TopTop
Begin typing your search above and press return to search.

'പരിശീലനമുണ്ടെങ്കില്‍ എന്തും ചെയ്യാം, അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല'; ഇവര്‍ വഞ്ചിനാടിന്റെ 'എല്‍ ഗ്യാങ്'

പരിശീലനമുണ്ടെങ്കില്‍ എന്തും ചെയ്യാം, അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല; ഇവര്‍ വഞ്ചിനാടിന്റെ എല്‍ ഗ്യാങ്

തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ കോച്ചിങ് ഡിപ്പോയിലേക്ക് വഞ്ചിനാട് എക്‌സ്പ്രസ് വരുമ്പോള്‍ മറ്റു തീവണ്ടികള്‍ വരുന്നതു പോലെയല്ല. ഒരു ചെറിയ പ്രത്യേകതയുണ്ട്. മെക്കാനിക്കല്‍ മെയിന്റനന്‍സിനായി വരുന്നത് മുഴുവന്‍ സ്ത്രീകളായിരിക്കും. ശാരീരികാധ്വാനം കൂടുതലുള്ള ജോലികളൊന്നും സ്ത്രീകള്‍ക്കു വഴങ്ങില്ല എന്ന പരമ്പരാഗത വാദത്തെ പൊളിക്കുകയാണ് തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ എല്‍ ഗ്യാങിലുള്ള ഈ സ്ത്രീകള്‍. ട്രെയിനിന്റെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ശാരീരികാധ്വാനം കൂടുതലുള്ള മേഖലയായതിനാല്‍ത്തന്നെ സാധാരണമായി കൂടുതല്‍ പുരുഷന്‍മാരും വളരെ കുറച്ചു സ്ത്രീകളും ചേര്‍ന്നാണ് അവ ചെയ്തു വന്നിരുന്നത്. അതില്‍ത്തന്നെ സ്ത്രീകള്‍ പുരുഷന്‍മാരുടെ സഹായികള്‍ മാത്രമായിരിക്കും. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മുഴുവന്‍ ജോലിക്കാരും സ്ത്രീകളായി ഒരു മെക്കാനിക്കല്‍ വിഭാഗം നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണ റെയില്‍വെ തിരുവന്തപുരം ഡിവിഷനിലെ തിരുവന്തപുരം കോച്ചിങ് ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തിന് അഭിമാനമാവുകയാണ് 16 സ്ത്രീകളടങ്ങുന്ന ഈ എല്‍ ഗാങ്. മെക്കാനിക്കല്‍ വിഭാഗത്തില്‍ മുഴുവനും സ്ത്രീകളും ഇലക്ട്രോണിക്കല്‍ വിഭാഗത്തില്‍ 90 ശതമാനം സ്ത്രീകളുമാണുള്ളത്. വഞ്ചിനാട് എക്‌സ്‌പ്രസ്സിന്റെ എല്ലാമെല്ലാമാണിപ്പോള്‍ ഈ സ്ത്രീകള്‍.

2017ല്‍ അന്നത്തെ സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ സിസി ജോയാണ് ഇതിന് തുടക്കം കുറിച്ചത്. 2017 ജനുവരി ഒന്നിനായിരുന്നു അത്. സാധാരണ ഒരു ഗ്യാങ്ങിലുണ്ടാവുക 17 പേരായിരിക്കും. അതില്‍ത്തന്നെ 12ഓളം പുരുഷന്മാരും നാലോ അഞ്ചോ സ്ത്രീകളും ഉണ്ടായിരിക്കും. ഈ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് സഹായികളായി മാത്രമാണ് നിയമിക്കപ്പെട്ടിരുന്നത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലനിന്നിരുന്നപ്പോഴാണ് സ്ത്രീകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടൊരു ഗ്യാങ് ഉണ്ടാക്കുക എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. ആദ്യം വിചാരിച്ചിരുന്നത് ഓരോ ഗ്യാങ്ങിലെയും സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാം എന്നാണ്. എന്നാല്‍ പിന്നീട് ലേഡീസ് ഗ്യാങ് എന്ന പേരുള്ളതുകൊണ്ടു തന്നെ ആണുങ്ങള്‍ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ജൂനിയര്‍ എഞ്ചിനീയറായ വിഎം ശ്രീകലയുടെ നേതൃത്വത്തിലാണ് എല്‍ ഗ്യാങ് പ്രവര്‍ത്തിക്കുന്നത്.

