TopTop
Begin typing your search above and press return to search.

മുംമ്പ്രയിലെ പെണ്‍കുട്ടികളെ കണ്ട്ക്കാ; ഹിജാബിന്റെ മറനീക്കി എത്തിയ പന്തുകളിക്കാരികള്‍

മുംമ്പ്രയിലെ പെണ്‍കുട്ടികളെ കണ്ട്ക്കാ; ഹിജാബിന്റെ മറനീക്കി എത്തിയ പന്തുകളിക്കാരികള്‍

കോലി, അഗ്രി മത്സ്യബന്ധന ഗോത്രങ്ങളുടെ ദേവിയായ മുംബ്ര ദേവിയുടെ പേരിലാണ് മുംബെയില്‍ നിന്നും നാല്‍പത് കിലോമിറ്റര്‍ അകലെയുള്ള മുംബ്ര പട്ടണം അറിയപ്പെടുന്നത്. ഒരു സ്വാഭാവിക തുറമുഖമായ മുംബ്ര, ഏഴാം നൂറ്റാണ്ട് മുതല്‍ തന്നെ കപ്പല്‍നിര്‍മ്മാണ തുറമുഖമായി അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. 1992ലെ മുംബൈ സാമുദായിക കലാപത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ അഭയാര്‍ത്ഥികള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയതോടെ ജനസംഖ്യയില്‍ എണ്‍പത് ശതമാനവും മുസ്ലീങ്ങളായി മാറി.

ദേവിയുടെ പേരാണ് പട്ടണത്തിന് നല്‍കിയിരിക്കുന്നതെങ്കിലും, മുംബ്ര സമൂഹം സ്ത്രീ ജനവിഭാഗങ്ങളെ പരിഗണിക്കുന്നതില്‍ പൊതുവെ പിന്നോക്കമാണ്. പ്രായപൂര്‍ത്തിയായ ഏകദേശം മുഴുവന്‍ സ്ത്രീകളും തൊഴില്‍രഹിതരാണ്. 24 ശതമാനം പേര്‍ നിരക്ഷരരും 28 ശതമാനം 18 വയസിന് മുമ്പ് വിവാഹം കഴിച്ചവരുമാണ്. അതിയാഥാസ്ഥിതിക സമൂഹം സ്ത്രീകളെയും പെണ്‍കുട്ടികളെയും തുറന്ന ഇടങ്ങളില്‍ നിന്നും അകറ്റി നിറുത്തുന്നു; പുരുഷ മേധാവിത്വപരമായ സാഹചര്യത്തില്‍ പരസ്യമായി ഫുട്‌ബോള്‍ കളിക്കാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ല. എന്നാല്‍ പുരുഷനായാലും സ്ത്രീയായാലും ഒരാത്മാവിനും അടിച്ചമര്‍ത്താനാവാത്ത വികാരമായ ഫുട്‌ബോള്‍ ജയിക്കുകയും, മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് രഹസ്യമായി പന്തുകളിക്കാന്‍ ഒരു സംഘം പെകുട്ടികള്‍ മൂന്ന് വര്‍ഷം മുമ്പ് തീരുമാനിക്കുകയും ചെയ്തു. ടൂഷനും മറ്റും പോകുന്നു എന്ന് കള്ളം പറഞ്ഞാണ് ഇവര്‍ രക്ഷകര്‍ത്താക്കളെ പറ്റിച്ചിരുന്നതെങ്കിലും വളര്‍ന്നുവരുന്ന ഈ കളിക്കാര്‍ക്ക് സ്ഥിരമായി പരിക്കേറ്റു തുടങ്ങിയതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.

പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികളുടെ ഉന്നമനത്തിനായി കായികാധിഷ്ടിത നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ 'മാജിക് ബസ് 2012'-ല്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. അതോടെ ഹിജാബ് നിയന്ത്രിത സമൂഹത്തിന്റെ വനിത ഫുട്‌ബോള്‍ കളിക്കാരോടുള്ള സമീപനത്തില്‍ മാറ്റം വന്നു. വിദ്യാഭ്യാസത്തിലൂടെയും പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെയും മുംബ്രയിലെ മുസ്ലീം വനിതകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി പര്‍ച്ചം എന്ന സന്നദ്ധ സംഘടന രൂപീകരിക്കാന്‍ അവര്‍ പെണ്‍കുട്ടികളെ സഹായിച്ചു.

ഹിജാബിനെ ഒരു പതാകയാക്കിക്കൊണ്ട് എങ്ങനെ വിപ്ലവത്തിന്റെ മുദ്രയാക്കാമെന്ന് വിശദീകരിക്കുന്ന പ്രമുഖ കവി മജാസ് ലാഘനാവിയുടെ കവിതയെ ആസ്പദമാക്കിയാണ് പതാക എന്ന് അര്‍ത്ഥം വരുന്ന ഉറുദു പദമായ 'പര്‍ച്ചം' പേരായി സ്വീകരിച്ചത്. അങ്ങനെ ഒടുവില്‍ മുംബ്രയിലും വനിത വിപ്ലവം എത്തി.

മാജിക് ബസിന്റെ പരിശീലനത്തിന് കീഴില്‍ പെണ്‍കുട്ടികള്‍ പരസ്യമായി ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. എല്ലാ പ്രായപരിധിയിലുമുള്ള ടീമുകള്‍ക്ക് രൂപം നല്‍കി. പരിശീലനത്തില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികളോട് അഭ്യര്‍ത്ഥിക്കുന്ന ലഘുലേഖകള്‍ 'പര്‍ച്ചം' സ്‌കൂളുകളിലും കോളേജുകളിലും വിതരണം ചെയ്തു. നിരവധി പേര്‍ പരിശീലനത്തിനായി എത്തുകയും ടീമുകള്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. ചില മാതാപിതാക്കളും പുരുഷ പ്രജകളും തങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ക്ക് തയ്യാറായെങ്കിലും ഭൂരിപക്ഷവും മറിച്ചാണ് ചിന്തിച്ചത്.

തുടക്കത്തില്‍ പരിശീലനത്തിനായി മുംബ്രെയില്‍ പ്രത്യേക മൈതാനം ലഭിക്കാന്‍ വനിത ടീമിന് ബുദ്ധിമുട്ടായിരുന്നു. താല്‍ക്കാലിക മൈതാനങ്ങളില്‍ മൂന്നു വര്‍ഷത്തോളം പരിശീലിച്ചതിന് ശേഷം സ്വന്തമായി ഒരു മൈതാനം വേണമെന്ന തദ്ദേശഭരണകൂടങ്ങള്‍ക്ക് നിവേദനം നല്‍കുന്നതിനായി പെണ്‍കുട്ടികള്‍ ഒപ്പുശേഖരണം നടത്തി. ഏകദേശം 900 പെണ്‍കുട്ടികള്‍ നിവേദനത്തില്‍ ഒപ്പിട്ടു. ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മുംബ്രയിലെ വനിത കളിക്കാര്‍ക്ക് പരിശീലിക്കുന്നതിനായി 4000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലം വിട്ടുനല്‍കാനുള്ള വിപ്ലവാത്മകവും പുരോഗമനപരവുമായ തീരുമാനം കൈക്കൊണ്ടു. ഇപ്പോള്‍ പല കളിക്കാരും പ്രൊഫഷണല്‍ ഫുട്‌ബോള്‍ സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു.

മാത്രമല്ല, പരിശീലനം നേടിയ പെണ്‍കുട്ടികള്‍ അയല്‍പക്കത്തുള്ളവരെയും പരിശീലിപ്പിച്ചുകൊണ്ട് പന്തുകളിക്കാന്‍ പ്രോത്സാഹനം നല്‍കുന്നു. 45 കുട്ടികള്‍ക്കായി ഇവര്‍ സ്ഥിരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്, കൂടാതെ, 2016ലെ ലോക വനിതദിനത്തില്‍ പ്രാദേശിക സ്‌കൂളുകളില്‍ പഠിക്കുന്ന 100 പെണ്‍കുട്ടികള്‍ക്കായി ഒരു ക്യാമ്പും സംഘടിപ്പിച്ചു. ഈ ടീമിന്റെയും എന്‍ജിയോവിന്റേയും യാത്ര ഓപ്പണ്‍ സ്‌കൈ എന്ന ചെറു ഡോക്യുമെന്ററിയില്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ നേരിട്ട വെല്ലുവിളികള്‍ക്കും അയല്‍പക്കങ്ങളിലുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതില്‍ അവര്‍ കാണിക്കന്നു പ്രതിബദ്ധതയ്ക്കുമാണ് ഡോക്യുമെന്ററി ഊന്നല്‍ നല്‍കുന്നത്.

Next Story

Related Stories