്തിറക്കി ഇതിനെ നേരിടാന്‍ എസ്.എന്‍.ഡി.പി. നേതൃത്വം ശ്രമിച്ചെങ്കിലും പിന്നീട് പ്രതിരോധത്തിലാവുന്നതാണ് കാണാന്‍ സാധിച്ചത്. പിണറായി വിജയനെ അനുനയിപ്പിച്ചും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്കിനേയും ജി. സുധാകരനേയും സ്വാധീനിച്ചും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന വെള്ളാപ്പള്ളി, ബിജെപി നേതൃത്വത്തെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

അന്ന് മുതല്‍ ഇങ്ങോട്ട് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായങ്ങള്‍ മാറ്റി മാറ്റി പറഞ്ഞും ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പിയും രണ്ടാണെന്ന വാദമുന്നയിച്ചും ആരെയും പിണക്കാത്ത സമീപനമാണ് സ്വീകരിച്ച് പോരുന്നത്. അടുത്തിടവരെ ശത്രുവായി കണ്ടിരുന്ന വി.എസിനെ പുകഴ്ത്തിയും ഏറെ ആരോപണങ്ങള്‍ നേരിടുന്ന പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ ന്യായീകരിച്ചുമുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിന് പിന്നാലെ ബീഫ് നിരോധനത്തെ ന്യായീകരിച്ചും വെള്ളാപ്പള്ളി രംഗത്തെത്തിയത് ബി.ജെ.പി നേതൃത്വത്തേയും പിണക്കാന്‍ വെള്ളാപ്പള്ളി ഒരുക്കമല്ല എന്നതിന്റെ തെളിവാണ്.

രണ്ട് കൂട്ടരേയും പ്രീണിപ്പിച്ച് മുന്നോട്ട് പോവുന്ന വെള്ളാപ്പള്ളിയുടെ നയത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഇരുപക്ഷത്തിന്റേയും വിലയിരുത്തലുകള്‍ക്കും വിശകലനങ്ങള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കുമൊടുവില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാവും ബി.ഡി.ജെ.എസിന്റെ അടുത്ത നീക്കത്തെ സ്വാധീനിക്കുക.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories