TopTop
Begin typing your search above and press return to search.

മാര്‍ച്ച് 8നു രാജ്യത്തെ ഏറ്റവും ഉയർന്ന വനിത സിവിലിയൻ ബഹുമതി രാഷ്ട്രപതിയില്‍ നിന്നും ഈ മലയാളി ഏറ്റുവാങ്ങും; അതെന്തിനാണെന്നറിയേണ്ടേ?

മാര്‍ച്ച് 8നു രാജ്യത്തെ ഏറ്റവും ഉയർന്ന വനിത സിവിലിയൻ ബഹുമതി രാഷ്ട്രപതിയില്‍ നിന്നും ഈ മലയാളി ഏറ്റുവാങ്ങും; അതെന്തിനാണെന്നറിയേണ്ടേ?

ചോരവാർന്നൊലിച്ച് തെരുവിൽ ഒരു പട്ടികിടക്കുന്നത് കണ്ടാൽ എന്താണ് തോന്നുക? മരണത്തോട് മല്ലിട്ട് ഒരു ജീവി തെരുവിൽ കിടക്കുന്നത് തികച്ചും സ്വാഭാവിക കാഴ്ചയാണല്ലോ എന്ന് കരുതി, ഒരു ഞൊടിയിട പോലും അസ്വസ്ഥരാകാതെ നമ്മുടെ വഴിക്ക് നടന്നുനീങ്ങാം. ചിലപ്പോൾ ഒരു വേള നിന്ന് “അയ്യോ പാവം” എന്ന് തോന്നിയേക്കാം. വേദനിക്കുന്ന ആ ജീവിയുടെ കണ്ണിലെ നിസ്സഹായത സ്വന്തം നിസ്സഹായത ആയി തിരിച്ചറിഞ്ഞിട്ടുണ്ടോ? ഈ ഭൂമിയിൽ മൃഗങ്ങൾ അത്രമേൽ നിസ്സഹായരാണെന്ന ഒറ്റക്കാരണം കൊണ്ട് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം മൃഗങ്ങളെ സ്നേഹിക്കാൻ ഇറങ്ങിത്തിരിക്കുമോ? അതിനായി ഒരു സംഘടനാ രൂപീകരിക്കുമോ? സ്വന്തം സമ്പാദ്യത്തിൽ നിന്ന് മാസം തോറും ലക്ഷങ്ങൾ മുടക്കി സംഘടന മുന്നോട്ട് കൊണ്ടുപോകുമോ? ഇല്ല എന്നാണോ ഉത്തരം? ഇതാണ് മിനി വാസുദേവൻ എന്ന സ്ത്രീയും നമ്മളിൽ പലരും തമ്മിലുള്ള വിത്യാസം.

"ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് വീടിനടുത്ത് ഒരു കണ്ണ് തള്ളി പുറത്തുവന്ന നിലയിൽ അത്യാസന്ന നിലയിൽ ഒരു നായ നിൽക്കുകയാണെന്ന് അറിയിച്ചു. ഞാൻ അപ്പോൾ തന്നെ എന്റെ വാഹനവുമെടുത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് ചെന്നു. നോക്കുമ്പോൾ എന്തോ അപകടം സംഭവിച്ച് കണ്ണ് വല്ലാതെ പുറത്ത് വന്ന ഒരു പ്രത്യേക അവസ്ഥയിലാണ് നായ. കടുത്ത വേദന അനുഭവിക്കുന്ന അവസ്ഥയിലായതിനാൽ തൊട്ടാൽ തന്നെ ഉപദ്രവിച്ചേക്കുമെന്നായിരുന്നു എല്ലാവരുടെയും ഭയം. എങ്ങനെ നായയെ കൂടെ കൊണ്ടുപോകും എന്നത് വലിയ വെല്ലുവിളിയായിരുന്നു. നിസ്സഹായതയോടെ കരുണയോടെ ഞാൻ ആ നായയുടെ മുഖത്തേക്ക് നോക്കി, അതിന് എന്റെ ഭാഷ മനസിലായി, അനുസരണയോടെ ആ നായ എനിക്കൊപ്പം വന്നു, ഒരു ചങ്ങലയുടെ ആവിശ്യം പോലും വന്നില്ല. കണ്ടു നിന്നവരെല്ലാം അത്ഭുതപ്പെട്ടു, എങ്ങനെയാണ്‌ ഈ നായ നിങ്ങളുമായി ഇണങ്ങിയത് എന്നായിരുന്നു എല്ലാവരും എന്നോട് ചോദിച്ചത്. ഒരുപാട് ഡിഗ്രികൾ നേടി എന്ന് പറഞ്ഞാലൊന്നും മനസിലാക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഈ ലോകത്ത് ,അത്തരത്തിൽ ഒന്നാണ് മൃഗങ്ങളുടെ ഈ സ്നേഹം...”