വാഹനത്തിനടിയിലുള്ള ഗിയര്‍ പരിശോധന, എയര്‍ ബ്രേക്ക് അറ്റകുറ്റപണികള്‍, യാത്രക്കാര്‍ക്കുള്ള സൗകര്യം ഉറപ്പാക്കല്‍ എന്നിവയാണ് ഇവരുടെ പ്രധാന ജോലികള്‍. ഇതു മാത്രമല്ല ട്രെയിന്‍ വ്യക്തമായി പരിശോധിക്കണം. എങ്കിലേ ജോലി പൂര്‍ത്തിയാവുകയുള്ളൂ. മെക്കാനിക്കല്‍ പഠിച്ചവര്‍ മാത്രമല്ല പഠിക്കാത്തവരും ഇവരുടെ ഗ്യാങ്ങിലുണ്ട്. പഠിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ട്രെയിനിങ് നല്‍കുന്നു. ചിലപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇവര്‍ സ്‌പെഷല്‍ ഗ്യാങ്ങിന്റെ സഹായം തേടും. വളരെ അപൂര്‍വ്വമായെ അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുള്ളൂ എന്നാണിവര്‍ പറയുന്നത്.

തുടക്കത്തില്‍ ഇവര്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുത്തിരുന്നു. എന്നാല്‍ പരിശീലനം കൊണ്ട് ആ പ്രയാസങ്ങളെയെല്ലാം എല്‍ ഗ്യാങ് മറികടന്നു. പരിശീലനമുണ്ടെങ്കില്‍ ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല, അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നാണ് ഈ സ്ത്രീകള്‍ തെളിയിക്കുന്നത്. 'ആണുങ്ങളുടെ കൂടെയാകുമ്പോള്‍ അവര്‍ എന്തു ചീത്ത വിളിച്ചാലും കേട്ടുനിന്ന് ജോലി ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതങ്ങനെയല്ല. സ്വന്തമായി ജോലി യെടുക്കാന്‍ സാധിക്കുന്നുണ്ട്'. സിഎന്‍ഡബ്ലിയു അസിസ്റ്റന്റ് ടെല്‍മ അഴിമുഖത്തോട് പറഞ്ഞു. ഇവരുടെ അഭിപ്രായപ്രകാരം സ്ത്രീകള്‍ മാത്രമുള്ള ഗ്യാങില്‍ ജോലിയെടുക്കുന്നതാണ് ആത്മസംതൃപ്തി നല്‍കുന്നത്. ഇപ്പോള്‍ എല്ലാ ജോലിയും ചെയ്യാം എന്നൊരു ധൈര്യം വന്നിട്ടുണ്ട്. ചിരിച്ച മുഖത്തോടെ ഓരോരുത്തരും പറയുന്നു.

സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന എല്‍ ഗ്യാങുപോലുള്ള മെയ്‌ന്റെനെന്‍സ് ഗ്രൂപ്പുകളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, ഗ്യാങ്ങിനെ നയിക്കാന്‍ ശ്രീകലയെ പോലുള്ള ഒരാളെ കിട്ടാത്തതിനാലാണ് ഇതുവരെ അങ്ങനെയൊരു ഗ്യാങ് ഉണ്ടാവാത്തത് എന്നുമാണ് കോച്ചിങ് ഡിപ്പോ ഓഫീസര്‍ റഷീദ് കുട്ടി പറയുന്നത്. 'ഇതുവരെ അവരുടെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല. ഒരു കോംപ്ലയിന്റും വന്നിട്ടില്ല വണ്ടി നല്ല രീതിയില്‍ തന്നെ അവര്‍ നോക്കുന്നുണ്ട്. അവരില്‍ ഞാന്‍ വളരെ സംതൃപ്തനാണ്'. റഷീദ് കുട്ടി പറയുന്നു.

വി ഗിരിജ കുമാരി, കെഎസ് സജിത മോള്‍, സിഎസ് ധന്യ രാജ്‌മോഹന്‍, എ സഫിയ ബീവി, എ ടെല്‍മ, എസ് സലിനി, ഡി ഉമാവതി, ബിആര്‍ ബിന്ദു രാജ്, പി ജയശ്രീ, എ മഹേശ്വരി, കെഎസ് ബീന ശങ്കര്‍, എല്‍ ഷൈനി, എസ് ആശ കൃഷ്ണ, കെവി കൃഷ്‌ണേന്ദു, ജെആര്‍ ജൂലി, എസ് സുബി എന്നിവരാണ് എല്‍ ഗ്യാങിലെ 16 പേര്‍.

Read More : ബാഗും വേണ്ട ബുക്കും വേണ്ട; സംസ്ഥാനത്തെ ആദ്യത്തെ ബാഗ്ഫ്രീ സ്‌കൂളായി തരിയോട് എസ്എഎല്‍പി


Next Story

Related Stories