TopTop
Begin typing your search above and press return to search.

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ വിറപ്പിച്ച് ഒരു ആദിവാസി സ്ത്രീ; മുത്തമ്മയുടെ പോരാട്ടം മണ്ണിന് വേണ്ടി

ആള്‍ദൈവം ജഗ്ഗി വാസുദേവിനെ വിറപ്പിച്ച് ഒരു ആദിവാസി സ്ത്രീ; മുത്തമ്മയുടെ പോരാട്ടം മണ്ണിന് വേണ്ടി

കോയമ്പത്തൂരിലെ ഇരുള സമുദായാംഗമായ ആദിവാസി സ്ത്രീ മുത്തമ്മയ്ക്ക് അമ്പത് വയസില്‍ താഴെ മാത്രമേ പ്രായമുള്ളെങ്കിലും കുട്ടിക്കാലം മുതല്‍ അവര്‍ ഉപജീവനാര്‍ത്ഥം ചെയ്യുന്ന കഠിനജോലികള്‍ ആ മുഖത്ത് വടുക്കള്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ അവരുടെ ശബ്ദത്തില്‍ സ്ഫുരിക്കുന്നത് അസാമാന്യമായ ഇച്ഛാശക്തിയും ഉറച്ച ഊര്‍ജ്ജവുമാണ്. തമിഴ്‌നാട് ജനാധിപത്യ മഹിള അസോസിയേഷന്റെ 15-ാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് മുത്തമ്മ ആദരിക്കപ്പെട്ടു. സെപ്തംബര്‍ 24ന് ധര്‍മ്മപുരിയില്‍ നടന്ന ചടങ്ങിനെ കുറിച്ചും മുത്തമ്മയുടെ പോരാട്ടത്തെ കുറിച്ചും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷിണി അലി thewire.in ല്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍:

കോയമ്പത്തൂരിന്റെ പരിസരപ്രദേശത്തുള്ള കുന്നിന്‍പുറങ്ങളിലെ വനത്തിന് നടുവിലായിരുന്നു മുത്തമ്മയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരും ഭര്‍ത്താവും, ആ പ്രദേശത്ത് ആരംഭിച്ച ഒരു യോഗ ആശ്രമത്തില്‍ ദിവസക്കൂലിക്കാരായി ജോലിക്ക് പോകാന്‍ തുടങ്ങി. ദൈനംദിനം ജോലി കിട്ടുന്നവര്‍ക്ക്് പ്രതിദിനം 130 മുതല്‍ 150 രൂപ വരെയും, വല്ലപ്പോഴും ജോലിക്ക് പോകുന്നവര്‍ക്ക് 250 മുതല്‍ 300 രൂപ വരെയുമായിരുന്നു ആശ്രമത്തില്‍ നിന്നും ലഭിക്കുന്ന വേതനം. പത്തുവര്‍ഷം മുമ്പ് ഒരു എന്‍ജിഒ ആരംഭിച്ച സ്വയം സഹായ സംഘത്തില്‍ അംഗമായതോടെ മുത്തമ്മ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചു.

സ്വയം സഹായ സംഘത്തിലെ അംഗമെന്ന നിലയില്‍ കാട്ടില്‍ കയറി മരുന്നുചെടികളും ഭക്ഷ്യയോഗ്യമായ വസ്തുക്കളും ശേഖരിക്കുകയായിരുന്നു മുത്തമ്മയുടെയും കൂട്ടരുടെയും ജോലി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ചൂണ്ടിക്കാട്ടി അധികാരികള്‍ രംഗത്തെത്തിയതോടെ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതേ സമയത്ത് തന്നെ ആശ്രമം അധികാരികള്‍ പ്രദേശത്ത് വേലി കെട്ടുകയും മറ്റുള്ളവര്‍ വനത്തിലേക്ക് പ്രവേശിക്കുന്ന പാത അടയ്ക്കുകയും ചെയ്തു. മുത്തമ്മയും കൂട്ടരും ആശ്രമത്തിലെത്തി മൂന്നടി വഴി വിട്ട് കാട് കെട്ടിയടയ്ക്കണം എന്ന് അപേക്ഷിച്ചെങ്കിലും ആശ്രമം അധികാരികള്‍ അത് നിഷേധിച്ചു.

