TopTop
Begin typing your search above and press return to search.

അജ്ന മഹറായി ചോദിച്ചത് മാധവിക്കുട്ടിയുടെയും ബെന്യാമിന്റെയും അടക്കം 85ഓളം പുസ്തകങ്ങള്‍, ലിസ്റ്റ് നൂറാക്കി ഇജാസ്

അജ്ന മഹറായി ചോദിച്ചത് മാധവിക്കുട്ടിയുടെയും ബെന്യാമിന്റെയും അടക്കം 85ഓളം പുസ്തകങ്ങള്‍, ലിസ്റ്റ് നൂറാക്കി ഇജാസ്

നമുക്കിടയില്‍ തന്നെ മഹര്‍ പെണ്‍കുട്ടികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ആര്‍ക്കും അറിയില്ല. ക്ലാസിലൊക്കെ വരുമ്ബോള്‍ എല്ലാരും അങ്ങനെ ഒന്നുണ്ടോ എന്നാണ് ചോദിക്കുന്നത്. പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളത് മഹറായി ചോദിച്ചു വാങ്ങണം എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ വൈറലാണ് മഹറായി നൂറ് പുസ്തകങ്ങള്‍ ചോദിക്കുകയും, അത് നല്‍കുകയും ചെയ്ത ദമ്ബതിമാര്‍. അജ്‌ന പുസ്തകം ചോദിച്ചത് വായിക്കാനുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല. മഹര്‍ തന്റെ അവകാശമാണെന്നും അത് ചോദിച്ചു വാങ്ങേണ്ടത് തന്നെയാണെന്നുമുള്ള ബോധ്യം കൊണ്ടും കൂടിയാണ് പുസ്തകം ചോദിച്ചത് ഇതുവരെ ഒരു നഷ്ടമായിട്ട് തോന്നിയിട്ടില്ല എന്ന് അഭിമാനത്തോടെ അജ്‌ന പറയുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും ഒരു ആഗ്രഹം, സ്വകാര്യതയായിരുന്നു അത്. ഈ വിഷയം ഇങ്ങനെ വൈറലാകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല. ഞാന്‍ ഇട്ടൊരു പോസ്റ്റ് അത് ആളുകളിലേക്ക് എത്തുകയും പെട്ടന്ന് അത് വൈറലാവുകയുമായിരുന്നു. ഇജാസ് പറയുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടുകൂടി കിളിപോയ അവസ്ഥയിലാണെന്നാണ് രണ്ടുപേരും പറയുന്നത്.

വിവാഹത്തിനു വേണ്ടി മുസ്ലിങ്ങള്‍ക്കിടയില്‍ വരന്‍ വധുവിന് നല്‍കാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹര്‍. സാധാരണയായി സ്വര്‍ണ്ണമാണ് നല്‍കിപ്പോരുന്നത്. എന്നാല്‍ ഇവിടെ ആ വാര്‍പ്പുമാതൃക അജ്‌നയും ഇജാസും പൊളിച്ചടുക്കിയിരിക്കയാണ്. ഡിസംബര്‍ 29 നായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മഹറിന്റെ കാര്യം ഇജാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. വധുവിന് ഇഷ്ടമുള്ളത് മഹറായി നല്‍കണം എന്നാണ്. എന്നാല്‍ അതിനെക്കുറിച്ച്‌ ഇന്നാര്‍ക്കും വലിയൊരു ധാരണ ഇല്ല. മഹറെന്നാല്‍ സ്വര്‍ണ്ണം നല്‍കുക എന്ന് മാത്രമായി മാറിയിരിക്കുന്നു. അതിനൊരു മാറ്റം കൊണ്ടുവരണം എന്നു കൂടി ഇവര്‍ ഇരുവരും ആഗ്രഹിക്കുന്നു. വധുവിന് ഇഷ്ടമുള്ളതാണ് നല്‍കുക എന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഈ പോസ്റ്റ് വയറലായതിലൂടെ ആ ഒരു സന്ദേശം ആളുകളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇജാസ് പറഞ്ഞു.

കല്യാണത്തിന് എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യണം എന്നും നിലവിലുള്ള സ്റ്റീരിയോ ടൈപ്പ് മാറ്റണമെന്നും ഇരുവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. അറേജ്ഡ് മാരേജ് ആയിരുന്നു ഇവരുടെത്. കുടുംബങ്ങള്‍ പരസ്പരം അറിയുമായിരുന്നു. പരസ്പരം കണ്ടു സംസാരിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു. പിന്നീടുള്ള സംസാരങ്ങളിലാണ് മഹറിനെക്കുറിച്ചും, മഹറായി പുസ്തകങ്ങള്‍ മതി എന്നെല്ലാമൊക്കെ പറഞ്ഞത്. ഇജാസ് പറഞ്ഞു.

