TopTop
Begin typing your search above and press return to search.

വെള്ളപ്പൊക്കം അതിജീവിക്കാൻ പിവിസി പൈപ്പിൽ ഒരു ബോട്ട്, പുതിയ രക്ഷാമാർഗവുമായി റഫീഖ്

വെള്ളപ്പൊക്കം അതിജീവിക്കാൻ പിവിസി പൈപ്പിൽ ഒരു ബോട്ട്, പുതിയ രക്ഷാമാർഗവുമായി റഫീഖ്

ഇനിയൊരു പ്രളയം വരികയാണെങ്കില്‍ എങ്ങനെ നേരിടുമെന്ന ചിന്തയാണ് റഫീഖിന്റെ കണ്ടുപിടിത്തതിന് ഹേതുവായത്....

കഴിഞ്ഞ രണ്ട് തവണയുണ്ടായ പ്രളയങ്ങളും തന്റെ വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചപ്പോള്‍ ഇനിയൊരു പ്രളയം വരികയാണെങ്കില്‍ എങ്ങനെ നേരിടുമെന്ന ചിന്തയാണ് അരീക്കോട് കീഴ്പറമ്പിലെ ഓത്തുപളളിപ്പുറായയിലെ മനന്തല മഠത്തില്‍ റഫീഖ് ബാബുവിനെ പി.വി.സി പൈപ്പും ടയറിന്റെ ട്യൂബും ഉപയോഗിച്ച് ഒരു പൈപ്പ് ബോട്ട് എന്ന ആശയത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ തവണയുണ്ടായ പ്രളയത്തില്‍ വീട്ടിലുണ്ടായിരുന്ന, ചെടികള്‍ നനക്കുന്ന പൈപ്പ് വെള്ളത്തില്‍ ഒലിച്ച് പോകുന്നത് കണ്‍മുന്നില്‍ കണ്ടത് തന്റെ ആശയത്തിന് കൂടുതല്‍ പ്രചോദനമാവുകയും ചെയ്തു എന്ന് റഫീഖ് ബാബു പറയുന്നു.

''പ്രളയം ബാധിത പ്രദേശമാണ് ഞങ്ങളുടെ ഏരിയ. ആദ്യ തവണ പ്രളയമുണ്ടായ സമയത്ത് എന്റെ വീട് പകുതി മുങ്ങിപ്പോയി. രണ്ടാമത്തെ തവണ വീട് ഏകദേശം പൂര്‍ണമായും മുങ്ങിയിരുന്നു. അപ്പോള്‍ വീട്ടുപകരണങ്ങളും മറ്റും നഷ്ടടപ്പെട്ടു. ഇനിയൊരു പ്രളയം വരികയാണെങ്കില്‍ എങ്ങനെ നേരിടുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഒരാശയം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെയാണ് പൈപ്പ് ഉപയോഗിച്ച് ബോട്ടുണ്ടാക്കിയത്.

ട്യൂബ് പൊങ്ങി കിടക്കുന്നതാണ് അത് പോലെ പൈപ്പും പൊങ്ങി കിടക്കും. അതിനാല്‍ അതുപയോഗിച്ച് എന്തെങ്കിലും ഒന്നുണ്ടാക്കാമെന്ന് തോന്നി.. '' - റഫീഖ് പഞ്ഞു.

തോണിക്കും ബോട്ടിനും എല്ലാമുള്ള അപകട സാധ്യത ഇതിനുമുണ്ട്. തോണിയുടെ ഒരു ഭാഗം താഴ്ന്നാല്‍ അത് മറിയാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുങ്ങിപോകില്ല. താന്‍ ഉണ്ടാക്കിയ പൈപ്പ് ബോട്ടും ഒരു ഭാഗം മുങ്ങിയാൽ മറിയും. എന്നാല്‍, ഇപ്പോള്‍ ഉണ്ടാക്കിയ ബോട്ടില്‍ രണ്ടാള്‍ക്ക് ആയാസത്തോടെ ഒരു പേടിയും കൂടാതെ സഞ്ചാരിക്കാനാവും. അധിക ഭാരം ഏതില്‍ കയറ്റിയാലും അത് മറിയുമല്ലോ, അതു പോലെ തന്റെ ബോട്ടിനും പരിമിതികളുണ്ടെന്നാണ് നാട്ടിലെ കുരിയര്‍ കമ്പനിയില്‍ ഡ്രൈവറായ ബാബു പറയുന്നത്.

എന്നാല്‍, തന്റെ പി.വി.സി ബോട്ടിന് തോണിയുടേതിനേക്കാളും മറ്റു ബോട്ടുകളേക്കാളും ചില മേന്മകളുമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

യാത്രക്കാരന് സുരക്ഷിതമായി ഇരിക്കാമെന്നതും വെള്ളം നിറയുന്ന പ്രശ്‌നമില്ല എന്നതുമാണ് തന്റെ ബോട്ടിന്റെ പ്രത്യേകത എന്നും അദ്ദേഹം പറയുന്നു. ബോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പൈപ്പിനുള്ളിലേക്ക് വെള്ളം കയറുമെന്ന ഭയവുമില്ല. ബോട്ടിലെ പൈപ്പുകള്‍ മുഴുവന്‍ ഊരി എടുത്ത് രണ്ടാമത് എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.

തന്റെ ബോട്ട് ഒരു പ്രദേശത്ത് നിന്ന് കുറച്ച് ദൂരത്തേക്ക് കൊണ്ടു പോവണം എന്നുണ്ടെങ്കില്‍ അവ അഴിച്ചു മാറ്റി ഭാഗങ്ങളാക്കി വണ്ടിയില്‍ കയറ്റി കൊണ്ടു പോയി പത്ത് മിനിറ്റ് കൊണ്ട് വീണ്ടും ഫിറ്റ് ചെയ്യാന്‍ സാധിക്കും. ബോട്ടിന്റെ രണ്ടു വശങ്ങളിലായി ലൂസായി കിടക്കുന്ന രൂപത്തില്‍ ഓരോ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതാണ് ബോട്ടിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത്. ആ രണ്ട് പി.വി.സി പൈപ്പില്ലാതെയും ഈ ബോട്ട് ചലിക്കും. ഒരു ഭാഗത്തേക്ക് ചെറിയ തോതില്‍ ചെരിഞ്ഞ് കഴിഞ്ഞാല്‍, മറു ഭാഗത്തുള്ള ഈ പൈപ്പാണ് ബോട്ടിനെ ബാലന്‍സ് ചെയ്ത് നിര്‍ത്തുക. അതിനാല്‍ ബോട്ട് ഒറ്റയടിക്ക് താഴുകയില്ലെന്നും അദ്ദേഹം പറയുന്നു.

രണ്ട് ട്യൂബും ഏഴ് പി.വി.സി പൈപ്പുകളും ഉപയോഗിച്ചാണ് രണ്ട് പേര്‍ക്ക് സുഗമായി സഞ്ചാരിക്കാനുതകുന്ന ഈ പൈപ്പ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ട് രണ്ട് പങ്കായങ്ങളുടെ സഹായത്തോടെയാണ് ചലിപ്പിക്കാനാവുക. എന്നാല്‍, ഇതില്‍ എഞ്ചിന്‍ ഘടിപ്പിച്ചും യാത്ര ചെയ്യാനാവും. ചിലവ് അല്‍പം കൂടുമെന്ന് മാത്രം. നിലവിലുള്ള ബോട്ടിന്റെ നിര്‍മ്മാണ ചെലവ് 7500 രൂപയാണ്.

ട്യൂബും പിവിസി പൈപ്പുകളും കൂടുതല്‍ ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്ക് സഞ്ചാരിക്കാവുന്ന തരത്തിലും തന്റെ ബോട്ട് നിര്‍മ്മിക്കാമെന്ന് റഫീഖ് പറയുന്നു. തന്റെ സമീപ പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലായത് പഞ്ചായത്ത് പ്രസിഡന്റ് വി റൈഹാന ബേബിയെ കാണിച്ച് കൊടുക്കാന്‍,അവരേയും കൊണ്ട് തന്റെ പൈപ്പ് ബോട്ടിലാണ് സഞ്ചരിച്ചതെന്നും റഫീഖ് പറഞ്ഞു.



Next Story

Related Stories