TopTop

കെ.എം മാണിയില്ലാത്ത പാലാ കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചനയാകുന്നത് ഇങ്ങനെ

കെ.എം മാണിയില്ലാത്ത പാലാ കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചനയാകുന്നത് ഇങ്ങനെ
പാല നിയമസഭ മണ്ഡലത്തിന്റെ 54 വര്‍ഷത്തെ ചരിത്രം കെ എം മാണിയോടൊപ്പമായിരുന്നു. മറ്റൊരാളും പാലായെ   പ്രതിനിധീകരിച്ചിട്ടില്ല. കേരളത്തിലെ മറ്റൊരു നിയമസഭ മണ്ഡലവും ഒരു നേതാവിന്റെ പര്യായമായി  ഇങ്ങനെ  അറിയപ്പെട്ടിട്ടുമില്ല. എന്നാല്‍ മാണിയുടെ മരണ ശേഷം പാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മാണിയുടെ രാഷ്ട്രീയ മുന്നണി നേരിടുന്നത് വലിയ രാഷ്ട്രീയ വെല്ലുവിളി. അതിന് പ്രധാന കാരണം മാണി തന്നെ ജന്മം കൊടുത്ത് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയിലെ അധികാര തര്‍ക്കവും. അതേസമയം എതിരാളികള്‍ക്കിടയിലെ തര്‍ക്കങ്ങളും ഈ ദിവസങ്ങളില്‍ നടത്തിയ കുറ്റസമ്മതങ്ങളും ഒരു തിരിച്ചുവരവിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. പാല നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന് നടക്കുന്നത്. ഫലം 27-നും.

പാല മണ്ഡലം കെ.എം മാണിയുടെതാണെങ്കിലും അദ്ദേഹം മല്‍സരിച്ച അവസാന തെരഞ്ഞെടുപ്പില്‍ ചില അപകട സൂചനകള്‍ ഉണ്ടായിരുന്നു. 1965-ല്‍ 9585 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.എം മാണിയുടെ 13-മത്തെ തെരഞ്ഞെടുപ്പ് വിജയമായിരുന്നു 2016-ലേത്. 1996-ല്‍ സി കെ ജീവനെതിരെ 23,790 കള്‍ക്ക് നേടിയതായിരുന്നു മാണിയുടെ ഏറ്റവും വലിയ വിജയം. 1970 ല്‍ 364 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിഞ്ഞതാണ് മാണിയുടെ ജീവിതത്തിലെ ഏറ്റവും ചെറിയ വിജയം. എന്നാല്‍ ഇതിനെല്ലാമപ്പുറം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി നേരിട്ടത് രാഷ്ട്രീയ വിശ്വാസ്യതയുടെ ചോദ്യങ്ങളും വെല്ലുവിളികളുമായിരുന്നു. ബാര്‍ കോഴ കേസും ഇടതുപക്ഷവുമായി ബന്ധപ്പെട്ട് സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്ന കഥകളും മാണിയുടെ രാഷ്ട്രീയ വിശ്വാസ്യതയില്‍ വെല്ലുവിളി തീര്‍ത്തു. ഇതിന് പുറമെ 2016-ല്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഉണ്ടായ വികാരവും. ഇതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിന് പറ്റി, അതും 13-മത്തെ തവണ എന്നതായിരുന്നു ആ വിജയത്തിന്റെ പ്രത്യേകത.

എന്നാല്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം മാണിക്ക് ശേഷം ഇനിയില്ലാത്തവിധം മാറി. മാണിയുടെ അപ്രമാദിത്വം ഇനി ഇല്ല. തന്റെ കീരിടാവകാശിയായി മാണി തന്നെ നിയോഗിച്ച മകന്‍ ജോസ് കെ. മാണിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയ്ക്ക് പിതാവിനെ അപേക്ഷിച്ച് മൂര്‍ച്ച കുറവാണ്. ഫലത്തില്‍ രണ്ട് പാര്‍ട്ടിയായി മാറി മാണിയുടെ കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പിടിവാശിയില്‍ ഒരു പാര്‍ട്ടിയായി ഇപ്പോഴും അറിയപ്പെടുന്നുവെന്ന് മാത്രം. അതുകൊണ്ട് തന്നെ പാല യുഡിഎഫിനും കേരള കോണ്‍ഗ്രസിനും പ്രധാനമാണ്. മാണിയുടേതല്ലാത്ത ഒരു സ്ഥാനാര്‍ത്ഥി പാലായില്‍ ഉണ്ടാവുമോ എന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചും ജോസ് കെ. മാണിയെ സംബന്ധിച്ചും പ്രധാനമാണ്. എല്ലാക്കാലവും മാണിയോടൊപ്പം നിന്ന സി.എഫ് തോമസിനെ പോലും കൂടെ കൂട്ടാന്‍ ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടില്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. ജോസഫിനെ സംബന്ധിച്ച് പാലായിലും കീഴടങ്ങിയാല്‍ അത് ഫലത്തില്‍ ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് മാണി കുടുംബത്തിലെയോ ജോസ് കെ. മാണിയുടെയോ സ്ഥാനാര്‍ത്ഥി യുഡിഎഫ് ബാനറില്‍ മത്സരിച്ചാല്‍ അത് പി.ജെ ജോസഫിനെ പാര്‍ട്ടിയില്‍നിന്നു മാത്രമല്ല, ചിലപ്പോള്‍ യുഡിഎഫില്‍ നിന്നുമുള്ള പിന്മാറ്റത്തിലേക്ക് നയിച്ചുകൂടായ്കയുമില്ല.

