TopTop
Begin typing your search above and press return to search.

സ്വാതന്ത്ര്യദിനത്തില്‍ അയൂബ് രാജ്ഭവനില്‍ അതിഥിയായി എത്തും; കര്‍ഷകന് കിട്ടുന്ന വലിയ അംഗീകാരം

സ്വാതന്ത്ര്യദിനത്തില്‍ അയൂബ് രാജ്ഭവനില്‍ അതിഥിയായി എത്തും; കര്‍ഷകന് കിട്ടുന്ന വലിയ അംഗീകാരം

ജയ് ജവാന്‍ ജയ് കിസാന്‍; 1965 ല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് തിങ്ങിക്കൂടിയ ആള്‍ക്കുട്ടത്തിനിടയിലേക്കാണ് ഈ മുദ്രാവാക്യം അലയൊലി കൊണ്ടത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനേയും രാജ്യം കാക്കുന്ന ജവാനെയും എന്നു മുതല്‍ ഒരു ദേശം ആദരിച്ചു തുടങ്ങുന്നോ അന്ന് മുതലാണ് നമ്മുടെ രാജ്യത്ത് പ്രതീക്ഷകള്‍ പുലുരുകയെന്ന് ഈ മുദ്രാവാക്യത്തിലൂടെ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രി അടിവരയിട്ടു പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിന്റെ നോവുകളില്‍ നിന്നാണ് ഈ സന്ദേശം ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ ഹൃദയത്തിലേക്ക് പകരുന്നത്.

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്ന് കൃഷിക്കാരന് ആരാണ് ജയ് വിളിക്കുന്നത്? ഉഴുതുമുറിയുന്ന നെല്‍പ്പാടങ്ങളിലും കടുക്, ചോളം പാടങ്ങളിലും രാവും പകലും മാറിമാറിഞ്ഞു പോകുമ്പോഴും അവിടെ ഉതിര്‍ന്നു വീഴുന്ന വിയര്‍പ്പിനൊപ്പം കര്‍ഷകരുടെ കണ്ണീരുമുണ്ട്. വെട്ടിയും തിരുത്തിയും മുറിഞ്ഞ് പോകുന്ന കാര്‍ഷിക ഭൂപടത്തില്‍ പച്ചപ്പ് വരച്ചു ചേര്‍ത്ത കൃഷിക്കാരന്‍ ഇന്ന് വിലാസം നഷ്ടപ്പെട്ടവനാണ്. കടുത്ത സാമ്പത്തിക പരാധീനതകളില്‍ ആത്മഹത്യമുനമ്പിലേക്ക് യാത്ര പറഞ്ഞുപോയവരുടെ പിന്‍ഗാമികള്‍. ഇവിടെ നിന്നും പ്രതീക്ഷകള്‍ നഷ്ടപ്പെട്ട മരുഭൂമിയായിരുന്നു കൃഷിയിടങ്ങളെല്ലാം. കൃഷിമാത്രം സാമ്പത്തിക അടിത്തറയുണ്ടാക്കിയിരുന്ന വയനാട്ടിലും കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ പതിവായി. കൃഷിയിടത്തില്‍ നിന്നും പുതിയ തലമുറകള്‍ മറ്റു തൊഴില്‍ തേടി ചുരമിറങ്ങി. കൃഷിക്കാരന്‍ എന്ന വിലാസം പോലും സ്വീകരിക്കാന്‍ ഭയമായി മാറിയ കാലം. ഇവിടെ നിന്നുമാണ് തോട്ടോളി അയൂബ് എന്ന യുവകര്‍ഷകന്‍ മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് തന്നെ തിരിച്ചുവന്നത്.

കൃഷി പരമ്പരാഗതമായി ചെയ്യുന്ന ഒരു കുടംബത്തിലെ അംഗം എന്ന നിലയില്‍ മണ്ണിനെ കൈവിടാന്‍ മനസ്സില്ലാതായാണ് ഈ മടക്കം. ഇതൊരു മാറ്റത്തിന്റെയും തുടക്കമായിരുന്നു. വെല്ലുവിളികളോടെല്ലാം പടവെട്ടി കൃഷിയുടെ ജൈവതാളം ഇതോടെ ഉയരുകയായി. ഒടുവില്‍ ഈ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ രാജ്ഭവനില്‍ കേരള ഗവര്‍ണര്‍ പി.സദാശിവവും പത്‌നി സരസ്വതി സദാശിവവും അതിഥിയായി ക്ഷണിച്ചു. ഒരു കര്‍ഷകന് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരം. ഇവിടെയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്നുയര്‍ത്തിയ മുദ്യാവാക്യത്തിന്റെ പ്രതിധ്വനി. മുഴുവന്‍ സമയ കര്‍ഷകനെന്ന നിലയില്‍ വയനാട്ടിലെ ചെറുകര തോട്ടോളി അയൂബിനെ രാജ്ഭവനില്‍ നിന്നും തേടി വന്ന ക്ഷണപത്രത്തിനാകട്ടെ നേടിയ ബിരുദങ്ങളേക്കാളും, മറ്റെന്തിനെക്കാളും വിലയുമുണ്ട്.