ഇതിനെ തുടര്‍ന്ന് വനത്തില്‍ പ്രവേശിക്കുന്നതിന് സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ക്ക് ചുറ്റിവളഞ്ഞ് പോകേണ്ടി വന്നു. എന്നാല്‍ സംഘത്തിലെ അംഗങ്ങള്‍ നിയമവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ വീണ്ടും രംഗത്തെത്തി. ഇതിനിടയില്‍ ആശ്രമം വീണ്ടും രംഗത്തെത്തുകയും വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ മുത്തമ്മയ്ക്കും കൂട്ടര്‍ക്കുമുള്ള പരമ്പരാഗത ജ്ഞാനം സ്വന്തം കൂട്ടര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഒരിക്കല്‍ ഈ വിജ്ഞാനം കൈമാറ്റം ചെയ്യപ്പെട്ടതോടെ മുത്തമ്മയും കൂട്ടരും പുറത്താവുകയും ആ വനവും അതിന്റെ സമ്പത്തും ആശ്രമത്തിന്റെ സ്വന്തമാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.

ആശ്രമത്തില്‍ നിന്നും പുറത്താക്കപ്പെടുകയും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ മുത്തമ്മയും കൂട്ടരും വീണ്ടും കൂലിപ്പണിയിലേക്ക് തന്നെ തിരിഞ്ഞു. അപ്പോഴാണ് പ്രദേശത്തിനെ കുറിച്ചുള്ള മറ്റൊരു ചരിത്രം മുത്തമ്മ ഓര്‍ത്തെടുത്തത്. ഭൂദാന പ്രക്ഷോഭ കാലത്ത് പ്രദേശത്തെ ഒരു ഭൂവുടമയായിരുന്ന മുത്തുസ്വാമി ഗൗണ്ടര്‍ തന്റെ 44 ഏക്കര്‍ ഭൂമി 13 ആദിവാസി കുടുംബങ്ങള്‍ക്ക് ദാനം നല്‍കിയ കാര്യം മുത്തമ്മ ഓര്‍ത്തെടുത്തു. 1988ല്‍ ഈ ഭൂമിക്ക് പട്ടയം അനുവദിച്ചിരുന്നെങ്കിലും യഥാര്‍ത്ഥ അധികാരം കൈമാറിയിരുന്നില്ല. ഈ ഭൂമി ലഭ്യമായ 13 ആദിവാസികളില്‍ ഒരാള്‍ മുത്തമ്മയുടെ ഭര്‍തൃപിതാവായിരുന്നു. നിരക്ഷരതയും ദരിദ്രമായ ജീവിതാവസ്ഥകളും മൂലം ഈ ഭൂമിയുടെ പട്ടയം ലഭിച്ചിരുന്നുവെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല, എന്നു മാത്രമല്ല ആ ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാനും അവര്‍ ശ്രമിച്ചില്ല.

2012ല്‍ ഒരു സുഹൃത്ത് ആദിവാസി അവകാശ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുത്തമ്മയെ തിരുവണ്ണാമലയിലേക്ക് കൊണ്ടുപോയതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെ ഉയര്‍ന്ന സംവാദങ്ങളും വിളിച്ച മുദ്രാവാക്യങ്ങളും മുത്തമ്മയുടെ ജീവിതത്തില്‍ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ച്. തങ്ങള്‍ക്ക് പരമ്പരയായി കിട്ടിയ കടാലാസ് കഷ്ണത്തിന് ചില ഉപയോഗങ്ങള്‍ ഉണ്ടെന്ന് മുത്തമ്മ തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്. തന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു പരാതി തയ്യാറാക്കാന്‍ മുത്തമ്മ കൂടെയുണ്ടായിരുന്ന വ്യക്തിയോട് പറഞ്ഞു. മുത്തമ്മയുടെ പരാതി കേട്ടതോടെ കോയമ്പത്തൂരിലെ ജനാധിപത്യ മഹിള അസോസിയേഷനുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചു.

