TopTop

ഝാര്‍ഖണ്ഡിലെ ടാബ്‌ലെറ്റ് പെണ്‍കുട്ടികള്‍

ഝാര്‍ഖണ്ഡിലെ ടാബ്‌ലെറ്റ് പെണ്‍കുട്ടികള്‍
റൂബി ഖട്ടൂണും ബബ്ലി കര്‍മാകറും അല്‍പം വിഷാദത്തിലായിരുന്നു. വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനും പണം വിതരണം ചെയ്യുന്നതിനുമായുള്ള ആഴ്ച യോഗം അല്‍പം ബഹളമയമായിരിക്കും. തങ്ങളുടെ കമ്പ്യൂട്ടര്‍ ടാബ്‌ലറ്റില്‍ പൂര്‍ണണമായും ചാര്‍ജ്ജ് ഉണ്ടെന്ന് ഉറപ്പാക്കിയ അവര്‍ ബാഗിലേക്ക് കുറച്ചു കടലാസുകളും ഉച്ചഭക്ഷണവും എടുത്തുവെച്ചു. സാധാരണപോലെ തന്നെ ചില ആരോപണങ്ങളോടെയാണ് യോഗം തുടങ്ങിയത്. ആടുകളെ വാങ്ങുന്നതിനായുള്ള തന്റെ വായ്പ ആവശ്യം മൂന്നുതവണ തള്ളപ്പെട്ടതായി പ്രായമായ ഒരു സ്ത്രീ പരാതി പറഞ്ഞു. റൂബി ഖട്ടൂണ്‍ ടാബ്‌ലറ്റ് പുറത്തെടുത്ത് പരാതിക്കാരിയുടെ വായ്പ രേഖകള്‍ പരിശോധിച്ചു.

'ഇതിനകം തന്നെ നിങ്ങള്‍ക്ക് 15,000 രൂപയുടെയും 10,000 രൂപയുടെയും രണ്ട് വായ്പകള്‍ ഞങ്ങള്‍ അനുവദിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് മൂന്നാമത്തെ വായ്പ അപേക്ഷ നിരസിച്ചത്,' എന്ന് രേഖകള്‍ പരിശോധിച്ച റൂബി മറുപടി നല്‍കി. റാഞ്ചി ജില്ലയില്‍ അന്‍ഗഡ ബ്ലോക്കിലെ തുരുപ് ഗ്രാമത്തിലുള്ള 32 സ്ത്രീ സ്വയം സഹായസംഘങ്ങളുടെ കണക്കുകളാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ബബ്ലി കര്‍മാര്‍ക്കറുടെ ഹെസാര്‍ ഗ്രാമത്തിലെ യോഗവും പരാതിയിലാണ് ആരംഭിച്ചത്. അവര്‍ മുഖാന്തരമല്ലാതെ ഒരു അംഗം ഓരോ യോഗത്തിലും വായ്പ എടുക്കുന്നതായി അഞ്ച് ഗുണഭോക്താക്കള്‍ അവിടെ പരാതി പറഞ്ഞു. ടാബ്‌ലറ്റിലുള്ള വിവരങ്ങള്‍ അവര്‍ ഒത്തുനോക്കുകയും ആ നിശ്ചിത അംഗത്തിന് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ അനുവദിച്ചിട്ടുള്ള വായ്പകളുടെ മുഴുവന്‍ രേഖകളും യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുകയും ചെയ്തു. ആരോപണ വിധേയയായ അംഗം തന്റെ വായ്പകള്‍ തിരിച്ചടച്ചിരുന്നു എന്ന് മാത്രമല്ല പുതിയ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുമില്ല.

ഝാര്‍ഖണ്ഡ്‌ സംസ്ഥാന ജീവസന്ധാരണ പ്രോത്സാഹന സമിതി (ജെഎസ്എല്‍പിഎസ്) പരിശീലിപ്പിച്ച 600 ടാബ്‌ലറ്റ് പെണ്‍കുട്ടികളില്‍ പെടുന്നവരാണ് റൂബിയും ബബ്ലിയും. സംസ്ഥാനത്തെ സ്ത്രീകള്‍ നടത്തുന്ന ഏകദേശം 40,000 വരുന്ന സ്വയം സഹായ സംഘങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കുകയാണ് ഇവരുടെ ചുമതല. നേരത്തെ വായ്പകള്‍ വിതരണം ചെയ്തതിന്റെ കണക്കുകളും തീയതികളും യോഗങ്ങളുടെ വിശദാംശങ്ങളും തിരികെ ലഭിച്ച സംഖ്യയും ഒക്കെ എക്‌സല്‍ ഷീറ്റില്‍ പ്രിന്റെടുത്തോ അല്ലെങ്കില്‍ നോട്ട് പുസ്തകത്തില്‍ എഴുതിയോ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് അവര്‍ ഇടപാടുകളുടെയും യോഗങ്ങളുടെയും വിശദാംശങ്ങളുടെ ഹാര്‍ഡ് കോപ്പികള്‍ റാഞ്ചിയിലെ റേഡിയം റോഡിലുള്ള ജെഎസ്എല്‍പിഎസ് ഓഫീസിലേക്ക് നേരിട്ട് എത്തിക്കുകയായിരുന്നു പതിവ്. പിന്നീട് അവിടുത്തെ ഡേറ്റ ഓപ്പറേറ്റര്‍ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സെര്‍വറില്‍ രേഖപ്പെടുത്തി വന്നു.

വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ദിവസവും അര മണിക്കൂര്‍ നടന്ന് ബസ് സ്റ്റാന്റില്‍ എത്തുന്ന റൂബി, പിന്നീട് ബസില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തിയിരുന്നത്. വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കര്‍മ്മാകറിന് ദിവസവും രണ്ട് മണിക്കൂറോളം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. 'വേനല്‍ക്കാലത്തും മഴക്കാലത്തും ഈ യാത്ര ഒരു പീഡനമായിരുന്നു,' എന്ന് റൂബി പറയുന്നു. തങ്ങള്‍ ഒരു വെടിക്ക് മൂന്ന് പക്ഷികളെയാണ് വെടിവെച്ചിട്ടതെന്ന് ജെഎസ്എല്‍പിഎസ് പ്രോഗ്രാം മാനേജരായ അമിത് ജയിന്‍ പറയുന്നു. വിവരങ്ങള്‍ ഓഫീസുകളില്‍ എത്തിക്കുന്നത് വഴി സമയവും പണവും നഷ്ടപ്പെടുത്തുകയാണ് കണക്കുകള്‍ സൂക്ഷിക്കുന്നവര്‍ ചെയ്തിരുന്നതെന്ന് ജയിന്‍ വിശദീകരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നും ഓഫീസുകളിലേക്ക് കണക്കുകള്‍ എത്തിക്കുന്നതിന് വേണ്ടി മാത്രമായി അവര്‍ ഓരോ മാസത്തിലെയും രണ്ട്, മൂന്ന് ദിവസങ്ങള്‍ ചിലവഴിക്കാറുണ്ട്. അതേ സമയം തന്നെ വായ്പ രേഖകള്‍ പുതുക്കുന്നതിനെ കുറിച്ച് ബാങ്കുകളും അക്കൗണ്ട് ഓഫീസര്‍മാരും മിക്കപ്പോഴും ആശങ്കയിലുമായിരുന്നു. ടാബ്ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ജെഎസ്പിഎല്‍എസ് പരിശീലനം നല്‍കാന്‍ ആരംഭിച്ച കാലത്തെ കുറിച്ച് റൂബി ഖട്ടൂണിന് ഓര്‍മ്മയുണ്ട്. 'ഇതൊരിക്കലും പഠിക്കാന്‍ സാധിക്കില്ല എന്നാണ്‌ ഞാന്‍ കരുതിയത്,' എന്നവര്‍ പറയുന്നു. എന്നാല്‍ ഒരു മാസം കൊണ്ട് ടാബ്‌ലറ്റ് ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ പരിശീലിച്ചു. 'രേഖകള്‍ പുതുക്കുന്നതിനായി 25 ദിവസങ്ങള്‍ എടുത്തിരുന്നത് ഈ പെണ്‍കുട്ടികള്‍ വെറും നാല് മണിക്കൂറുകളായി കുറച്ചു,' എന്ന് ജയിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ യോഗങ്ങളിലെയും രേഖകള്‍ സൂക്ഷിക്കുന്നതിന് ഈ ടാബ്ലറ്റ് പെണ്‍കുട്ടികള്‍ക്ക് ഇരുപത് രൂപ വീതമാണ് നല്‍കുന്നത്. കണക്ക് സൂക്ഷിക്കുന്നവര്‍ പ്രതിദിനം ശരാശരി നാല് യോഗങ്ങളില്‍ വരെ പങ്കെടുക്കുകയും അതുവഴി പ്രതിമാസം 2,400 മുതല്‍ 3,000 രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്നു. ഗ്രാമീണര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള വീഡിയോ പ്രദര്‍ശനം നടത്തുന്നതിനുള്ള അധിക ചുമതലയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്ത്രീശാക്തീകരണം മുതല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ വരെയുള്ള വിഷയങ്ങളിലുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടാബ്‌ലറ്റ് പെണ്‍കുട്ടികളെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.


Next Story

Related Stories