TopTop
Begin typing your search above and press return to search.

മായമില്ല, കൊടുംവിഷങ്ങളില്ല; കാസര്‍ഗോഡ് കൊന്നക്കാട്ട് ഗ്രാമീണ വിപ്ലവം

മായമില്ല, കൊടുംവിഷങ്ങളില്ല; കാസര്‍ഗോഡ് കൊന്നക്കാട്ട് ഗ്രാമീണ വിപ്ലവം

പതിനഞ്ച് കിലോയിലധികം തൂക്കം തോന്നിക്കുന്ന നല്ല പഴക്കുല, വെട്ടിയതിന്റെ കറ ഒഴുകി തീര്‍ന്നിട്ടില്ല. വീടുകളില്‍ മണം പരത്തുന്ന പൊടിക്കുപ്പികള്‍. ഒരു ഭാഗത്ത് നിന്ന് നോക്കിയാല്‍ മറുഭാഗം കാണുന്ന വെളിച്ചെണ്ണ, കൊന്നക്കാടിലെ മണ്ണിന് ഏറ്റവും അനുയോജ്യമായ വിളകളുടെ വിത്തുകളും, അവയ്ക്കാവശ്യമായ വളവും, ഷാംപൂ, ഡിറ്റര്‍ജന്റ്, അച്ചാര്‍ ഇങ്ങനെ പോകുന്നു, കടയിലെ ഇനങ്ങള്‍.

കണ്‍വെട്ടിപ്പോ കാറ്റ് നിറച്ച വര്‍ണ്ണപൊലിമയുളള പാക്കറ്റുകളോ ഇല്ല. ഇത് കാസര്‍ഗോഡ് ജില്ലയിലെ കൊന്നക്കാടാണ്. ചൈത്രവാഹിനി ഫാര്‍മേഴ്‌സ് ക്ലബ്ബിനൊപ്പം കൃഷിയും, പരമ്പരാഗത കുടില്‍ വ്യവസായങ്ങളുമായി ഒരു നാട് മുഴുവന്‍ നിലകൊളളുന്നു. വിപണന തന്ത്രങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഈ ചെറിയ ഗ്രാമത്തിന് എളുപ്പം സാധിച്ചു. മണ്ണും മനുഷ്യനും ഇഴ ചേരുന്ന സംസ്കാരത്തിന്റെ പിന്‍തുടര്‍ച്ചയ്‌ക്കൊപ്പം വര്‍ഗ്ഗ ബോധത്തോടെ ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ചപ്പോള്‍ കൊന്നക്കാട് കാര്‍ഷിക-ആരോഗ്യ മേഖലകളില്‍ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ ഭൂപടത്തില്‍ അതിന്റേതായ ഇടം കണ്ടെത്തുകയാണ്.

കാര്‍ഷിക കടങ്ങള്‍ കൊണ്ട് ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകര്‍ക്ക് ഒരു പാഠമാണ് ചൈത്രവാഹിനി. സ്വന്തമായി ഉല്‍പാദിപ്പിച്ച കാര്‍ഷികവിഭവങ്ങളും കരകൗശല ഉല്‍പന്നങ്ങളുമെല്ലാം ന്യായ വിലയില്‍ നാട്ടുകാര്‍ക്ക് ലഭ്യമാക്കുന്നുണ്ട് ഈ കര്‍ഷക കൂട്ടായ്മ. ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ചൈത്ര വാഹിനി ഫാര്‍മേഴ്‌സ് പ്രോഡക്ട്‌സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനവും രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നൂറോളം കര്‍ഷകര്‍ ചേര്‍ന്നാണ് നാലുവര്‍ഷം മുന്‍പു കൂട്ടായ്മ ആരംഭിച്ചത്. 50 പേരടങ്ങുന്ന വനിതാ കൂട്ടായ്മയും ക്ലബ്ബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിക്കുന്ന അരി, പച്ചക്കറി എന്നിവ കൂടാതെ സ്വന്തമായി പൊടിച്ചെടുക്കുന്ന മഞ്ഞള്‍, മുളക്, മസാലപ്പൊടികളും തേന്‍, വിവിധ ഇനം വിത്തുകള്‍, മായം ചേര്‍ക്കാത്ത പലഹാരങ്ങള്‍ എന്നിവയും വില്‍പനയ്ക്കുണ്ട്. വാങ്ങാനെത്തുന്നവര്‍ ഏറെ.

