TopTop
Begin typing your search above and press return to search.

ഗോത്രതാളം: വിദ്യാഭ്യാസം എങ്ങനെയാണ് ജീവിതം മാറ്റുന്നതെന്നറിയാന്‍ ഈ കുഞ്ഞുങ്ങളെ കാണൂ

ഗോത്രതാളം: വിദ്യാഭ്യാസം എങ്ങനെയാണ് ജീവിതം മാറ്റുന്നതെന്നറിയാന്‍ ഈ കുഞ്ഞുങ്ങളെ കാണൂ

രാജി ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഒരു വര്‍ഷം മുമ്പ് പ്ലസ് വണ്‍ വിദ്യാഭ്യാസം അവള്‍ക്ക് സ്വപ്‌നം മാത്രമായിരുന്നു. കാരണം മറ്റൊന്നുമല്ല; പത്താം ക്ലാസില്‍ പഠിക്കുമ്പോഴും രാജിക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു! ഒരുവിധം തപ്പിത്തടഞ്ഞ് മലയാളം വായിച്ചൊപ്പിക്കും. പക്ഷെ എഴുത്ത് വലിയ ബുദ്ധിമുട്ട് തന്നെ. ഇംഗ്ലീഷിന്റെ കാര്യം ഓര്‍ക്കാന്‍ പോലും ഭയമായിരുന്ന നാളുകള്‍. പത്താംക്ലാസ് കടന്നുകൂടുമെന്ന് ഒരുറപ്പുമില്ലാതെ പഠനം തുടരുകയായിരുന്നു രാജി. കഴിഞ്ഞ മെയ് 22ന് രവിനഗര്‍ കോളനിക്കാര്‍ ഒന്ന് ഞെട്ടി. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്ത് വന്നത് അന്നായിരുന്നു. പരീക്ഷാ ഫലം വന്നപ്പോള്‍ രാജിക്ക് അമ്പത് ശതമാനത്തിലേറെ മാര്‍ക്ക്. അക്ഷരമെഴുതാനും വായിക്കാനുമറിയാതെ പഠനം നിര്‍ത്തിപ്പോരേണ്ടി വരുന്ന വേടര്‍ സമുദായത്തിലെ കുട്ടികള്‍ക്ക് അത് ഒരു വലിയ വിജയമായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്താണ് സംഭവിച്ചത്? സ്വന്തം പേര് പോലും മലയാളത്തില്‍ എഴുതാന്‍ ബുദ്ധിമുട്ടിയിരുന്ന രാജി എങ്ങനെയാണ് അക്ഷരം പഠിച്ച് താരതമ്യേന മികച്ച വിജയം നേടിയത്? അത് അന്വേഷിച്ച് ചെന്നാല്‍ നമ്മളെത്തുക 'ഗോത്രതാള'ത്തിന്റെ മുറ്റത്താണ്.

സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്‍നിരയില്‍ കഴിയുന്നവരാണ് തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്തിനടുത്ത് രവിനഗര്‍ കോളനിയിലെ താമസക്കാര്‍. അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനേക്കാള്‍ അവരെ വേദനിപ്പിക്കുന്നത് സമൂഹത്തില്‍ നിന്നുള്ള മാറ്റിനിര്‍ത്തലുകളും വേര്‍തിരിവുകളുമാണ്. രവിനഗര്‍ കോളനിയിലെ വേടര്‍ സമുദായ അംഗങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ വളരെ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അവര്‍ നാലാം ക്ലാസിനപ്പുറം ഏതെങ്കിലുമൊരു സ്‌കൂളില്‍ പോയിട്ടില്ല. നിറത്തിന്റെയും ജാതിയുടെയും പേരില്‍ സ്‌കൂളുകളില്‍ നിന്ന് നേരിടേണ്ടി വന്ന പരിഹാസവും അവഹേളനവുമാണ് ഇന്നും അവരെ പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. അതിലുപരിയായി മേല്‍ത്തരക്കാര്‍ക്കൊപ്പമുള്ള വിദ്യാഭ്യാസവും അവര്‍ക്ക് ബുദ്ധിമുട്ടാവുന്നു.

