Top

1+1= 71 ആകുമോ? ത്രിപുര ചെങ്ങന്നൂരിന് നല്‍കുന്ന മുന്നറിയിപ്പ്

1+1= 71 ആകുമോ? ത്രിപുര ചെങ്ങന്നൂരിന് നല്‍കുന്ന മുന്നറിയിപ്പ്
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ഇന്ത്യയിലെ മറ്റൊരു ചുവപ്പുകോട്ട കൂടി സിപിഎമ്മിന് നഷ്ടമായിരിക്കുന്നു. ഭൂമി ഏറ്റെടുക്കലിലെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ബംഗാളില്‍ പാര്‍ട്ടിയെ തൂത്തെറിഞ്ഞത് ഈ പതിറ്റാണ്ടില്‍ തന്നെയാണ്. ഇനി സിപിഎമ്മിന് ബാക്കിയുള്ളത് കേരളം മാത്രമാണ്. ത്രിപുരയിലെ ചരിത്ര വിജയം കേരളത്തില്‍ ബിജെപിയെന്ന വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടിയെ എത്രമാത്രം സ്വാധീനിക്കുമെന്ന് പരിശോധിക്കേണ്ട ഒരു സാഹചര്യം കൂടിയാണിത്. കാരണം 2013ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന ഒരു സീറ്റിലൊഴികെ ബാക്കി സീറ്റിലെല്ലാം കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ഒരു പാര്‍ട്ടിയാണ് ഇത്തവണ 44 സീറ്റുകള്‍ നേടി സംസ്ഥാന ഭരണം പിടിച്ചെടുത്തിരിക്കുന്നത്. അതും ജീവിത ലാളിത്യം കൊണ്ട് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന് ശത്രുക്കള്‍ പോലും വിശേഷിപ്പിക്കുന്ന മണിക് സര്‍ക്കാരില്‍ നിന്നും. കേരളത്തിലാകട്ടെ ബിജെപിയെ സംബന്ധിച്ച് അപ്രാപ്യമെന്ന് കരുതിയ അക്കൗണ്ട് തുറക്കല്‍ എന്ന ഹെല്‍ക്കൂലിയന്‍ ടാസ്‌ക് 2016ലെ തെരഞ്ഞെടുപ്പില്‍ തന്നെ കടന്നു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് ഇനിയും അപ്രാപ്യമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

രാജ്യത്ത് ആദ്യമായി ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയത് ഇക്കുറി ത്രിപുരയിലാണ്. ഇതിന്റെ ഫലം നാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയ്ക്ക് മുന്നില്‍ തകര്‍ന്നടിയാനായിരുന്നു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ വിധി. ഇതോടെ ബിജെപിയെ തളയ്ക്കാന്‍ ഇടതുപക്ഷത്തിനോ സിപിഎമ്മിനോ മാത്രമേ സാധിക്കുകയുള്ളൂവെന്ന ആത്മവിശ്വാസത്തിനും വിള്ളലേറ്റിരിക്കുകയാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗ്ഗീയ ഫാസിസത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണെന്നത് വെറും കെട്ടുകഥയായി ഇപ്പോള്‍ അവശേഷിക്കുന്നു. കേരളത്തില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം വന്നുചേര്‍ന്നാല്‍ അവരുടെ പദ്ധതികളെ തടയാനുള്ള കരുത്ത് സിപിഎമ്മിനുണ്ടോയെന്നത് സംശയത്തോടെ മാത്രം നോക്കി കാണേണ്ടിവന്നിരിക്കുന്നു. നാളിതുവരെയും പിണറായി സര്‍ക്കാരിന് മേല്‍ കനത്ത വെല്ലുവിളിയൊന്നും ഉയര്‍ത്താന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെങ്കിലും വലിയ തോതില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഇളക്കിവിടുന്നതില്‍ വിജയിക്കുന്നത് ബിജെപിയാണ് എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. അടുത്തിടെ ഷുഹൈബ് വധത്തില്‍ കെ സുധാകരന്‍ നടത്തിയ നിരാഹാര സമരം മാത്രമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ശക്തമായ പ്രതിപക്ഷ ശബ്ദം. കുമ്മനം രാജശേഖരന്റെ കൈകെട്ടി അഭിനയമെല്ലാം സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്ക് മാത്രമാണ് ഗുണം ചെയ്തതെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ സംഘപരിവാര്‍ വിജയിക്കുന്നുണ്ടെന്ന് വേണം സോഷ്യല്‍ മീഡിയ ട്രെന്‍ഡില്‍ നിന്നും മനസിലാക്കാന്‍.

