TopTop
Begin typing your search above and press return to search.

പോണ്ടിച്ചേരി വിദ്യാര്‍ത്ഥി സമരം; അകന്നു നിന്നവരും ഒപ്പം ചേരുമ്പോള്‍

പോണ്ടിച്ചേരി വിദ്യാര്‍ത്ഥി സമരം; അകന്നു നിന്നവരും ഒപ്പം ചേരുമ്പോള്‍

അഴിമതിയും ഭരണ അപാകതകളും കൊണ്ട് കുത്തഴിഞ്ഞ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം എട്ടുദിവസം പിന്നിടുമ്പോള്‍, ഈ സമരത്തോട് ആദ്യം മുഖംതിരിഞ്ഞു നിന്ന മാധ്യമങ്ങളടക്കം പിന്തുണയുമായി വരികയാണ്. വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന സ്വാര്‍ത്ഥരാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ രാജ്യത്താകമാനം വിദ്യാര്‍ത്ഥി പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് വ്യാജയോഗ്യതകള്‍ കൊണ്ട് വൈസ് ചാന്‍സലര്‍ സ്ഥാനം നേടിയെടുത്തയാളെ മാറ്റി മതിയായ യോഗ്യതകളുള്ളയാളെ പകരം നിയമിക്കണമെന്ന ആവശ്യങ്ങളടക്കം ഉന്നയിച്ചുകൊണ്ട് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ പൊലീസിന്റെയും അധികാരിവര്‍ഗത്തിന്റെ കൂലിത്തല്ലുകാരുടെയും മര്‍ദ്ദനങ്ങളെ അതിജീവിച്ചും ശബ്ദം ഉയര്‍ത്തുന്നത്. ഈ മുന്നേറ്റത്തിന് മറ്റു സര്‍വകലാശാലകളും പൊതു സമൂഹവും പിന്തുണയര്‍പ്പിച്ചുകൊണ്ട് കൂടെ ചേരുമ്പോള്‍ തങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമരത്തിലേര്‍പ്പെട്ടവര്‍. അഞ്ജലി ഗംഗ എഴുതുന്നു

എട്ടാം ദിവസം സമരം അവസാനിക്കുമ്പോള്‍ മനസ്സിനുണ്ടായ ആശ്വാസം വളരെ വലുതാണ്. വെള്ളിയാഴ്ചത്തെ പോലീസ് കാടത്തത്തിനെ വെല്ലുവിളിച്ചു 1500 ഓളം വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ പങ്കു ചേര്‍ന്നത്. ദേശീയ മാധ്യമങ്ങള്‍ ഞങ്ങളുടെ സമരത്തിന്റെ ആഴം മനസിലാക്കി തുടങ്ങിയിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളും അതിലുപരി കലാലയങ്ങളും ഞങ്ങളുടെ കൂടെയുണ്ട്.