മുത്തമ്മയുടേത് പോലെയുള്ള 200 ആദിവാസി കുടുംബങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടിരുന്ന ആ ഭൂമിക്ക് വേണ്ടിയുള്ള വലിയൊരു സമരം അവിടെ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. മുത്തമ്മയുടെ ഭര്‍ത്താവും രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും ആ ആശ്രമത്തിലെ കൂലിവേലക്കാരായിരുന്നു. ദിവസക്കൂലിവേല നഷ്ടപ്പെടുമെന്നതും വലിയ സ്വാധീനമുള്ള ഒരു ശത്രുവിനെതിരാണ് പോരാട്ടം എന്നതും കുടുംബം തന്നെ മുത്തമ്മയെ ഒറ്റപ്പെടുത്തുന്നതിന് കാരണമായി. അവര്‍ സ്വന്തം വീട്ടില്‍ നിന്നും മുത്തമ്മയെ പുറത്താക്കി. പ്രദേശത്ത് നൂറുകണക്കിന് ഏക്കര്‍ ഭൂമി തട്ടിയെടുത്ത ആശ്രമത്തിന്റെ പേരില്‍ അവര്‍ അനാഥമായി. ആദിവാസി മൂപ്പന്റെയും കുടുംബത്തിന്റെയും സംരക്ഷണയിലേക്ക് മാറാന്‍ മുത്തമ്മ നിര്‍ബന്ധിതമായി.

പ്രദേശത്തുള്ള ഏകദേശം 200 കുടുംബങ്ങളുടെ പിന്തുണയോടെ മുത്തമ്മയും പുതുതായി സമരരംഗത്തിറങ്ങിയ കൂട്ടാളികളും ചേര്‍ന്ന് വിവരാവകാശരേഖ ആവശ്യപ്പെടുകയും 44 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് വീടുവെക്കാനുള്ള ഭൂമി ലഭ്യമാക്കണമെന്ന ആവശ്യവുമായി സംഘം ജില്ല ഭരണാധികാരികളെ സമീപിച്ചു.

പരാതിയില്‍ നടപടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുത്തമ്മയും മറ്റ് ആദിവാസി അവകാശപ്രവര്‍ത്തകരും ജനാധിപത്യ മഹിള അസോസിയേഷന്‍, ദളിത് സംഘടനകള്‍, സിപിഎം, പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ഈ 44 ഏക്കര്‍ ഭൂമിക്ക് വേണ്ടി പരസ്യ സമരവുമായി രംഗത്തിറങ്ങി. ഭൂമിയിലുള്ള അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പതിച്ചുകിട്ടിയ ഭൂമിയില്‍ അവര്‍ കൊടികള്‍ നാട്ടി. എന്നാല്‍ ഈ പ്രദേശത്തും വേലികെട്ടി തിരിക്കുന്ന നടപടികളുമായാണ് ആശ്രമം അധികാരികള്‍ മുന്നോട്ട് പോയത്. ഇതിനെ സഹായിച്ചുകൊണ്ട് പ്രസ്തുത ഭൂമി സര്‍ക്കാരിന്റേതാണെന്നും അതിനാല്‍ കടന്നുകയറ്റങ്ങള്‍ അനുവദിക്കുന്നതല്ലെന്നും പറഞ്ഞ തര്‍ക്കഭൂമിയില്‍ ബോര്‍ഡ് സ്ഥാപിക്കാനാണ് ജില്ല ഭരണകൂടം ശ്രമിച്ചത്. ഇതിനിടയില്‍ ഈ ഭൂമി ആരും കൈവശപ്പെടുത്തരുത് എന്ന ഒരു കോടതി ഉത്തരവ് സംഘടിപ്പിക്കാനും ആശ്രമം അധികാരികള്‍ക്ക് സാധിച്ചു.

