കേരളത്തെ സാമ്പത്തികമായി ഉയര്‍ത്താനുള്ള എന്തു പദ്ധതിയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നോട്ട് വെയ്ക്കാനുള്ളതെന്ന് പ്രമുഖ കയറ്റുമതി വ്യവസായിയും എഴുത്തുകാരനുമായ സി.എസ്. സുരേഷ്. കോവിഡ് മഹാമാരി നമുക്ക് ഏല്‍പ്പിച്ച പരാധീനതകളെ ഇവരൊന്നും കാണാത്തതെന്തു കൊണ്ടാണ്? കേരളത്തിന് രക്ഷപെടാന്‍ എന്തു വ്യവസായമാണ് വളരേണ്ടത്? ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ അത്തരമൊരു ചര്‍ച്ചക്ക് തിരികൊളുത്തിയതായി കാണുന്നില്ലെന്നും സി.എസ്. സുരേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും പുന്നപ്ര വയലാര്‍ സമരനായകനും മുന്‍ എംഎല്‍എയുമായ സി.ജി. സദാശിവന്റെ പുത്രനായ സി.എസ്. സുരേഷ് നിരവധി തവണ കയറ്റുമതി മികവിനുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്. മികച്ച തര്‍ജ്ജമാകാരന്‍ കൂടിയായ അദ്ദേഹം റഷ്യന്‍ ഭാഷയില്‍ നിന്നും നേരിട്ട് മലയാളത്തിലെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
സി.എസ്. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
''തെരഞ്ഞെടുപ്പിന്റെ ചൂടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്പരം ചെളി വാരി എറിയുകയാണ്. കേരളത്തെ സാമ്പത്തികമായി ഉയര്‍ത്താനുള്ള എന്തു പദ്ധതിയാണ് ഇവര്‍ക്ക് മുന്നോട്ടു വെയ്ക്കുവാനുള്ളത്. കോവിഡ് മഹാമാരി നമുക്ക് ഏല്‍പ്പിച്ച പരാധീനതകളെ ഇവരൊന്നും കാണാത്തതെന്തു കൊണ്ടാണ്? കേരളത്തിലെ മത്സ്യസംസ്ക്കരണ മേഖല വല്ലാത്ത പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ചരക്കുകൂലി 100 മുതല്‍ 200 ശതമാനം വരെയാണ് കപ്പലുടമകള്‍ വര്‍ദ്ധിപ്പിച്ചത്. കയറ്റുമതി മേഖല പൊതുവെ വല്ലാത്തസ്തംഭനത്തിലാണ്. കേരളത്തിലെ ശീതീകരിച്ച മത്സ്യ ഉല്പന്നങ്ങള് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ചൈന ചരക്കുകൂലിയുടെ അന്യായ വര്‍ദ്ധനവു താങ്ങാനാവാതെ ഇറക്കുമതി നിര്‍ത്തി വെച്ചിരിക്കുന്നു. മത്സ്യസംസ്കരണ മേഖലയിലെ തൊഴിലില്ലായ്മയിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്. കൂടാതെ കയറ്റുമതിക്കാര്‍ക്ക് ചൈന ആയിരം കോടിയോളം രൂപ നല്‍കാനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ഷിപ്പിംഗ് കോര്‍പ്പറേഷനാകട്ടെ വിദേശ കപ്പലുടമകളേക്കാള് കൂടുതല്‍ ചരക്കു കൂലി ഇടാക്കുകയാണ്! കേരളത്തിന് രക്ഷപെടാന്‍ എന്തു വ്യവസായമാണ് വളരേണ്ടത്? ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ അത്തരമൊരു ചര്‍ച്ചക്ക് തിരികൊളുത്തിയതായി കാണുന്നില്ല. പ്രതിയായി റിമാന്റിലിരിക്കുന്ന സ്വപ്നയുടെ മൊഴി ചര്‍ച്ച ചെയ്യുകയാണ് പ്രബുദ്ധ കേരളം!
ഒളിസേവയ്ക്ക് ശ്രീരാമകൃഷ്ണന് വിളിച്ചിട്ട് സ്വപ്നമോഹിനി പോയില്ല പോലും! ശ്രീരാമകൃഷ്ണന്റെ നഷ്ടത്തില്‍ സഹതപിക്കാമെന്നല്ലാതെ ഇക്കാര്യം ആര്‍ക്കു വോട്ടുചെയ്യണമെന്ന നിഷ്പക്ഷമതികളുടെ തീരുമാനത്തെ എങ്ങിനെ ബാധിക്കും? ആഴക്കടല്‍ വിവാദമെന്നത് ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്നതു പോലെ നിരര്‍ത്ഥകമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആരും ഒരു കരാറും ഒപ്പിട്ടിട്ടില്ല. പുല്ലുവില പോലും ഇല്ലാത്ത ഒരു ധാരണാ പത്രം സര്‍ക്കാര്‍ പിന്‍വലിക്കുകയുംചെയ്തു. എന്നിട്ടും പ്രമുഖപത്രം അതിനെക്കുറിച്ച് എഡിറ്റോറിയല്‍ എഴുതുന്നു. എന്തിന്? വെറും രാഷ്ട്രീയ പക പോക്കല്മാത്രമാണ് ഇത്.കേരളത്തിന് വേണ്ടത് വ്യാവസായിക മുന്നേറ്റത്തിന്റെ വരും നാളെകളാണ്. അതിന് സാധിക്കുന്ന സുസ്ഥിരമായ ഒരു ഭരണമാണ് നമുക്ക് ആവശ്യം.