TopTop
Begin typing your search above and press return to search.

“നമ്മള്‍ ഒരുപാട് സുഖങ്ങള്‍ അനുഭവിച്ച് കഴിയുന്നവരാണ്, കുറേ പേര്‍ മണ്ണിനടിയിലായത് കാണാതെ പോവരുത്”; ഇതാ ഒരു ടീച്ചര്‍, ആജീവനാന്തം ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ

“നമ്മള്‍ ഒരുപാട് സുഖങ്ങള്‍ അനുഭവിച്ച് കഴിയുന്നവരാണ്, കുറേ പേര്‍ മണ്ണിനടിയിലായത് കാണാതെ പോവരുത്”; ഇതാ ഒരു ടീച്ചര്‍, ആജീവനാന്തം ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ

പ്രളയം നമ്മെ പഠിപ്പിക്കുന്നത് സഹജീവി സ്നേഹം കൂടിയാണ്. അതിന്റെ പ്രതീകങ്ങളായി കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാരന്‍ നൗഷാദിനെ പോലുള്ള നിരവധിപേര്‍ നമുക്കു മുന്നിലുണ്ട്. അക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച ജിഷ ടീച്ചറും ഉണ്ട്. ആജീവനാന്തകാലം തന്റെ ശമ്പളത്തില്‍ നിന്നും, പെന്‍ഷനില്‍ നിന്നും 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായിരിക്കയാണ് മേമുണ്ട ഹയര്‍ സെക്കന്റെറി സ്‌കൂളിലെ മലയാളം അധ്യാപിക ഒ.കെ ജിഷ. എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നല്‍കാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം ടീച്ചര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ശശികുമാര്‍ മാസ്റ്റര്‍ക്ക് കൈമാറിയിരുന്നു. താന്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജിഷ ടീച്ചര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

"ഞങ്ങള്‍ ചില ദുരിതാശ്വാസ ക്യമ്പുകളിലെല്ലാം സന്ദര്‍ശിച്ചിരുന്നു. ക്യാമ്പുകളില്‍ പോയപ്പോള്‍ ഒരുപാട് പേര്‍ വലിയ ദുരിതത്തിലാണെന്ന് മനസിലായി. ആ കാഴ്ചകളാണ് എന്നെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന് പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പ്രളയം വന്നപ്പോഴും ഞാന്‍ ഉള്‍പ്പടെ സ്‌കൂളിലെ എല്ലാവരും സാലറി ചാലഞ്ചില്‍ പങ്കെടുക്കുകയും ഞങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷവും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നിയിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ തന്നെ എസ്പിസിയുടെ സുനില്‍കുമാര്‍ സാര്‍ ആഗസ്റ്റ് 15 ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന വേളയില്‍ ആജീവനാന്തം സംഭാവന ചെയ്യുന്ന കാര്യം പ്രഖ്യാപിക്കുകയുണ്ടായി. അതു കണ്ടപ്പോഴാണ് ഇങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഒന്നിച്ചു കൊടുക്കുമ്പോള്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല ഇങ്ങനെയാകുമ്പോള്‍. ആയിരം രൂപ മാസ ശമ്പളത്തില്‍ നിന്നും പോവുക എന്നു പറയുമ്പോള്‍ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു പാട് പേര്‍ക്ക് സഹായമാവുകയും ചെയ്യും. ഞാന്‍ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അത് വേറെ ആര്‍ക്കെങ്കിലും അത് ചെയ്യാന്‍ പ്രചോദനമാകുമെങ്കില്‍ വലിയ കാര്യം തന്നൊണ്.

