TopTop
Begin typing your search above and press return to search.

കടലില്‍ പെട്ടുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലിരുന്നുകൊണ്ട് രക്ഷകനായ പോലീസുകാരൻ, തന്റെ ജോലി ചെയ്യുക മാത്രമെ ചെയ്തുള്ളൂവെന്ന് സിനിയർ സിവൽ പോലീസ് ഓഫീസർ പവിത്രൻ

കടലില്‍  പെട്ടുപോയ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലിരുന്നുകൊണ്ട് രക്ഷകനായ പോലീസുകാരൻ, തന്റെ ജോലി ചെയ്യുക മാത്രമെ ചെയ്തുള്ളൂവെന്ന് സിനിയർ സിവൽ പോലീസ് ഓഫീസർ പവിത്രൻ

'പോലീസ് കണ്‍ട്രോള്‍ റൂം...പോലീസ് കണ്ടട്രോള്‍ റൂം..ഞങ്ങളുടെ മീന്‍പിടിത്ത ബോട്ട് മുങ്ങി താണുകൊണ്ടിരിക്കുന്നു'. ഓഗസ്റ്റ് 26 ന് ഉച്ചയ്ക്കാണ് കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലേക്ക് ഇങ്ങനെ ഒരു വയര്‍ലസ് മെസേജ് വരുന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പവിത്രന്‍ മാത്രമാണ് ശബ്ദം മുറിഞ്ഞു മുറിഞ്ഞുകൊണ്ടുള്ള ആ മെസേജ് കേട്ടത്. ആരോ രക്ഷയ്ക്കുവിളിക്കുകയാണെന്ന് അപ്പോള്‍തന്നെ പവിത്രനു മനസിലായി. ആ മനസിലാക്കല്‍ രക്ഷിച്ചത് ആറ് മനുഷ്യ ജീവനുകളാണ്.

ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 1.30 ഓടുകൂടിയാണ് പോലീസ് സ്‌റ്റേഷനിലേക്ക് മെസേജ് വരുന്നത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതല്ലാത്തതിനാല്‍ തന്നെ ഉത്തരം നല്‍കാന്‍ പവിത്രന് കഴിയില്ലായിരുന്നു. കണ്‍ട്രോള്‍ റൂം ഉത്തരം നല്‍കുന്നതും പ്രതീക്ഷിച്ച് അല്‍പ നേരം പവിത്രന്‍ കാത്തു നിന്നു. എന്നാല്‍ അവിടെ നിന്നും മറുപടി ഒന്നും കണ്ടില്ല. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ആ മെസേജ് താന്‍ മാത്രമെ കേട്ടിട്ടുള്ളൂ എന്ന കാര്യം പവിത്രന്‍ മനസിലാക്കുന്നത്.

'ഏകദേശം ഉച്ഛയ്ക്ക 1.30 യോടെ മുറിഞ്ഞ ശബ്ദത്തിലാണ് മെസേജ് വരുന്നത്. ആരോ രക്ഷിക്കാന്‍ വിളിക്കുകയാണെന്ന് അപ്പോള്‍ തന്നെ എനിക്ക് മനസിലായി. നമ്മളെ വിളിച്ചാല്‍ മാത്രമെ നമുക്ക് ഉത്തരം കൊടുക്കാന്‍ കഴിയൂ. നമ്മള്‍ ഇതിന് ഉത്തരം പറയാന്‍ നിന്നാല്‍ മുഴുവന്‍ കമ്മ്യൂണിക്കേഷനും ജാമായിപോകും. അവരാണെങ്കില്‍ ഇത് എവിടെയാണ് സംഭവിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിരുന്നതുമില്ല. അതുകൊണ്ട് തന്നെ കണ്‍ട്രോള്‍ റൂം എന്താണ് മറുപടി കൊടുക്കുന്നതെന്നറിയാന്‍ ഞാന്‍ കുറച്ചു സമയം കാത്തിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും മറുപടികൊടുക്കുന്നതൊന്നും കണ്ടില്ല. അങ്ങനെ ഞാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാല്‍ ഇങ്ങനെ ഒരു മെസേജ് ലഭിച്ചിട്ടില്ല എന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നും കിട്ടിയ ഉത്തരം. അതോടെ എനിക്കു ലഭിച്ച മെസേജിന്റെ കാര്യം ഞാന്‍ അവരെ അറിയിച്ചു. അങ്ങനെ കണ്‍ട്രോള്‍ റൂം കോസ്റ്റല്‍ പോലീസുമായി ബന്ധപ്പെട്ടു. ഞാന്‍ മറൈന്‍ എന്റ്‌ഫോഴ്‌സ്‌മെന്റ് വിങ്ങിനേയും കാര്യങ്ങള്‍ അറിയിച്ചു'. അന്നുണ്ടായ സംഭവത്തെക്കുറിച്ച് പവിത്രന്‍ പറയുന്നു.

