TopTop

കൊറോണ നിരീക്ഷണത്തിലുള്ള അഞ്ചു പേര്‍ക്ക് സ്വന്തം വീട് വിട്ടുകൊടുത്ത് ഒരു പഞ്ചായത്തംഗം

കൊറോണ നിരീക്ഷണത്തിലുള്ള അഞ്ചു പേര്‍ക്ക് സ്വന്തം വീട് വിട്ടുകൊടുത്ത് ഒരു പഞ്ചായത്തംഗം

നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് ഗള്‍ഫില്‍ നിന്നും അഞ്ചുപേര്‍ കാസര്‍കോടെത്തുന്നത്. ലോകത്താകമാനം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യം. വിദേശത്തു നിന്നും വരുന്നവര്‍ അടുത്ത പതിനാല് ദിവസത്തേക്ക് വീട്ടില്‍ തന്നെ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. നാട്ടിലെത്തിയ ഉടനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തം വീടുകളില്‍ കഴിയുക എന്നത് ആ അഞ്ചു പേരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പ്രായമായ അച്ഛനമ്മമാര്‍, നാലുമാസം പ്രായമുള്ള കുട്ടിള്‍ അടക്കം വീട്ടിലുണ്ട്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഈ സന്ദര്‍ഭത്തിലാണ് ഇവര്‍ക്കാശ്വാസമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തംഗം അബ്ദുള്‍ ഹമീദ് എത്തുന്നത്. അഞ്ച് പേര്‍ക്കും നിരീക്ഷണത്തില്‍ കഴിയാനായി ഹമീദ് സ്വന്തം വീട് വിട്ടു നല്‍കി. പലരും രോഗത്തെ പേടിച്ച് മാറി നില്‍ക്കുമ്പോഴാണ് ഹമീദ് ഇത്തരത്തിലെരു തീരുമാനമെടുത്തിരിക്കുന്നത്.

ഇപ്പോള്‍ അഞ്ചുപേരും താമസിക്കുന്നത് അബ്ദുള്‍ ഹമീദിന്റെ വീട്ടിലാണ്. ഹമീദും കുടുംബവും താമസിക്കുന്നത് കുടുംബ വീട്ടിലും. സാധാരണ രാവിലെ മുതല്‍ വൈകുന്നേരം വരെ മാത്രമെ ഈ വീട് ഉപയോഗിക്കാറുള്ളൂ രാത്രി കുടുംബവീട്ടിലണ് താമസം. എന്നാല്‍ തല്‍ക്കാലത്തേക്ക് ആ ശീലം മാറ്റിവെച്ചിരിക്കയാണ് ഹമീദ്. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് താന്‍. അതിനാല്‍ തന്നെ പഞ്ചായത്തിലെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുക തന്റെ ഉത്തരവാദിത്വമാണെന്നാണ് ഹമീദ് പറയുന്നത്. 'വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഉള്ളവരാണ്, കൊച്ചു കുട്ടികള്‍ ഉള്ളവരാണ്. അവര്‍ ഈ നേരത്ത് എന്തു ചെയ്യും. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും ജാഗ്രത ആവശ്യമാണല്ലോ. അതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിച്ചില്ല. എന്റെ വീടു തന്നെ തല്‍ക്കാലത്തേക്ക് അവര്‍ക്കു നല്‍കാം എന്നു തീരുമാനിച്ചു. ഞാന്‍ ഈ പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. അതുകൊണ്ടു തന്നെ പഞ്ചായത്തിലെ എല്ലാവരുടെയും ആരോഗ്യ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും എനിക്കുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റല്‍ കൂടിയാണിത്'. വീടു വിട്ടു നല്‍കിയതിനെകുറിച്ച് ഹമീദ് അഴിമുഖത്തോട് പറഞ്ഞു.

ഇങ്ങനെ ഒരാവശ്യം പറഞ്ഞപ്പോള്‍ തന്നെ തന്റെ വീട്ടുകാര്‍ പൂര്‍ണ്ണമായി സഹകരിക്കാന്‍ തയ്യാറായി. എന്നാല്‍ ഗള്‍ഫില്‍ നിന്നും വന്ന് സെല്‍ഫ് ക്വാറന്റൈന്‍ ചെയ്യുന്നവര്‍ക്കായി വീട് വിട്ടു നല്‍കുകയാണെന്ന് പറഞ്ഞപ്പോള്‍ ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടുകാര്‍ക്ക് വലിയ ആശങ്ക ഉണ്ടായിരുന്നു. ഹമീദ് അവരെ പറഞ്ഞ് മനസിലാക്കി യാതൊരു തരത്തിലുള്ള അപകടവും ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് അഞ്ചുപേരെയും വീട്ടിലേക്ക് കൊണ്ടുവരുന്നത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ച് പേര്‍ക്കും രോഗ ലക്ഷണങ്ങളൊന്നും തന്നെയില്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും തന്നെ പുറത്തിറങ്ങാറില്ല. സ്വന്തം വീടുകളില്‍ നിന്നോ അയല്‍പക്കത്തുള്ള വീടുകളില്‍ നിന്നോ ഭക്ഷണം ഉണ്ടാക്കി വീടിന്റെ സിറ്റൗട്ടില്‍ കൊണ്ടു ചെന്നു വയ്ക്കുകയാണ് പതിവ്.

നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശമുള്ള ജില്ലയാണ് കാസര്‍കോട്. 19 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ കടുത്ത നിയന്ത്രണത്തിലാണ് ജില്ല. മാര്‍ച്ച് 22 മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു കഴിഞ്ഞു. അതിനാല്‍ തന്നെ എല്ലാ ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് ഹമീദ് പറയുന്നത്. 'നിലവില്‍ കാസര്‍കോട് രോഗം പിടിപെട്ടിട്ടുള്ളവര്‍ എല്ലാം ഗള്‍ഫില്‍ നിന്നു വരുന്നവരോ അവരെ പരിചരിച്ചവരോ മാത്രമാണ്. അതിനാല്‍ തന്നെ സാമൂഹ്യ വ്യാപനം നടന്നിട്ടില്ല എന്നു തന്നെ കരുതാം. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ നിരോധനാജ്ഞ വന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതുവരെ രോഗം മൂന്നാം ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അങ്ങനെ എത്തപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഒരാള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതാണ് ഇത്ര വലിയ ആശങ്കയ്ക്കു കാരണം. അങ്ങനെ ഇനി ആരും ചെയ്യാതെ നോക്കേണ്ടതുണ്ട്. അതിന് ഇതു തന്നെയാണ് ശരിയായ മാര്‍ഗം'. ഹമീദ് പറയുന്നു.

കോവിഡ് പടര്‍ന്നു പിടിച്ചാലുണ്ടാകുന്ന വിപത്തിന്റെ ഗൗരവം മനസിലാക്കി കാസര്‍കോട്ടെ ജനങ്ങള്‍ അതീവ ജാഗ്രതയിലാണിപ്പോഴെന്നും, എല്ലാവരും തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഹമീദ് പറയുന്നു. 'ആവശ്യമില്ലാത പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ആത്യാവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുക. അതു തന്നെയാണ് ഏറ്റവും വലിയ മുന്‍കരുതല്‍. കാസര്‍കോട്ടെ എല്ലാ ജനങ്ങളും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. ഇതിന്റെ ഗൗരവം മനസിലാക്കി എല്ലാവരും ഇപ്പോള്‍ ജാഗ്രതയില്‍ തന്നെയാണുള്ളത്. ഒരു സംശവും ഇല്ല. എന്തായാലും നമ്മളിതിനെ അതിജീവിക്കുക തന്നെ ചെയ്യും'. ഹമീദ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കാസര്‍കോടാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണ്. സാധാരണയായി മംഗലാപുരത്തുള്ള മെഡിക്കല്‍ കോളേജിനെയാണ് ഇവിടുത്തുകാര്‍ ആശ്രയിക്കാറുള്ളത്. ജില്ല മുഴുവനായി അടച്ചിട്ട സാഹചര്യത്തില്‍ അത്യാവശ്യ ഘട്ടത്തെ എങ്ങനെ നേരിടും എന്ന ആശങ്ക ഇവിടുത്തുകാര്‍ക്കുണ്ട്. കാസര്‍കോടു ജില്ലയുടെ ആരോഗ്യ സംവിധാനങ്ങളിലുള്ള പരിമിതികളെക്കുറിച്ചുള്ള ആശങ്കയും ഹമീദ് പങ്കു വെക്കുന്നു. കാസര്‍കോട് ബദിയടുക്കയില്‍ പുതുതായി നിര്‍മിക്കുന്ന മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ഹമീദ് പറയുന്നത്. ഇപ്പോള്‍ ചികിത്സ നടക്കുന്നത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ്.

എങ്ങനെ ഈ മഹാമാരിയെ നേരിടും എന്നത് ലോകത്തിനു മുന്നില്‍ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. ഇന്ത്യയിലേയും കേരളത്തിലേയും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു രാജ്യങ്ങലെ അപേക്ഷിച്ച് വളരെ പരിതമായിരിക്കെ വ്യാപനം തടയുക എന്നതുമാത്രമാണ് നിലവില്‍ ചെയ്യാന്‍ സാധിക്കന്നത്. അത്തരത്തില്‍ സാമൂഹ്യ വ്യാപനം തടയുന്നതിനുതകുന്നതാണ് ഹമീദിനെ പോലുള്ളവരുടെ പ്രവര്‍ത്തി.


Next Story

Related Stories