ഇങ്ങനെയൊക്കെയാണ് മിനി വാസുദേവൻ എന്ന സ്ത്രീ വിത്യസ്തയാകുന്നത്. രാജ്യം സ്ത്രീകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരത്തിനർഹയായ ഈ മലയാളി സ്ത്രീ പങ്കുവെക്കുന്ന അനുഭവകഥകൾ കേട്ടാൽ ഈ ബഹുമതിയ്ക്ക് ഇവരോളം അർഹ മറ്റാരുമില്ലെന്ന് ആരും സമ്മതിച്ചുപോകും.

പഠനവും ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ ജോലിയുമായി നിരവധി വർഷങ്ങൾ അമേരിക്കയിൽ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് വരാനുള്ള ആഗ്രഹത്താൽ 2004 ലാണ് മിനിയും ഭർത്താവ് മധു ഗണേഷും കോയമ്പത്തൂരിലെത്തി അവിടെ താമസമാരംഭിക്കുന്നത്. ഒരു 'പെറ്റിനെ' വേണമെന്നും അതിനെ സ്നേഹത്തോടെ പരിപാലിക്കണമെന്നും ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്ന മിനിയ്ക്ക് ചെറുപ്പം മുതൽ തന്നെ മൃഗങ്ങളോട് കരുണയും സഹാനുഭൂതിയും ഉണ്ടായിരുന്നു. "മനുഷ്യർക്ക് സ്വന്തം പ്രശ്നങ്ങളെ കുറെയൊക്കെ സ്വയം പരിഹരിക്കാനാകും. എന്നാൽ ലോകത്തെല്ലായിടത്തും മുറിവേറ്റ മൃഗങ്ങളിൽ നിസ്സഹായത മാത്രമാണ് ഞാൻ കണ്ടത്." മിനി പറയുന്നു. ആ നിസ്സഹായത വല്ലാതെ അലട്ടിയപ്പോഴാണ് മൃഗങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നലുണ്ടാകുന്നതെന്നും മിനി കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് പ്രവർത്തിക്കുന്നതിനേക്കാൾ കുറച്ച് കൂടി കാര്യക്ഷമമായേക്കും എന്ന് കരുതിയാണ് മൃഗങ്ങൾക്കായി ഒരു സംഘടന തുടങ്ങണമെന്ന് മിനി ആലോചിക്കുന്നത്.

അങ്ങനെ 2006 ൽ മൃഗങ്ങൾക്കായി ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി എന്ന ഒരു സംഘടനാ രൂപീകരിച്ചു. മുറിവേറ്റ മൃഗങ്ങളെ പരിചരിക്കുക, കോയമ്പത്തൂർ കോർപ്പറേഷനുമായി സഹകരിച്ച് തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം, പുനരധിവാസം മുതലായ കാര്യങ്ങളൊക്കെ നോക്കി നടത്തുക എന്നിവയൊക്കെയായിരുന്നു ഈ സംഘടനയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യങ്ങൾ. എന്നിട്ടും എന്തോ കുറവ്, വീണ്ടും അതെ നിസ്സഹായാവസ്ഥ അലട്ടിത്തുടങ്ങിയപ്പോഴാണ് സംഘടനയുടെ മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി അവർ ജോലി ഉപേക്ഷിക്കുന്നത്. കുറച്ച് സ്ഥലം വാങ്ങി മൃഗങ്ങളെ സംരക്ഷിക്കാൻ ഇടങ്ങളൊരുക്കി, അവരെ പരിചരിക്കാൻ കഴിവും ആത്മാർത്ഥതയും മൃഗങ്ങളോട് കനിവുമുള്ള ജോലിക്കാരെ നിർത്തി, മൃഗങ്ങൾക്ക് നല്ല ഭക്ഷണം നൽകി, അവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉപാധികളില്ലാതെ സ്നേഹിച്ചു, അതിനുവേണ്ടി ജീവിതത്തിന്റെ ഒരു നല്ല പാതി മുഴുവൻ വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമൊക്കെ വിനിയോഗിച്ചു, ഈ നായയെ ഞാൻ വീട്ടിൽ കൊണ്ട് പൊയ്ക്കോട്ടേ ഞാൻ നോക്കിക്കോളാം എന്ന് ആരെങ്കിലും കനിവോടെ ചോദിക്കുമ്പോൾ അവർക്ക് മൃഗങ്ങളെ ദത്ത് നൽകി.

