TopTop
Begin typing your search above and press return to search.

പ്രളയകാലത്ത് മുതിര്‍ന്നവര്‍ കാണാതെ പോയ കുട്ടികളുടെ ചെറിയ ലോകത്തെ വലിയ നഷ്ടങ്ങള്‍; കൈനിറയെ സ്വപ്നങ്ങളുമായി 'കളര്‍ ദി ഡ്രീംസ്' കടന്നു ചെന്നതവിടേക്ക്

പ്രളയകാലത്ത് മുതിര്‍ന്നവര്‍ കാണാതെ പോയ കുട്ടികളുടെ ചെറിയ ലോകത്തെ വലിയ നഷ്ടങ്ങള്‍; കൈനിറയെ സ്വപ്നങ്ങളുമായി
പ്രളയമൊഴിഞ്ഞുപോയ നിലമ്പൂരിലെ വീടുകളിലൊന്നില്‍ ഒരു കൂട്ടം യുവാക്കള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ഒരു ബാഗ് ശ്രദ്ധയില്‍പെട്ടത്. ബാഗിന്റെ പുറത്തെ ചെളിയെല്ലാം നീക്കി അവരതു തുറന്നു. അതിനുളില്‍ നിറയെ കുഞ്ഞു കളിപ്പാട്ടങ്ങളായിരുന്നു. 'തന്റെ മകന്‍ പൊന്നുപോലെ കൊണ്ടുനടന്നിരുന്ന കളിപ്പാട്ടങ്ങളാണ് അതെല്ലാം' എന്ന് യുവാക്കളുടെയടുത്തേക്ക് വന്ന അച്ഛന്‍ പറഞ്ഞു. അവര്‍ അതെല്ലാം വൃത്തിയാക്കിയെങ്കിലും അവയിലൊന്നുപോലും ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ആ അച്ഛനാകട്ടെ മകന് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാനും അപ്പോള്‍ കഴിയുമായിരുന്നില്ല. നിലമ്പൂര്‍ മേഖലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പോയ എറണാകുളം പറവൂര്‍ സ്വദേശിയായ ജഫീദ് പങ്കുവച്ച ഒരു അനുഭവമാണിത്.

പ്രളയബാധിത മേഖലകളിലെ കുട്ടികളിലേക്ക് പാട്ടും സമ്മാനപ്പൊതികളും കുഞ്ഞു കളിപ്പാട്ടങ്ങളുമായെത്തുന്ന വിദ്യാര്‍ഥികളും യുവജനങ്ങളുമടങ്ങുന്ന ഫേസ് ബുക്ക് കൂട്ടായ്മയായ 'കളര്‍ ദ ഡ്രീംസ്' അംഗങ്ങളുടെ കൂടിച്ചേരലിലായിരുന്നു തനിക്കുണ്ടായ അനുഭവം ജഫീദ് പങ്കുവച്ചത്. പ്രളയം പുഴയും തോടും മുറ്റവും കടന്നു വീടിനുള്ളില്‍ വരെയെത്തിയപ്പോള്‍ അനേകം കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ നഷ്ടപ്പെട്ടു. ഭക്ഷണവും വസ്ത്രവും മരുന്നും കിടന്നുറങ്ങാന്‍ സുരക്ഷിതമായ വീടുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അത് വലിയവരെ സംബന്ധിച്ച കാര്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കളിപ്പാട്ടങ്ങളെന്നാല്‍ നമ്മള്‍ വലിയവരുടെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം തന്നെ വിലയുള്ളതും പ്രിയപ്പെട്ടതുമാണ്.

ഒരു ബാര്‍ബി ഡോളിന്റെ മുടി ചീകിക്കൊടുത്ത് അണിയിച്ചൊരുക്കി മാറോടു ചേര്‍ത്ത് കൊണ്ട് നടക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് ഒരു അമ്മയാവുകയാണ്. സുന്ദരിയായ തന്റെ പാവക്കുട്ടിയെ കൂട്ടുകാര്‍ക്കോ സഹോദരര്‍ക്കൊ പോലും കൈമാറുമ്പോള്‍ അവളുടെ മനസ്സ് നോവുന്നത് അത് അവള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായതുകൊണ്ടാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ വലിയ ലോകത്തെ നഷ്ടങ്ങളിലേക്കാണ് 'കളര്‍ ദി ഡ്രീംസ്' കൈനിറയെ സ്വപ്നങ്ങളുമായി കടന്നു ചെല്ലുന്നത്. കളിപ്പാട്ടങ്ങളോടൊപ്പം പാട്ടും, കഥകളും, നൃത്തവും, മായാജാലവും, ചിത്രരചനയുമൊക്കെയായി കുട്ടികളെ വര്‍ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടു പോവുകയാണവര്‍. ക്യാമ്പുകള്‍ക്കപ്പുറത്തേക്കും നീളുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.

'കഴിഞ്ഞ പ്രളയകാലത്താണ് ഞങ്ങള്‍ 'കളര്‍ ദി ഡ്രീംസ്' കൂട്ടായ്മ തുടങ്ങി വച്ചത്. അന്ന് പാലക്കാട്ടെയും എറണാകുളത്തേയും വിവിധ ക്യാമ്പുകളില്‍ പോയപ്പോള്‍ ക്യാമ്പിലുള്ള കൊച്ചുകുട്ടികള്‍ പലപ്പോഴും നിര്‍ത്താതെ കരയുന്നതു കണ്ടു. അവരുടെ കരച്ചിലും വാശിയുമടക്കാന്‍ അമ്മമാര്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. കുട്ടികളുടെ ശ്രദ്ധ മാറ്റാനോ അവരെ സന്തോഷിപ്പിക്കാനോ ഒരു കളിപ്പാട്ടം പോലും ആരുടെ കൈയ്യിലും ഉണ്ടായിരുന്നില്ല. പല ക്യാമ്പുകളിലും കണ്ട ഇത്തരം കാഴ്ചകളാണ് കളര്‍ ദി ഡ്രീംസ് കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്'.
എന്നാണ് കഴിഞ്ഞ വര്‍ഷം എം. എസ്. ഡബ്ലിയു. കഴിഞ്ഞിറങ്ങിയ പാലക്കാട് സ്വദേശിനി എം. ജെ. സാന്ദ്ര പറയുന്നത്.

