TopTop
Begin typing your search above and press return to search.

ഒരു വെള്ളിയാഴ്ച പുരുഷനായി ഓഫീസ് വിട്ടിറങ്ങിയ സംയുക്ത തിങ്കളാഴ്ച തിരികെയെത്തിയത് സ്ത്രീയായി

ഒരു വെള്ളിയാഴ്ച പുരുഷനായി ഓഫീസ് വിട്ടിറങ്ങിയ സംയുക്ത തിങ്കളാഴ്ച തിരികെയെത്തിയത് സ്ത്രീയായി

ദിയ, റോസ, ശക്തി, വൈഗ എന്നിവര്‍ ട്രാന്‍സ് സ്ത്രീകളെന്ന് അറിയപ്പെട്ടിരുന്നവരല്ല, രൂപമാറ്റത്തിന്റെ പേരില്‍ അവര്‍ ഒരിക്കലും ഒറ്റപ്പെട്ടിരുന്നില്ല, തങ്ങളുടെ വ്യക്തിത്വത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുകയോ മുന്‍ പരിചയമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇവര്‍ ലിംഗമാറ്റം നടത്തിയതോടെ ജീവിതമാകെ മാറിമറിഞ്ഞു. തങ്ങള്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവരില്‍ നിന്നും ആക്ഷേപങ്ങളും അയല്‍വക്കക്കാരില്‍ നിന്നും ആട്ടിയോടിക്കലും സ്വപ്‌നം കണ്ടിരുന്ന കരിയറിന്റെ പതനവുമാണ് പിന്നീട് ഇവരെ കാത്തിരുന്നത്.

ഇത് ആയിരക്കണക്കിന് വരുന്ന ട്രാന്‍സ് വനിതകള്‍ ദൈനംദിനം നേരിടേണ്ടി വരുന്ന യാഥാര്‍ത്ഥ്യമാണ്. ബംഗളൂരുവിലെ ഒരു വിവാഹ വസ്ത്ര ശാലയില്‍ ജോലി കിട്ടിയിരുന്നില്ലെങ്കില്‍ ദിയയുടെയും റോസയുടെയും ശക്തിയുടെയും വൈഗയുടെയും ഈ ഭീകര ദിനങ്ങളും ഒരിക്കലും അവസാനിക്കില്ലായിരുന്നു. 34കാരിയും ട്രാന്‍സ് സ്ത്രീയുമായ സംയുക്ത വിജയന്‍ ആണ്‌ ഇവര്‍ക്ക് ജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് സംയുക്ത വരുന്നത്. 'എന്നാല്‍ എന്റെ മാതാപിതാക്കളുടെ തുറന്ന മനസ് എന്റെ ഭാഗ്യമായിരുന്നു. ഒരു ചേട്ടനും അനിയനുമാണ് എനിക്കുള്ളത്. നന്നേ ചെറുപ്പത്തിലേ തന്നെ ഇവരില്‍ നിന്നും എനിക്കുള്ള വ്യത്യാസം മനസിലായി. എനിക്കറിയാമായിരുന്നു ഞാനൊരു പെണ്‍കുട്ടിയാണെന്ന്. എന്റെ മാതാപിതാക്കള്‍ എന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ലെന്ന് മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്തു'. കൂടാതെ സംയുക്തയുടെ വീട്ടുകാര്‍ അവരെ വേദികളില്‍ ഡാന്‍സ് കളിക്കുന്നതിനും പ്രോത്സാഹിപ്പിച്ചു. അതിനാല്‍ തന്നെ അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സാമൂഹിക വിലക്കിനെ മറികടക്കാനും സാധിച്ചു. ഒരു ട്രാന്‍സ് സ്ത്രീയായിരുന്നിട്ടും എന്‍ജിനിയറിംഗ് ബിരുദധാരിയാകാനും ജോലി നേടാനും സാധിച്ചതില്‍ അവര്‍ തന്റെ മാതാപിതാക്കളോടാണ് നന്ദി പറയുന്നത്.