മേല്‍ത്തരക്കാര്‍ക്ക് ലഭ്യമാവുന്ന തരത്തില്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരിക്കെ പാഠ്യവിഷയങ്ങള്‍ പിന്തുടരാനോ പഠനം മുന്നോട്ട് കൊണ്ടുപോവാനോ കഴിയാതെ പ്രൈമറി സ്‌കൂളുകളില്‍ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന അവസ്ഥയായിരുന്നു. പൊതുവിദ്യാഭ്യാസ സമ്പ്രദായങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്ന ആദിവാസിക്കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി അവരെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും പരാജയപ്പെട്ടു. പഠനത്തില്‍ പിന്നോക്കം പോവുകയും അക്ഷരമറിയാതിരിക്കുകയും ചെയ്ത വേടര്‍ വിദ്യാര്‍ഥികള്‍ക്ക് സഹപാഠികളില്‍ നിന്ന് പോലും പരിഹാസം ഏല്‍ക്കേണ്ടി വന്നു. അക്ഷരം എഴുതാനും വായിക്കാനുമറിയാതെ ഹൈസ്‌കൂളുകളിലേക്ക് എത്തിപ്പെടുന്നവര്‍ ഭൂരിഭാഗവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ അതിനുള്ള പരിഹാരമായി മിനിയും സുധിയും സുനിയും ചേര്‍ന്ന് 'ഗോത്രതാളം' ആരംഭിച്ചതോടെ കാര്യങ്ങള്‍ മാറി, ഒപ്പം രവിനഗര്‍ കോളനിക്കാരുടെ ജീവിതവും.

വയനാട് സ്വദേശിനി മിനി നാലാംക്ലാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചതാണ്. ഇതിനുള്ള കാരണവും മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. പിന്നീട് വയനാട്ടിലെ 'കനവ്' ആണ് ഇന്നത്തെ മിനിയെ രൂപപ്പെടുത്തിയത്. ഇന്നവര്‍ നാടന്‍പാട്ട് കലാകാരിയാണ്, കളരിപ്പയറ്റ് വിദഗ്ദ്ധയാണ്. 'ഗോത്രതാള'ത്തിന്റെ സെക്രട്ടറിയും മിനിയാണ്. കാഞ്ഞിരംകുളം സ്വദേശിയായ മിനിയുടെ ഭര്‍ത്താവ് സുധി പത്താംക്ലാസ് വരെ പഠിച്ചു. പക്ഷെ പരീക്ഷയില്‍ ജയിച്ചില്ല. എഴുത്തും വായനയും അറിയുമായിരുന്നില്ല എന്നത് തന്നെ കാരണം. പിന്നീട് സുധി കേരളത്തിലെ പ്രശസ്തനായ ഒരു ആയുര്‍വേദ ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് തിരുമ്മല്‍ ചികിത്സ പഠിച്ചു. ഇന്നും അയാള്‍ ആ ജോലി തുടരുന്നു. സുധിയുടെ സഹോദരന്‍ സുനിയാണ് 'ഗോത്രതാള'ത്തിന്റെ സാരഥിയായ മറ്റൊരാള്‍. പ്രതിസന്ധികള്‍ പലതുണ്ടായിട്ടും അതിനോട് പൊരുതി എംഫില്‍ ബിരുദം നേടിയ സുനി, നാടന്‍പാട്ട് കലാകാരനും സംഗീത സംവിധായകനുമാണ്. ഈ മൂവര്‍ സംഘത്തിന്റെ യുക്തിയില്‍ നിന്നാണ് 'ഗോത്രതാളം-റിഥം ഓഫ് ചില്‍ഡ്രന്‍' എന്ന സംഘടന ഉണ്ടാവുന്നത്.

