TopTop
Begin typing your search above and press return to search.

യൂറോ കപ്പ്; പോര്‍ച്ചുഗല്‍ ഫൈനലില്‍

യൂറോ കപ്പ്; പോര്‍ച്ചുഗല്‍ ഫൈനലില്‍

അഴിമുഖം പ്രതിനിധി

കിരീടമില്ലാത്ത രാജകുമാരനെ പോലെ പടിയിറങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കമല്ലായിരുന്നു. ക്യാപ്റ്റന്റെ സകല വീര്യത്തോടെ മുന്നില്‍ നിന്നു കളിച്ച ക്രിസ്റ്റിയാനോയുടെ ബലത്തില്‍ പോര്‍ച്ചുഗല്‍ ഫൈനലില്‍. സ്വപ്‌ന കുതിപ്പുമായെത്തിയ വെയ്ല്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് 2004നു ശേഷം തങ്ങളുടെ ആദ്യ യൂറോ കപ്പ് ഫൈനലിലേക്ക് പറങ്കിപ്പടയുടെ പടയോട്ടം.

ബെയ്ല്‍ കരുത്തുമായെത്തിയ വെയ്ല്‍സിനു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും മികവിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ആദ്യ പകുതിയാല്‍ ഇരു ടീമുകള്‍ക്കും നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല. പോര്‍ച്ചുഗലിന്റെ എല്ലാ കളിയും പോലെ അവസാന നിമിഷത്തിലേക്ക് പോകുമെന്ന് കരുതിയിരുന്നവര്‍ക്ക് മറുപടിയായി 50ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടി. ഇടതു മൂലയില്‍ നിന്നുമെടുത്ത കോര്‍ണറില്‍ ഉയര്‍ന്നു ചാടി റൊണാള്‍ഡോയുടെ ഒരു പവര്‍ ഹെഡര്‍. വെടിയുണ്ടയുടെ വേഗതയില്‍ പാഞ്ഞ ആ ഹെഡര്‍ തടയാന്‍ വെയ്ല്‍സ് നിരയില്‍ ആരും ഉണ്ടായിരുന്നില്ല.

ഗോള്‍ നേടിയെങ്കിലും വെറുതെയിരിക്കാന്‍ പോര്‍ച്ചുഗല്‍ ഒരുക്കമല്ലായിരുന്നു. റൊണാള്‍ഡോ ഗോള്‍ നേടി രണ്ട് മിനിട്ടുകള്‍ക്കു ശേഷം നാനിയുടെ ഗോള്‍ വന്നു. അതിനും വഴിയൊരുക്കിയത് പോര്‍ച്ചുഗല്‍ നായകന്‍ തന്നെ. റൊണാള്‍ഡോ നല്‍കിയ ക്രോസ് വഴി തിരിച്ചുവിട്ട് നാനി പറങ്കിപ്പടയുടെ രണ്ടാം ഗോള്‍ നേടി.

പിന്നെയെല്ലാം ചടങ്ങു തീര്‍ക്കല്‍. കറുത്ത കുതിരകളായി സെമി വരെ കുതിച്ചെത്തിയ ബെയ്‌ലിനും സംഘത്തിനും തലയുയര്‍ത്തി തന്നെ മടങ്ങാം.

യൂറോ കപ്പില്‍ തന്റെ ഒമ്പതാം ഗോള്‍ കുറിച്ച ക്രിസ്റ്റ്യാനോ യൂറോ കപ്പിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററായ ഫ്രാന്‍സിന്റെ മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

ജര്‍മനി ഫ്രാല്‍സ് സെമി പോരാട്ടത്തിലെ വിജയികളാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

Next Story

Related Stories