ഈ ലോകത്തിൽ നിന്നും നന്മയും കനിവുമൊന്നും വറ്റിപ്പോയിട്ടില്ലെന്ന ശുഭാപ്തി വിശ്വാസക്കാരി തന്നെയാണ് മിനി. “ഈ മൃഗങ്ങളുടെ വേദനയും സ്നേഹവുമൊന്നും നമ്മളെ ബാധിക്കാത്ത വിഷയം ആണെന്ന് ആളുകൾ കരുതുന്നതാണ് പ്രശ്നം. ഈ ഭൂമി അവരുടേതുമാണ് എന്ന് കൂടി ഒന്ന് മനസിലാക്കാൻ ശ്രമിക്കൂ. ഈ ചിന്ത വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കുമെന്നു തന്നെയാണ് ഇവരുടെ പക്ഷം. മൃഗങ്ങൾക്കായി മനുഷ്യൻ എന്നല്ല മൃഗങ്ങൾക്കു നേരെ ഒരിത്തിരി മനുഷ്യത്വം എന്നത് തന്നെയാണ് ഞങ്ങളുടെ സംഘടനയുടെ ലക്‌ഷ്യം. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പേരും. ഈ സംഘടന കൊണ്ട് ഞങ്ങൾ എന്ത് നേടി എന്ന് ചോദിച്ചാൽ ആളുകളുടെ മനോഭാവം ഞങ്ങൾ മാറ്റിയെടുത്തു എന്ന് തന്നെയാണ് ഉത്തരം. ഒരു മൃഗം വഴിയിൽ അപകടം സംഭവിച്ച് കിടന്നാൽ അത് ശ്രദ്ധിക്കുക, ഞങ്ങളെ വിവരമറിയിക്കുക, ഞങ്ങളിൽ ഒരാൾ വാഹനവുമായി വരുന്നത് വരെ കാത്ത് നിൽക്കുക, അതിന് വെള്ളവും ഭക്ഷണവും നൽകുക തുടങ്ങിയ മാറ്റങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ് ഈ ഭൂമിയും ഇവിടുത്തെ മനുഷ്യരും അത്ര മോശമൊന്നുമല്ലെന്നേ.." എന്നാണ് മിനി പറയുന്നത്.

ഇങ്ങനെ ആളുകളെ സ്വാധീനിച്ചതിനും ആളുകൾക്ക് ഒരു നല്ല മാതൃക കാട്ടിക്കൊടുത്തതിനും തന്നെയാണ് മിനിയെത്തേടി ഈ വലിയ ബഹുമതി എത്തുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് ഡൽഹിയിലെത്തി രാഷ്ട്രപതിയിൽ നിന്ന് നിന്ന് രാജ്യം നൽകുന്ന ഈ പുരസ്‌കാരം എറ്റു വാങ്ങും. ആരും ദത്തെടുത്ത് കൊണ്ട് പോകാനില്ലാത്ത, കയ്യും കാലുമൊടിഞ്ഞ പട്ടിക്കുട്ടികൾക്ക് അരികിൽ നിന്ന് മിനി പുഞ്ചിരിക്കുമ്പോൾ, ഈ ലോകം അത്ര മോശമൊന്നുമല്ല എന്ന മിനിയുടെ തന്നെ വാക്കുകൾ അന്വർത്ഥമാണെന്ന് തോന്നിപോകും...

Next Story

Related Stories