ആരോപണവിധേയമായ ആശ്രമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നത് ആദിവാസികള്‍ മാത്രമല്ല. ഇക്കരെ പൊലുവംപട്ടിയില്‍ നിയമരഹിത നിര്‍മിതികള്‍ ഉണ്ടാക്കുന്നതിനെതിരെ വെള്ളിയാംഗിരി കുന്നിന്‍ പുറ ആദിവാസി സംരക്ഷണ സേന മദ്രാസ് ഹൈക്കോടതിയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പക്ഷെ ആശ്രമത്തിന് ശക്തരായ സുഹൃത്തുക്കള്‍ ഉണ്ടെന്നാണ് പിന്നീട് തെളിയിക്കപ്പെട്ടത്. ഇന്ത്യയിലെ ഏതൊരു മനുഷ്യദൈവത്തിനെയും പോലെ അംഗീകരിക്കപ്പെടുന്ന ജഗ്ഗി വാസുദേവ് നയിക്കുന്ന ഈശ ഫൗണ്ടേഷനാണ് ഈ ഭൂമിയും കൈയേറിയത്. മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കപ്പെട്ടിട്ടും കെട്ടിടനിര്‍മ്മാണ നിയമങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തിക്കൊണ്ടാണ് അവിടെ 'ആദി യോഗി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമശിവന്റെ 112 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതെന്നും അതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കരുതെന്നും പരിസ്ഥിതി വാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി കേട്ടില്ല.

ആനത്താരയിലാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കാന്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി തയ്യാറായില്ല. കോയമ്പത്തൂരില്‍ ഈശ ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന പല നിര്‍മിതികളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധികാരികള്‍ നോട്ടീസുകള്‍ നല്‍കിയതിന് ശേഷമാണ് ഈ ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് വിരമിച്ച ജഡ്ജി ഡി. ഹരിപരാന്തമന്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിട്ടും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തൊട്ടുതലേദിവസം മുത്തമ്മയുടെ വീട്ടിലേക്ക് ഒരു അസാധാരണ അതിഥി എത്തി.

പ്രധാനമന്ത്രി കോയമ്പത്തൂര്‍ വിടുന്നതുവരെ മുത്തമ്മ താമസിക്കുന്ന വീട്ടില്‍ നിന്നും അവരെ പുറത്തിറങ്ങാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുവദിക്കില്ല എന്ന വിവരം പ്രഖ്യാപിക്കാന്‍ വന്ന എസ്പിയും എസ്‌ഐയും പോലീസുകാരുമായിരുന്നു അവര്‍. പിറ്റേ ദിവസം കോയമ്പത്തൂരില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ ഉദ്ഘാടനത്തിനെതിരെ സംഘടിപ്പിക്കാനിരുന്ന കരിങ്കൊടി പ്രകടനത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു മുത്തമ്മ. പക്ഷെ പോലീസുകാര്‍ പെട്ടെന്ന് നടപ്പിലാക്കിയ നിയമവിരുദ്ധമായ ഈ വീട്ടുതടങ്കലില്‍ അവര്‍ പെട്ടുപോയി.

പിറ്റെ ദിവസം കരിങ്കൊടി പ്രകടനത്തില്‍ നിന്നും രക്ഷനേടുന്നതിനായി പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹെലിക്കോപ്ടറില്‍ സഞ്ചരിച്ചു. എന്നാല്‍ ഈശ ഫൗണ്ടേഷനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നിലവിലുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍ത്തില്ല. 'മഹാശിവരാത്രി കാലത്ത് ചില നിയമവിരുദ്ധ നിര്‍മ്മിതികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മഴകഴിഞ്ഞ ഉടനെ അത് പൊളിച്ചുനീക്കും' എന്നുമാണ് ഈശ ഫൗണ്ടേഷന്റെ വക്താവ് പോലും പറയുന്നത്. ഇതൊന്നും നിയമപരമായ അനുമതിയോടെ നിര്‍മ്മിച്ചതല്ലെന്ന് കോയമ്പത്തൂര്‍ ജില്ല അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്നും പറന്നുവന്ന് അനാവരണം ചെയ്ത ശിവപ്രതിമയുടെ സൃഷ്ടി പോലും നിയമവിരുദ്ധമായിരുന്നു എന്ന് സാരം.