അര്‍ഹതയില്ലാത്ത സ്ഥാനം നല്‍കി ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐ യുടെ മുകള്‍ത്തട്ടില്‍ എത്തിച്ച ബിജെപിയും കോണ്‍ഗ്രസ് ഭരണകാലത്ത് അധികാര പിന്‍ബലത്തില്‍ വിസിയായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ചന്ദ്ര കൃഷ്ണമൂര്‍ത്തിയും ഒരേ രാഷ്ട്രീയ വികാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതായത്, നിലനില്‍ക്കുന്ന അധികാരഘടനകള്‍ തന്നെയാണ് ഈ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. അമേരിക്കയില്‍ പണ്ട് നിലനിന്നിരുന്ന 'സ്‌പോയില്‍ സിസ്റ്റം' പ്രത്യക്ഷത്തില്‍ ഇന്ത്യയില്‍ ഇല്ലെന്നു തോന്നുന്ന രീതിയില്‍ മൂടിവെയ്‌ക്കെപ്പെടുമെങ്കിലും പരോക്ഷത്തില്‍ വളരെ ഊര്‍ജ്ജിതമായി അത് നിലനിന്നു പോരുന്നുണ്ട്.നാളയുടെ തലമുറയെ വാര്‍ത്തെടുക്കുന്ന സര്‍വകലാശാലകളിലോ, കലാലയങ്ങളിലോ യുജിസി ആവശ്യപ്പെടുന്ന യോഗ്യതകള്‍ ഇല്ലാത്ത ഒരു വ്യക്തിയെ തലപ്പത്തെത്തിക്കുന്നത് വിദ്യാഭ്യാസ അനീതിയല്ലാതെ മറ്റെന്താണ്? പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഞങ്ങള്‍ക്കേറ്റവും സന്തോഷവും ആവേശകരവുമായ പിന്തുണയേകി എഫ്.ടി.ഐ.ഐയും മൊത്തത്തില്‍ ഉള്ള വിദ്യാഭ്യാസ അനീതികള്‍ക്കായി അണിചേരാം എന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന് പൂര്‍ണ പിന്തുണയേകി എച്ച്.സി.യു.വിലെ എസ് എഫ് ഐ സഖാക്കള്‍ ഇന്ന് റാലി നടത്തുകയുണ്ടായി. അതുപോലെ തന്നെ അധികാരവര്‍ഗത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ആണ്ടു പോകാതെ അതിനെതിരെ ജനാധിപത്യപരമായി ചോദ്യം ചെയ്യണമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജാമിയ മിലിയ സര്‍വകലാശാലയും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.വിജ്ഞാനപരമായ വികസനത്തിനു വഴിയൊരുക്കാതെ വിദ്യാര്‍ഥികളുടെ അവകാശങ്ങളെ കുരുതിക്കൊടുക്കുന്ന അധികാര വര്‍ഗത്തിനെതിരെയായി അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടന പുനൈയിലെ സമരത്തോടും പോണ്ടിച്ചേരി സമരത്തോടും ഒത്തുചേരുന്നുണ്ട്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം
ജനാധിപത്യവിശ്വാസികളോട്: പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ വേണ്ടതുണ്ട്
ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്ഇതിലുപരി കോണ്‍ഗ്രസ്, ബിജെപി, എന്‍ ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ വികാരം ഇല്ലാത്തതിനാല്‍ തന്നെ രാജ്യത്തുടനീളം നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ അത്യധികം സന്തോഷം തോന്നുന്നു.


ഓരോ ദിവസം കഴിയുമ്പോള്‍ സമരത്തിന്റെ ചടുലതയും തീവ്രതയും വര്‍ദ്ധിക്കുകയാണ്. ലാത്തികള്‍ക്ക് അടിച്ചമര്‍ത്താന്‍ പറ്റുന്ന ഒരു സമരമല്ല ഇതെന്നും മറിച്ചു ഒരു സംഘടിത വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ എല്ലാ ഊര്‍ജ്ജവും അതില്‍ അലയടിക്കുന്നുണ്ടെന്നു പാട്ടും, വാദ്യങ്ങളും അടങ്ങുന്ന വ്യത്യസ്ത സമരരീതിയില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിയും.പ്രസിഡന്റ് വിസിയോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത് ഞങ്ങളുടെ വലിയ വിജയമായി തന്നെ കാണുന്നു. എന്നിരുന്നാല്‍കൂടിയും വിസിയെ നീക്കം ചെയ്തു യോഗ്യതയുള്ള വൈസ് ചാന്‍സിലറുടെ ഒപ്പോടു കൂടി ഡിഗ്രി കരസ്ഥമാക്കുക തന്നെയാണ് ഞങ്ങളുടെ അജണ്ട. 44 ഇന ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിനായും കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കരുതലായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ വേണമെന്ന ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. ഇപ്പോള്‍ ലഭിച്ചുപോരുന്ന മാധ്യമ പിന്തുണ തുടര്‍ന്ന് ഉണ്ടാകുമെന്ന പ്രത്യാശയോടെ, സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തോടെ, കൂടുതല്‍ പ്രതീക്ഷകളോടെ നിര്‍ത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories