TopTop

ഗോപാലേട്ടന്‍ എന്ന പെര്‍ഫക്ട് ഡ്രൈവര്‍

ഗോപാലേട്ടന്‍ എന്ന പെര്‍ഫക്ട് ഡ്രൈവര്‍
ഓലയമ്പാടിക്കാരുടെ ലക്ഷ്വറിയാത്ര 'ഗോകുല'ത്തിലാണ്. അവരുടെ സ്ഥിരം സാരഥി ഗോപാലനും; ഓലയമ്പാടി ടൗണിലെ ജീപ്പ് ഡ്രൈവര്‍ ആമന്തറ ഗോപാലന്‍. ഗോപാലേട്ടന്റെ ഗോകുലം ജീപ്പിലെ യാത്ര ഈ നാട്ടുകാര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അത് ആ ജീപ്പിന്റെ പ്രത്യേകതകള്‍ കൊണ്ടൊന്നുമല്ല. അതിനു കാരണം ഗോപാലന്‍ എന്ന ഡ്രൈവര്‍ മാത്രമാണ്. ഒരപകടത്തില്‍പ്പെടാതെ തന്റെ യാത്രക്കാരെ കഴിഞ്ഞ 38 വര്‍ഷമായി ഗോപാലന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നു. ആര്‍ക്കും പരിഭവങ്ങളില്ല, പരാതികളില്ല, ഗോകുലത്തിലെ യാത്ര അത്രമേല്‍ സുഖകരം. 38 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മാതൃക ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം ഗോപാലേട്ടന്‍ കൈനീട്ടി വാങ്ങിയപ്പോള്‍ വാഴ്ത്തപ്പെട്ടത് ഈ നാടുകൂടിയാണ്. ഓരോ ദിവസവും റോഡപകടങ്ങളെ കുറിച്ചുള്ള ഒരായിരം കഥകള്‍ കേള്‍ക്കുന്ന നമുക്ക് ഗോപാലേട്ടന്റെ അപകടങ്ങളിലാത്ത യാത്രയുടെ കഥ കേള്‍ക്കാം.

64-ന്റെ ചെറുപ്പം
ഓലയമ്പാടി ചട്ട്യോള്‍ സ്വദേശി ആമന്തറ ഗോപാലന് വയസ് 64 കടന്നു. മൂന്നു മക്കളുണ്ട്. ആണ്‍മക്കളായ സജീഷും സന്തോഷും; ഒരാള്‍ ഓട്ടോതൊഴിലാളിയും മറ്റൊരാള്‍ വിദേശത്തുമാണ്. മകളായ സജിതയുടെ വിവാഹം കഴിഞ്ഞു. എന്നാലും ഡ്രൈവര്‍ സീറ്റിലിരുന്നാല്‍ ഗോപാലേട്ടന്‍ ചെറുപ്പമാകും. ഓരോ വഴിയിലും വളരെ സൂക്ഷ്മതയോടെ വാഹനമോടിക്കുന്ന ചെറുപ്പക്കാരന്‍. 1978-ലാണ് ഗോപാലേട്ടന്‍ ഡ്രൈവിങ് തൊഴില്‍ മേഖലയിലേക്ക് വരുന്നത്. ടെമ്പോയും ലോറിയും ബസും തുടങ്ങിയ വാഹനങ്ങളുടെയൊക്കെ വളയം ഇദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു. മാതമംഗലം ടൗണിലായിരുന്നു നിരവധി കാലം ഡ്രൈവറായി ജോലി നോക്കിയത്. പിന്നീട് ശാരീരികാസ്വസ്ഥതകള്‍ കാരണം ഹെവി വെഹിക്കിള്‍ ഡ്രൈവിങ്ങിനോട് താത്കാലികമായി വിട പറഞ്ഞു. പിന്നെ ജീപ്പ് ഡ്രൈവറായി. നിരവധി സ്ഥലങ്ങളിലേക്ക് വാഹനവുമായി യാത്ര നടത്തി. പക്ഷേ ഗോപാലേട്ടന്റെ കാലിലമര്‍ന്ന് ദൂരങ്ങളിലേക്ക് പായുമ്പോഴും ചക്രങ്ങള്‍ ഒരു ചെറിയ പിഴവ് പോലും വരുത്തിയിട്ടില്ല.

കാലം മാറി, വാഹനങ്ങള്‍ പെരുകി, പക്ഷേ റോഡ്?
38 വര്‍ഷങ്ങളിലെ കാലത്തിന്റെ മാറ്റം ഗോപാലേട്ടന്‍ കാണുന്നത് റോഡുകളില്‍ തന്നെയാണ്. "പണ്ടത്തെക്കാളും വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ വീതിയോ ഗുണമേന്മയോ ഒന്നും വര്‍ധിച്ചിട്ടില്ല. അപകടങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നതാണ്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് ഇന്ന് ഏറ്റവും കുടുതല്‍ റോഡുകളില്‍ നിറയുന്നത്. അതുകൊണ്ട് തന്നെ ഇവ കൂടുതല്‍ അപകടത്തിലും പെടുന്നു. എന്റെ മുന്നില്‍ തന്നെ ഞാന്‍ നിരവധി അപകടങ്ങള്‍ കണ്ടിട്ടുണ്ട്. അപകടമുണ്ടാക്കുന്ന പലരും വാഹനം നിര്‍ത്താതെ ഓടിച്ചു പോകുന്നു. ഒരു ജീവിതമാണ് ഇല്ലാതാക്കിയതെന്ന ഒരു കുറ്റബോധവുമില്ലാതെ. പല റോഡുകളുടെയും സ്ഥിതി പരിതാപകരമാണ്. എത്ര പരാതിപ്പെട്ടാലും കാര്യമില്ല. ആരു ഭരിച്ചാലും റോഡുകളുടെ സ്ഥിതിക്ക് മാറ്റമില്ല. എല്ലാവരും സ്വയം ശ്രദ്ധിച്ചു വാഹനമോടിച്ചാല്‍ പരമാവധി അപകടം കുറയ്ക്കാം
 " - ഗോപാലേട്ടന്‍ പറയുന്നു.

റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതില്‍ ഇദ്ദേഹം സന്തോഷവാനാണ്. കാരണം നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണെന്ന ഉറച്ച ബോധ്യം ഇദ്ദേഹത്തിനുണ്ട്. നമ്മള്‍ എല്ലാ നിയമങ്ങളും പാലിക്കുന്നയാളാണെങ്കില്‍ നമ്മളെന്തിനു നിയമങ്ങളെ പേടിക്കണം, ഗോപാലേട്ടന്‍ ചോദിക്കുന്നു. നിയമം തെറ്റിക്കണമെന്നുള്ളവരാണ് നിയമത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ ലൈസന്‍സ് ടെസ്റ്റുകള്‍ കുറച്ചുകൂടി കര്‍ശനമാക്കണമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇന്നു റോഡില്‍ ലൈസന്‍സുമായിറങ്ങുന്ന പലര്‍ക്കും റോഡിലെ നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ല. അതിനുതകുന്ന രീതിയില്‍ ലൈസന്‍സ് ടെസ്റ്റുകളില്‍ മാറ്റം വരണമെന്നാണ് അഭിപ്രായം.

മാതൃക ഡ്രൈവര്‍ പുരസ്‌കാരം: അര്‍ഹിച്ച അംഗീകാരം
'ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്' എന്ന സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന റോഡ് ആക്‌സിഡന്റ്‌സ് ആക്ഷന്‍ ഫോറം സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയിലാണ് ഗോപാലേട്ടനെ മാതൃക ഡ്രൈവറായി തെരഞ്ഞെടുത്തത്. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി ജലീല്‍, തോമസ് ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. പുരസ്‌കാരാര്‍ഹനായ ശേഷം നാട്ടിലും നിരവധി സന്നദ്ധ സംഘടനകള്‍ അനുമോദനം നല്‍കി. ഗോപാലേട്ടന്‍ അര്‍ഹിച്ച പുരസ്‌കാരമാണിതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.  ഇന്നുവരെ ഒരു പെറ്റിക്കേസ് പോലും ഗോപാലന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിയമപാലകരും സാക്ഷ്യപ്പെടുത്തുന്നു.

ആ അഞ്ചുമിനിട്ടിലാണ് ജീവിതം
കേരളത്തിലെ സങ്കീര്‍ണമായ റോഡുകളിലൂടെ ഒരപകടവും വരുത്താതെ 38 വര്‍ഷം ഡ്രൈവവറായി തൊഴിലെടുത്തു എന്നത് പ്രശംസീനയവും മാതൃകപരവുമാണ്. ഇത് തനിക്കു മാത്രമല്ല എല്ലാവര്‍ക്കും സാധിക്കുമെന്ന് ഗോപാലേട്ടന്‍ പറഞ്ഞവസാനിപ്പിക്കുന്നു. 'മിതമായ വേഗതയില്‍ ശ്രദ്ധയോടെ വാഹനമോടിച്ചാല്‍ അപകടമുണ്ടാകില്ലെന്ന് ഞാനുറപ്പു പറയുന്നു. അമിതവേഗതയില്‍ പോയാല്‍ നിങ്ങള്‍  അഞ്ചുമിനിട്ട് നേരത്തെ സ്ഥലത്തെത്തുമായിരിക്കും. പക്ഷേ ആ അഞ്ചു മിനിട്ടിനു വേണ്ടി ജീവിതം തന്നെ ഹോമിക്കേണ്ടി വന്നാലോ..? അതുകൊണ്ട് ആ അഞ്ചു മിനിട്ടുകൊണ്ട് നഷ്ടപ്പെടുന്ന എന്തും നഷ്ടപ്പെടട്ടെ, എല്ലാ നഷ്ടത്തെക്കാളും വലുതായ ജീവിതം അപ്പോഴും നമ്മുടെ കൈയില്‍ സുരക്ഷിതമായ് ബാക്കിയുണ്ടാകും. അതാണല്ലോ പ്രധാനം..'

(ഫോട്ടോ കടപ്പാട്: മലയാള മനോരമ)

Next Story

Related Stories