TopTop
Begin typing your search above and press return to search.

പട്ടിണിപ്പാവങ്ങളെ വയറ് നിറയെ ഊട്ടുന്ന അങ്കിത് കവാത്രയും ഫീഡിംഗ് ഇന്ത്യയും

പട്ടിണിപ്പാവങ്ങളെ വയറ് നിറയെ ഊട്ടുന്ന അങ്കിത് കവാത്രയും ഫീഡിംഗ് ഇന്ത്യയും

പോഷകാഹാരക്കുറവും ഭക്ഷണം പാഴാക്കുന്നതും ഒരുപോലെ പ്രശ്‌നാധിഷ്ടിതമായിട്ടുള്ള ഒരു രാജ്യത്ത് പ്രശ്‌നം മുളയിലെ നുള്ളാന്‍ അങ്കിത് കവാത്ര എന്ന 25-കാരന്‍ തീരുമാനിച്ചു. ദരിദ്രര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ട് വിശപ്പും പോഷകാഹാരക്കുറവും അവസാനിപ്പിക്കുന്നതിനായി 2014-ല്‍ അദ്ദേഹം ഫീഡിംഗ് ഇന്ത്യ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. അധിക ഭക്ഷണം പുനര്‍വിതരണം ചെയ്യുകയായിരുന്നു സംഘടനയുടെ പ്രധാന പ്രവര്‍ത്തനരീതി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്കനേഷ്യന്‍ പ്രദേശത്ത് മാത്രം 27.6 കോടി ജനങ്ങളാണ് പോഷകാഹാരക്കുറവ് മൂലം ദുരിതം അനുഭവിക്കുന്നത്. 20 കോടിയിലേറെ ജനങ്ങളാണ് ഇവിടെ പട്ടിണി കിടക്കുന്നത്. ലോകത്ത് പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ.

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ അങ്കിത് ഒരു ആഢംബരവിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 വിഭവങ്ങളാണ് വിവാഹസദ്യയ്ക്ക് വിളമ്പിയത്. ബാക്കിവരുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കും എന്ന കൗതുകം അങ്കിതിനെ പിടികൂടി. പാചകക്കാരോട് അന്വേഷിച്ചപ്പോള്‍ ബാക്കി വരുന്ന ഭക്ഷണം വലിച്ചെറിയും എന്ന മറുപടിയാണ് ലഭിച്ചത്. ഇത് 10,000-ത്തില്‍ അധികം പേര്‍ക്ക് കഴിക്കാന്‍ ആവശ്യമായ ഭക്ഷണം ഉണ്ടായിരുന്നു. ഈ അറിവ് ഒരു വഴിത്തിരിവായി. വിവാഹസ്ഥലങ്ങള്‍, മറ്റ് ആഘോഷസ്ഥലങ്ങള്‍, ഹോട്ടലുകള്‍ മുതലായ ഇടങ്ങളില്‍ നിന്നും അധികം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനായി തന്നോടൊപ്പം ചേരുന്നതിന് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പ്രേരിപ്പിക്കുന്നതിനായി അടുത്ത രണ്ട് ആഴ്ച അങ്കിത് ചിലവഴിച്ചു.

ഈ രംഗത്ത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനായി അങ്കിത്, ആഗോള വ്യാവസായ ഉപദേശക സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. അഞ്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ ഫീഡിംഗ് ഇന്ത്യ എന്ന സ്ഥാപനം ആരംഭിച്ചു. നഗരത്തിലെ പാചക സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് സംഘടന അധികഭക്ഷണം ശേഖരിക്കാനും, ഭക്ഷണം ആവശ്യമുള്ളവരും എന്നാല്‍ അത് താങ്ങാന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്ക് വിതരണം ചെയ്യാനും ആരംഭിക്കുകയും ചെയ്തു. 'പ്രതിദിനം മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനായി വലിയ പോരാട്ടം നടത്തുന്നവരാണ് പോഷകാഹാര കുറവുള്ള ആളുകള്‍. അതുകൊണ്ട് തന്നെ അവര്‍ക്കായി പോരാടാനോ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനോ അവര്‍ക്ക് സാധിക്കില്ല,' എന്ന് അങ്കിത് പറയുന്നു.