ഞാന്‍ ഒരു മലയാളം അധ്യാപികയാണ്. മലയാളം അധ്യാപകര്‍ പൊതുവെ കുട്ടികളോടും സമൂഹത്തോടും അടുത്തു നില്‍ക്കുന്നവരാണ്. പാഠങ്ങള്‍ക്കു വെളിയില്‍ സംസാരിക്കുന്നവരാണ്. അങ്ങനെ സംസാരിക്കുന്ന വേളയില്‍ ടീച്ചര്‍ എന്തു ചെയ്തു എന്നു ചോദിക്കുമ്പോള്‍ ഇനി എനിക്ക് ആ ചോദ്യത്തെ നേരിടാമല്ലൊ. കുട്ടികള്‍ക്ക് എന്നും മാതൃകയായിരിക്കേണ്ടവരാണ് അധ്യാപകര്‍. എന്റെ കുട്ടികള്‍ക്ക് ഇതിലൂടെ ഒരു മാതൃകയാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തി ചെയ്തതിലൂടെ എന്നെ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചതും എന്റെ കുട്ടികള്‍ തന്നെയാണ്. ചില കുട്ടികള്‍ എല്‍എസ്എസ്, യുഎസ്എസ് വഴി കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. നമ്മുടെ കൂടെയുള്ളവരെ നമ്മള്‍ സംരക്ഷിക്കണം എന്ന വലിയൊരു സന്ദേശം കുട്ടികള്‍ക്കു നല്‍കാന്‍ ഇതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്. അധ്യപകര്‍ കാണിച്ചു കൊടുക്കുന്ന വഴയിലൂടെയാണ് പല കുട്ടികളും സഞ്ചരിക്കുന്നത്. ഇപ്പോള്‍ കുട്ടികളില്‍ പലരും വലിയ ആവേശത്തോടെയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകള്‍ ചെയ്യുന്നത്. ടീച്ചര്‍ ചെയ്തത് വലിയകാര്യമാണ് എന്നാണ് ഓരോ കുട്ടിയും പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. ഓരോ കുട്ടിയും സ്വന്തം ഇഷ്ടപ്രകാരം സംഭാവന നല്‍കുന്നത് വലിയ കാര്യമായാണ് എനിക്കു തോന്നുന്നത്. ഇനിവരുന്ന ഒരു തലമുറയാണ് നമ്മുടെ ഈ കുട്ടികള്‍. അവര്‍ ഇത്തരത്തില്‍ സഹജീവികളോട് സ്‌നേഹമുള്ളവരായി വളരുന്നത് നമ്മുടെ സമൂഹത്തിനു തന്നെ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. ടീച്ചറുടെ ഫോട്ടോയാണ് ഞങ്ങളുടെയൊക്കെ സ്റ്റാറ്റസ് എന്നാണ് ഒരു ദിവസം സന്തോഷത്തോടെ ഒടിവന്ന് എന്റെ കുട്ടികള്‍ എന്നോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ച് നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഓഡിറ്റിങിന് വിധേയമാകുന്ന ഈ ഫണ്ടില്‍ നമ്മള്‍ ഒട്ടുമെ സംശയം പ്രകടിപ്പിക്കേണ്ട ആവശ്യം ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ നല്ല രീതിയില്‍ നടത്തുന്നുമുണ്ട്. അധ്യാപകരും മറ്റും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് രക്ഷിതാക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.

അധ്യാപകര്‍ ഒരുമാസം ഏകദേശം 40000 ത്തിനു മുകളില്‍ ശമ്പളം വാങ്ങുന്നവരാണ്. അതിനാല്‍ തന്നെ മാസം 1000 രൂപ എന്നു പറയുമ്പോള്‍ അത് ചെറിയ തുകയാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്നൊക്കെ പറയില്ലെ, അതു പോലെ എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യുന്നു അത്ര മാത്രം. നമ്മള്‍ ഇവിടെ ഒരുപാട് സുഖങ്ങള്‍ അനുഭവിച്ചാണ് ജീവിക്കുന്നത്. പക്ഷെ ഒരുപാട് പേര്‍ മണ്ണിന്റെ അടിയിലല്ലേ, അത് നമ്മള്‍ കാണാതെ പോവരുത്. അതു കൊണ്ട് തന്നെ എന്നെകൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നു പറയുന്നതില്‍ കാര്യമില്ല ദൈവത്തെ പോലെ പ്രവര്‍ത്തിക്കാനും നമുക്ക് പറ്റണം.

പ്രളയസമയത്ത് രാഷ്ട്രീയം മറന്ന് ഒന്നാവുന്നവരാണ് നമ്മള്‍ മലയാളികള്‍. നമ്മുടെ പ്രതിപക്ഷനേതാവ് ഒരുമാസത്തെ ശമ്പളം ദുരിതബാധിതര്‍ക്കായി മാറ്റിവെച്ചു. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് വലിയ മോശം തന്നെ. ഈ സമയത്ത് മലയാളികള്‍ക്ക് ഒരു കടമയുണ്ട്. അത് മറക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. നല്ലൊരു സര്‍ക്കാറും നല്ലൊരു നേതൃത്വവും നമുക്കുണ്ട്. അതിനാല്‍ തന്നെ നമ്മള്‍ എന്തായാലും അതിജീവിക്കും. എന്റെ മനസില്‍ തോന്നി ഞാന്‍ ചെയ്തു. ഇത് വലിയ കാര്യമാണെന്നൊന്നും കരുതുന്നുമില്ല.