വിദ്യാഭ്യാസത്തിലും മറ്റെല്ലാ മേഖലകളിലും പിന്നോക്കം നിന്നിരുന്ന വേടര്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുക, എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു ഗോത്രതാളത്തിന്റെ പ്രധാന ദൗത്യം. എല്ലാത്തരത്തിലും ഒറ്റപ്പെട്ട് നില്‍ക്കുന്ന വേടര്‍ സമുദായാംഗങ്ങളെ വിദ്യാഭ്യാസത്തിന്റെ മഹത്വം പറഞ്ഞ് മനസിലാക്കല്‍ അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. ഒരു വെല്ലുവിളിയായി തന്നെ അതേറ്റെടുക്കപ്പെട്ടു. പക്ഷെ മാറ്റം അത്ഭുതകരമായിരുന്നു. പത്താം ക്ലാസിലെത്തിയിട്ടും അക്ഷരമറിയാതിരുന്നതിരുന്നവര്‍ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. ഗ്രാമത്തിന് പുറത്തുള്ള ലോകവുമായി ബന്ധങ്ങള്‍ സൃഷ്ടിക്കാനായി. കലാ, കായിക വിഷയങ്ങളില്‍ കഴിവുണ്ടായിരുന്നവര്‍ക്ക് അതിനുള്ള വിവിധ അവസരങ്ങള്‍ ലഭിച്ചു. നിരന്തരമായ പരിശീലനങ്ങളും ക്യാമ്പുകളും കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് മിനിക്കും സുധിക്കും പറയാനുള്ളത്.

സുധിയുടെ വാക്കുകളിലൂടെ: 'കാഞ്ഞിരംകുളം ഒരു തീരഗ്രാമമാണ്. കോവളത്ത് നിന്ന് 15കിലോമീറ്റര്‍. കുടില്‍കെട്ടി സമരം മുതലാണ് ഞാന്‍ പൊതുരംഗത്തേക്കിറങ്ങുന്നത്. ഗോത്രമഹാസഭ രൂപീകരിച്ച ശേഷം കേരളത്തിലെ പല സ്ഥലങ്ങളിലും യാത്ര ചെയ്തു. അവിടെയെല്ലാം ഞാന്‍ കണ്ട കുറേ മുഖങ്ങളുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും. കുറേ കുട്ടികള്‍ സ്‌കൂളില്‍ പോവാതെ മറ്റുള്ളവരുടെ പറമ്പുകളില്‍ പണിയെടുക്കുന്നു. സ്ത്രീകളും ഏതാണ്ടിത് പോലെ തന്നെ. സാമ്പത്തികമായി ഒരിക്കലും മെച്ചപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണവര്‍. ഇതെല്ലാം കണ്ടപ്പോഴാണ് ആദിവാസി കുട്ടികളെ തിരികെ വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി മിനിയുമായി കാണാനിടയുണ്ടായി. അവര്‍ കനവിലെ വിദ്യാര്‍ഥിയും പരിശീലകയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് ജീവിതം തുടങ്ങി. ഒരേ ആശയങ്ങള്‍ പങ്കുവച്ചു. അത്യാവശ്യം നാടന്‍ പാട്ടും നാടന്‍കലകളുമെല്ലാം ചെറിയ രീതിയില്‍ അവതരിപ്പിച്ച് വരികയായിരുന്നു. അതിന് ശേഷമാണ് 'ഗോത്രതാളം' എന്നു പറഞ്ഞ് ഒരു സംഘടന കുട്ടികള്‍ക്കായി ഞങ്ങളൊന്നിച്ച് ആരംഭിച്ചത്.

