വായിച്ചോ‌

ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് അശ്ലീല ദൃശ്യങ്ങള്‍

പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനിന്റെ ചുമതല കരാറുകാരന്‌

കൊണാട്ട് പ്ലേസില്‍ സ്ഥിതിചെയ്യുന്ന രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലെ ഒമ്പതാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ സ്‌ക്രീനിലേക്ക് കണ്ണുനട്ട യാത്രക്കാര്‍ ഒരു മിനിറ്റോളം ഒന്നമ്പരുന്നു. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഇവിടെ സ്ഥാപിച്ചിരുന്ന എല്‍ഇഡി സ്‌ക്രീനില്‍ അപ്രതീക്ഷിതമായി പ്രദര്‍ശിപ്പിച്ചത് അശ്ലീല ദൃശ്യങ്ങളായതാണ് അവരുടെ അമ്പരപ്പിന് കാരണം.

പരസ്യങ്ങള്‍ മാത്രമാണ് ഈ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒമ്പതിന് അപ്രതീക്ഷിതമായി ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള അശ്ലീല ദൃശ്യം പ്രദര്‍ശിപ്പിക്കുകയായിരുന്നു. പലരും പതിവ് തിരക്കില്‍ ഇത് അവഗണിച്ചെങ്കിലും ധാരാളം പേര്‍ ഈ സംഭവം മൊബൈല്‍ ക്യമാറകളില്‍ പകര്‍ത്തിയിരുന്നു. ഇത്തരത്തില്‍ പകര്‍ത്തപ്പെട്ട ഒരു വീഡിയോ ശനിയാഴ്ച സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചു. പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയുടെ വിശ്വാസ്യതയും ഇതിന് ഉത്തരവാദികളായവരെക്കുറിച്ചും ആണ് അന്വേഷണം നടക്കുന്നത്.

‘ഡിഎംഐര്‍സിയ്ക്ക് ഈ വീഡിയോയെക്കുറിച്ച് അറിയില്ല. ഈ എല്‍ഇഡി സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കുന്നതും പരിശോധിക്കുന്നതും ഒരു കരാറുകാരനാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം വീഡിയോകള്‍ കടന്നുവരാനുള്ള സാഹചര്യമുണ്ടോയെന്ന് വിലയിരുത്തും’ വക്താവ് അറിയിച്ചു.

അതേസമയം ഔദ്യോഗികമായി തങ്ങള്‍ക്ക് ഈ വിഷയത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. ഇതിന് സമാനമായ ഒരു സംഭവം 2015ല്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. വയനാട് കല്‍പ്പറ്റയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്ഥാപിച്ചിരുന്ന ടെലിവിഷനില്‍ നൂറ് കണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഏതാണ്ട് മുപ്പത് മിനിറ്റോളം ഈ പ്രദര്‍ശനം തുടരുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