കാട്ടാനകളെ കണ്ട്, അവയെ പേടിച്ച് രാവിലെ സ്കൂളിലേക്ക് വരേണ്ടി വരുന്നവരാണ് ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ ഇടിഞ്ഞാറിലെ 70 ശതമാനം കുട്ടികളും. ആദിവാസി മേഖലകളില്‍ നിന്നും വരുന്ന ഈ കുട്ടികള്‍ക്ക് വീടുകളില്‍ പഠിക്കാന്‍ വേണ്ട സൗകര്യങ്ങളൊന്നും തന്നെയില്ല. സ്കൂളിലാകട്ടെ എട്ടാം ക്ലാസിനും, ഒന്‍പതാം ക്ലാസിനും, പത്താം ക്ലാസിനുമായി ആകെയുള്ളത് അഞ്ച് അധ്യാപകര്‍. ഇങ്ങനെയൊക്കെയാണെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ഈ സ്കൂളും കുട്ടികളും ഒന്നാം നംബറാണ്. കഴിഞ്ഞ 7 വര്‍ഷം തുടര്‍ച്ചയായി സ്കൂളിന് 100 ശതമാനമാണ് വിജയം. ഇടിഞ്ഞാര്‍ സ്കൂളിലെ കുട്ടികളുടെ വിജയത്തിന് മാറ്റു കൂടുന്നത് അവരുടെ വിജയം അതിജീവനത്തിന്റെത് കൂടി ആയതുകൊണ്ടാണ്.
തുടര്‍ച്ചയായ 7 വര്‍ഷത്തെ വിജയം വെറുതെ ഉണ്ടായതല്ല. സ്കൂളിലെ അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും രാവും പകലും അധ്വാനിച്ചുണ്ടാക്കിയതാണിത്. ഡിസംബര്‍ അവസാനത്തോടുകൂടി പത്താം ക്ലാസിലെ കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കി തിരിക്കുകയും. തുടര്‍ന്ന് ഇടയ്ക്കിടയ്ക്ക് ക്ലാസ് പരീക്ഷകള്‍ നടത്തുകയും ചെയ്തു. ഇത്തരത്തിലായിരുന്നു കുട്ടികളുടെ പരിശീലനം മുന്നോട്ട് പോയത്. "അധ്യാപകരുടെയും പിടിഎയുടെയും ഒപ്പം പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടയും പരിശ്രമമുണ്ട് ഈ 100 ശതമാനം വിജയത്തിന് പിന്നില്‍. ഒപ്പം തന്നെ കുട്ടികളും. ഏത് സമയത്തും ക്ലാസിലിരിക്കാന്‍ തയ്യാറായിട്ടുള്ളവരായിരുന്നു കുട്ടികള്‍. അധികനേരം ഇരിക്കേണ്ടിവരുമ്പോഴെല്ലാം അവര്‍ മടി കാണിച്ചിരുന്നില്ല. എല്ലാവര്ക്കും പഠിക്കാന്‍ നല്ല താല്പര്യമായിരുന്നു". സോഷ്യല്‍ സയന്‍സ് ഗീത കുമാരി പറഞ്ഞു.
11 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളുമായി 22 കുട്ടികളാണ് ഇടിഞ്ഞാര്‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എല്ലാവരും വിജയിക്കുകയും ചെയ്തു. കോവിഡ് കാലത്ത് പലപ്പോഴും ഫോണ്‍ വഴിയായിരുന്നു കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള മറുപടി അധ്യാപകര്‍ നല്‍കിയിരുന്നത്. "അധ്യാപകരുടെയും പിടിഎയുടെയും പ്രവര്‍ത്തന മികവ് തന്നെയാണ് ഇടിഞ്ഞാര്‍ സ്കൂളിന്റെ വിജയത്തിന് കാരണം. രാവും പകലുമുള്ള ക്ലാസും, കുട്ടികളുടെ വീട്ടില്‍ ചെന്നു വരെ ക്ലാസെടുത്തു കൊടുക്കാന്‍ മടിയില്ലാത്ത അധ്യാപകര്‍ക്കു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. സയന്‍സ് വിഷയം പൊതുവില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടായാണ് കാണാറുള്ളത്. എന്നാല്‍ ഈ സ്കൂളിലെ കുട്ടികളോട് ചോദിച്ചാല്‍ ഫിസിക്സാണ് ഏറ്റവും ഇഷ്ടം എന്നു പറയും. അത് ഫിസിക്സ് മാഷ് ബിജു അത്ര നന്നായി അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് കൊണ്ടാണത്. ബിജു സാര്‍ മാത്രമല്ല, അതുപോലെയുള്ള എല്ലാ അധ്യാപകരും ചേര്‍ന്നാണ് ഈ വിജയം സൃഷ്ടിച്ചിരിക്കുന്നത്". വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ. ബി ബാലചന്ദ്രന് പറഞ്ഞു.
വന്യമൃഗങ്ങളുടെ ശല്യം കുട്ടികള്‍ക്ക് സ്കൂളിലേക്കു വരുന്നതിന് തടസമായപ്പോള്‍ ഗോത്ര സാരഥി എന്നൊരു പദ്ധതി എസ്സി ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കി. അതിലൂടെ ചില കുട്ടികള്‍ക്ക് ജീപ്പില്‍ സ്കൂളിലേക്കു വരാന്‍ സാധിച്ചു. "ഗോത്ര സാരഥിയുള്ളത് കൊണ്ടാണ് കുട്ടികള്‍ക്കെല്ലാം കൃത്യമായി സ്കൂളില്‍ എത്താന്‍ കളിഞ്ഞത്. അതിനു മുന്‍പ് ആനയിറങ്ങുന്ന സമയങ്ങളില്‍ കുട്ടികള്‍ക്ക് സ്കൂളിലേക്കു വരാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും രക്ഷിതാക്കള്‍ കൊണ്ടുവന്നാക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്". ഗീത കുമാരി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വരെ പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ലഭിക്കുന്ന അധ്യാപകര്‍ മാത്രമായിരുന്നു ഇടിഞ്ഞാര്‍ സ്കൂളിലെ പ്രധാന അധ്യാപകനായി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ അധ്യായനവര്‍ഷം ആ പതിവ് തെറ്റിച്ചുകൊണ്ട് പ്രൊമോഷന് ലഭിച്ച അധ്യാപകന് പ്രധാന അധ്യാപകനായി വന്നു. ഇത്തരത്തില്‍ ഇനിയും സ്കൂളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.