2012-ല്‍ ഞങ്ങളുടെ വീടിന്റെ മുറ്റം ചാണകം മെഴുകി, അവിടെയാണ് ആദ്യം കുട്ടികളെ കൂടിയിരുത്തിയത്. കുട്ടികളെ വിളിച്ച് കൊണ്ടുവന്ന്, ഞങ്ങള്‍ തന്നെ പഠിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. മിനി 'കനവി'ല്‍ നിന്ന് പഠിച്ച കുട്ടിയാണ്. ആ വ്യക്തിയുടെ കഴിവ് അതേപടി തന്നെ കുട്ടികളിലേക്ക് പകര്‍ന്ന് കൊടുക്കുക എന്നതാണ് ഞങ്ങള്‍ ചെയ്ത മറ്റൊരു കാര്യം. ആദ്യം അമ്പത് കുട്ടികള്‍ ഉണ്ടായിരുന്നു. ചിലര്‍ കൊല്ലം ജില്ലയില്‍ നിന്ന് വന്നവരായിരുന്നു. അവധിക്കാലത്ത് അമ്മ വീടുകളിലേക്ക് വന്നവരായിരുന്നു അവര്‍. പിന്നീട് സ്‌കൂളില്‍ പോവേണ്ടത് കാരണം അവര്‍ തിരിച്ച് പോയി. ചിലര്‍ വീട്ടിലെ അവസ്ഥകള്‍ മോശമായതിനാല്‍ ഹോസ്റ്റലിലേക്ക് മാറി. രവിനഗര്‍ ഒരു കോളനിയാണ്. എണ്‍പതിലധികം കുടുംബങ്ങള്‍ തിങ്ങി ഞെരുങ്ങി കഴിയുന്ന സ്ഥലം.

പല ബുദ്ധിമുട്ടുകളും പഠിക്കാനുള്ള സൗകര്യക്കുറവുമുണ്ട്. എഴുതി തയ്യാറാക്കിയ ഒരു പാഠ്യരീതിയല്ല ഞങ്ങള്‍ അവലംബിക്കുന്നത്. മലയാളം എഴുത്തും വായനയും അറിയാത്ത കുട്ടികളെ അതിന് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. ചെറിയ കഥകളും, പാട്ടുകളും നാടകങ്ങളുമൊക്കെ അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കുന്നതാണ് ഞങ്ങളുടെ രീതി. ഉദാഹരണത്തിന് ആമയുടേയും മുയലിന്റേയും കഥ എഴുത്തും വായനയുമൊന്നും അറിയാത്ത കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. കുട്ടികളെക്കൊണ്ട് അത് പറയിപ്പിക്കും. പിന്നീട് അവര്‍ അത് നാടകമായി അവതരിപ്പിക്കും. പിന്നീട് ബോര്‍ഡില്‍ ആ കഥയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ചിട്ട്, തല, കണ്ണ്, ചെവി... ഇങ്ങനെ ഓരോന്ന് എഴുതിപ്പിക്കും. അക്ഷരം അല്‍പ്പമെങ്കിലും അറിയാവുന്നവരെക്കൊണ്ടാണ് എഴുതിപ്പിക്കാറ്. പിന്നീട് മറ്റ് കുട്ടികളും എഴുതും. അങ്ങനെയാണ് അവര്‍ അക്ഷരങ്ങള്‍ പഠിക്കുന്നത്. ഈ പരിശീലനം കുറച്ച് മുതിര്‍ന്ന കുട്ടികള്‍ക്കാണ്. അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്ക്. ചെറിയ കുട്ടികള്‍ക്ക് ഓരോ അക്ഷരവും എഴുതിത്തന്നെ പഠിപ്പിക്കും.

