TopTop

ഉയരേ പറക്കാന്‍ ആദ്യത്തെ ട്രാന്‍സ്മെന്‍ പൈലറ്റ്; പുറത്താക്കലുകളെ കുറിച്ചുമാത്രമല്ല ആദം ഹാരിക്ക് പറയാനുള്ളത്

'ഒരു മനുഷ്യന് മുന്നോട്ട് പോവാന്‍ സമൂഹവും, കുടുംബവും, കൂട്ടുകാരുമെല്ലാമാണ് വേണ്ടത്. എന്നാല്‍ ഈ ഇടങ്ങളില്‍ നിന്നെല്ലാം പുറന്തള്ളപ്പെട്ടയാളാണ് ഞാന്‍.' ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പൈലറ്റ് ആദം ഹാരി പറയുന്നു. പട്ടങ്ങളോടും വിമാനങ്ങളോടും ചെറുപ്പത്തിലെ തോന്നിയ 'ക്രഷ്', പ്രതിസന്ധികള്‍ക്ക് മുന്നിലും ആ ഇഷ്ടം ആദം കൈവിട്ടില്ല. ആ ഇഷ്ടം ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പൈലറ്റ് എന്ന നേട്ടം ആദത്തിന് നേടികൊടുത്തു. ഇപ്പോള്‍ ആദത്തിന്റെ ചിറകിന് ശക്തി പകരാന്‍ കേരള സര്‍ക്കാരും ഒപ്പമുണ്ട്. സ്വകാര്യ വൈമാനിക പരിശീലന കോഴ്‌സ് കഴിഞ്ഞ ആദത്തിന്റെ വാണിജ്യ വൈമാനിക പരിശീലനത്തിനുവേണ്ട മുഴുവന്‍ തുകയും ഇനി കേരള സര്‍ക്കാര്‍ വഹിക്കും. ആദം ഇവിടെ വരെ എത്തിയത് അത്ര എളുപ്പത്തിലൊന്നുമല്ല. താന്‍ വന്ന വഴികളെക്കുറിച്ച് ആദം അഴിമുഖത്തോട് സംസാരിക്കുന്നു.

'ശരീരവും മനസ്സും മാച്ചാവാത്ത ഒരു അവസ്ഥവരുമ്പോഴുണ്ടാകുന്ന ഒരു വിഷാദത്തിലായിരുന്നു ഞാന്‍. അപ്പോഴും എന്റെ സ്വപ്നങ്ങളൊന്നും തന്നെ ഞാന്‍ മാറ്റി വെച്ചില്ല. അതെല്ലൊം ഒപ്പം കൊണ്ടു പോവുകയായിരുന്നു.' ആദം പറഞ്ഞു തുടങ്ങി...'ചെറുപ്പം മുതലേ മറ്റുകുട്ടികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരാളായിരുന്നു ഞാന്‍. ആണ്‍കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളായിരുന്നു ഞാന്‍ ചെയ്തിരുന്നത്. കളികളായാലും, കളിപ്പാട്ടങ്ങളായാലും, വസ്ത്രങ്ങളായാലും ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളവയാണ് ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. വിമാനങ്ങളോടും പട്ടങ്ങളോടുമുള്ള 'ക്രഷ്' ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഒരു കൗമാര കാലഘട്ടത്തിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ വന്നു തുടങ്ങിയത്. സാധാരണ ഒരു കുട്ടിക്കുണ്ടാവുന്ന മനോഭാവമായിരുന്നില്ല എന്റെ. വീട്ടുകാര്‍ അത് ശ്രദ്ധിക്കാനും തുടങ്ങി.

