ആബെ ഓല്ഹെയ്സര്
(വാഷിങ്ടണ്‍ പോസ്റ്റ്)
വ്യാഴാഴ്ച അന്തരിച്ച പ്രശസ്ത പോപ് ഗായകന് പ്രിന്‍സും ഇന്റര്‍നെറ്റും തമ്മിലുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ പൊതുവെ ഉയര്‍ന്നുവരുന്ന ചില കാര്യങ്ങളുണ്ട്. 2010ല്‍ 'ഇന്റര്‍നെറ്റിന്റെ കാലം കഴിഞ്ഞു' എന്ന് പ്രിന്‍സ് നടത്തിയ പ്രഖ്യാപനം, സ്പോട്ടിഫൈയില്‍ പ്രിന്‍സിന്റെ ഗാനങ്ങള്‍ കേള്‍ക്കുക ഏതാണ്ട് അസാദ്ധ്യമാണെന്ന വസ്തുത, തന്റെ ഷോകളുടെ അനധികൃത വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിനെതിരെയുള്ള അനേകം നോട്ടീസുകളും നിയമയുദ്ധങ്ങളും എന്നിവ. ഇവയെല്ലാം പ്രധാനമാണ്. എന്നാല്‍ ഇതുമാത്രമല്ല കഥ.
ഇന്റര്‍നെറ്റിന്റെ കാലം കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍ തന്നെപ്പോലുള്ള സംഗീതജ്ഞര്‍ക്ക് ഇന്റര്‍നെറ്റ് വഴി വരുമാനമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് പ്രിന്‍സ് ഉദ്ദേശിച്ചത്. താന്‍ പറഞ്ഞത് ശരിയായി എന്ന് 2013ല്‍ ഗാര്‍ഡിയനോട് പ്രിന്‍സ് പറയുകയും ചെയ്തു. 'ഡിജിറ്റല്‍ വില്പനയില്നിന്നു ധനികനായ ഒരു സംഗീതജ്ഞന്റെ പേര് പറയൂ. എന്നാല്‍ ആപ്പിള്‍ നന്നായി പോകുന്നുമുണ്ട്. ശരിയല്ലേ?'
എക്കാലവും ഇന്റര്‍നെറ്റിനെപ്പറ്റി ഇങ്ങനെയായിരുന്നില്ല പ്രിന്‍സിന്റെ സമീപനം. നെറ്റിന്റെ വിമര്‍ശകനെന്ന പ്രശസ്തി നേടിയെങ്കിലും അത് ഉപയോഗപ്പെടുത്തിയവരില്‍ പ്രധാനിയും പ്രിന്‍സ് തന്നെയായിരുന്നു. 1997ല്‍ 'ക്രിസ്റ്റല്‍ ബോള്‍' എന്ന മൂന്നു സിഡികളുടെ സെറ്റ് ഇന്റര്‍നെറ്റ് വഴി നേരിട്ടുവാങ്ങാന്‍ പ്രിന്‍സ് ആരാധകര്‍ക്ക് അവസരം നല്കി. പരമ്പരാഗതമായ നോട്ടുകള്‍ക്കു പകരം ആ ആല്‍ബത്തിന് ഒരു വെബ് പേജാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഉദ്യമവും സങ്കീര്‍ണതകളില്‍നിന്നു മുക്തമായിരുന്നില്ല. ആല്‍ബം ഇന്റര്‍നെറ്റ് വഴി ഓര്‍ഡര്‍ ചെയ്ത് മാസങ്ങളോളം കാത്തിരുന്ന ആരാധകര്‍ ഇത് കടകള്‍ വഴിയും വില്‍ക്കുന്നുവെന്നറിഞ്ഞ് നിരാശരായി. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്കു ലഭിക്കുംമുന്‍പ് ക്രിസ്റ്റല്‍ ബോള്‍ കടകളിലെത്തുകയും ചെയ്തു.