അഞ്ച് പേരുടെ ഒരു സംഘവുമായി മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനയില്‍ ഇന്ന് 45 ഇന്ത്യന്‍ നഗരങ്ങളിലായി അയ്യായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണുള്ളത്. സംഘടനയുടെ പ്രവര്‍ത്തന മാതൃക വളരെ ലളിതമാണ്. അധിക ഭക്ഷണം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇ-മെയില്‍ വഴി ഫീഡിംഗ് ഇന്ത്യയുമായി ബന്ധപ്പെടാം. അധിക ഭക്ഷണം അപ്പോള്‍ തന്നെ ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ ഭക്ഷണം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഒരു ശീതീകരിച്ച വാഹനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.

കൂടാതെ നിരവധി കേന്ദ്രങ്ങള്‍ സംഘടന ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വയംഭരണ സ്‌കൂളുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായുള്ള അഭയകേന്ദ്രങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ദത്തെടുക്കുകയും എല്ലാ ദിവസവും ഇവിടങ്ങളില്‍ പോഷകാഹാരം വിതരണം ചെയ്യുകയും ചെയ്യുന്നു. ഭക്ഷണം ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനൊപ്പം ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അങ്കിതും കൂട്ടരും ഏറ്റെടുക്കുന്നു. കൂടാതെ പ്രശസ്ത ഷെഫുകളായ റിതു ദാല്‍മിയ, മന്‍ജിത് ഗില്‍, ടിവി അവതാരകരായ മയൂര്‍ ശര്‍മ്മ തുടങ്ങിയ വ്യക്തികളെയും ഭക്ഷണ ബ്ലോഗുകള്‍ നടത്തുന്നവരെയും ഭക്ഷണപ്രിയരെയും മറ്റും സംഘടിപ്പിച്ചുകൊണ്ട് ഭക്ഷണം പാഴാക്കുന്നതിനെതിരെയും ദാനം ചെയ്യല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു.

ഇതുവരെ, ആവശ്യക്കാര്‍ക്കായി 8.5 ദശലക്ഷം ഭക്ഷണപ്പൊതികളാണ് ഫീഡിംഗ് ഇന്ത്യ വിതരണം ചെയ്യത്. പാഴായി പോകുമായിരുന്ന 42.50 കോടി രൂപയുടെ ഭക്ഷണമാണ് ഇവര്‍ പ്രയോജനപ്രദമാക്കിയത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് നടന്ന ഒരു ചടങ്ങില്‍ രാജ്ഞിയുടെ 2017-ലെ യുവനേതൃ പുരസ്‌കാരം അങ്കിത് കവാത്രയ്ക്ക് സമ്മാനിച്ചിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നവര്‍ക്കുള്ള 2016 സുസ്ഥിര വികസന ലക്ഷ്യം ടേിയ 17 യുഎന്‍ യുവ നേതാക്കളുടെ പട്ടികയിലും അങ്കിത് ഇടംപിടിച്ചു. ഫോബ്‌സ് 30 അണ്ടര്‍ 30 ഹോണറിയായും അദ്ദേഹം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടു. 'ദാരിദ്ര്യം തുടച്ചു നീക്കണമെന്നും അടുത്ത തലമുറ ദാരിദ്ര്യത്തെ കുറിച്ച് പുസ്തകങ്ങളില്‍ വായിച്ചറിയുക മാത്രമേ ചെയ്യാവൂ എന്നും ഞാന്‍ ആഗ്രഹിക്കുന്നു,' എന്നാണ് ഭാവി പരിപാടികളെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്കിത് പറഞ്ഞത്.


Next Story

Related Stories