TopTop
Begin typing your search above and press return to search.

കിളികള്‍ക്കായി ഒരു കുടം ദാഹജലം; വിശാഖം വീട്ടിലെ നന്മ ഒരു നഗരസഭ ഏറ്റെടുത്ത് മാതൃകയാകുന്നു

കിളികള്‍ക്കായി ഒരു കുടം ദാഹജലം; വിശാഖം വീട്ടിലെ നന്മ ഒരു നഗരസഭ ഏറ്റെടുത്ത് മാതൃകയാകുന്നു

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് ഒരു ഒരുകുടം വെള്ളം നല്‍കി അവയെ സംരക്ഷിക്കുന്നതിനുള്ള 'കിളിക്കുടം പദ്ധതി' ആവിഷ്‌കരിക്കുകയാണ് പറവൂര്‍ നഗരസഭ. വരാനരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടുകിളികള്‍ക്ക് ഒരു കുടം ജലം കരുതുകയാണിവിടെ. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ പറവൂര്‍ നഗരസഭ ഒരുക്കുന്ന ഈ പദ്ധതി മനുഷ്യന്റെ സഹജീവികളോടുള്ള ഏറ്റവും ഉത്തമ മാതൃകയാണെന്ന് വിശേഷിപ്പിക്കാം. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യമായാണ് പക്ഷികള്‍ക്കായുള്ള ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് അഴിമുഖത്തോട് പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നാട്ടുകിളികളുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ഥാപിക്കാനുള്ള മണ്‍കുടങ്ങള്‍ 150 ഓളം പരിസ്ഥിതി സ്‌നേഹികള്‍ക്കും പദ്ധതിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്കുമായി നഗരസഭ അധികൃതര്‍ നല്‍കി. എന്നാല്‍ ഈ മണ്‍കുടങ്ങള്‍ വാങ്ങി കൊണ്ടുപോയാല്‍ മാത്രം പോര നാട്ടുകിളികള്‍ക്ക് പ്രയോജനകരമാം വിധം തന്നെ ഈ മണ്‍കുടങ്ങള്‍ സ്ഥാപിക്കണം. നാട്ടുകിളികള്‍ വരാന്‍ സാധ്യതയുള്ള മനുഷ്യര്‍ അധികം ഒത്തുകൂടാത്ത സ്ഥലങ്ങളില്‍ വേണം ഇവ സ്ഥാപിക്കാന്‍. മണ്‍കുടങ്ങള്‍ കഴുകി വൃത്തിയാക്കി എല്ലാ ദിവസവും ശുദ്ധജലം നിറയ്ക്കണം. ഇത് കിളികള്‍ക്ക് പ്രയോജനം ചെയ്യുന്നു എന്ന് ഉറപ്പും വരുത്തണം. അല്ലാത്ത പക്ഷം കിളികള്‍ ഒത്തുകൂടുന്ന മറ്റിടങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കണം. വൃക്ഷ കൊമ്പുകളില്‍, മതിലുകള്‍, പ്രത്യേകം തയാറാക്കിയ സ്റ്റാന്റുകള്‍, മേല്‍ക്കൂരയക്കു മുകളില്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ മണ്‍കുടങ്ങള്‍ സ്ഥാപിക്കാം; ഇതൊക്കെയാണ് നഗരസഭ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍. പദ്ധതിയുടെ നടത്തിപ്പിനായുള്ള ധനസഹായം പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയില്‍ നിന്ന് സ്വരൂപിക്കാനാണ് തീരുമാനം. പറവൂരില്‍ ഇന്നലെ കിളിക്കുടം പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടര്‍ ഇഷാ പ്രിയ നിര്‍വഹിച്ചു.

'കിളിക്കുടം പദ്ധതി'ക്കു പിന്നിലെ വിശാഖം വീട്

പറവൂര്‍ പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കിളികളെ സ്‌നേഹിക്കുന്ന വിശാഖം എന്നൊരു വീടുണ്ട്. ഈ വീട് കിളികള്‍ക്ക് എന്നും വറ്റാത്തൊരു തടാകം തന്നെയാണ്. കിളികളെ സ്‌നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് ഇവിടെ. കുടുംബനാഥന്‍ ഗോവിന്ദപിള്ളയും ഭാര്യ രമണിയും ഇവരുടെ ഇളയ മകന്‍ എം.ജി രമേഷും വേനലില്‍ കിളികള്‍ക്ക് മണ്‍പാത്രങ്ങളില്‍ വെള്ളം കരുതിവയ്ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ പത്തുവര്‍ഷമായി എല്ലാ വേനലിലും കിളികള്‍ക്കായി ഇവര്‍ വെള്ളം കരുതും. കിളികളോടുള്ള ഈ കരുതലാണ് നഗരസഭ മാതൃകയാക്കി ആവിഷ്‌കരിച്ച് നടപ്പാക്കിയ കിളിക്കുടം പദ്ധതി. സ്ഥിരമായി കിട്ടുന്ന ഈ കുടിവെള്ളം തേടി പലതരം കിളികള്‍ വിശാഖം വീട്ടില്‍ എത്തുന്നതോടെ എല്ലാവര്‍ക്കും ആദ്യം അത്ഭുതവും പിന്നീടിത് പ്രചോദനവുമാകുകയായിരുന്നു.

ധാരാളം വൃക്ഷങ്ങളുള്ള ഗോവിന്ദപിള്ളയുടെ പറമ്പില്‍ വൃക്ഷങ്ങള്‍ നനയക്കുന്നതിനിടെയാണ് ദാഹജലം തേടി കിളികള്‍ എത്താന്‍ തുടങ്ങിയത്. വൃക്ഷങ്ങള്‍ നനയ്ക്കുമ്പോള്‍ ഈ വൃക്ഷങ്ങളില്‍ അഭയം തേടിയ കിളികള്‍ക്കും ദാഹമകറ്റാന്‍ ഒരു കുടം വെള്ളം കരുതിവെയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഗോവിന്ദപ്പിള്ള. തന്റെ ഈ പ്രവൃത്തി സഹധര്‍മണി രമണിക്കും മക്കള്‍ക്കും പകര്‍ന്നു നല്‍കി. പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടനുഭവപ്പെട്ട് തുടങ്ങിയപ്പോള്‍ ഇളയ മകന്‍ എം.ജി രമേഷും ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് അച്ഛന്റെ രീതി തുടര്‍ന്നു.

പക്ഷിമൃഗാദികളോട് സ്‌നേഹവും കരുതലും ഉണ്ടാകണമെന്ന പാഠം ഈ കുടുംബം അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുന്നു. മകന്റെ ഒരു വയസുള്ള മകള്‍ ശിവദയിലേക്കും കരുണയുടെയും സഹജീവികളോടുള്ള കരുതലിന്റെയും മാതൃക മുത്തച്ഛനും മുത്തശ്ശിയും പകര്‍ന്ന് നല്‍കുന്നു. കിളികള്‍ക്ക് ദാഹജലം കൊടുക്കുന്നതും തീറ്റ കൊടുക്കുന്നതും ഈ കുഞ്ഞിനും ഇപ്പോ വലിയ ഇഷ്ടമാണ്. കൊച്ചു മകളെയും കൈയ്യിലേന്തി ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ട് വളരുന്ന ഈ കുഞ്ഞും നല്ലൊരു പ്രകൃതിയോട് കരുണയുള്ള മനസിന്റെ ഉടമയാകുമെന്നാണ് രമേഷ് പറയുന്നത്. കിളികളുടെ കളകളാരവം കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ് ഇവള്‍ക്ക്. തന്റെ അഛന്‍ തനിക്ക് പകര്‍ന്ന് നല്‍കിയ ഈ കരുതലിന്റെ ഉത്തമ മാതൃക ഇന്ന് തന്നിലൂടെയും നാളെ അത് മറ്റുള്ളവരിലേക്കും എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് രമേഷ് അഴിമുഖത്തോട് പറഞ്ഞു. ടൂറിസം മേഖലയില്‍ ബിസിനസ് ചെയ്യുകയാണ് രമേശ്. അച്ഛനില്‍ നിന്ന് കുട്ടിക്കാലത്ത് കേട്ട കഥയെ തുടര്‍ന്ന് തന്റെ ഗവേഷണ വിഷയമായി ആനകളെ തന്നെയാണ് തെരഞ്ഞെടുത്തത്. ഗവേഷണ സമയത്ത് കേരളത്തിലെ 702 ആനകളുടെ മൈക്രോ ചിപ്പ് നമ്പരുകളാണ് ഇദ്ദേഹം ശേഖരിച്ചത്. നൂറുകണക്കിന് ആനകളെ കുറിച്ചുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.


Next Story

Related Stories