ക്ലബ് അംഗങ്ങള്‍ തയ്യാറാക്കുന്ന ജൈവസോപ്പ്, ഫിനോയില്‍ എന്നിവയും വില്‍പനയ്ക്കു തയ്യാര്‍. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ലാത്തിമുള കൊണ്ടു നിര്‍മിക്കുന്ന ഫര്‍ണിച്ചറും സംഘം നിര്‍മിച്ചു നല്‍കും. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് പ്രധാന വെല്ലുവിളിയെന്ന് അംഗങ്ങള്‍ തന്നെ പറയുന്നു.

വില്‍പ്പനശാല പൂര്‍ണ സജീവതയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇതിനോടകം മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ചൈത്രവാഹിനി തേടിയെത്തുന്നുണ്ട്. ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയാറാവാത്തതാണ് തുടങ്ങി ഒരു മാസത്തിനുള്ളില്‍ വില്‍പ്പനശാല ഇത്ര ജനകീയമാവാന്‍ കാരണമെന്നു ഭാരവാഹികള്‍ പറയുന്നു. ചിരട്ട, മുള എന്നിവ ഉപയോഗിച്ച് പുട്ടുകുറ്റി, തവി, പപ്പടംകുത്തി എന്നിവയും സംഘം ഉണ്ടാക്കുന്നുണ്ട്.

അംഗങ്ങളുടെ വീടുകളിലാണ് ഇതിന്റെ നിര്‍മാണം. പൂച്ചട്ടികളും കര കൗശലവസ്തുക്കളും മുള ഉപയോഗിച്ചു നിര്‍മിക്കുന്നതും ക്ലബ് അംഗങ്ങള്‍ തന്നെ. ഈ വിജയഗാഥ പുതിയൊരു പാത വെട്ടിത്തുറക്കുമെന്ന പ്രതീക്ഷയോടെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും സംഘം മുന്നിലാണ്.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഭക്ഷണത്തിലും, ആരോഗ്യത്തിലുമുള്ള സ്വയം പര്യാപ്തത നമ്മില്‍ നിന്നും ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന സാചര്യത്തില്‍, ഇത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള കര്‍ഷകര്‍ക്ക് തന്നെ ഇതിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും, അതിലൂടെ ഒരു സമൂഹത്തിലേക്ക് ഇതേ ആശയം എത്തിക്കുകയുമാണ് ചൈത്രവാഹിനിയുടെ ലക്ഷ്യം സെക്രട്ടറി സണ്ണി പൈക്കട പറയുന്നു.

അഞ്ച് വര്‍ഷം മുന്‍പ് ഇങ്ങനെ ഒരാശയം പങ്കിട്ട ഒരുകൂട്ടം ആളുകളാണ് ഇനിന്നു പിന്നില്‍. പിന്നീട് ഇതിനൊപ്പം ചേരാന്‍ കര്‍ഷകര്‍ ഓരോരുത്തരായി തയ്യാറായപ്പോള്‍ അത് വലിയ സംരംഭമായി മാറുകയായിരുന്നു. സംഘത്തിന്റെ ആവശ്യത്തിനായി ഒരു ഷോപ്പ് വേണ്ടി വന്നപ്പോള്‍ നാട്ടുകാരില്‍ നിന്നും കടം വാങ്ങിച്ചു. ഓരോ മാസവും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം കടം തീര്‍ക്കാനായി എടുത്തുകൊണ്ടിരിക്കുകയാണ്.

ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ, ആരോഗ്യ രംഗത്ത് കൂടി സ്വയം പര്യാപ്തരാകുന്നതിന്റെ ആദ്യപടിയായി മൂന്ന് നേരം അരിയാഹാരം കഴിച്ചിരുന്നവരെ ഒരുനേരം കപ്പ (മരച്ചീനി) കഴിക്കുന്നത് ശീലമാക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ കൊന്നക്കാട് ഗ്രാമത്തിലെ മരച്ചീനി കര്‍ഷകര്‍ വളരെ കൗതുകത്തോടെ പരിപാടികളില്‍ പങ്കുചേര്‍ന്നു. കൂടാതെ ഇലക്കറികളുടെ ലഭ്യതയും, അവയുടെ ഔഷധ ഗുണങ്ങളും വീട്ടമ്മമാരെ ബോധ്യപ്പടുത്തുകയും അത് നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രോത്സാഹനങ്ങളും നല്‍കി. കറിപൗഡറുകള്‍ വീടുകളില്‍ നിന്ന് നിര്‍മ്മിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിന്റെ വനിതാ വേദിക്കാണ്. സര്‍ക്കാറിന്റെ ആയുര്‍വ്വേദ വകുപ്പ് നല്‍കിയ പരിശീലനത്തിന് ശേഷം രണ്ട് മൂന്ന് വര്‍ഷങ്ങളായി കര്‍ക്കിടക കഞ്ഞിക്കൂട്ടുകള്‍ നിര്‍മ്മിച്ച് വിതണം ചെയ്തു തുടങ്ങി. കഴിഞ്ഞ വര്‍ഷം 66 ടണ്‍ ജൈവ വളമാണ് ക്ലബ്ബിന് കര്‍ഷകര്‍ക്കായി നല്‍കാന്‍ സാധിച്ചത്. സണ്ണി പറയുന്നു.

ഫാര്‍മേഴ്‌സ് ക്ലബ്ബിലുപരിയായി ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സാംസ്കാരിക രംഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേനല്‍ക്കാലത്ത് വെക്കേഷന്‍ ക്യാമ്പുകളും, ചൈത്രം ഫെസ്റ്റും എല്ലാം ഇതിന്റെ ഭാഗമായാണ് നടക്കുന്നത്. ഐ.ജി ആയി റിട്ടയര്‍ ചെയ്ത കെ.വി മധുസൂധനനാണ് ക്ലബ്ബിന്റെ രക്ഷാധികാരി.

എന്തിലും ഏതിലും മായം കലര്‍ന്ന പുതിയ കാലത്ത് ഒരു ചെറുത്ത് നില്‍പ്പിന്റെ പ്രതീക്ഷയാവുകയാണ് കൊന്നക്കാട് എന്ന ഗ്രാമം. പതുക്കെ വ്യാപിപ്പിക്കാവുന്ന ആശയത്തിനൊപ്പം ഒരു നാട് മുഴുവന്‍ അണിചേര്‍ന്നതിന്റെ വിജയ കഥയാണ് ചൈത്രവാഹിനിക്ക് അവകാശപ്പെടാനുള്ളത്. കടം കയറി കിടപ്പാടം നഷ്ടമായിട്ടു ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ക്കൊപ്പം ഈ വിജയ പാഠം നമുക്ക് ചേര്‍ത്ത് വെയ്ക്കാം. കമ്പോളങ്ങളെയും, കച്ചവട കുതന്ത്രങ്ങളേയും പൊരുതി ജയിക്കാന്‍ ഒരു ഗ്രാമം കച്ച കെട്ടിയിറങ്ങിയപ്പോള്‍ രക്ഷപ്പട്ടത് ഒരു തലമുറയാണ്. കൊടും വിഷങ്ങളില്‍ നിന്നും, വന്‍ ചൂഷണങ്ങളില്‍ നിന്നും.


Next Story

Related Stories