TopTop
Begin typing your search above and press return to search.

അസ്ഥിയുരുക്കുന്ന വേദന കടിച്ചമർത്തി അവൾ ആ പൊയ്ക്കാലുകൾ ചിറകുകളാക്കി, നര്‍ത്തകി എന്ന നിലയില്‍ ഒരു ബിബിസി അവതാരകയുടെ അസാധാരണ ജീവിതം

അസ്ഥിയുരുക്കുന്ന വേദന കടിച്ചമർത്തി അവൾ ആ പൊയ്ക്കാലുകൾ ചിറകുകളാക്കി, നര്‍ത്തകി എന്ന നിലയില്‍ ഒരു ബിബിസി അവതാരകയുടെ അസാധാരണ ജീവിതം

"നർത്തകിമാർക്ക് രണ്ടു കയ്യും രണ്ടു കാലും വേണമെന്നാണ് ഞാൻ ധരിച്ചിരുന്നത്" പറയുന്നത് മറ്റാരുമല്ല പൊയ്ക്കാലുകൾകൊണ്ടു വേദികൾ കീഴടക്കുകയും ബി ബി സി യുടെ പ്രെസെന്ററും മൂവി മേക്കറും എഴുത്തുകാരിയുമൊക്കെയായി ജീവിതത്തെ വളരെ ധീരമായി നേരിടുകയും ചെയ്യുന്ന കാത്ലീൻ ഹോക്കിൻസ് എന്ന കെയ്റ്റ് ഹോക്കിൻസ്. ഏതെങ്കിലും ഒരു അവയവത്തിനു ബലഹീനത സംഭവിച്ചാൽ ജീവിതം നഷ്ടപ്പെട്ടു എന്ന് പരിതപിച്ചിരിക്കുകയും മറ്റുള്ളവർക്ക് ഭാരമായി വിധിയെ പഴിച്ചും ശപിച്ചും കഴിയുന്നവർക്കിടയിൽ ആഗ്രഹിക്കുന്ന മേഖലകളെല്ലാം കൈപ്പിടിയിലൊതുക്കി നിറഞ്ഞ ചിരിയുമായി കെയ്റ്റ് നിൽക്കുന്നു. ജീവനേക്കാളേറെ സ്നേഹിച്ച നൃത്തകലയെ അന്യമാക്കാൻ പോന്ന ആ മഹാരോഗം ബാധിച്ചതിനെക്കുറിച്ചും തിരിച്ചു വിധിയെ തോൽപ്പിച്ചു മറുകര നീന്തിക്കയറിയതിനെക്കുറിച്ചും കെയ്റ്റ് മനസ്സ് തുറക്കുന്നു. എല്ലാം തികഞ്ഞ നമുക്കു മുന്നിൽ പഠിച്ചാലും തീരാത്ത ഒരു പാഠപുസ്തകമായി കെയ്റ്റിന്റെ ജീവിതം. 1988 ൽ നോട്ടിങ്ഹാംഷെയറിലെ റെറ്റ്ഫോർഡിലാണ് കാത്ലീൻ ഹോക്കിൻസ് ജനിച്ചത്. കുഞ്ഞുന്നാൾ മുതൽ വെറുതെ നില്ക്കാൻ അവൾക്കറിയില്ലായിരുന്നു. എപ്പോഴും നൃത്തച്ചുവടുകളുമായി പറന്നു നടക്കുന്ന കുറുമ്പി.... തന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കണ്ട കെയ്റ്റ് പതിനെട്ടാമത്തെ വയസ്സിൽ കരിയർ കെട്ടിപ്പടുക്കാനായി ലീഡ്സ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു. പക്ഷെ വിധി മറ്റൊന്നായിരുന്നു... യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു അധികമാവുന്നതിനുമുന്നേ കെയ്റ്റിന്റെ സ്വപ്നങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. മെനിഞ്ചയ്റ്റിസ് സെപ്റ്റിസീമിയ ബാധിച്ചു രണ്ടുകാലുകളും മുറിച്ചുമാറ്റപ്പെട്ടപ്പോൾ അവൾക്കു നഷ്ടപ്പെട്ടത് കാലുകൾ മാത്രമായിരുന്നില്ല, ഒരു കൌമാരക്കാരിയുടെ കനവുകൾ, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ.... ചെയ്യാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നൃത്തം ചെയ്യാൻ ഇനി ഒരിക്കലും കഴിയില്ല എന്നവൾ തിരിച്ചറിഞ്ഞു. കെയ്റ്റ് ഏറ്റവുമധികം സ്നേഹിച്ചിരുന്നതു സ്വന്തം കാലുകളെയായിരുന്നു, തനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ സഹായിക്കുന്ന ആ ശരീരാവയവത്തെ അവൾ വളരെയേറെ ശ്രദ്ധയോടെ പരിപാലിച്ചിരുന്നു. കാലുകളിലെ ഓരോ തഴമ്പുപോലും അവൾ ശ്രദ്ധയോടെ നിരീക്ഷിച്ചു. അത്രയും സ്നേഹിച്ചിരുന്ന ആ അവയവങ്ങൾ നഷ്ടമായി ഇത്രയും കൊല്ലമായിട്ടും ചിലപ്പോഴൊക്കെ അവൾക്കു കാലുകൾ അവിടെ ഉണ്ടെന്നുള്ള തോന്നൽ വരാറുണ്ട്. കാലു പെരുക്കുന്നപോലെ തോന്നാറുണ്ട്, ചിലപ്പോൾ അതികഠിനമായ വേദനയും. പിച്ചവച്ചു തുടങ്ങിയപ്പോൾ തന്നെ നൃത്തം ചേതനയിൽ കയറിപ്പറ്റിയിരുന്നു. വളർച്ചയുടെ പടവുകളിൽ എല്ലാം അവൾ രണ്ടു പാദങ്ങളിൽ പറക്കുകയായിരുന്നു. കാണികളുടെ പ്രതികരണങ്ങളോട് സംവദിക്കുന്നതും കാലുകളുടെ ചടുലമായ താളങ്ങളിലൂടെ. 2007 ൽ യൂണിവേഴ്സിറ്റിയിൽ പഠനം തുടങ്ങി, പുതിയ സുഹൃത്തുക്കൾ പുതിയ വേദികൾ ജീവിതം ആസ്വദിച്ചു തുടങ്ങുന്നതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്.

