TopTop
Begin typing your search above and press return to search.

മോദി ഒട്ടും മാറിയിട്ടില്ല; എന്നാല്‍ പറഞ്ഞ ചില കയ്പന്‍ സത്യങ്ങള്‍

ബുധനാഴ്ച നടക്കാനിരിക്കുന്ന ഏഴാം ഘട്ട വോട്ടിങ്ങോടെ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി എല്ലാ പ്രധാന പാര്‍ട്ടികളുടേയും നോതാക്കള്‍ അതിശക്തമായ പ്രചരണമാണ് സംസ്ഥാനത്ത് നടത്തിയത്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മണ്ഡലമായ വരാണസിയില്‍ മൂന്നുദിവസം തമ്പടിച്ചു തന്നെ റോഡ് ഷോയും സമ്മേളനങ്ങളുമായി മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കി.

എന്നാല്‍ കഴിഞ്ഞ ദിവസം, ഞായറാഴ്ച മോദി പറഞ്ഞ കുറെ കാര്യങ്ങള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ ചില കയ്പന്‍ സത്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

പിന്തുടര്‍ച്ചാവകാശികള്‍

അഖിലേഷ് യാദവിനേയും രാഹുല്‍ ഗാന്ധിയേയും വിശേഷിപ്പിക്കാന്‍ മോദി ഉപയോഗിച്ച വാക്ക് ghalua എന്നാണ്. (യാതൊരു ശ്രമവും കൂടാതെ തന്നെ എല്ലാം പരമ്പരാഗതമായി അനുഭവിച്ചു പോരുന്നവര്‍). രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നോട്ട് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് തന്റെ സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. "ചിലര്‍ക്ക് വോട്ട് കിട്ടുക എന്നതിനപ്പുറം മറ്റൊന്നും ആലോചിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് തിമിരം ബാധിച്ചു കഴിഞ്ഞാല്‍, പിന്നൊന്നും കാണാന്‍ കഴിയില്ല. അപ്പോള്‍ അത് എത്രയും വേഗം ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. ഇവിടെ ചില രാഷ്ട്രീയക്കാരുണ്ട്. അവര്‍ക്ക് വോട്ടിന്റെ അന്ധത ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ വോട്ട് അവിടെ കാണുന്നില്ലെങ്കില്‍ അവര്‍ മറ്റൊന്നും കാണില്ല"- മോദി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യമുള്ളതാണെന്ന് ഊന്നിപ്പറഞ്ഞ മോദി, രാജ്യത്തെ മുന്നോട്ട് നയിക്കണമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും വ്യക്തമാക്കി. "മണ്ണുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍, ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് കടുത്ത തീരുമാനങ്ങളെടുക്കാന്‍ ധൈര്യമുണ്ടാകും. എന്നാല്‍ എല്ലാം കൈവെള്ളയില്‍ വച്ചു കിട്ടിയവര്‍ക്ക് അതിനു കഴിയില്ല. ഇവിടെ മുഖ്യമന്ത്രിക്ക് എല്ലാം തന്റെ പിതാവില്‍ നിന്ന് കൈവെള്ളയില്‍ വച്ചു കിട്ടിയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന് (രാഹുല്‍ ഗാന്ധി) അതെല്ലാം അദ്ദേഹത്തിന്റെ മുത്തശ്ശന്‍, മുത്തശ്ശി, പിതാവ് എന്നിവരില്‍ നിന്നും കിട്ടി. അവരൊക്കെ ലോലമനസ്‌കരാണ്. അതുകൊണ്ട് അവര്‍ക്ക് കടുത്ത തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല. എന്തൊക്കെയോ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവരാണ് അവര്‍. എന്നാല്‍ എനിക്കെന്താണ് നഷ്ടപ്പെടാനുള്ളത്? എനിക്കൊന്നും പരമ്പരാഗതമായി കിട്ടിയിട്ടില്ല"- അദ്ദേഹം പറഞ്ഞു.

മോദി പറഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനം തന്നെയാണ്. വോട്ട് നേടാനായി അദ്ദേഹം എത്ര തരംതാഴാറുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന ധനികഭരണം എന്നത് നാം അംഗീകരിച്ചേ മതിയാകൂ. അതിനെ എത്രയും വേഗം മറികടക്കുകയും വേണം. രാഷ്ട്രീയ കുടുംബങ്ങള്‍ തങ്ങളുടെ അധികാരവും സ്വാധീനവും പരമ്പരാഗതമായി തങ്ങളുടെ പിന്മാഗികള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. ഇത് രാജ്യമെമ്പാടും ഉള്ള വസ്തുതയാണ്. ഈ കുത്തക നിലനില്‍ക്കുന്നതു കൊണ്ടു തന്നെ ഉയര്‍ന്നു വരാന്‍ കഴിയാത്ത നിരവധി നേതാക്കളുണ്ട്. ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയം- ഗാന്ധി കുടുംബം മുതല്‍ കരുണാനിധി കുടുംബം വരെ- നിലനിന്നതു കൊണ്ടാണ് യുപിഎ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നതും.

ഒരു മാറ്റവുമില്ലാതെ മോദി

മോദിയുടെ പ്രചരണം മറ്റൊരു കാര്യത്തിന് കൂടി അടിവരയിട്ടു. അദ്ദേഹം ഒട്ടും മാറിയിട്ടില്ല. 2002-ലെ കലാപത്തില്‍ സംശയകരമായ പങ്കുവഹിച്ച, ഭിന്നിപ്പിച്ചു ഭരിക്കുന്ന, ഇന്ത്യ പോലൊരു വിശാല രാജ്യത്തെ പ്രധാനമന്ത്രിക്കു വേണ്ട ഔന്നത്യം ഒട്ടുമില്ലാത്ത ഒരാളാണ് താനെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.

തന്റെ എതിരാളികള്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് പറയാന്‍ അദ്ദേഹം കൊണ്ടുവരുന്ന ഉപമ കബറിസ്ഥാന്‍-ശ്മശാനം എന്നായിരുന്നു. "എസ്.പിയുടേയും ബി.എസ്.പിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ സംസ്‌കാരം 'കുറച്ചു പേര്‍ക്കൊപ്പം, കുറച്ചു പേരുടെ വികസനം' എന്നതാണ്. എന്നാല്‍ ബി.ജെ.പിയുടേത് 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്നാണ്"- അദ്ദേഹം പറഞ്ഞു.

വികസനത്തില്‍ വിവേചനം ഒരു വിധത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേള്‍ക്കുമ്പോള്‍ മികച്ച പ്രസ്താവനയെന്ന് ഒറ്റയടിക്ക് തോന്നുമെങ്കിലും മോദി ഉന്നം വച്ചത് എന്തായിരുന്നു എന്നത് വ്യക്തമാണ്. ഇത് പല വിധത്തില്‍ അദ്ദേഹത്തിന്റെ വലംകൈയായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പലകുറി യു.പിയില്‍ പ്രസ്താവിച്ചു കഴിഞ്ഞു.


Next Story

Related Stories