അപൂര്‍ണതകള്‍ ഉണ്ടെങ്കിലും ക്രിസ്റ്റല്‍ ബോള്‍ ഇന്റര്‍നെറ്റ് വഴി വില്ക്കാന് ശ്രമിച്ചു എന്നതു തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വ്യാഴാഴ്ച പ്രിന്‍സിന് ആദരാഞ്ജലി അര്‍പ്പിച്ച് ട്വിറ്ററില്‍ എത്തിയ സാങ്കേതികവിദഗ്ധനും വ്യവസായസംരംഭകനുമായ അനില്‍ ഡാഷ് ചൂണ്ടിക്കാട്ടുന്നു.
'പ്രിന്‍സ് ആല്‍ബത്തെ ക്രൗഡ് ഫണ്ട് ചെയ്തു. കിക്ക്സ്റ്റാര്‍ട്ടര്‍ രീതിയില്‍ വൈകിയെത്തുന്ന വിതരണരീതിയിലൂടെ ആരാധകരെ അരിശംകൊള്ളിക്കുകയും ചെയ്തു. 20 വര്‍ഷം മുന്‍പ്.'
'അദ്ദേഹത്തിന്റെ മികച്ച ഉദ്ധരണികളില്‍ ഒന്ന് ഇതായിരിക്കണം: ഇഫ് യു ഡോണ്ട് ഓണ്‍ യുവര്‍ മാസ്റ്റേഴ്സ്, ദെന്‍ യുവര്‍ മാസ്റ്റേഴ്സ് ഓണ്‍ യു. 'കണ്ട്രോള്'.' ഡാഷ് ട്വീറ്റ് ചെയ്തു.
പ്രിന്‍സും ഇന്റര്‍നെറ്റുമായുള്ള ബന്ധം സംബന്ധിച്ച ഒരു വിശകലനം നാഷനല്‍ പബ്ലിക് റേഡിയോ ഈയിടെ പ്രസിദ്ധീകരിച്ചു. അതില്‍ പ്രിന്‍സിന്റെ സംഗീത ജീവിതകാലത്ത് കംപ്യൂട്ടറുകളോട് അദ്ദേഹത്തിനുണ്ടായിരുന്ന അവബോധത്തെപ്പറ്റി ബെര്‍ക്ക്ലീ പ്രഫസറും പ്രിന്‍സിന്റെ ആരാധകനുമായ ബെന്‍ ഹൗജ് പറയുന്നത് ഇങ്ങനെയാണ്: ' തുടക്കം മുതല്‍ തന്നെ കംപ്യൂട്ടറുകളിലും ഒരു കലാകാരന് അവയെ എങ്ങനെ ഉപയോഗിക്കണമെന്നതിലും പ്രിന്‍സിനു താല്പര്യമുണ്ടായിരുന്നു. ' സംതിങ് ഇന്‍ ദ് വാട്ടര്‍ (1982)', 'കംപ്യൂട്ടര്‍ ബ്ലൂ (1984)' എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ ' ഇമാലെ'യും ' മൈ കംപ്യൂട്ടറും (1996)' വന്നു. രണ്ടാമത്തേതില്‍ സാമൂഹികമാധ്യമങ്ങളെ മുന്‍കൂട്ടിക്കാണുന്ന വരികളുണ്ട്: ' ഐ സ്കാന്ഡ് മൈ കംപ്യൂട്ടര്‍, ലുക്കിങ് ഫോര്‍ എ സൈറ്റ്. സംബഡി ടു ടോക് ടു, ഫണ്ണി ആന്‍ഡ് ബ്രൈറ്റ്.'