സ്‌കൂളുകളിലെ വിദ്യാഭ്യാസം ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പലരും പഠനം നിര്‍ത്തി പോരുകയായിരുന്നു. പക്ഷെ ഞങ്ങള്‍ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് എല്ലാ കുട്ടികളേയും മലയാളം വായിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. ഇപ്പോള്‍ മുമ്പത്തെ അവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. മുമ്പ് പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ യു.കെ.ജി.യില്‍ പഠിക്കുന്ന കുട്ടിയ്ക്ക് പോലും മലയാളം വായിക്കാന്‍ പറ്റുന്നുണ്ട്. ഇപ്പോഴും ഞങ്ങളുടെ അടുത്തെത്തുന്ന മുതിര്‍ന്ന കുട്ടികളില്‍ പലരും വായിക്കാന്‍ പോലുമറിയാതെയാണ് വരുന്നത്. ഇപ്പോള്‍ പതിനഞ്ച് കുട്ടികളാണ് സ്ഥിരമായി ഇവിടെ വരുന്നത്. എഴുത്തിലും വായനയിലും പരിശീലനം നേടിയ, ഏഴ് മുതല്‍ 10വരെയുള്ള ക്ലാസുകളിലെ കുട്ടികളും ചെറിയ കുട്ടികളെ പരിശീലിപ്പിക്കുമെന്നതാണ് ഒരു പ്രത്യേകത. കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്യുക, അവര്‍ പരസ്പരം പറഞ്ഞ് പഠിക്കുക, ഇതൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഇത് സമാന്തര വിദ്യാഭ്യാസമെന്ന് പറയാന്‍ പറ്റില്ല. ഇവിടുത്തെ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുന്നവരാണ്. പക്ഷെ എങ്കില്‍ പോലും എഴുത്തും വായനയും അറിയില്ല. സ്‌കൂള്‍ സമയം കഴിഞ്ഞ് വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് വരെയാണ് ചെറിയ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. അത് കഴിഞ്ഞുള്ള സമയത്ത് മുതിര്‍ന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ക്ലാസെടുക്കും. ശനിയും ഞായറും ദിവസങ്ങളില്‍ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് തീയറ്റര്‍ വര്‍ക്ക്‌ഷോപ്പുകളും ചിത്രരചനാ പരിശീലനവുമെല്ലാം നല്‍കും. ചില അവധി ദിവസങ്ങളില്‍ കുട്ടികളുമായി ഞങ്ങള്‍ യാത്രകള്‍ പോവും. പുറംലോകത്തെ പരിചയപ്പെടുത്താന്‍. പത്ത് ദിവസത്തെ സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അത് പലഭാഗത്ത് വച്ചിട്ടായിരിക്കും. പല മേഖലകളിലേയും വിദഗ്ദ്ധരുടെ ക്ലാസുകള്‍ ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കും. രണ്ട് മാസത്തെ അവധിസമയങ്ങളില്‍ മിക്കവാറും വയനാട് 'കനവി'ലാണ് ക്യാമ്പ് സംഘടിപ്പിക്കാറ്. ഗോത്രതാളത്തിലെ കുട്ടികളും കനവിലെ കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്ന തരത്തിലാണ് ആ ക്യാമ്പുകള്‍ സംഘടിപ്പിക്കാറ്. മുതിര്‍ന്നവരില്‍ പെണ്‍കുട്ടികളാണ് അധികവും.

ഒരു കുട്ടിയെപ്പോലും ഞങ്ങള്‍ നിര്‍ബന്ധിക്കാറില്ല. കാരണം ഇത് ഒരു പ്രോജക്ട് അല്ല. പ്രോജക്ട് ആവുമ്പോഴാണ് കൂടുതല്‍ കുട്ടികളെ ആവശ്യമായി വരുന്നത്. ഇതിപ്പോള്‍, സ്വന്തം ഇഷ്ടപ്രകാരം വരുന്ന രണ്ട് കുട്ടികളാണെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണ്. രണ്ട് വര്‍ഷം വരെ മുറ്റത്തിരുത്തിയാണ് ഞങ്ങള്‍ കുട്ടികളെ പഠിപ്പിച്ചത്. പിന്നീട് മിനി, കാന്താരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ കിട്ടിയ സ്‌റ്റൈപ്പന്റ് കൊണ്ടാണ് ഒരു ഷെഡ് ഞങ്ങള്‍ കെട്ടിയത്. വീടിന്റെ മുറ്റത്ത് തന്നെ കെട്ടിയ ഷെഡിലിരുത്തിയാണ് ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും മറ്റും പണം വാങ്ങിയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതല്ലാതെ ഇത് നടത്തിക്കൊണ്ട് പോവാന്‍ മറ്റ് ചെലവുകള്‍ വരുന്നില്ല.

