TopTop
Begin typing your search above and press return to search.

"ഇനിയിങ്ങനെയായാല്‍ പോരാ എല്ലാവരും മാറണം"; പണിയ സമുദായത്തിലെ ആദ്യ അധ്യാപിക ജീവിതം പഠിപ്പിച്ചു തുടങ്ങുകയാണ്

ഇനിയിങ്ങനെയായാല്‍ പോരാ എല്ലാവരും മാറണം; പണിയ സമുദായത്തിലെ ആദ്യ അധ്യാപിക ജീവിതം പഠിപ്പിച്ചു തുടങ്ങുകയാണ്

വയനാട്ടിലെ ഏറ്റവും പിന്നാക്ക ജീവിത സാഹചര്യത്തില്‍ നിന്നും പണിയ വിഭാഗത്തിന് അഭിമാനമായി ഒരു അധ്യാപികയെ ലഭിക്കുകയാണ്. ദുരിത ജീവിത പാഠങ്ങളെ തോല്‍പ്പിച്ചാണ് ജാനു രാജന്‍ എന്ന പണിയ യുവതി അധ്യാപക ജീവിതത്തിലേക്ക് കടക്കുന്നത്. മലയാള പാഠപുസ്തകത്തിന്റെ ഒന്നാം അധ്യായത്തില്‍ വിരല്‍ തൊട്ട് മുതിര്‍ന്ന പഠിതാക്കള്‍ക്ക് മുമ്പില്‍ ഈ മിടുക്കി ഇനി അഭിമാനത്തോടെ നില്‍ക്കും. ഇല്ലായ്മകളുടെ കുടിലുകള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ നിന്നും പകരമില്ലാത്ത ജീവിതപാഠങ്ങളും അറിവുമായെത്തിയ ടീച്ചറെ നിറമനസ്സോടെ വിദ്യാര്‍ത്ഥികളും സ്വീകരിക്കും.

കണ്ണൂര്‍ സര്‍വകാലശാല ബി.എ മലയാളത്തില്‍ ഏഴാം റാങ്ക് നേടി നാടിനെല്ലാം അഭിമാനമായ വയനാട് കൊമ്മയാട് വേലൂക്കര പണിയ കോളനിയിലെ ജാനുവിന് അധ്യാപക ജോലി സ്വപ്ന സാഫല്യം കൂടിയാണ്. ജീവിത നിലവാരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായത്തില്‍ നിന്നുമുള്ള ആദ്യത്തെ അധ്യാപിക എന്ന നേട്ടവും ഇതോടെ ജാനുവിന് സ്വന്തമാവുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മാനന്തവാടിയിലെ കേന്ദ്രത്തില്‍ നിന്നാണ് ജാനു ബി.എഡും പൂര്‍ത്തിയാക്കിയത്. ഇതിനിടയിലെല്ലാം ജീവിത വരുമാനത്തിന് കൂലിപ്പണി തന്നെയായിരുന്നു ഇവരുടെ ആശ്രയം. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ കൂലിപ്പണിക്ക് ഒരു മാറ്റം വേണമെന്ന് ജാനുവിനും ആഗ്രഹമുണ്ടായിരുന്നു.

അധ്യാപക യോഗ്യത നേടിയിട്ടും കൂലപ്പണിക്കുപോകേണ്ടി വന്ന ജാനുവിന്റെ അവസ്ഥകണ്ട് തുടര്‍വിദ്യാകേന്ദ്രം കോര്‍ഡിനേറ്റര്‍ എ. മുരളീധരനാണ് തുല്യതാ പഠനക്ലാസ്സിലേക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ആദ്യമായി ജാനുവിനെ ക്ഷണിക്കുന്നത്. ഇതാകട്ടെ അധ്യാപക ജീവിതത്തിലേക്കുള്ള ഒരു സമുദായത്തിന്റെ ആദ്യത്തെ കാല്‍വെപ്പുമായി.

ദുരിതങ്ങള്‍ക്കിടയിലെ ജീവിതം

ആദിവാസികള്‍ക്കിടയിലെ ഭൂമിയില്ലാത്തതിന്റെയും വീടില്ലാത്തതിന്റെയുമെല്ലാം ദുരിതങ്ങള്‍ക്കിടയില്‍ ഈ നേട്ടം ചെറുതല്ല. ചെറുപ്പം മുതലേ ഇല്ലായ്മകളെ തോല്‍പ്പിക്കാന്‍ ജാനു മനസ്സിലുറപ്പിച്ച ആഗ്രഹമായിരുന്നു പഠിച്ച് മുന്നേറുകയെന്നത്. ഇക്കാലത്തും ഏഴാം തരമായപ്പോഴേക്കും പഠനം നിര്‍ത്തേണ്ടി വരുമെന്ന നിലയിലുമായി. വീടുപോലും ഇല്ലാത്ത ഈ സാഹചര്യങ്ങളോടെല്ലാം അന്നു മുതലേ പൊരുതി. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ നിന്നും നല്ല മാര്‍ക്കോടെ പത്താം തരം പാസ്സായി. ഹയര്‍ സെക്കന്‍ഡറിയിലും എഴുപത് ശതമാനം മാര്‍ക്ക് നേടി. പിന്നീട് മാനന്തവാടിയിലെ കോ-ഓപ്പറേറ്റീവ് കോളേജിലാണ് മലയാളം ബിരുദത്തിന് ചേര്‍ന്നത്. ഇവിടെ നിന്നും സര്‍വകലാശാലയ്ക്കു കീഴിലെ ഏഴാം റാങ്കും ജാനുവിനെ തേടി വന്നു.

പഠനത്തോട് വിമുഖരായി നില്‍ക്കുന്ന സ്വന്തം സമുദായക്കാരിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കുക എന്ന ഉത്തരവാദിത്തം കൂടിയാണ് ജാനു ഏറ്റെടുക്കുന്നത്. പഠനത്തോടൊപ്പം കോളനിയിലെ മറ്റു കുട്ടികളെയെല്ലാം വിളിച്ചിരുത്തി പഠിപ്പിക്കാനും ജാനു സമയം കണ്ടെത്തി. സ്‌കൂള്‍ ഉപേക്ഷിച്ച് പടിയിറങ്ങുന്നവരെ വിദ്യാലയത്തിലെത്തിക്കാനും ജാനു ഇന്ന് മുന്നിലുണ്ട്. അല്ലാത്തവരെ തുടര്‍ സാക്ഷരതാ ക്ലാസ്സിലും എത്തിക്കും. "ഇനിയിങ്ങനെയായാല്‍ പോരാ എല്ലാവരും മാറണ"മെന്നാണ് പണിയസമുദായത്തോട് ജാനു പറയുന്നത്.

വേലൂക്കര കോളനിയിലെ കൂലിപ്പണിക്കാരനായ രാജന്റെയും ഊലിയുടെയും മകളാണ് ജാനു. അനു, മനു എന്നിവരാണ് സഹോദരങ്ങള്‍. സമുദായത്തിലെ പുതിയ തലമുറയടക്കം അജ്ഞതയുടെ ഇരുളില്‍ വഴിതപ്പുമ്പോള്‍ ജാനു ഇവര്‍ക്കെല്ലാം വെളിച്ചം കൂടിയാവുകയാണ്.

പഠനം അത്ര എളുപ്പമല്ലായിരുന്നു

ആദിവാസി ജീവിത്തതിന്റെ ഉള്ളറകളില്‍ നിന്നും വിദ്യാലയത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇണങ്ങുന്നതിന് വയനാട്ടിലെ ഒരു ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികളുണ്ട്. എത്രയൊക്കെ പൊതുവിദ്യാലയത്തിന്റെ മേന്മകള്‍ പുകഴ്ത്തിയാലും ക്ലാസ്സ് മുറികളില്‍ തഴയപ്പെടുന്ന സാഹചര്യങ്ങള്‍ക്ക് ഇന്നും കുറവില്ല. വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. പുകമണക്കുന്ന പുസ്തകങ്ങളും ഡ്രസ്സുമൊക്കെയായി ക്ലാസ്സുമുറിയില്‍ ആദിവാസി കുട്ടികള്‍ എത്തുമ്പോള്‍ മൂക്കുപൊത്തുന്ന സഹപാഠികളെ ഇവര്‍ക്ക് നല്ല പരിചയമാണ്. അടുക്കളയും അതിനു പുറമെ ഒറ്റമുറി വീടികളുമുള്ള ആദിവാസികള്‍ക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും പുകമണക്കാതിരിക്കാന്‍ എവിടെയാണ് സൂക്ഷിക്കാന്‍ കഴിയുക? ഈ ചോദ്യങ്ങളെല്ലാം ജാനു പൊതു സമൂഹത്തോട് ചോദിക്കും. കിടന്നുറങ്ങാന്‍ പോലും സ്വസ്ഥയില്ലാത്ത കോളനി അന്തരീക്ഷത്തില്‍ നിന്നും എല്ലാ ദുരിതങ്ങളോടും പൊരുതി മുന്നോട്ട് പോകാന്‍ ഒരു മനസ്സിനെ തയ്യാറാക്കുക എന്നതുതന്നെ ശ്രമകരമായ ഒന്നാണ്.

ചെറിയ ക്ലാസ്സുകളെ പിന്നിട്ട് മുന്നോട്ടു വരുമ്പോഴാണ് പൊതുശ്രേണിയുമായുള്ള വിടവ് കൂടി കൂടി വരുന്നതായി തോന്നിയത്. ശരാശരി കുടംബ സങ്കല്‍പ്പങ്ങളുടെ ഏഴയലത്തുപോലും എത്താത്ത ജീവിത ചിത്രങ്ങള്‍ക്കിടയില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടുപോകുന്ന അനുഭവം. അപ്പോഴും പ്രതീക്ഷ ഇതിനെയെല്ലാം മിറകടക്കാന്‍ ഒരു കാലം വരും എന്നതുമാത്രമാണ്.

മാറ്റം ഇനി അനിവാര്യം

"പണിയ സമുദായം ഇനിയും മാറിയില്ലെങ്കില്‍ അപകടകരമാണ്. മറ്റുള്ള പാര്‍ശ്വവത്കൃത സമൂഹമെല്ലാം പുതിയ മാറ്റങ്ങളെ സ്വീകരിക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം ഒളിച്ചോടിയുള്ള ജീവിതം ഈ സമുദായത്തെ പിന്നോട്ട് നടത്തും. എഴുതാനും വായിക്കാനും അറിയാത്തവര്‍, അവകാശബോധമില്ലാത്തവര്‍, ഭൂമിയില്ലാത്തവര്‍ എന്നിങ്ങനെയുള്ള പേരുകളെല്ലാം മാറണം. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെയും അതുപോലെ സൗകര്യങ്ങളെയും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണം. ചെറിയ കുട്ടികള്‍ പോലും പഠനം നിര്‍ത്തി കൃഷിയിടത്തില്‍ പണിക്ക് പോകുന്നു. ഇതിനെയെല്ലാം മാറ്റാന്‍ ആവുന്നത്രെയും ശ്രമിക്കണം"- ഇതാണ് ജാനുവിന് പറയാനുളളത്. "പിന്നാക്കാവസ്ഥ മിറകടക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ് കഴിയുക. ഇക്കാര്യത്തിനുവേണ്ടി മുന്നിട്ടിറങ്ങണം. അധ്യാപക ജീവിതത്തിലേക്ക് കടക്കുന്നതിനും ഈ പാത തെരഞ്ഞെടുക്കുന്നതിനും ഒരോയൊരു കാരണം ഇതുമാത്രമാണ്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ കയറിയാല്‍ ഇവിടെയും സ്വന്തം സമുദായ ത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഒരവസരം കൂടിയാണല്ലോ ലഭിക്കുന്നത്."


Next Story

Related Stories