2007 ഡിസംബർ 4 നു രാവിലെ സുബോധമില്ലാതെയായാണ് കെയ്റ്റ് ഉണർന്നത്. തലേദിവസം "ഡാൻസ് എക്സ്പോസ്" എന്ന ഡാൻസ് കമ്പനിയിൽ പ്രാക്ടീസ് ഉണ്ടായിരുന്നു. ഉറയ്ക്കാത്ത കാലടികളോടെ നടക്കുന്ന അവളെകണ്ടു കൂടെയുള്ളവർ പരിഭ്രമിച്ചു. അന്ന് മുഴുവൻ പനി വന്നു ബോധം മറയുന്ന അവസ്ഥ. എങ്കിലും പിറ്റേന്നുള്ള സെമിനാറിന് അലാറം സെറ്റ് ചെയ്തിട്ടാണ് അവൾ ഉറങ്ങാൻ കിടന്നത്, പിറ്റേന്ന് ഉണർന്നെഴുന്നേറ്റു വന്ന അവൾ അടുക്കളയിലെ സോഫയിലേക്ക് ബോധമറ്റുവീണു. ചുരുക്കം ചില നിമിഷങ്ങൾക്കുള്ളിൽ ആർത്തലച്ചുവന്ന ഒരു ഛർദ്ധിലിനൊപ്പം അവളുടെ ജീവിതവും സ്വപ്നങ്ങളും ഒലിച്ചുപോയി. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ പരിശോധനകൾക്കു വിധേയയാകുമ്പോൾ അവളുടെ ഡോക്ടർ ഉറപ്പിച്ചിരുന്നു ഏതു നിമിഷവും മരണത്തിനു കീഴടങ്ങിയേക്കാവുന്ന മെനിഞ്ചൈറ്റിസ് ബി ആൻഡ് സെപ്സിസ് എന്ന രോഗം വളരെയേറെ ഗുരുതരമായ അവസ്ഥയിൽ ആയിപ്പോയി എന്ന്. അവൾ ആ രാത്രി വെളുപ്പിക്കാൻ സാധ്യതയില്ലായെന്നു വേദനയോടെ മാതാപിതാക്കൾ മനസ്സിലാക്കി. പക്ഷെ മെഡിക്കൽ സയൻസിനു പോലും അത്ഭുതമായി അവൾ ആ ശപിക്കപ്പെട്ട 24 മണിക്കൂർ അതിജീവിച്ചു. പിന്നീട് രണ്ടാഴ്ചക്കാലം ഡോക്ടർമാർ അവളെ ഉപേക്ഷയില്ലാതെ പരിചരിച്ചു എങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്ത ആ വാക്കുകൾ അവൾ ഒരു പിശാചിന്റെ പുലമ്പൽ പോലെ കേട്ടു "ക്ഷമിക്കണം നിന്റെ രണ്ടു കാലുകളും മുറിക്കുകയല്ലാതെ നിന്നെ രക്ഷിക്കാൻ വേറെ വഴിയില്ല". ഒരു വാക്കുരിയാടാൻ പോലും ശക്തിയില്ലാതെ കിടന്ന അവൾ സർവശക്തിയുമെടുത്തു അലറിക്കരഞ്ഞു.... ബോധാബോധങ്ങളുടെ നൂൽപ്പാലങ്ങൾക്കിടയിൽ എപ്പോഴൊക്കെയോ ജീവനേക്കാളേറെ സ്നേഹിച്ച നൃത്തത്തോട് അവൾ വിട പറഞ്ഞിരുന്നു. കാലുകളിൽ നോക്കി ദിവസം തുടങ്ങിയിരുന്നവൾക്കു കാലുകളുടെ സ്ഥാനത്തു ശൂന്യമായ കിടക്കവിരി കണ്ട നിമിഷം ശപിക്കപ്പെട്ട നിമിഷമായി മാറി. പത്തൊന്പതാമത്തെ വയസ്സിൽ ജീവിതം വീൽചെയറിൽ അവസാനിക്കുമെന്നു തോന്നിത്തുടങ്ങി. നടന്നു കൊതി തീർന്നിട്ടില്ലാത്ത വഴിത്താരകൾ, കാത്തിരുന്ന ആരാധകർ, കീഴടക്കാൻ കൊതിച്ചിരുന്ന വേദികൾ എല്ലാം ഒരു സ്വപ്നം പോലെ മാഞ്ഞുപോയി.