കുട്ടികളുടെ വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടിയാല്‍ അടുത്ത ഘട്ടം സ്ത്രീകള്‍ക്കായുള്ളതാണ്. അതിലേക്ക് ഞങ്ങള്‍ ഇപ്പോള്‍ കടന്നിട്ടില്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ട്, യാത്രകള്‍, വ്യക്തിപരമായ ചെലവുകള്‍ എല്ലാമുണ്ട്. അതിനാല്‍ വളരെ പതുക്കെയാണ് ഓരോ കാര്യങ്ങള്‍ ചെയ്ത് വരുന്നത്. ഒരു ദിവസം നൂറ് രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക തരത്തില്‍ കൈത്തൊഴില്‍ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം. അവരുടെ ആശുപത്രി ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യവുമെല്ലാം നിറവേറ്റാന്‍ തക്കവിധം ക്രാഫ്റ്റ് വര്‍ക്കുകള്‍ പരിശീലിപ്പിക്കണമെന്നുണ്ട്. ഞാന്‍ ആയുര്‍വേദ തെറാപ്പിസ്റ്റാണ്. തിരുമ്മ് ചികിത്സ സ്ത്രീകളേയും പഠിപ്പിച്ച് അവരെ ആ തൊഴിലിലേക്കെത്തിക്കണമെന്നും കരുതുന്നു. ഞാന്‍ വൈദ്യരത്‌നം ഡോക്ടറുടെ കീഴില്‍ നിന്നാണ് തിരുമ്മ് ചികിത്സ പഠിച്ചത്. പിന്നീട് ഇവിടെയെത്തിയപ്പോള്‍ ആദിവാസികളുടെ സ്വന്തമായ പച്ചമരുന്ന് ചികിത്സാ രീതികളും കൂടി അതിനൊപ്പം പരീക്ഷിക്കുന്നുണ്ട്. കനവിന്റെ രണ്ടാം ഘട്ടത്തില്‍, 2011 മുതല്‍ 2013 വരെ ഞാനവിടെയുണ്ടായിരുന്നു. അവിടെ നിന്ന് പലകാര്യങ്ങളും പഠിച്ചു. കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആശയം തോന്നിയതും കനവില്‍ വച്ചാണ്. കനവില്‍ അത് ചെയ്യാന്‍ നിരവധി പേരുണ്ട്. അങ്ങനെയാണ് ഇവിടെയെത്തുന്നത്.

മറ്റൊരു കാര്യമുള്ളത്, കണ്ണൂര്‍ ആറളത്ത് അംഗനവാടിയില്‍ അധ്യാപിക വരുമ്പോള്‍ കുട്ടികള്‍ ഓടി ഒളിക്കുകയാണ് ചെയ്യുന്നത്. തിരിച്ച് ഞങ്ങള്‍ അവിടെപ്പോവുമ്പോള്‍ കുട്ടികള്‍ ഓടി വരും. കാരണം, ഞങ്ങള്‍ പാട്ടും കളികളുമെല്ലാമായി രസകരമായ രീതിയിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടിയ, നല്ല ജോലികളുള്ള നിരവധി പേരുണ്ട്. എം.ഫില്‍ ബിരുദവും പി.എച്ച്.ഡിയുമൊക്കെ നേടിയവരുമുണ്ട്. ഇവരിലൂടെ കുട്ടികളിലേക്ക് ഇറങ്ങിയാല്‍ വിജയമുണ്ടാവും. അല്ലാതെ കുട്ടികളേയും രക്ഷിതാക്കളേയും വിദ്യാഭ്യാസത്തിന്റെ മഹത്വം പറഞ്ഞ് മനസ്സിലാക്കാന്‍ പുറത്തുനിന്ന് എത്ര ഗ്രൂപ്പ് ഉണ്ടാക്കിയിട്ടും വലിയ കാര്യമില്ല. രസകരമായ രീതിയില്‍ അവരെ എങ്ങനെ പഠിപ്പിക്കാം എന്ന് ആലോചിക്കണം. അതിന് നമ്മള്‍ ആദ്യം കുട്ടികളാവണം. അവരെ പഠിച്ച് അവര്‍ക്ക് വേണ്ടുന്നത് കൊടുക്കുകയാണ് വേണ്ടത്. ഇന്ന് കേരളത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ താത്പര്യമെടുത്ത് വരുന്ന നിരവധി സംഘടനകളുണ്ട്. സര്‍ക്കാരിന്റെ ബദല്‍ സ്‌കൂളുകളുണ്ട്. പക്ഷെ ഇതെല്ലാം ഒരുതരത്തില്‍ കുട്ടികളില്ലാതെ പരാജയമായിരിക്കുകയാണ്'.