കൗമാര കാലത്ത് എന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എനിക്ക് ഒട്ടും സ്വീകരിക്കാന്‍ കഴിയാതെയായി. ഞാന്‍ എന്താണ് ഇങ്ങനെ എന്ന ഒരു ചോദ്യമായിരുന്നു എന്റെ ഉള്ളില്‍. എനിക്ക് പെണ്‍കുട്ടികളോടായിരുന്നു ആകര്‍ഷണം തോന്നിയിരുന്നത്. അതുകൊണ്ടൊക്കെ തന്നെ എന്നോട് ഞാന്‍ തന്നെ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്താണ് ഇങ്ങനെ എന്ന്. പിന്നീട് 2014ല്‍ ആയിരുന്നു നാല്‍സ ജഡ്ജ്‌മെന്റിന്റെ വാര്‍ത്തകളൊക്കെ കാണുന്നത്, അത് വായിക്കുന്ന കൂട്ടത്തിലാണ് ട്രാന്‍സ്ജെന്റേഴ്സിനെക്കുറിച്ച് ലേഖനം വായിക്കുന്നത്. അങ്ങനെയാണ് എന്നെ പോലെയുള്ള മറ്റ് ആളുകളെ കുറിച്ച് ഞാന്‍ അറിയുന്നത്. അപ്പോഴാണ് എന്റെ സ്വത്വം എന്താണ് എന്ന് ഞാന്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞത്.എല്ലാവരും സന്തോഷിച്ച്, സൗഹൃദങ്ങള്‍ പങ്കുവെച്ച്, പ്രണയിച്ചു നടക്കുന്ന സമയമാണ് സ്‌കൂള്‍ കാലഘട്ടം. എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിഷാദമനുഭവിച്ച സമയമായിരുന്നു അത്. കളിയാക്കലുകളും, സമ്മര്‍ദ്ദങ്ങളുമെല്ലാം എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് എന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ്. കുട്ടികള്‍ക്കൊന്നും ഇതിനെക്കുറിച്ച് അറിവില്ല. സിനിമയിലായാലും പൊതു ഇടങ്ങളിലായാലും ട്രാന്‍സ്ജെന്റെറായ വ്യക്തികളെ കളിയാക്കുന്നതാണ് പൊതുവില്‍ കാണാറുള്ളത്. അതിനൊരു മാറ്റം വരണമെന്നുണ്ടെങ്കില്‍ നമ്മുടെ സ്‌കൂളുകളിലെ പഠ്യവിഷയങ്ങളില്‍ 'ജെന്‍ഡര്‍ സ്റ്റഡീസ്' കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

ഞാന്‍ എന്റെ പൈലറ്റ് ട്രെയ്നിങ് ചെയ്തത് ജോഹന്നാസ്ബര്‍ഗിലാണ്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു എന്ത് പഠിക്കണമെന്ന്. അതിന്റെ ഭാഗമായി പ്ലസ്ടു സമയത്ത് തന്നെ അക്കാഡമികളെല്ലാം നോക്കി വെച്ചിരുന്നു. ഒരുപാട് പേരോട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ചു. അങ്ങനെ ഞാന്‍ പൈലറ്റ് ട്രെയ്നിങിനായി തയ്യാറെടുത്ത് ഇരിക്കുകയായിരുന്നു. വളരെ യാഥാസ്ഥിതികരായ ഒരു കുടുംബമായിരുന്നു എന്റെത്. അങ്ങനെയുള്ള ഒരു കുടുംബത്തില്‍ നിന്നും ഒരു കുട്ടിയെ ഇത്രയും ദൂരത്തേക്ക് പഠിക്കാന്‍ പറഞ്ഞയയ്ക്കുക, അത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നിട്ടും എന്റെ മാതാപിതാക്കള്‍ ആ ഒരു സ്വപ്നത്തിന് എന്റെ കൂടെ നിന്നു. അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് എന്റെ ജെന്‍ഡര്‍ ഐഡന്റ്റ്റി മാത്രമായിരുന്നു. ഒരു സാധാരണ കുടുംബമായിരുന്നു എന്റെത്. എന്റെ വീട്ടുകാര്‍ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കാന്‍ വിട്ടതെല്ലാം. മാത്രമല്ല, അങ്ങോട്ടുപോയാല്‍ എന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും, ഞാന്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കും എന്നെല്ലാം ഉറപ്പ് വാങ്ങിച്ചാണ് എന്നെ അങ്ങോട്ട് വിടുന്നത്. പോകുന്നതിനു മുന്‍പ് തന്നെ ഒരുപാട് കൗണ്‍സിലിങിനും മറ്റും എന്നെ കൊണ്ടുപോയിരുന്നു. തെറ്റായ പല ചികിത്സകളുമാണ് സൈക്ക്യാട്രിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നത്. അതില്‍ നിന്നും എനിക്കു മനസിലായത് കേരളത്തിലെ ഒട്ടുമിക്ക സൈക്ക്യാട്രിസ്റ്റുകള്‍ക്കും ജെന്‍ഡര്‍ ഐഡന്റിറ്റിയെ പറ്റിയോ സെക്ഷ്വാലിറ്റിയെ പറ്റിയൊ വലിയൊരു ധാരണയില്ല എന്നാണ്.

എന്റെ ജെന്‍ഡര്‍ എന്താണെന്ന് കാണിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച ഒരിടം കൂടിയായിരുന്നു എനിക്ക് ജോഹന്നാസ് ബര്‍ഗ്. അവിടെ എല്ലാവരും തന്നെ എന്നെ ഞാനായി അംഗീകരിച്ചിരുന്നു. അവിടെ ആണെന്നോ, പെണ്ണേന്നോ, ട്രാന്‍സ്ജെന്‍ഡര്‍ എന്നോ ഉള്ള വ്യത്യാസമൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാവരേയും തുല്യരായെ കണ്ടിരുന്നുള്ളൂ. അവിടെ എത്തി പൈലറ്റ് ട്രെയ്നിങ് ചെയ്യുന്ന സമയത്തെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ എന്റെ ഐഡന്‍റിറ്റി വെളിപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു. മുടി മുറിച്ചിട്ടുള്ള ഫോട്ടോസ് ഫേസ്ബുക്കിലും മറ്റും ഇടാന്‍ തുടങ്ങി. അത് കണ്ട് നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ പോയി പറയാനും അവരെ കുറ്റംപറയാനുമെല്ലാം തുടങ്ങി. അതോടെ ഇനി ഫീസ് അയച്ചു തരില്ല എന്നും അവിടെ നിന്ന് പഠിക്കേണ്ട എന്നും വീട്ടില്‍ നിന്നും പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലതും ഉണ്ടായിരുന്നു. എന്നാല്‍ അത് മാത്രമല്ല, എന്റെ ജെന്‍ഡറും അവര്‍ക്ക് വലിയൊരു പ്രശ്നമായി. എന്റെ പഠിത്തം പകുതി വെച്ച് നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്. ആസമയത്തെല്ലാം ഞാന്‍ പാര്‍ടൈമായി ജോലി ചെയ്തു. താമസ സ്ഥലം മാറ്റി. അവിടമൊന്നും ഒട്ടും സുരക്ഷിതമായിരുന്നില്ല. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയാണ് പ്രൈവറ്റ് പൈലറ്റ് കോഴ്സ് പൂര്‍ത്തിയാക്കുന്നത്.

കോഴ്സ് പൂര്‍ത്തിയാക്കി വീട്ടിലേക്കു തിരിച്ചു വരുന്ന സമയം ശരിക്കും പറഞ്ഞാല്‍ എനിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം പുറത്തൊന്നും ഇറങ്ങാന്‍ കഴിയാതെ ഞാന്‍ വീടിനകത്തു തന്നെയായിരുന്നു. ആ സമയത്ത് മാനസികമായും ശാരീരികമായും എനിക്ക് പീഡനങ്ങള്‍ നേരിടേണ്ടി വന്നു. ഒരുപാടായപ്പോള്‍ ഇനിയും വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ 19-ാം വയസില്‍ ഞാന്‍ വീടുവിട്ടിറങ്ങി.


ഉമ്മാടെ കൈയില്‍ നിന്നും ചെറിയൊരു പൈസ വാങ്ങിച്ചിട്ടാണ് ഞാന്‍ വീട്ടില്‍ നിന്നും എറണാകുളത്തേക്ക് പോകുന്നത്. അവിടെയെനിക്ക് താമസിക്കാനൊന്നും സ്ഥലമുണ്ടായിരുന്നില്ല. ഒരു ഏവിയേഷന്‍ അക്കാദമിയില്‍ ജോലി കിട്ടിയിരുന്നു എങ്കിലും അവിടെ പോകുമ്പോള്‍ മാറിയിടാന്‍ എന്റെ കൈയില്‍ വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ജ്യൂസ് കടയിലും ചെറിയ ചെറിയ സ്റ്റാളുകളിലുമെല്ലാം ജോലി ചെയ്തു. പിന്നീട് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി പോയെങ്കിലും ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്നു പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് ശമ്പളം പോലും തരാത്ത ഒരു അവസ്ഥയുണ്ടായി. ജെന്‍ഡര്‍ ഐഡന്റിറ്റി എവിടെയൊക്കെ തുറന്നു പറയുന്നുവോ അവിടെ നിന്നെല്ലാം പുറത്താക്കപ്പെടുകയായിരുന്നു. ഏവിയേഷന്‍ അക്കാദമികളില്‍ മാറി മാറി ജോലി ചെയ്തു. അവസാനം ജോലി ചെയ്ത സ്ഥലത്ത് ഇത്രയൊക്കെ ക്ലാസ് എടുത്തുകൊടുത്തിട്ടും 3 ദിവസത്തിന് 500 രൂപയാണ് എനിക്കു തന്നിട്ടുള്ളത്. അത് ഭക്ഷണം കഴിക്കാന്‍ മാത്രമെ തികയുകയുള്ളൂ. പിന്നീട് എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞ് എന്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടി നയന എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോഴും എന്തെങ്കിലും കാര്യത്തിന് തൃശ്ശൂരു പോകുമ്പോള്‍ ഞാന്‍ ആ വീട്ടിലേക്കാണ് പോകാറുള്ളത്. സമൂഹത്തില്‍ ചിലരെങ്കിലും നമ്മളെ മനസിലാക്കുന്നുണ്ട് എന്നതിന് തെളിവാണ് അത്.

