TopTop
Begin typing your search above and press return to search.

“ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

“ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

"ഒരു സ്ത്രീ എന്ന നിലയിലും ഒരു ദളിത് എന്ന നിലയിലും ഒട്ടും ഈസിയല്ല ഇവിടെ വരെ എത്തുക എന്നത്. ഒരു സ്ത്രീയ്ക്ക് ഈ സമൂഹത്തില്‍ നിന്നും യാതൊരുവിധ പിന്തുണയും ലഭിക്കില്ല. അത് ഒരു കാര്യം. മറ്റൊന്ന് എന്റെ ജാതിയാണ്. എന്റെ ജാതി സമൂഹത്തിനെപ്പോളും ഒരു നെഗറ്റീവാണ്. അതുകൊണ്ടു തന്നെ ഇരട്ട പുരുഷാധിപത്യത്തെയാണ് എനിക്കിവിടെ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ഒപ്പം തന്നെ ഒരു ഡിസേബിള്‍ പേഴ്‌സണ്‍ എന്ന നിലയിലും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിട്ടുണ്ട്", അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് പറയുന്നു.

'ദലിത് സ്ത്രീ അനുഭവത്തിലെ വികസന കേരളം' എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ഈ വര്‍ഷത്തെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ഗവേഷക വിദ്യാര്‍ഥിയും എഴുത്തുകാരിയുമായ മായ പ്രമോദിന് ലഭിച്ചത്. ഇന്ത്യ, നേപ്പാള്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ അക്കാദമികളില്‍ നിന്ന് ലഭിക്കുന്ന എഴുപതോളം എന്‍ട്രികളില്‍ നിന്നുമാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഇവിടെ വരെ എത്താന്‍ താന്‍ സഞ്ചരിച്ച വഴികളെക്കുറിച്ച് മായ പ്രമോദ് അഴിമുഖവുമായി സംസാരിക്കുന്നു.

"അണ്‍ഫിനിഷ്ഡ് ലഗസി ഓഫ് അംബേദ്കര്‍ എന്ന ഒരു കോണ്‍ഫ്രന്‍സ് യുഎസില്‍ ഇന്തോ-ചൈന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നുണ്ടായിരുന്നു. അതിനെ കുറിച്ചറിഞ്ഞപ്പോള്‍ അതിലേക്ക് പേപ്പര്‍ അയച്ചു. പേപ്പര്‍ അയച്ച് അബ്സ്ട്രാക്റ്റും സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ അവരാണ് ബ്ലൂസ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ഷിപ്പിന്റെ കാര്യവും തീര്‍ച്ചയായും അതിന് അപേക്ഷിക്കണമെന്നും പറയുന്നത്. അങ്ങനെ അയക്കാന്‍ തീരുമാനിച്ചത്.

സാധാരണ ഒരു യൂണിവേഴ്സിറ്റിയിലേക്കാണെങ്കില്‍ അവര്‍ തരുന്ന മെയില്‍ ഐഡിയിലേക്ക് നമ്മള്‍ അബ്സ്ട്രാക്റ്റും നമ്മുടെ ഒരു ഷോര്‍ട് ബയോയും അയച്ചാല്‍ മതിയാകും. എന്നാല്‍ ഇവിടെ അങ്ങനെയായിരുന്നില്ല. അവരുടെ പ്രൊഫൈലില്‍ കേറി നമ്മള്‍ ഒരു ഐഡി ക്രിയേറ്റ് ചെയ്ത് ആ ഐഡിക്കകത്ത് നമ്മുടെ പേപ്പര്‍ എല്ലാം അപ് ലോഡ് ചെയ്യണം. ഡയറക്ട് മെയില്‍ അയയ്ക്കാന്‍ പറ്റില്ല. അതും അബ്സ്ട്രാക്റ്റല്ല, പേപ്പര്‍ വേണം ആദ്യം അയയ്ക്കാന്‍ എന്നു പറഞ്ഞു. ജൂലൈ 31 ആയിരുന്നു അയക്കേണ്ട അവസാന തിയതി. അതിനു മുന്‍പ് തന്നെ ഞാന്‍ പേപ്പര്‍ അയച്ചു. ഡോ. ടി.ടി ശ്രീകുമാര്‍ സാറിനാണ് പേപ്പര്‍ വായിക്കാന്‍ കൊടുക്കുന്നത്, ശ്രീപ്രിയ മിസ്സാണ് പേപ്പറാക്കി തരുന്നത്.