മിനിയ്ക്ക് പറയാനുള്ളത് 'ഞാന്‍ കനവിലെ വിദ്യാര്‍ഥിയായിരുന്നു. വയനാട്ടിലായാലും തിരുവനന്തപുരത്തായാലും ആദിവാസിക്കുട്ടികളുടെ അവസ്ഥകള്‍, വിദ്യാഭ്യാസമേഖലയിലായാലും മറ്റ് ഏത് മേഖലകളിലായാലും, എല്ലാം ഒരുപോലെയാണ്. കനവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്ത് പോയപ്പോള്‍ ഇക്കാര്യമാണ് എനിക്ക് മനസ്സിലായത്. അതാണ് ഗോത്രതാളം തുടങ്ങാനുള്ള പ്രേരണയായത്. കനവില്‍ നിന്ന് ഞാനെന്തൊക്കെ നേടിയിട്ടുണ്ടോ, അത് പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കണമെന്നാണ് ആഗ്രഹം. ആദിവാസിക്കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞ് പോവുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വയനാട്ടിലെ കുട്ടികള്‍ക്ക് പ്രധാനമായും ഭാഷയും ഭക്ഷണവും തന്നെയാണ് പ്രശ്‌നം. തിരുവനന്തപുരത്ത് ഭാഷ അത്ര പ്രശ്‌നമാവുന്നില്ല. പക്ഷെ അവിടെ ജാതീയത വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കീഴിലുള്ള ചില കുട്ടികള്‍ക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്, അത് ഇപ്പോഴും തുടരുന്നുമുണ്ട്.

