ആരോഗ്യപ്രവര്‍ത്തകര്‍, സിസ്റ്റര്‍ ലിനി...മലപ്പുറം ജില്ലയിലെവെങ്ങാട് ടി ആര് കെ എ യു പി സ്കൂളില്‍ നിന്നും ഇത്തവണ കുട്ടികള്‍ക്കു നല്കുന്ന നോട്ട് പുസ്തകത്തിന്റെ കവര്‍ ചിത്രം ഇങ്ങനെയായിരിക്കും. കൊറോണ പോലൊരു മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് നല്കാന് ഒരു സ്കൂളിന് എന്ത് ചെയ്യാനാകും എന്ന് ആലോചിച്ചപ്പോഴാണ് നോട്ട് പുസ്തകത്തിന്റ കവര്‍ ചിത്രമായി ആരോഗ്യപ്രവര്‍ത്തകരെ വരയ്ക്കാം എന്ന ആശയം സ്കൂളിലെ ജീവനക്കര്‍ക്ക് ഉണ്ടാകുന്നത്. ഒ സി മാര്ട്ടിന് എന്ന എന്ന കലാകാരനാണ് പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍ക്കു പിന്നില്‍. ബാക്ക് പേജില്‍ ലിനി സിസ്റ്ററുടെ ചിത്രം വരച്ചത് ചെറുതുരുത്തിയിലുള്ള ഡിജിറ്റല്‍ ചിത്രരചന നടത്തുന്ന സുമേഷാണ്.
'സ്കൂള്‍ നോട്ട് ബുക്ക് എന്നു പറയുന്നത് വലിയൊരു പ്ലാറ്റ്ഫോമാണ്. കുട്ടികള്‍ സ്ഥിരമായി കാണുന്നത് ആണല്ലോ അത്. അതിനാല്‍ തന്നെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം നോട്ട് ബുക്കിന്റെ കവര്‍ ചിത്രം ആക്കാം എന്നു തീരുമാനിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം എന്നു പറയുമ്പോള്‍ ലിനിയുടെ രക്തസാക്ഷിത്വം കൂടി അടയാളപ്പെടുത്തണം എന്നു തോന്നി. അങ്ങനെയാണ് ബാക്ക് പേജില്‍ അവരെ കൂടി വരയ്ക്കാം എന്നു തീരുമാനിക്കുന്നത്'. സ്കൂള്‍ ഹെഡ്മാസ്റ്റര് സുഭാഷ് ടി കെ പറയുന്നു. സ്കൂളിനടുത്തുള്ള കോവിഡ് സെന്റെറില്‍ വോളന്റിയര്മാരായവര്ക്കും, സ്ഥലം എംഎല്‍എ ടി എ അഹമ്മദ് കബീറിനും നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
സാധാരണയായി സാമ്പത്തികമായി പിന്നോട്ടു നില്ക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് നോട്ട് പുസ്തകം സ്കൂളില്‍ നിന്നും നല്‍കാറുള്ളത്. എന്നാല്‍ കോവിഡ് കാലത്തെ പ്രതിസന്ധി പല കുടുംബങ്ങളിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് എന്ന തിരിച്ചറിവില്‍ നിന്നും ഈ വര്‍ഷം കൂടുതല്‍ കുട്ടികള്‍ക്ക് നോട്ട് പുസ്തകം നല്‍കാനുള്ള തീരുമാനത്തിലാണ് സ്കൂള്‍. 500 പുസ്തകങ്ങളാണ് ഇതിനോടകം തയ്യാറാക്കിയിട്ടുള്ളത്.
'രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് ഞങ്ങളുടെത്. എന്നാല്‍ എല്ലാകുട്ടികള്‍ക്കും പുസ്തകം എത്തിക്കുക ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നോട്ടു നില്ക്കുന്ന, കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുറച്ചു കുട്ടികള്‍ക്കായിരിക്കും പുസ്തകം നല്‍കുക'. ഹെഡ്മാസ്റ്റര് പറയുന്നു.
2018 ലെയും 2019 ലെയും പ്രളയകാലത്തും, പൗരത്വ ഭേദഗതി നിയമം വന്നപ്പോഴുമെല്ലാം കുട്ടികളെ ഉള്‍ക്കൊള്ളിച്ച് സ്കൂള്‍ ഇതുപോലുള്ള പദ്ധതികള്‍ നടത്തിയിരുന്നു. 2018 ല പ്രളയകാലത്ത്, ജപ്പാനിലെ സഡാക്കോ മാതൃകയില്‍ 1000 ഓല തത്തകളെ നിര്‍മിക്കുകയാണ് സ്കൂള്‍ ചെയ്തത്. 2019 ല്‍ കവളപ്പാറ മാതൃകയില്‍ കുട്ടികള്‍ മണ്ണുകൊണ്ട് ഒരു മലയുണ്ടാക്കുകയും കളിവീട് നിര്‍മിച്ച് മലയില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് മഴ വന്നതോടുകൂടി, ആ കളിവീടുകള്‍ നശിച്ചു പോയി. കളിവീട് നഷ്ടപ്പെടുമ്പോഴുള്ള വേദനയിലൂടെ സ്വന്തം വീട് നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം കുട്ടികള്‍ മനസിലാക്കുമെന്നും, അതിലൂടെ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവരുടെ വേദന കൂടുതലായി കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നുമാണ് ഇതിനെക്കുറിച്ച് ഹെഡ്മാസ്റ്റര് പറയുന്നത്.