നല്ല വായനക്കാരിയാണ് അജ്‌ന. അതു കൊണ്ട് തന്നെ മഹറായി എന്ത് വേണം എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല എന്നാണ് അജ്‌ന പറയുന്നത്. പുസ്തകം ചോദിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല, നമുക്കിഷ്ടമുള്ളത്, അല്ലെങ്കില്‍ നമ്മള്‍ മൂല്യം കല്‍പ്പിക്കുന്നതൊക്കെയാണ് മഹറായിട്ട് വേണമെന്ന് ആഗ്രഹമുണ്ടാവുക. എന്നെ സംബന്ധിച്ച്‌ പുസ്തകങ്ങള്‍ക്കാണ് ഏറ്റവും മൂല്യമുള്ളത്. അപ്പോ എന്താണ് വേണ്ടത് എന്ന് ചേദിച്ചപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ മതി എന്ന് പറയുകയായിരുന്നു. പുസ്തകങ്ങള്‍ വേണമെന്നു തീരുമാനിക്കാനുള്ള കാരണത്തെക്കുറിച്ച്‌ അജ്‌ന പറയുന്നു.

എണ്‍പത്, എണ്‍പത്തഞ്ചോളം പുസ്തകങ്ങളുടെ ലിസ്റ്റാണ് അജ്‌ന ഇജാസിന് നല്‍കിയത്. അതില്‍ കുറച്ചെണ്ണം കൂടി ചേര്‍ത്ത് ഇജാസ് നൂറെണ്ണമാക്കി. ലിസ്റ്റിലുള്ള ചിലതെല്ലാം ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങള്‍ തന്നെയായിരുന്നു. ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും നമുക്ക് ഒന്നുകൂടി വായിക്കാന്‍ തോന്നുമല്ലോ..ബാക്കി പലതും വായിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ളവയാണ്. ബെന്യാമിന്റെ, ടി ഡി രാമകൃഷ്ണന്റെ, മാധവിക്കുട്ടിയുടെ അങ്ങനെ ചിലരുടെ പുസ്തകങ്ങളെല്ലാം പ്രത്യേകം വേണമെന്ന് തോന്നിയിരുന്നതാണ്. ദ ബുക്ക് തീഫ, മില്‍ക്ക മാന്‍, ശരീരശാസ്ത്രം, സമുദ്രശില, ദ ലാസ്റ്റ് ലക്ച്ചര്‍ എന്നിങ്ങനെ ഇഷ്ടപ്പെട്ട, വായിക്കണമെന്ന് തോന്നിയിട്ടുള്ള ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു ആ ലിസ്റ്റില്‍.അജ്‌ന പറഞ്ഞു.

അജ്‌നയുടെ അമ്മ നന്നായി വായിക്കുന്ന കൂട്ടത്തിലാണ്. അതു തന്നെയാണ് അജ്‌നയ്ക്ക് പുസ്‌കങ്ങളോടും, വായനയോടുമെല്ലാം താല്‍പര്യം വരാന്‍ കാരണവും. ചെറുപ്പത്തില്‍ തന്നെ പിറന്നാള്‍ സമ്മാനമായി അമ്മ പുസ്തകങ്ങളാണ് തന്നിരുന്നതെന്നാണ് അജ്‌ന പറയുന്നത്. ആദ്യമായി വായിച്ച പുസ്തകം ടോട്ടോച്ചാനാണ്. ആ പുസ്തകം തന്നെയാണ് അജ്‌നയെ വായനയിലേക്ക് അടുപ്പിച്ചതും. ഖാലിദ് ഹുസൈനാണ് അജ്‌നയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഇഷ്ടുപ്പെട്ടത് കൈറ്റ് റണ്ണറും.

മഹറായി ലഭിച്ച പുസ്തകങ്ങളും അല്ലാതെ കൈയില്‍ ഉണ്ടായിരുന്നതുമെല്ലാം ചേര്‍ത്ത് വീട്ടില്‍ ഒരു ചെറിയ ലൈബ്രറി ഉണ്ടാക്കിയിട്ടുണ്ട് അജ്‌ന. ഇപ്പോള്‍ ബിഎഡിന് പഠിക്കുകയാണ് അജ്‌ന. കെമിസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട് അജ്‌നയ്ക്ക്. സിവില്‍ എഞ്ചിനീയറായ ഇജാസ് തിരുവനന്തപുരം മടവൂരിലെ ഗ്രാമപഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്.


Next Story

Related Stories