ഒരുമിച്ച് നിന്നാണ് കേരള സര്‍ക്കാര്‍ എന്ന പല്ലക്കിനെ സിപിഎമ്മും സിപിഐയും നിലവില്‍ തോളിലേറ്റുന്നതെങ്കിലും അതിനിടയിലും പരസ്പരമുയരുന്ന പഴി ചാരലുകള്‍ എപ്പോള്‍ വേണമെങ്കിലും ഈ പല്ലക്കിന്റെ ഒരുവശം താഴുമെന്ന സൂചനയാണ് നല്‍കുന്നത്. ദേശീയ തലത്തില്‍ സിപിഐ കോണ്‍ഗ്രസുമായി കൂട്ടുപിടിക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാന തലത്തിലും അവര്‍ക്ക് അത് പിന്തുടരേണ്ടി വരും. ദേശീയ, സംസ്ഥാന തലത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പല പാര്‍ട്ടികളും സ്വീകരിക്കാറുണ്ടെങ്കിലും ഇവിടെ അത്തരമൊരു സാധ്യത നിലനില്‍ക്കുന്നില്ല. കാരണം, സിപിഎമ്മിനോട് സിപിഐയ്ക്കുള്ള നീരസം പണ്ടേ വെളിപ്പെട്ടതാണ്. കേരള കോണ്‍ഗ്രസ്(എം) ആണ് സിപിഎമ്മിനെ സംബന്ധിച്ച് മറ്റൊരു പിടിവള്ളി. എന്നാല്‍ കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് സിപിഎമ്മും ബിജെപിയുമെല്ലാം ഒരുപോലെയാണ്. ചെറിയ സംസ്ഥാനമായ ത്രിപുരയെ വീണ്ടും വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഐപിഎഫ്ടി(എന്‍സി)യുടെ പിന്തുണയോടെ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ട കേന്ദ്രം ഭരിക്കുന്ന ബിജെപി കേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി കൂട്ടുചേര്‍ന്നാല്‍ അതില്‍ യാതൊരു അത്ഭുതവുമില്ല. ഐപിഎഫ്ടി(എന്‍സി)യുടെ പിന്തുണയോടെ ആദിവാസി മേഖലകളിലെ ഇരുപതോളം സിപിഎം സീറ്റുകള്‍ തൂത്തുവാരിയെടുക്കാന്‍ ബിജെപിയ്ക്ക് സാധിക്കുകയും ചെയ്തു. ഇതിന് സമാനമായി കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ നേടാമെന്നത് ബിജെപിയെ പ്രലോഭിപ്പിക്കുന്നുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ എട്ടോ പത്തോ സീറ്റുകള്‍ നേടുകയെന്നത് ബിജെപിയെ സംബന്ധിച്ച് വലിയ കാര്യമല്ല. അതിനാല്‍ തന്നെ ഏത് വിധത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്.

പതിറ്റാണ്ടുകളായി ഇരു മുന്നണികളും അധികാരത്തില്‍ മാറി മാറി വരുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ശക്തമായ അടിത്തറയുണ്ടെന്ന് പറയുമ്പോഴും നാളിതുവരേയ്ക്കും സിപിഎമ്മിന് ഭരണ തുടര്‍ച്ച നേടാന്‍ സാധിച്ചിട്ടില്ല. എന്തൊക്കെ വിപ്ലവം പറഞ്ഞാലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരള ജനതയ്ക്ക് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും മടുക്കുമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നതെങ്കില്‍ അക്രമ രാഷ്ട്രീയവും സ്വജനപക്ഷപാതവും തന്‍പോരിമയുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നത്. അതിനാല്‍ കേരള ജനത മൂന്നാമതൊരു മുന്നണിയ്ക്ക് അധികം വൈകാതെ അവസരം നല്‍കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഒരു സന്നാഹ മത്സരമാകുന്നത് ഇവിടെയാണ്.

പൂജ്യത്തില്‍ നിന്നും 43ലേക്ക് എത്തിച്ചേരാന്‍ സാധിക്കുമെങ്കില്‍ ഒന്നില്‍ നിന്നും 71ലെങ്കിലും എത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം വോട്ട് വിഹിതം പരിശോധിച്ചാല്‍ ബിജെപിയും സിപിഎമ്മും കേരളത്തില്‍ നേരിട്ടുള്ള ഏറ്റുമുട്ടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. എന്നിരുന്നാലും അത്തരമൊരു ഏറ്റുമുട്ടലുണ്ടായാല്‍ നിലവിലുള്ള നിലപാടുകള്‍ സിപിഎമ്മിന് ഗുണകരമാകില്ലെന്ന് തന്നെയാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്.

Next Story

Related Stories