മണ്ണല്ല, മനസാണ് വേണ്ടത്

കൃഷി ചെയ്യാന്‍ ആദ്യം വേണ്ടത് സ്ഥലമല്ല, മനസാണെന്നാണ് തോട്ടോളി അയൂബ് എന്ന യുവകര്‍ഷകന്‍ എപ്പോഴും പറയുക. ആര്‍ക്കും ആത്മവിശ്വാസത്തോടെ കൃഷിയെ സമീപിക്കാമെന്ന് തെളിയണമെങ്കില്‍ അയൂബിന്റെ കൃഷിയിടത്തില്‍ വന്നാല്‍ മതി. കൃഷി നഷ്ടമാണെന്ന് മുന്‍വിധിയെഴുതി മറ്റ് തൊഴില്‍ തേടി വയനാടിന്റെ ചുരമിറങ്ങി പോയ അനേകം ചെറുപ്പക്കാര്‍ക്കിടയില്‍ ഈ ജൈവകര്‍ഷകന്‍ ഉയര്‍ത്തുന്നത് നേട്ടങ്ങളുടെ വിജയഗാഥയാണ്. അതിനൊപ്പം തികച്ചും സംതൃപ്തി നല്‍കുന്ന ഒരു കാര്‍ഷിക ജീവിതത്തിന്റെ താളവും ഒരു നാടിന്റെ പുലരികളെ പച്ചപ്പണിയിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിന്റെ മനസ്സറിഞ്ഞ് തുടങ്ങിയ ജൈവകൃഷി ഇന്ന് എട്ടേക്കറോളം വരുന്ന കൃഷിയിടത്തിലേക്ക് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. എടവകയിലെ രണ്ടേന്നാല്‍ താന്നിയാടാണ് 'അയൂബിന്റെ സഫ' എന്ന് പേരിട്ട, വയനാട്ടില്‍ തന്നെ തികച്ചും വേറിട്ട ഒരു കൃഷിയിടമുള്ളത്.

എറണാകുളം സ്വദേശിയായ സന്തോഷ്‌കുമാറും കണ്ണൂര്‍ സ്വദേശിയായ ഫെയ്‌സുമാണ് ഈ ഉദ്യമങ്ങള്‍ക്ക് കൂട്ടായി നിന്നത്. ഉത്തരേന്ത്യയില്‍ മാത്രം വിളയുമെന്ന് കരുതിയ ഉള്ളി മുതല്‍ വിയറ്റ്‌നാം മാതൃകയിലുള്ള കരുമുളക് കൃഷിവരെയും കാസര്‍കോട് കുള്ളന്‍ പശുമുതല്‍ ഗ്രാസ്‌കാര്‍പ്പ് ഇനത്തിലുള്ള മത്സ്യം വരെയും ഇവിടെയുണ്ട്. ലിച്ചിയും റമ്പൂട്ടാനും മറ്റ് അനേകം പഴത്തൈകളും ഇവിടെ വളരുന്നു. ഒരേക്കറോളം സ്ഥലത്ത് ചേമ്പും രണ്ടരയേക്കറോളം പൂവന്‍പഴത്തോട്ടവമുണ്ട്.എല്ലാം പൂര്‍ണ്ണമായും ജൈവകൃഷി തന്നെയാണ്. വയനാടിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കുരുമുളക് തൈ ഉദ്പാദിപ്പിക്കുന്ന നഴ്‌സറിയും ഇവിടെയുണ്ട്. മലബാര്‍ എക്‌സല്‍ എന്നയിനം തൈകള്‍ ഇവിടെ തന്നെ തയ്യാറാവുന്നു. പെപ്പര്‍ തെക്കന്‍, ശുഭകര, ശ്രീകര, പൗര്‍ണ്ണമി, പാലോട് സെക്കന്‍ഡ് എന്നീയിനങ്ങളും ഇവിടെയുണ്ട്. രണ്ട് മീറ്റര്‍ ഉയരത്തില്‍ പ്രൂണിങ്ങ് ചെയ്ത് നിര്‍ത്താന്‍ കഴിയുന്ന മാവുകളും ശാസ്ത്രീയമായ രീതിയില്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