സ്വന്തം സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനാണ്  തലവേദന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വലിയ മേല്‍ക്കൈ പ്രത്യേക സാഹചര്യത്തില്‍ ലഭിച്ചതല്ലെന്ന് പൊതുസമൂഹത്തെയും പാര്‍ട്ടിയെ തന്നെയും ബോധ്യപ്പെടുത്താന്‍ പാലായില്‍ വലിയ വിജയം അനിവാര്യമാണ്. ദേശീയ തലത്തില്‍ ഒരു ബദല്‍ പോലുമല്ലാതെ തകര്‍ന്നുകിടക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ശക്തി സ്ഥായിയാണെന്ന് ബോധ്യപ്പെടാനും പാല വേണം.

ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരിക്കലും പ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തില്‍ പാലയില്ല. പക്ഷെ ഇത്തവണത്തെ സാഹചര്യം മറിച്ചാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്ല മല്‍സരമാണ് മാണി സി. കാപ്പന്‍ കാഴ്ചവെച്ചത്. അതിന് ശേഷം കേരള രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളുണ്ടായി. എല്ലാം മാറ്റി മറിച്ച് ശബരിമല വിധി വന്നു. അഞ്ചും പത്തും വോട്ടിന് വേണ്ടി സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെന്ന് പറഞ്ഞ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടു. എല്ലാം തിരുത്തുമെന്നും പറഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതാക്കള്‍ വീടുകള്‍ കയറി ഇറങ്ങി. അതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് പാലയിലേത്. ഇനി അഞ്ചെണ്ണം വരാനിരിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനുള്ള രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടാന്‍ പാലയില്‍ വലിയ നേട്ടമുണ്ടാക്കേണ്ടത്  പാര്‍ട്ടിക്ക് അനിവാര്യമാണ്. അതിന് പറ്റിയ സാഹചര്യം കേരള കോണ്‍ഗ്രസിലെ തര്‍ക്കമെന്ന നിലയില്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്. അതുപയോഗിച്ച് നേട്ടമുണ്ടാക്കി തളര്‍ന്നുകിടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് പ്രധാനം.

എന്‍സിപിയാണ് സാധരണ ഇടതുപക്ഷത്തിന് വേണ്ടി പാലായില്‍ മല്‍സരിക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

ദേശീയ തലത്തില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ അനുരണങ്ങള്‍ കേരളത്തിലും ഉണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത ബിജെപിക്കുമുണ്ട്. കഴിഞ്ഞ തവണ 24,821 വോട്ടുകളാണ് പാര്‍ട്ടിക്ക് കിട്ടിയത്. ഇത്തവണ അത് വലിയ രീതിയില്‍ വര്‍ധിപ്പിക്കാനും കേരളത്തിലെ ഏത് മണ്ഡലത്തിലും ത്രികോണ മത്സരം നടത്താന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് തെളിയിക്കേണ്ട ബാധ്യതയും ബിജെപി നേതൃത്വത്തിനുണ്ട്. നേതൃതലത്തിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ അതിനുളള ശേഷി കേരളത്തിലെ ബിജെപിക്കുണ്ടോ എന്നതും കൂടി ഈ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടും. കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്ന മാറ്റം ഉപതെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമോ എന്നതും വ്യക്തമല്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെയാണ് കുമ്മനം രാജശേഖരനെ മാറ്റി, പി.എസ് ശ്രീധരന്‍ പിള്ള പ്രസിഡന്റായത്.

പാല ഇത്തവണ ഇതുകൊണ്ടക്കെ തന്നെ കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ ദിശാ മാറ്റാത്തെ സൂചിപ്പിക്കുകയോ, ഒന്നുകൂടെ ഉറപ്പിക്കുകയോ ചെയ്യുന്ന തെരഞ്ഞെടുപ്പാകുമെന്ന കാര്യം ഉറപ്പാണ്.

Read Azhimukham: ആലിമൂലയും വിലങ്ങാട് അങ്ങാടിയും പോയി, വാണിമേലില്‍ ഇനി താമസിക്കാനില്ല; ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത മനുഷ്യര്‍ തിരിച്ച് മലയിറങ്ങുകയാണ്

Next Story

Related Stories