കോണ്‍ഫറന്‍സിന്റെ റിസല്‍ട്ടാണ് ആദ്യം വരുന്നത്. അതിലേക്ക് സെലക്ഷന്‍ ലഭിച്ചു. എന്നാല്‍ ലിമിറ്റഡ് ഫണ്ടാണ് ഉള്ളത് എന്നുള്ളതു കൊണ്ട് അവസാന നിമിഷം കോണ്‍ഫറന്‍സുകാര്‍ നമുക്ക് ട്രാവല്‍ അലവന്‍സ് തരാന്‍ പറ്റില്ല എന്നു പറഞ്ഞു. യാത്രാ ചിലവും മറ്റ് ചിലവുകളും എല്ലാം നമ്മള്‍ കണ്ടെത്തണമായിരുന്നു. അത്രയും പണം കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാന്‍ അത് അത് വേണ്ട എന്നു വെച്ചു.

ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരത്തിന്റെ അനൗദ്യോഗിക ഫലം ആഗസ്റ്റ് 7 ന് തന്നെ വന്നിരുന്നു. അവാര്‍ഡ് ഉണ്ടെന്ന് അന്നു തന്നെ അറിഞ്ഞെങ്കിലും സത്യം പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഔദ്യോഗികമായി അവാര്‍ഡ് ലെറ്റര്‍ വരാത്തതു കൊണ്ടു തന്നെ ആരൊടെങ്കിലും പറയണൊ വേണ്ടയൊ എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ 29-ന് രാവിലെയാണ് ഔദ്യോഗികമായ അറിയിപ്പു വരുന്നത്.

ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ആദ്യത്തെ ജേര്‍ണലാണ് കാസ്റ്റ്. അതിന്റെ ഭാഗമായാണ് അവര്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 13, 14 ദിവസങ്ങളിലാണ് അവാര്‍ഡ് ദാന ചടങ്ങ്. ഒക്ടോബര്‍ 10-നാണ് യുഎസിലേക്കു പേകുന്നത്. ഒക്ടോബര്‍ 28 വരെ അവിടെയുണ്ടാകണം. അതിന് വ്യക്തമായൊരു പ്ലാനും അവര്‍ എനിക്ക് അയച്ചു തന്നിട്ടുണ്ട്. ന്യൂസ്‌കൂള്‍ ഓഫ് യൂണിവേഴ്സിറ്റിയില്‍ പേപ്പര്‍ പ്രസന്റെഷന്‍, അവിടത്തെ സ്‌കോളേഴ്സുമായി ഒരു ടോക്ക്, കൊളമ്പിയ യൂണിവേഴ്സിറ്റി സന്ദര്‍ശനം, ഇന്തോ-ചൈന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അണ്‍ഫിനിഷ്ഡ് ലഗസി ഓഫ് അംബേദ്കര്‍ എന്ന ഒരു കോണ്‍ഫ്രന്‍സില്‍ പേപ്പര്‍ പ്രസന്റേഷന്‍, മറ്റ് യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കുക ഇതാണ് അവര്‍ എനിക്ക് അയച്ചു തന്ന പ്ലാന്‍.