വീട്ടുകാരെല്ലാം ഇടതുപക്ഷ സഹയാത്രികരാണ്. അതിനാല്‍ തന്നെ എന്റെ തീരുമാനത്തിന് വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഞാന്‍ കൊടുക്കുന്നത് കൂടാതെ വീട്ടില്‍ നിന്നും വേറെയും സഹായങ്ങള്‍ ചെയ്യുന്നുണ്ട്. സ്‌കൂളിന്റെ ഭാഗത്തു നിന്നും ഇനി സഹായങ്ങള്‍ ഉണ്ടാവും. അതെന്താണ് എന്നറിയാന്‍ കാത്തിരിക്കുകയാണ് കൂടെയുള്ള അധ്യാപകര്‍, സഹായങ്ങള്‍ നല്‍കാന്‍. സഹായം നല്‍കാന്‍ ഒരുമടിയും ഇല്ലാത്തവരാണ് എന്റെ സഹപ്രവര്‍ത്തകര്‍. അവരില്‍ നിന്നും ഇങ്ങനെ അല്ലെങ്കില്‍ വേറെ ഒരു രീതിയില്‍ എന്തായാലും സഹായങ്ങള്‍ ഉണ്ടാവും.

ഞാന്‍ എത്ര തുക കൊടുക്കും എന്ന് മുന്‍കൂട്ടിപറയാന്‍ സാധിക്കില്ല. ഞാന്‍ എത്രകാലം ജീവിച്ചിരിക്കുന്നു എന്നതനുസരിച്ചിരിക്കും എത്ര തുക ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തും എന്നത്. എനിക്കു പറ്റുന്നിടത്തോളം കൊടുക്കുക അത് ഇനി ഏത് ഗവണ്‍മെന്റ് ആണെങ്കിലും. നാളെ നമുക്കും ഇതു പോലെ എന്തെങ്കിലും ദുരിതം വന്നെന്നിരിക്കും ഒന്നും പറയാന്‍ പറ്റില്ല.

എന്റെ വാര്‍ത്തകള്‍ അറിഞ്ഞ് കൂടതല്‍ അധ്യാപകര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യും എന്നൊരു വിശ്വാസം എനിക്കുണ്ട്. കഴിഞ്ഞവര്‍ഷം മാതൃകാപരമായ പല പ്രവര്‍ത്തികളും അധ്യാപകര്‍ ചെയ്തിരുന്നു. അത് ഈ വര്‍ഷവും ഉണ്ടാവും എന്ന പ്രതീക്ഷ എനിക്കുണ്ട്."

സ്‌ക്കൂളില്‍ ഒന്‍പതിലും പത്തിലുമാണ് ജിഷ ടീച്ചര്‍ പഠിപ്പിക്കുന്നത്. കെഎസ്ടിഎ ജില്ല എക്സിക്ക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍ ജിഷ ടീച്ചര്‍. കുട്ടോത്ത് സ്വദേശിയായ ജിഷ ടീച്ചറുടെ ഭര്‍ത്താവ് സി.വത്സകുമാര്‍ മേമുണ്ട സ്‌കൂളിന്റെ പിടിഎ പ്രസിഡണ്ടാണ്.

ടീച്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികളും ദുരിതാശ്വാസ നിധിയിലക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. അങ്ങനെയാണ് മേമുണ്ട ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഭഗത് സൂരജ് തനിക്കു ലഭിച്ച എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മേമുണ്ട ഹയര്‍സെക്കന്റെറി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പിപി പ്രഭാകരന്‍ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കിയത് 15 സെന്റ് ഭൂമിയാണ്. ഇങ്ങനെ സ്‌കൂളുമായി ബന്ധപ്പെട്ട പലരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു.

Read More : പതിനാല് ശസ്ത്രക്രിയകള്‍, ഒരു കൃത്രിമ കാലും ഡയാലിസിസിനായി കൈയില്‍ എവി ഫിസ്റ്റുലയും; രാവും പകലുമെന്നില്ലാതെ തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിരക്കിലാണ് ശ്യാംകുമാര്‍


Next Story

Related Stories