സാന്ദ്രയും കൂട്ടുകാരായ മരിയ ജോസഫ്, സഫ ജൗഹര്‍ എന്നിവരും ചേര്‍ന്നാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ഇന്ന് വലിയൊരു സൗഹൃദവലയം തന്നെ ഇവരോടൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം കളര്‍ ദി ഡ്രീംസ് ന്റെ പ്രവര്‍ത്തനം പ്രളയകാലത്തെ ക്യാമ്പുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ക്യാമ്പുകള്‍ക്കു പുറത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രധാനമായും അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഒരു പാവക്കുട്ടി, കളറിംഗ് ബുക്ക്, ക്രയോണ്‍സ്, ബലൂണ്‍, മിഠായി എന്നിവയടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലായി ഈ വര്‍ഷം 44 അങ്കണവാടികളിലേക്കും 400 കുട്ടികള്‍ക്കും ഇവര്‍ കളിപ്പാട്ടങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കി. കിറ്റുകള്‍ നല്‍കുന്നതിന് പുറമെ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി വിവിധതരം കലാപരിപാടികളും മാജിക് ഷോകളും കൂടി ഇവര്‍ നടത്തുന്നുണ്ട്.
'കളിപ്പാട്ടങ്ങളുടെ ശേഖരണം തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ല. പല കടക്കാരും ആദ്യം മുഖം തിരിച്ചു. എന്നാല്‍ പതുക്കെപ്പതുക്കെ കളിപ്പാട്ടങ്ങളും കളര്‍ പെന്‍സിലും പുസ്തകങ്ങളുമൊക്കെ കിട്ടിത്തുടങ്ങി. കൈയ്യിലുള്ള പത്തു രൂപ തന്നവരുണ്ട്. പാവക്കുട്ടിയെ വാങ്ങി തന്നവരുണ്ട്. എറണാകുളം ബ്രോഡ് വേയിലെ കടക്കാരെയും കോയമ്പത്തൂരിലെ കടക്കാരെയും മറക്കാന്‍ കഴിയില്ല.'
സാന്ദ്രയും, സഫയും, മരിയയും പറയുന്നു.

ഓരോ കളിപ്പാട്ടങ്ങളോടും കുട്ടികള്‍ക്ക് ഓരോ തരത്തിലുള്ള അടുപ്പമാണുണ്ടാവുകയെന്നു സൈക്കോളജിസ്റ്റായ ഡോ. വിജിത പ്രേംസുന്ദര്‍ പറയുന്നു.
'കുട്ടികളുടെ ലോകത്ത് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതു തന്നെയാണ് അവരുടെ കളിപ്പാട്ടങ്ങള്‍. വൈകാരികമായ ഒരു അടുപ്പം അവര്‍ക്ക് അതിനോടുണ്ടാകും. ചില കുട്ടികള്‍ അവരുടെ സങ്കടവും,ദേഷ്യവും പ്രകടിപ്പിക്കുന്നത് പോലും ഒപ്പം കൊണ്ട് നടക്കുന്ന കളിപ്പാട്ടങ്ങളോടാണ്. അതുകൊണ്ടു തന്നെ അത് നഷ്ടപ്പെടുമ്പോള്‍ വൈകാരികമായൊരു ശൂന്യത ഉണ്ടായേക്കാം. വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണത്. മറ്റൊന്ന്
പ്രധാനമായും കുട്ടികള്‍ക്ക് നമ്മള്‍ എന്ത് നല്‍കുമ്പോഴും അത് അവര്‍ക്കു സൗജന്യമായി കിട്ടുന്നതല്ലെന്ന ബോധം അവരിലുണ്ടാക്കണം എന്നതാണ്. അത് അവരുടെ അവകാശമായോ സമ്മാനമായോ കിട്ടിയതാണെന്ന് തന്നെയാകണം അവര്‍ക്ക് തോന്നേണ്ടത്. അത് സ്വന്തമാണെന്നു തോന്നണം. നല്‍കുന്ന രീതിയ്ക്കും വളരെ പ്രാധാന്യമുണ്ട്'.
ഡോ.വിജിത പ്രേംസുന്ദര്‍ പറയുന്നു.

പ്രളയദുരന്തം നേരിടേണ്ടി വന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവരിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ അധികൃതരുമായും അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുമായും സഹകരിച്ചാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന 'കളര്‍ ദി ഡ്രീംസ്'ന്റെ അടുത്ത യാത്ര നിലമ്പൂര്‍, കണ്ണൂര്‍ മേഖലകളിലേക്കാണ്. ഗ്രീന്‍ പാലിയേറ്റീവ് മലപ്പുറത്തെ പാതാറില്‍ നിര്‍മ്മിച്ച് നല്‍കുന്ന രണ്ട് അങ്കണവാടികളിലേക്കുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്.

Read: “ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

Read: ജോലി ഉപേക്ഷിച്ച് 18 വര്‍ഷത്തെ അധ്വാനം; 300 ഏക്കര്‍ വനം സ്വന്തമായി നിര്‍മ്മിച്ച് ഒരു മണിപ്പൂരുകാരന്‍
Next Story

Related Stories