TopTop

അര കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കില്‍ ഈ ഹോട്ടലില്‍ നിന്ന് കുശാലായി ഭക്ഷണം കഴിക്കാം

ഒരു കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യവുമായെത്തിയാല്‍ നല്ല ഒന്നാന്തരം ഭക്ഷണം കഴിക്കാം. അര കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണെങ്കില്‍ കനത്തിലൊരു പ്രാതല്‍ ലഭിക്കും. മാലിന്യ നിര്‍മാര്‍ജനത്തോടൊപ്പം സാധുക്കള്‍ക്ക് അന്നംകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യത്തെ 'ഗാര്‍ബേജ് കഫേ' തുറന്നിരിക്കുകയാണ് ഛത്തീസ്ഗഡിലെ അംബികാപൂര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമെന്ന പദവി നേടിയ അംബികാപൂര്‍ 'പ്ലാസ്റ്റിക് വിമുക്ത' രാജ്യത്തിന് മുന്‍കൈയെടുക്കുകയാണ്. മേയര്‍ അജയ് ടിര്‍ക്കിയാണ് ബജറ്റ് അവതരണ വേളയില്‍ ഗാര്‍ബേജ് കഫേ പ്രഖ്യാപിച്ചത്. സ്വച്ഛ് ഭാരതുമായി ബന്ധപ്പെടുത്തിയാണ് കഫേ തുടങ്ങുന്നത്. പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.

ആളുകള്‍ക്ക് അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൂക്കിനോക്കാനും പകരം ഊഷ്മള ഭക്ഷണം ആസ്വദിക്കാനും കഴിയും എന്നതാണ് ഈ കഫേയുടെ ആശയം. സിറ്റിയിലെ പ്രധാന ബസ് സ്റ്റാന്‍ഡിലാണ് കഫേ പ്രവര്‍ത്തിക്കുന്നത്. കഫേയ്ക്കു പുറമെ അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്കു അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാനും സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ പദ്ധതിയിടുന്നുണ്ട്.

കഫേയെ കുറിച്ച് അറിഞ്ഞപ്പോള്‍തന്നെ ജനങ്ങള്‍ വീട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാന്‍ തുടങ്ങി. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമായി നിലനിര്‍ത്താന്‍ പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുള്ള മികച്ച സംരംഭമാണിത്. പലരും ഇതിനകംതന്നെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

മാലിന്യ നിര്‍മാര്‍ജനത്തിനായി നിരന്തരം ഇടപെടലുകള്‍ നടത്തുന്ന മുനിസിപ്പല്‍ കോര്‍പറേഷനാണ് അംബികാപുര്‍. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ റോഡ് നിര്‍മിച്ചതും ഇതേ കോര്‍പറേഷനാണ്.


Next Story

Related Stories