നയനയുടെ വീട്ടില്‍ നിന്നുകൊണ്ട് തന്നെ ഞാന്‍ ചെറിയ ചെറിയ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. ഞാന്‍ ഒരു പ്രതീക്ഷയുമില്ലാതെ നില്‍ക്കുന്ന സമയത്താണ് ശിശുക്ഷേമ വകുപ്പിലെ മീന മാഡത്തിന്റെ ഫോണ്‍കോള്‍ വരുന്നത്. സാമൂഹ്യനീതി വകുപ്പില്‍ പോയി ബിജു പ്രഭാകര്‍ സാറെ കാണാന്‍ മാഡം പറഞ്ഞു. അവിടെ പോയപ്പോള്‍ പോലും വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ചെറുതായിട്ടെന്തെങ്കിലും സ്വയം തൊഴില്‍ പദ്ധതിയ്ക്കപേക്ഷിക്കണം എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇത്രയും വലിയൊരു തുക സര്‍ക്കാര്‍ നല്‍കും എന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ അവിടെയെത്തി സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ചെറിയ പ്രതീക്ഷ വന്നു. അക്കാദമികളിലെല്ലാം ചെന്ന് എനിക്ക് അഡ്മിഷന്‍ തരാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ചോദിച്ചപ്പോള്‍ ട്രാന്‍സ്ജെന്റെര്‍ ആണെന്ന കാരണം കൊണ്ട് പല അക്കാദമികളും അഡ്മിഷന്‍ തന്നില്ല. പിന്നീട് സാറു തന്നെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചു. അങ്ങനെ അഡ്മിഷന്‍ തരാം എന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂഷനായതിനാല്‍ തന്നെ ഗവണ്‍മെന്റ് ഫീസ് നല്‍കുകയാണെങ്കില്‍ എന്തെങ്കിലും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു നിമിത്തം പോലെയാണ് അവിടെ ഇതിനു മുന്‍പ് സ്‌കോളര്‍ഷിപ്പില്‍ പഠിച്ച ഒരു കുട്ടിയുടെ അച്ഛനെ കാണുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആ കുട്ടിക്ക് 25 ലക്ഷത്തോളം രൂപ സ്‌കോളര്‍ഷിപ് നല്‍കിയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. മുന്‍പും എസ് സി, എസ് ടി കാറ്റഗറിയിലെ കുട്ടികള്‍ക്ക് പൈലറ്റ് ട്രെയ്നിങ്ങിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെയാണ് ഞാനും അപേക്ഷിക്കുന്നത്. അതിനു വേണ്ടി ഞങ്ങള്‍ ഒരുപാട് നടന്നു. ഒരു നാലഞ്ച് മാസത്തോളം സെക്രട്ടേറിയേറ്റിലെല്ലാം പോയി. അങ്ങനെ ഇപ്പോള്‍ എന്റെ സ്വപ്നത്തിലേക്കുള്ള ഒരു പടികൂടി കയറിയിരിക്കുന്നു.

ഇത്രയും പറഞ്ഞുനിര്‍ത്തുമ്പോള്‍ ആദത്തിന്റെ മനസില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഠിക്കണം...പറക്കണം....ഇനിയും ഉയരെ ഉയരെ..Next Story

Related Stories