ഗോത്രതാളത്തിലെ മുതിര്‍ന്ന കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്‌കൂളിലെ പാഠ്യവിഷയങ്ങളില്‍ സഹായിക്കുകയും ചെയ്യാറുണ്ട്. കനവില്‍ നിന്ന് ഞാന്‍ പഠിച്ചത് പോലെ വിവിധതരം കളികളിലൂടെയാണ് ഇംഗ്ലീഷ് വിദ്യാഭ്യാസവും. സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസും നല്‍കാറുണ്ട്. ഞാന്‍ പൊതുവിദ്യാഭ്യാസത്തെ കുറ്റം പറയുന്നില്ല. കാരണം ഇന്നത്തെക്കാലത്ത് ജീവിക്കണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. ഞാന്‍ പഠിച്ചത് ബദല്‍ വിദ്യാഭ്യാസ രീതിയിലാണ്. സ്‌കൂളില്‍ പോവുന്ന കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ അത് ഒരു പ്രധാന കാര്യമാണ്. ജോലിക്ക് പോവണമെങ്കില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ട്. കാഞ്ഞിരംകുളത്തെ അച്ഛനമ്മമാര്‍ക്ക് ചെറിയ സ്വപ്‌നങ്ങളേയുള്ളൂ. പ്യൂണ്‍ ആവുക, അല്ലെങ്കില്‍ പരമാവധി ക്ലര്‍ക്കോ നഴ്‌സോ ആവുക എന്നത് മാത്രം. കുട്ടിക്കും, കുട്ടിയുടെ രക്ഷിതാക്കള്‍ക്കും അതിനപ്പുറം സ്വപ്‌നങ്ങള്‍ കൊടുക്കുക എന്നത് മാത്രമാണ് ഗോത്രതാളത്തിലൂടെ ചെയ്യുന്നത്. ഈ സ്വപ്‌നങ്ങള്‍ക്കപ്പുറം ഒരു ലോകമുണ്ട് എന്ന് അവരെ മനസിലാക്കിക്കാന്‍, ചെറിയ ഒരു ജോലിയില്‍ ഒതുങ്ങിപ്പോവാതെ, പേരുണ്ടാക്കുന്ന രീതിയില്‍ ഒരു ജോലി സമ്പാദിക്കാം എന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പക്ഷെ കാര്യങ്ങള്‍ അത്ര ലളിതമല്ല. കാരണം ഇപ്പോഴും ആളുകള്‍ക്ക് ഞങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ വിശ്വാസക്കുറവുണ്ട്. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ പലര്‍ക്കും മനസിലാവുന്നില്ല. അത് പ്രാവര്‍ത്തികമാക്കിയതിന് ശേഷമേ അവര്‍ക്ക് അത് മനസിലാവുന്നുള്ളൂ. ക്യാമ്പ് സംഘടിപ്പിക്കുന്നത് എന്തിനാണെന്ന് അവര്‍ക്കറിയില്ല. ക്യാമ്പില്‍ നടന്ന, പഠിച്ച കാര്യങ്ങള്‍ അവിടെ യോഗം വിളിച്ചുകൂട്ടി കുട്ടികള്‍ തന്നെ വിവരിക്കുമ്പോഴാണ് അവര്‍ക്ക് അത് മനസിലാവുന്നത്. അങ്ങനെ ചിലരില്‍ കുറച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

നാടക ക്യാമ്പില്‍ കുട്ടികള്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ നാടകത്തിന് 'ഭ്രാന്തുകളി' എന്നവര്‍ പേരിട്ടു. സ്ഥലപരിമിതിയാല്‍ നാടക പരിശീലനം തൊട്ടടുത്ത കടലോരത്തായിരുന്നു. തിരുവനന്തപുരത്തെ പ്രശസ്ത കലാ മേളകളിലൊന്നായ 'കാട്ടാല്‍' സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള നാടക മത്സരത്തില്‍ ഗോത്രതാളത്തിലെ കുട്ടികള്‍ 'ഭ്രാന്തുകളി' അവതരിപ്പിച്ചു. അത് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെയോരോ കൊച്ചുകൊച്ചു സന്തോഷങ്ങളാണ് കുട്ടികളുടേയും ഗോത്രതാളത്തിന്റെയും വലിയ നേട്ടങ്ങളും സന്തോഷങ്ങളും. തങ്ങളുടെ കുഞ്ഞുവീടുകളില്‍ വേണ്ടത്ര പഠന സൗകര്യങ്ങളില്ലാതെ ജീവിക്കുന്ന രവിനഗറിലെ കുട്ടികള്‍ക്ക് ഇന്ന് പ്രതീക്ഷകളുണ്ട്, അവരുടെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കമുണ്ട്. 'എന്നാല്‍ ഇനിയും ഏറെ മുന്നേറാനുണ്ട്. ഒരു കലാ സാംസ്‌കാരിക പഠന കേന്ദ്രം, ലൈബ്രറി, സ്വന്തമായി സംഗീതോപകരണങ്ങള്‍ എന്നിവ ഗോത്ര താളത്തിന്റെ കുഞ്ഞു സ്വപ്‌നങ്ങളില്‍പ്പെടുന്നു. സംഭാവനയായി ലഭിച്ച പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം പോലും ഇപ്പോഴില്ല. എല്ലാം ഭംഗിയായി സംഭവിക്കും' - മിനി പറഞ്ഞവസാനിപ്പിച്ചു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories