TopTop
Begin typing your search above and press return to search.

അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ സകൂളുകള്‍ക്ക് അവധി

അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ സകൂളുകള്‍ക്ക് അവധി

അഴിമുഖം പ്രതിനിധി

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്ക്‌ ഇന്ന് അവധി നല്കി. ചില സ്‌കൂളുകള്‍ കുട്ടികളെ ക്ലാസുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും തടയുന്നുണ്ട്. ശ്രീ റാം സ്‌കൂള്‍ വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അടഞ്ഞ് കിടക്കും. വസന്ത് കുഞ്ജിലെയും ഗുഡ്ഗാവിലെയും ഹെറിറ്റേജ് സ്കൂളും വസന്ത് വിഹാറിലെ മോഡേണ്‍ സ്‌കൂളും അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന ഇന്ന് അടഞ്ഞ് കിടക്കുകയാണ്.

അന്തരീക്ഷ മലനീകരണം രൂക്ഷമായതിനെ തുടര്‍ന്നു തിങ്കളാഴ്ച വരെ സ്‌ക്കുള്‍ അവധിയായിരിക്കുമെന്ന് ശ്രീ റാം സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്യാനുള്ള വര്‍ക്ക് ഷീറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും എന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, 10,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധി ബാധകമല്ല.

അന്തരീക്ഷ സാഹചര്യം ഭേദമാകുന്ന വരെ കുട്ടികള്‍ വീടിനുള്ളില്‍ കഴിയുന്നതാണ് നല്ലത് എന്ന ഗുഡ്ഗാവിലെ ഹെറിറ്റേജ് സ്‌ക്കുള്‍ അധികൃതരും അറിയിക്കുന്നു. സ്‌കൂളിന് പുറത്തെ അന്തരീക്ഷ വായുവില്‍ 900 മൈക്രോഗ്രാം ക്യുബിക് മീറ്റര്‍ എന്ന നിലയിലാണ് പിഎം 2.5. അതേസമയം, സ്‌കൂളിനുള്ളില്‍ ഇത് 700-900 വരെയാണ്. ഗുഡ്ഗാവിലെ മറ്റ് ഭാഗങ്ങളില്‍ ഇതിനേക്കാള്‍ രുക്ഷമാണ് അന്തരീക്ഷ മലിനീകരണം.

ഗുഡ്ഗാവിലെ റിഡ്ജ് വാലി സ്‌ക്കുള്‍ വായു മലിനീകരണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് റെയില്‍ മ്യുസിയത്തിലേക്കുള്ള വിനേദയാത്രയും മാറ്റിവെച്ചു.പൂസാരോഡിലെ സ്പ്രിങ്ങ്‌ഡേല്‍സ് സ്‌കൂള്‍ കുട്ടികളെ ക്ലാസ്മുറികളുടെ പുറത്തേക്കിറക്കുന്ന പരിപാടികളെല്ലാം നിര്‍ത്തി വെച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടാകും എന്നുള്ളതിനാല്‍ അവധി നല്‍കുന്നില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

വായു മലിനീകരണം താഴുന്ന വരെ കുട്ടികള്‍ മാസ്‌ക് ധരിച്ച് എത്താനാണ് അമിറ്റി സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. സ്‌കൂള്‍ അവധി നല്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഇതു വരെ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്കിയിട്ടില്ല. വായു മലിനീകരണം രാത്രിയിലാണ് രുക്ഷമാകുന്നത് എന്നതിനാല്‍ സ്‌ക്കുളുകള്‍ അടച്ചിടുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയ്ന്‍ അഭിപ്രായപ്പെട്ടു.ഡല്‍ഹിക്കു സമാനമായി പലപ്പോഴും ചുണ്ടികാണിക്കുന്ന ബെയ്ജിങ്ങില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിക്കുമ്പോള്‍ സ്‌ക്കുളുകള്‍ അടച്ചിടാറുണ്ട്. മലിനീകരണം കുറക്കാനായി വ്യവസായങ്ങള്‍ അടിച്ചിടാനും, വാഹന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍്ക്കാര്‍ തലത്തില്‍ നടപടികള്‍ ഉണ്ടാകാറുമുണ്ട്.

ദീപാവലി ആഘോഷങ്ങളാണ്‌ കനത്ത വായുമലിനീകരണത്തിലേക്ക് ഇപ്പോള്‍ ഡല്‍ഹിയെ കൊണ്ടെത്തിച്ചത്. ദീപാവലി ദിവസങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുമലിനീകരണം 14 ഇരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗങ്ങളാണ് കടുത്ത വായുമലിനീകരണത്തിലേക്ക് നയിച്ചത്. ദീപാവലി ആഘോഷങ്ങളില്‍ കരിമരുന്ന് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടിരുന്നില്ല.

ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ 1600 ക്യൂബിക് മൈക്രോഗ്രാം മാലിന്യങ്ങളാണ് ഇപ്പോള്‍ തങ്ങി നില്‍ക്കുന്നത്. ഇത് സാധാരണ തോതിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ്. ഈ സീസണില്‍ ആദ്യമായി വായുവിന്റെ ഗുണമേന്‍മ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 2.5 ല്‍ എത്തി. ഇത് ആരോഗ്യമുള്ളവരെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയുടെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ കൂടുതല്‍ മോശമായതോടെ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

കാറ്റ് വളരെ കുറവായിരിക്കുന്നതും ചില സമയങ്ങളില്‍ കാറ്റ് തീരെ അടിക്കാതിരിക്കുന്നതുമാണ് മലിനീകരണം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും കഴിയുന്നതും വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.


Next Story

Related Stories