തന്റെ ഗവേഷണ പ്രബന്ധത്തിലൂടെ എവിടെയും അടയാളപ്പെടുത്താതെ പോയ ദളിത് കോളനികളെക്കുറിച്ച് സംസാരിക്കുകയാണ് മായ. പൊതുബോധത്തിലുള്ള ദളിത് കോളനികള്‍ ക്രിമിനലുകളുടെതാണ്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. എങ്ങനെയാണ് ഒരുകൂട്ടം മനുഷ്യര്‍ ദളിത് കോളനികളിലേക്ക് എത്തിപ്പെടുന്നത് എന്ന് ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തിലെ ദളിത് കോളനികളുടെ ചരിത്രം എന്നു പറയുന്നത് ഒരുകാലത്തും ഒരിടത്തും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ദളിത് ഇടങ്ങളിലെ എഴുത്തുകളില്‍ വരുമെങ്കില്‍ക്കൂടി അക്കാദമിക് റിസോഴ്‌സിനകത്തേക്ക് അവയൊന്നും വരുന്നില്ല. ദളിത് കോളനികള്‍ വലിയ പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവരുടെ ചരിത്രം എന്താണ് എന്നുള്ളത്, അവര്‍ എങ്ങനെയാണ് കോളനികള്‍ക്കുള്ളില്‍ ആക്കപ്പെട്ടതെന്ന് പുറത്തുകൊണ്ടുവരണമെന്ന് ഒരു ഗവേഷക എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതാണ് ഈ പഠനത്തിലേക്ക് ഞാന്‍ പോകാന്‍ കാരണം. മാത്രവുമല്ല ഞാന്‍ ഒരു ദളിത് കോളനിയില്‍ നിന്നും വരുന്നയാളാണ്. ദളിത് കോളനികള്‍ എന്നത് പൊതുസമൂഹത്തില്‍ ക്രിമിനലൈസ് ചെയ്യപ്പെട്ട ഇടങ്ങളാണ്. അല്ലെങ്കില്‍ പോലീസുകാര്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് കുറ്റവാളുകളെ കണ്ടെത്താന്‍ മാത്രമുള്ള ഇടങ്ങളാണ്. എന്നാല്‍ അത്തരം പൊതുബോധത്തിലുള്ളതല്ല ദളിത് കോളനികള്‍ എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

ഈ പേപ്പര്‍ കൊണ്ട് വലിയൊരു സോഷ്യല്‍ ഇംപാക്ട് ഉണ്ടാക്കാം എന്നൊരു പ്രതീക്ഷയൊന്നും എനിക്കില്ല. പക്ഷെ അതേസമയം എന്റെ കമ്മ്യൂണിറ്റിക്കകത്ത് സംഭവിക്കുന്നത് എന്താണെന്ന് പൊതു സമൂഹത്തിലേക്ക് എത്തിക്കാന്‍ എന്റെ തീസീസ് കൊണ്ട് സാധിക്കും എന്നു ഞാന്‍ കരുതുന്നു. ഇന്നത്തെ ഒരു സാമൂഹ്യ പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള ഒരു വിഷയം സമൂഹത്തില്‍ എത്തേണ്ടതിന്റെ ഒരു ആവശ്യകതയുണ്ട്. അതിനായി എന്തെങ്കിലും ചെയ്യണം എന്നും ഞാന്‍ കരുതുന്നു. ഒരു പുസ്തകമാക്കിയാലൊ എന്നും ആലോചനയുണ്ട്. ഈ വര്‍ക് തുടങ്ങി, ഇതാണ് എന്റെ വിഷയം എന്നറിഞ്ഞപ്പോള്‍ തന്നെ ചില പ്രസാധകര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷെ ആരോടും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എഴുത്തുകളിലൂടെയും എന്റെ പ്രഭാഷണങ്ങളിലൂടെയുമെല്ലാം എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നുവെച്ച് മൊത്തത്തില്‍ എല്ലാവരേയും മാറ്റിക്കളയാം എന്നൊന്നും ഞാന്‍ കരുതുന്നില്ല. പത്തുപേരില്‍ രണ്ടു പേരെ മാറ്റാന്‍ കഴിഞ്ഞാല്‍ അതെന്റെ വിജയമാണെന്ന് ഞാന്‍ കരുതുന്നു. ഇനിയങ്ങോട്ട് അതിനുള്ള ശ്രമമുണ്ടാകും.