വേണ്ടത് ആത്മവിശ്വാസം

എല്ലാത്തരം വിളകളും ഇവിടെയുണ്ടെങ്കിലും ഇത്തവണത്തെ പ്രത്യേകത റെഡി ലേഡി പപ്പായത്തോട്ടമാണ്. അരയ്‌ക്കൊപ്പം മാത്രം ഉയരമുള്ള 600 ഓളം ചെടികളില്‍ അടിമുതല്‍ മുടിവരെ നല്ലയിനം പപ്പായകള്‍ വിളഞ്ഞു. രാസവളം തൊടീക്കാതെ ജൈവാമൃതവും ജൈവവളവും മാത്രം നല്‍കി കുന്നിന്‍പുറത്ത് പപ്പായകൃഷി ചെയ്യാമെന്ന തിരിച്ചറിവ് കൂടിയാണ് അയൂബ് ഇതിലൂടെ പങ്ക് വെക്കുന്നത്. ക്വിന്റല്‍ കണക്കിന് പപ്പായയാണ് ഇവിടെനിന്നും മറ്റു ജില്ലകളിലെ വിപണിയിലെത്തിയത്. ജൈവ ഉത്പന്നമായതിനാല്‍ പ്രിയവും കൂടുതലാണ്. മൂന്ന് മാസക്കാലം കൊണ്ട് ആഴ്ചയില്‍ 6,000 രൂപ വരുമാനമുണ്ടാക്കുന്ന നിലയിലേക്കാണ് പപ്പായകൃഷി വളര്‍ന്നത്. പച്ചക്കറി കട മുതല്‍ ഫ്രൂട്ട് സ്റ്റാളുകളില്‍ വരെ പപ്പായ വിറ്റുപോകുന്നു.വയനാട്ടിലെ കാലാവസ്ഥയും കൃഷി ചെയ്യാന്‍ അനുകൂലമാണെന്ന് ഈ കര്‍ഷകന്‍ അടിവരയിടുന്നു. മഴവെള്ളം പൂര്‍ണമായും സംഭരിക്കാന്‍ കൃഷിയിത്തെ ആദ്യമേ സജ്ജമാക്കി. കൂടാതെ മൂന്ന് വലിയ കുളങ്ങള്‍ കുന്നിന്‍ മുകളിലുണ്ട്. ഇതില്‍ മത്സ്യകൃഷിയും. ഇവിടെനിന്നും ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നു.

ആര്‍ക്കുമിറങ്ങാം, അറയ്ക്കണ്ട

എറണാകുളത്തുള്ള ജോലി പോലും ഉപേക്ഷിച്ചാണ് അയൂബ് എന്ന യുവാവ് സ്വന്തം കൃഷിയിടത്തിലേക്ക് മടങ്ങി വന്നത്. കൃഷിക്കായി ഭാര്യ സാബിറ ബാങ്ക് ജോലിയും ഉപേക്ഷിച്ചു. ജൈവരീതിയിലുള്ള വിവിധ വിളകളുടെ കൃഷിയില്‍ ഇവര്‍ പുതിയ ജീവിതവിജയം കണ്ടെത്തുന്നു. 2013 മുതല്‍ ഇവരുടെ ആറുവാളിലെ കൃഷിയിടം ഫാം സ്‌കൂളാണ്. ഇപ്പോള്‍ ഫാമും കര്‍ഷകരുടെ പഠനശാലയായി. നാനാതരം കൃഷികളും ഇവരുടെ മുന്നേറ്റങ്ങള്‍ക്കും ഒട്ടേറെ അംഗീകാരങ്ങളും ഇവരെ തേടിയെത്തി. അല്‍പ്പം ശാസ്ത്രീയത ഉള്‍ക്കൊണ്ട് കൃഷി കുടെ കൊണ്ടുവന്നാല്‍ ആര്‍ക്കും വിജയിക്കാമെന്നാണ് ഇവരുടെ അനുഭവപാഠം. രാസകീടനാശിനികള്‍ക്ക് പകരമായുള്ള ജൈവകീട നാശിനികള്‍ ഫലപ്രദമാണ്. കുടുംബ കൃഷിയുടെ അന്താരാഷ്ട്ര വര്‍ഷമായ 2014 ല്‍ ഹരിത വിപ്ലവ നായകന്‍ ഡോ. എം.എസ് സ്വാമിനാഥനില്‍ നിന്നും ആദരവ് ഏറ്റുവാങ്ങാന്‍ ഈ യുവകര്‍ഷക ദമ്പതികള്‍ക്ക് കഴിഞ്ഞു. വയനാട് ആത്മമിശ്ര കര്‍ഷകന്‍ അവാര്‍ഡ്, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അവാര്‍ഡ്, മികച്ച മത്സ്യ കര്‍ഷകന്‍ അവാര്‍ഡ് എന്നിവയെല്ലാം ഇതിനകം ഇവരെ തേടിയെത്തി. കാര്‍ഷിക രംഗത്തോട് മുഖം തിരിക്കുന്നവര്‍ക്കെല്ലാം ഒരു തിരുത്താണ് ഈ കര്‍ഷക ജീവിതം. മണ്ണിന്റെ മനസ്സറിഞ്ഞാല്‍ മണ്ണും മനുഷ്യനെ തിരിച്ചറിയുമെന്ന സന്ദേശം ഇവര്‍ നല്‍കുന്ന ജീവിതപാഠമാണ്.


Next Story

Related Stories