TopTop

ഉപേക്ഷിക്കപ്പട്ട ചോരക്കുഞ്ഞ് ഇന്നൊരു എംപി; മകൾക്കിട്ടത് ആ അമ്മയുടെ പേര്

ഉപേക്ഷിക്കപ്പട്ട ചോരക്കുഞ്ഞ് ഇന്നൊരു എംപി; മകൾക്കിട്ടത് ആ അമ്മയുടെ പേര്
1970 മെയ് 1- രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാർഡ് മെമ്മോറിയൽ ആശുപത്രിയിൽ മലയാളി ബ്രാഹ്മണ സ്ത്രീ ഒരു ആൺ കുഞ്ഞിന് ജൻമം നൽകി. എന്നാൽ ആ കുഞ്ഞിനെ അമ്മക്ക് വേണ്ടായിരുന്നു. ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏൽപ്പിക്കണം’ എന്ന അഭ്യർത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടറായിരുന്ന ഫ്ളൂക്ഫെല്ലിനെ എൽപ്പിച്ച് അവർ മടങ്ങി. അനസൂയയെന്നാരുന്നു ആ അമ്മയുടെ പേര്.

എന്നാൽ കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു, പിറന്നതിന് പിറകെ അനാഥനായ ആ കുഞ്ഞിനെ പതിനഞ്ചാം ദിനം ജർമൻ ദമ്പതികൾ ദത്തെടുത്തപ്പോൾ അവൻ ഒരു വിലാസമുള്ളവനായി മാറി. മലേറിയക്ക് ചികിൽസ തേടിയായിരുന്നു തലശേരിയിൽ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ പഠിപ്പിച്ചിരുന്ന ജർമൻ സ്വദേശികളായ എൻജിനീയർ ഫ്രിറ്റ്സും ഭാര്യ എലിസബത്തും ലെംബാർഡ് ആശുപത്രിയിലെത്തിലെത്തിയത്. അവർ ആ കുഞ്ഞിനെ ദത്തെടുത്തു.

എന്നിട്ടും കാത്തിരുന്നു, ഉപേക്ഷിച്ച് പോയ ആ അമ്മയുടെ മടങ്ങി വരവിനായി. രണ്ട് വർഷത്തിന് ശേഷം മലയാള പത്രങ്ങളിൽ ഉൾപ്പെടെ പരസ്യവും നൽകി. പക്ഷേ ആരും അന്വേഷിച്ച് വന്നില്ലെന്ന് മാത്രം. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സർലൻഡിലെ ഥൂൺ പട്ടണത്തിലേക്കു മടങ്ങി. അവർക്കു 2 പെൺകുട്ടികൾ കൂടി ജനിച്ചു.

ഇതുവരെ പഴയ കഥ,

അമ്മയെക്കുറിച്ച് പറഞ്ഞു കേട്ട അറിവു മാത്രമുള്ള അച്ഛനെകുറിച്ച് അറിയാത്ത ആ കുഞ്ഞ് നിക്ളൗസ് സാമുവൽ ഗുഗ്ഗർ എന്ന നിക് എന്നപേരിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളർന്നു. ഇന്ന് സ്വിറ്റ്സർലാന്റിൽ എംപിയാണ്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പാർട്ടിയുടെ പ്രതിനിധിയായാണ് നിക്ക് പാർലമെന്റിലെത്തിയത്. 2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ൽ എംപിയുമായി ഇപ്പോൾ പാർലമെന്റിലെ ഊർജ്ജസ്വലനായ എംപിയും.

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം സൈക്കോളജിയിലും മാനേജ്മെൻറ് ആൻഡ് ഇന്നവേഷനിലും ഉപരിപഠനവും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ മാനേജ്മെൻറ് ആൻഡ് ഇന്നൊവേഷനിൽ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനും കൂടിയാണ് നിക്. സിൻജി എന്നപേരിൽ സ്വിറ്റ്സർലൻഡിൽ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയത്തിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

സ്വിറ്റ്സർലൻഡുകാരി ബിയാട്രീസാണ് നികിന്റെ ഭാര്യ. മക്കളുണ്ടായപ്പോൾ ആദ്യമകൾക്ക് നിക് തന്നെ പേരിട്ടു അനസൂയ തന്റെ അമ്മയുടേതെന്ന് പറഞ്ഞ് കേട്ട അതേ പേര്‌. 2 ആൺകുട്ടികളും പിറന്നു– ലെ ആന്ത്രോയും മി ഹാറബിയും. ഇനിയുള്ളത് രണ്ട് ആഗ്രഹങ്ങളാണ് വരുംതലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിൽ തന്റെ ജീവിതകഥ പുസ്തകമാക്കണം, എന്നാതാണ് ഒന്ന്. രണ്ടാമത്തേത് 25–ാം വിവാഹ വാർഷികം കേരളത്തിന്റെ കായൽപ്പരപ്പിൽ ആഘോഷിക്കണം. അതിനായി ഓഗസ്റ്റിൽ കുടുംബസമേതം കേരളത്തിലെത്താനിരിക്കുകയാണ് അദ്ദേഹം. നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും അമ്മയെ തേട് പണ്ട് നൽകിയ ആ പരസ്യങ്ങൾ നിക് ഇന്നും സൂക്ഷിക്കുന്നു.

വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയതാണ് ഇതിനിടയിലെ ആദ്യ ഇന്ത്യായാത്ര. അന്ന് ഒഡീഷയിലെ കലിംഗ സർവകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്തയോടാണ് രാജ്യവുമായുള്ള തന്റെ ബന്ധം അദ്ദേഹം പങ്കുവയ്ക്കുന്നത്. തൊട്ടടുത്ത വർഷം കലിംഗ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ഡി ലിറ്റ് ബിരുദം നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

Next Story

Related Stories