'പിന്നീട് ലഭ്യമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആല്‍ബങ്ങളെ അനുഭവങ്ങളാക്കിമാറ്റി. സംഗീതമെന്നതിലുപരി ശബ്ദ, ദൃശ്യങ്ങളുടെ ഇടകലരലായി മാറി അവ. 1997ലെ ക്രിസ്റ്റല്‍ ബോള്‍സിന്റെ ലൈനര്‍ നോട്ടുകള്‍ വെബ് പേജായാണ് നല്‍കിയിരുന്നത്. അക്കാലത്ത് ഇത് വേറിട്ട അനുഭവമായിരുന്നു. വൈബി അവാര്‍ഡ്സ് ഇതിനെ പ്രശംസിക്കുകയും ചെയ്തു. 'സംഗീത അനുഭവത്തിന്റെ ഭാഗമാകാവുന്ന എന്തിനോടും സംവദിക്കാന്‍ കഴിവുള്ളയാളായിരുന്നു പ്രിന്‍സ് എന്ന് പ്രഫസര്‍ ഹൗജ് വാദിക്കുന്നു. 'ഒരു സ്ട്രീമിങ് സര്‍വീസിലൂടെ വളരെപ്പെട്ടെന്ന് സംഗീതം ലഭ്യമാകുക എന്നത് സൗകര്യപ്രദമായ കാര്യം തന്നെ. പക്ഷേ അതില്‍ വളരെയധികം വിവരങ്ങള്‍ നഷ്ടമാകുന്നു. ക്രെഡിറ്റ്, വരികള്‍, ജീവചരിത്രം, വിവരണങ്ങള്‍ തുടങ്ങിയ ഗദ്യവിവരങ്ങള് മാത്രമല്ല ചിത്രങ്ങള്‍, ഫോണ്ട്, ലേ ഔട്ട്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ ദൃശ്യവിവരങ്ങളും. കലാകാരന്റെ സംഗീതേതര വീക്ഷണത്തെ കാണിക്കുന്ന പല പ്രധാനവിവരങ്ങളും ഇങ്ങനെ നഷ്ടമാകുന്നു.'
വെബി അവാര്‍ഡ്സ് പരാമര്‍ശം ഇന്റര്‍നെറ്റിന് പ്രിന്‍സിനോടുള്ള പരിഗണനയാണു കാണിക്കുന്നത്. 2006ല്‍ വെബിയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രിന്‍സിനായിരുന്നു. 'കലാകാരനും ആരാധകരും തമ്മിലുള്ള ബന്ധം പുനര്‍നിര്‍വചിക്കുന്നതിലും കലാവ്യവസായത്തെ രൂപാന്തരപ്പെടുത്തുന്നതിലും പ്രിന്‍സിനു കഴിഞ്ഞു'വെന്നാണ് വെബി പറഞ്ഞത്.
പിന്നീട് ഇന്റര്‍നെറ്റുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ പ്രിന്‍സിനായി. കോപ്പിറൈറ്റിനായുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു എങ്കിലും. സ്പോട്ടിഫൈയോടു പോരാടിയെങ്കിലും ടൈഡലിനു പിന്തുണ പ്രഖ്യാപിച്ച പ്രിന്‍സ് 2013ല്‍ ട്വിറ്ററിലെത്തിയപ്പോള് അത് ഉപരിപ്ലവവും വിചിത്രവുമായിരുന്നു. തന്റെ ഒരു പുതിയ പാട്ടിന്റെ ചെറുഭാഗം അല്പനേരത്തേക്ക് പോസ്റ്റ് ചെയ്ത പ്രിന്‍സ് അതില്‍ ഇങ്ങനെ കുറിച്ചതായി ടൈം പറയുന്നു: 'ക്യാച്ച് ദിസ് നൗ ബിഫോര്‍ മൈ ലോയേഴ്സ് ഡ്യൂ'.
ഇന്റര്‍നെറ്റുമായി പ്രിന്സിനുണ്ടായിരുന്ന ബന്ധം എത്ര സങ്കീര്‍ണമായിരുന്നെങ്കിലും ഒരു കാര്യത്തില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായിരുന്നില്ല. പ്രിന്‍സിന്റെ മരണം സ്ഥിരീകരിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് നിറഞ്ഞ അനുശോചനങ്ങളില്‍.
പോപ് ഗായകന് പ്രിന്‍സും ഇന്റര്‍നെറ്റും തമ്മിലുള്ള ആ മുട്ടന്‍ ഉടക്ക്

Next Story