ഈശ ഫൗണ്ടേഷന്റെ കോയമ്പത്തൂരുള്ള നിര്‍മിതികളെല്ലാം നിയമവിരുദ്ധമാണെന്നും അതൊക്കെ പൊളിച്ചുനീക്കണമെന്നും 2012 ഡിസംബര്‍ 21ന് തന്നെ ജില്ല ഭരണകൂടം ഉത്തരവിട്ടിരുന്നതാണ്. പക്ഷെ കേസുകളിലുള്ള കോടതി നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. അതേ സമയത്ത് ജഗ്ഗി വാസുദേവ് ദേശീയ മാധ്യമങ്ങളിലെയും എന്തിന് മലയാള മാധ്യമങ്ങളിലെ പോലും താരമായി മാറുന്നു. രാജ്യത്തെ പുഴകളെ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ കാണും എന്നാണ് അടുത്ത കാലത്ത് അദ്ദേഹം നടത്തിയ അഭിമുഖങ്ങളില്‍ ഒന്നില്‍ അവകാശപ്പെട്ടത്. മലയാള മനോരമയില്‍ ആ അഭിമുഖം നടത്താന്‍ വിധിക്കപ്പെട്ടത് സുഗതകുമാരി ടീച്ചറിന്റെ ബന്ധുവായിരുന്നു എന്നത് മറ്റൊരു ദുര്യോഗം. ഇദ്ദേഹം പുഴകളെ സംരക്ഷിക്കാന്‍ മുന്നോട്ട് വെക്കുന്ന പദ്ധതികളൊക്കെ തന്നെയും അപകടകരവും പരിശോധിക്കപ്പെടേണ്ടതുമാണെന്ന് അറിയപ്പെടുന്ന ശാസ്ത്രകാരന്മാരും പരിസ്ഥിതിവാദികളും പറയുന്നു. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെ ശക്തനും സമ്പന്നനുമായ ഒരാള്‍ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തിന് മുത്തമ്മയെയും മറ്റ് ആദിവാസി കുടുംബങ്ങളെയും കുറിച്ച് ആലോചിക്കേണ്ടി വരുന്നതേയില്ല.

'ഒരു തെണ്ടിയോടൊപ്പം നൃത്തം ചെയ്യുന്നത്' ഉള്‍പ്പെടെ എന്തും ചെയ്യാന്‍ തനിക്ക് സാധിക്കും എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗ്ഗി വാസുദേവ് അവകാശപ്പെടുന്നത്. നിലവിലുള്ള ഭരണകര്‍ത്താക്കള്‍ക്ക് ആത്മീയവര്യന്മാരുടെ ഉപദേശങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് താന്‍ യോഗ്യനാണെന്നും അതേ അഭിമുഖത്തില്‍ തന്നെ ജഗ്ഗി വാസുദേവ് തട്ടിമൂളിക്കുന്നുണ്ട്. തൊട്ടടുത്തുള്ള മുത്തമ്മയെ പോലുള്ള ആദിവാസികളുടെ പരാതികള്‍ കേള്‍ക്കാന്‍ ശ്രമിക്കാതെ അവരുടെ ഭൂമി തട്ടിയെടുക്കുന്ന ഒരാളാണ് ഇത് പറയുന്നത് എന്ന വിചിത്ര വസ്തുത നിലനില്‍ക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒരു അവസ്ഥയിലേക്കാണ് ധര്‍മ്മപുരിയില്‍ നടന്ന ജനാധിപത്യ മഹിള അസോസിയേഷന്റെ യോഗത്തിലേക്ക് മുത്തമ്മ എത്തിയത്. കടുത്ത മഴയായിരുന്നതിനാല്‍ ദിവസക്കൂലി പോലും ലഭ്യമല്ലാത്ത അവസ്ഥയിലായിരുന്നു അവര്‍. കോയമ്പത്തൂരിലും പരിസരത്തുമുള്ള മനുഷ്യസ്‌നേഹികള്‍ പിരിച്ചെടുക്കുന്ന അരിയാണ് മുത്തമ്മയുടെയും മറ്റ് ആദിവാസി കുടുംബങ്ങളുടെയും ഏക ഉപജീവന മാര്‍ഗ്ഗം. സ്വന്തം ഭൂമിക്ക് വേണ്ടിയിട്ടുള്ള ഈ സമരം തീരുന്നതുവരെ അതുകൊണ്ട് ജീവിക്കാന്‍ അവര്‍ തയ്യാറാമാണ്. സ്വന്തം കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'അവരെ കുറിച്ച് ആലോചിച്ചാല്‍, എന്റെ ജനങ്ങളെ കുറിച്ച് ആലോചിക്കാന്‍ പറ്റില്ല' എന്ന ഉറച്ച മറുപടിയായിരുന്നു മുത്തമ്മയില്‍ നിന്നും വന്നത്.


Next Story

Related Stories