തളരാൻ സമ്മതിക്കാതെ കൈപിടിച്ച മാതാപിതാക്കൾ അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കെയ്റ്റ് പതിയെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി. ഇപ്പോൾ അവളുടെ ജീവിതമായി മാറിയിരിക്കുന്ന പൊയ്ക്കാലുകൾ ആദ്യമായി കണ്ടപ്പോൾ പുച്ഛമാണ് തോന്നിയതെന്ന് കെയ്റ്റ് ഓർത്തെടുക്കുന്നു. കുഞ്ഞിപ്പാദങ്ങൾ പെറുക്കി വച്ച് പിച്ചവച്ചു പഠിച്ച ഹാൾവേയിൽ അവൾ വീണ്ടും നടന്നു പഠിക്കാൻ തുടങ്ങി. എന്റെ രോഗികളിൽ കാലില്ലാത്ത പലരും നൃത്തം ചെയ്യുന്നുണ്ടെന്നും നിന്നെ ഉറപ്പായും ഡാൻസ് ഫ്ലോറിലേക്കു തിരിച്ചു കൊണ്ടുപോകുമെന്നും ഫിസിയോ തെറാപ്പിസ്റ്റ് പറഞ്ഞത് അവൾക്കു പ്രചോദനമായി. ആ ആത്മവിശ്വാസം അവളെ 2014 ലെ Candoco Dance Company ലെ ഓഡിഷനിൽ കൊണ്ടെത്തിച്ചു. ഇതിനിടയിൽ പിച്ചവച്ചും വീണും പഠിച്ച പാഠങ്ങൾ ഏറെയായിരുന്നു. അവൾ ജീവിതം മാറ്റിയെഴുതിത്തുടങ്ങി, പുതിയ കെയ്റ്റിലെക്കെത്താൻ അതുവരെയുള്ള കെയ്റ്റിനെ മറക്കേണ്ടി വന്നു. ഊന്നുവടികളും, വീൽചെയറുകളും, ക്രച്ചസും പൊയ്ക്കാലുകളും ശാപമല്ല സാധ്യതകളാണെന്നു തിരിച്ചറിഞ്ഞുതുടങ്ങി. അസ്ഥിയുരുക്കുന്ന വേദന കടിച്ചമർത്തി അവൾ ആ പൊയ്ക്കലുകൾ ചിറകുകളാക്കി. നൃത്തത്തിൽ മാത്രമല്ല സ്പോർട്സിലും കാത്ലീൻ തന്റെ കഴിവ് തെളിയിച്ചു. പ്രോസ്തെറ്റിക് ലെഗ്ഗ് ഉപയോഗിക്കുന്നവർക്കും സ്നോബോർഡ് ചെയ്യാം എന്ന് അവൾ ലോകത്തെ കാണിച്ചു കൊടുത്തു. ശരീരത്തിന്റെ പോരായ്മയെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും കെയ്റ്റ് മറികടന്നു.

സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ മനുഷ്യൻ പ്രാപ്തനാണ് എന്നവൾ തിരിച്ചറിയുകയായിരുന്നു. സ്വപ്നങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം അംഗപരിമിതരുടെ ലോകത്താണ് അവൾ ഇപ്പോൾ. അംഗപരിമിതരെ സഹായിക്കാനുള്ള ഒരു കമ്മ്യൂണിറ്റിയിൽ അവൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അവയവങ്ങൾ ഛേദിക്കപ്പെട്ട് ആശയറ്റു ജീവിക്കുന്ന മനുഷ്യർക്ക് പ്രചോദനമാവാൻ, അവരെയും ആത്മവിശ്വാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ, തന്റെ ജീവിതം കൊണ്ട് മാതൃക കാട്ടാൻ. പഴയ കെയ്റ്റിനെ അവൾ മറന്നു കഴിഞ്ഞു. അവൾക്കു പലതും നേടാനുണ്ട് കീഴടക്കാൻ വേദികൾ കാത്തു കിടക്കുന്നു. തളർന്നു പോകുന്ന അനവധി ആലംബഹീനർ അവർക്കൊക്കെയും തണലാകണം... "നമുക്ക് ചെയ്യാൻ ഒരുപാടുണ്ട്, നാം വെറും ശരീരം മാത്രമല്ല... ശരീരത്തെ സ്നേഹിക്കുകമാത്രമല്ല നമ്മുടെ ജീവിത ലക്ഷ്യം. നാം എങ്ങനെയായാലും അതേപടി അംഗീകരിക്കുകയാണ് വേണ്ടത്. ജീവിതം ആഘോഷിക്കുക, ആഗ്രഹമുള്ളതെല്ലാം ചെയ്യുക അതിനായി പരിശ്രമിക്കുക..." പറഞ്ഞു നിർത്തുമ്പോൾ ബി ബി സി യുടെ അസാധാരണയായ ഈ അവതാരകയുടെ കണ്ണിൽ വിധി തിരുത്തിയെഴുതിയവളുടെ ആത്മവിശ്വാസം തുളുമ്പുന്നു...


Next Story

Related Stories