ഞാന്‍ എന്റെ എഴുത്തുകളിലൂടെയാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ദളിത് വിഷയങ്ങളില്‍ ഇടപെടുന്നത് എഴുത്തിലൂടെയാണ്. ഞാന്‍ ഒരു ആക്റ്റിവിസ്റ്റല്ല. ആക്റ്റിവിസ്റ്റാവണം എന്നുണ്ടെങ്കില്‍ ആക്റ്റിവിസവുമായി ബന്ധപ്പെട്ട് സൊസൈറ്റിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഞാന്‍ ഒരു അക്കാദമിക് റിസര്‍ച്ചറാണ്. എനിക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പല പരിമിതികളും ഉണ്ട്. ഒരാളുടെ പ്രശ്നത്തിലേക്ക് ഇറങ്ങി അതിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ഒരാളല്ല ഞാന്‍.

ഞാന്‍ ഇവിടം വരെ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരുപാട് പേരുടെ പിന്തുണയുണ്ട്. എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവും, ഒപ്പം തന്നെ എന്റെ സൗഹൃദങ്ങളും. ഒരു സാധാരണ പരമ്പരാഗത കുടുംബമാണ് എന്റെ ഭര്‍ത്താവിന്റെത്. എന്നിട്ടുകൂടി എന്റെ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ഇവരെല്ലാമാണ് എന്റെ കരുത്ത്. എന്റെ മകന്റെ കാര്യം എനിക്ക് പറയാതെ വയ്യ. കുറച്ചധികം ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണല്ലൊ എന്റെത്. ആദ്യം മോനെക്കൂടി കൂടെക്കൂട്ടാം എന്നാണ് കരുതിയത്. യൂണിവേഴ്‌സിറ്റിക്കും അതില്‍ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. എന്നാല്‍ അവന്റെ വിസയും പാസ്‌പോര്‍ട്ടും യുഎസ് എംബസി സ്വീകരിച്ചില്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എന്തുചെയ്യും എന്നു വിചാരിച്ചു നില്‍ക്കുമ്പോഴാണ് അമ്മ പൊയ്‌ക്കോളൂ എന്ന് അവന്‍ പറയുന്നത്. എനിക്കത് വലിയ കാര്യമായാണ് തോന്നുന്നത്. ഇതു പോലെ എനിക്കു ചുറ്റുമുള്ള എല്ലാവരും വലിയ പ്രോത്സാഹനവും പിന്തുണയുമാണ് എനിക്കു നല്‍കുന്നത്. ഇതുവരെയുള്ള എന്റെ യാത്രയെ സഹായിച്ചത് ഇവരെല്ലൊം തന്നെയാണ്", മായ പറഞ്ഞു നിര്‍ത്തി.

ഇപ്പോള്‍ ഇരിഞ്ഞാലക്കുട ക്രൈറ്റ്‌സ് കോളേജില്‍ ഡോക്ടര്‍ ശ്രീവിദ്യയുടെ കീഴിലാണ് മായ ഗവേഷണം നടത്തുന്നത്. സ്‌കോളിയോട്ടിക്കായ മായ 14-ാം വയസ്സുവരെ അസുഖങ്ങളുടെ പിടിയിലായിരുന്നു. മായയുടെ യാത്ര അതിജീവനത്തിന്റെ തന്നെയാണെന്ന് പറയാം. ചങ്ങനാശ്ശേരിയാണ് മായയുടെ വീട്. ഡിഗ്രി പഠനം ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലായിരുന്നു. പിജി എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍. ഭര്‍ത്താവ് പ്രമോദ് ശങ്കരന്‍, മകന്‍ സൈന്തവ് ബിലഹരി പ്രമോദ്.

Read More :ജോസഫിന്റെ ആ വജ്രായുധത്തില്‍ മുട്ടുമടക്കി ജോസ് കെ മാണി

Next Story

Related Stories