പഠനം കഴിഞ്ഞയുടന്‍ അവര്‍ ജോലിയില്‍ പ്രവേശിക്കുകയും വളരെ പോസിറ്റീവ് ചിന്താഗതിയോടെ ജീവിക്കാനും തുടങ്ങി. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ജീവിതത്തില്‍ നിന്നും ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത സമൂഹം നേരിടുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം അവര്‍ കണ്ടു. അതോടെ പരിണാമത്തിനുള്ള സമയമായെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. ഒരു വെള്ളിയാഴ്ച പുരുഷനായി ഓഫീസ് വിട്ടിറങ്ങിയ അവര്‍ തിങ്കളാഴ്ച തിരിച്ചെത്തിയത് സ്ത്രീയായിട്ടായിരുന്നു. പക്ഷെ സാധാരണ ദിവസം പോലെ തന്നെയാണ് അത് കടന്നുപോയത്. പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ സംഭവിച്ചില്ല.

എന്നാല്‍ എല്ലാ ട്രാന്‍സെക്ഷ്വല്‍സും തന്നെ പോലെ ഭാഗ്യവതികളല്ലെന്ന് ഒരിക്കല്‍ അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനും തനിക്ക് താല്‍പര്യമുള്ള ഫാഷന്‍ ആന്‍ഡ് ഡ്രസ് ഡിസൈനിംഗ് രംഗത്തേക്ക് കടക്കാനും അവര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മടങ്ങിയെത്തി ഒരു ബോതിക്വ് തുടങ്ങാനും അവിടെ ദുരിതമനുഭവിക്കുന്ന ട്രാന്‍സ് സ്ത്രീകള്‍ക്ക് ജോലി കൊടുക്കാനും അങ്ങനെയാണ് തീരുമാനിച്ചത്.

2018 നവംബറില്‍ ബംഗളൂരുവില്‍ ടൂടെ സ്റ്റുഡിയോ ആരംഭിച്ചു. ചില എന്‍ജിഒകളില്‍ നിന്നാണ് ദിയ. റോസ, ശക്തി, വൈഗ എന്നിവരെക്കുറിച്ച് അറിഞ്ഞത്. ഇവര്‍ക്ക് ആര്‍ക്കും ഫാഷന്‍ ഡിസൈനിംഗിനെക്കുറിച്ച് അറിയുമായിരുന്നില്ല. അതുകൊണ്ട് രണ്ട് പേരെ ഡിസൈന്‍ ചെയ്യാനും ഒരാളെ കസ്റ്റമര്‍ മാനേജ്‌മെന്റും ഒരാളെ ഫോട്ടോഗ്രഫിയും പഠിപ്പിക്കേണ്ടി വന്നുവെന്നും സംയുക്ത പറയുന്നു. സുരക്ഷിതമായ താമസവും ഇവര്‍ക്ക് ഉറപ്പാക്കിയിരിക്കുന്നതിനാല്‍ നഗരത്തില്‍ യാതൊരു ആശങ്കയുമില്ലാതെ ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു.

ഇവര്‍ നാല് പേരെ കൂടാതെ 21 പേര്‍ കൂടി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഈ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്നുണ്ട്. ആരംഭിച്ച് ഏഴ് മാസത്തിനകം തന്നെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ടൂടെ വിവാഹ ആവശ്യങ്ങള്‍ക്കായി നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ നല്‍കുന്നതിനാല്‍ തന്നെ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിച്ചു.

സുരക്ഷിതമായ ജോലി ലഭിച്ചതോടെ ഈ നാല് പേരെയും കുടുംബാംഗങ്ങള്‍ അംഗീകരിച്ചു തുടങ്ങിയതായും സംയുക്ത പറയുന്നു. മാതാപിതാക്കളുടെ അംഗീകാരം കിട്ടിയതോടെ തന്നെ ഈ നാല് പെണ്‍കുട്ടികളും സന്തുഷ്ടരാണ്. അതില്‍ കൂടുതല്‍ തനിക്കെന്താണ് വേണ്ടതെന്നും സംയുക്ത ചോദിക്കുന്നു.

read more:ലൈംഗികാതിക്രമം: എസിപി സുരേഷിനെതിരേ നടന്‍ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയുടെ പരാതി


Next Story

Related Stories