തുടര്‍ന്ന് മറൈന്‍ എന്റ്‌ഫോഴ്‌സ്‌മെന്റ് അപകടം നടന്നതിനെപറ്റി മത്സ്യതൊഴിലാളികളെ അറിയിക്കുകയും അവര്‍ അപകടം നടന്ന സ്ഥലം കണ്ടുപിടിക്കുകയും ചെയ്തു. കടലുണ്ടിക്കടുത്ത് 17 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍ പെട്ടവരെ കരയിലിരുന്നുകൊണ്ട് പവിത്രന്‍ എന്ന പോലീസുകാരന്‍ രക്ഷിച്ചത് അങ്ങനെയാണ്. എന്നാല്‍ ഏതൊരു പോലീസുകാരനും ചെയ്യേണ്ട ഒരു കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇക്കാര്യത്തെക്കുറിച്ച് പവിത്രന്‍ പറയുന്നത്. 'വലിയൊരു സംഗതിയൊന്നും അല്ലിത്. നമുക്കൊരു മെസേജ് വന്നു, നമ്മള്‍ ചെയ്യേണ്ടപണി നമ്മള്‍ ചെയ്തു അത്ര തന്നെ. ഏതൊരു പോലീസുകാരനും ചെയ്യേണ്ട പണി തന്നെയെ ഞാനും ചെയ്തിട്ടുള്ളൂ'. പവിത്രന്‍ പറയുന്നു.

ഏകദേശം ഒന്നരയോടെയാണ് മെസേജ് ലഭിക്കുന്നതെങ്കില്‍ പോലും പോലീസുകാരുടെയും മത്സ്യതൊഴിലാളികളുടെയും വളരെ പെട്ടന്നുള്ള ഇടപെടല്‍ മൂലം ഏകദേശം 45 മിനിറ്റിനുള്ളില്‍ തന്നെ കടലിലകപ്പെട്ടുപോയ മത്സ്യതൊഴിലാളികളെ കണ്ടത്താനും രക്ഷിക്കാനും കഴിഞ്ഞു. കഴിഞ്ഞ ദിവസം പവിത്രന്‍ അവരെ കാണാന്‍ ചെല്ലുകയും അവരുടെ നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കുകയും ചെയ്തിരുന്നു. ' ജീവന്‍ തിരച്ചുകിട്ടിയ സന്തോഷത്തിലാണ് അവര്‍. എന്നോട് നന്ദിയും പറഞ്ഞു. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിക്കുന്നു അഭിനന്ദിക്കുന്നു. എനിക്കിത് അത്ര വലിയ കാര്യമായി തോന്നുന്നില്ല. ഞാന്‍ ചെയ്തത് എന്റെ ഡ്യൂട്ടിയല്ലേ....' പവിത്രന്‍ പറഞ്ഞു നിര്‍ത്തി.


Next Story

Related Stories