വെള്ളം നിറച്ച കുറേ കുപ്പികള്‍, ഒരു ഹാന്‍ഡ് വാഷ്, രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അന്‍വര്‍ സാദിഖിന്റെ കൈയ്യില്‍ ഇവയെല്ലാമുണ്ടാവും. കഴിഞ്ഞ കുറച്ചു ദിവസമായി ഇതാണ് പതിവ്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തെ ഓട്ടോ ഡ്രൈവറാണ് അന്‍വര്‍ സാദിഖ്. നീലേശ്വരത്തെത്തി ഈ യുവാവിന്റെ ഓട്ടോ വിളിക്കുന്നവര്‍ ചാടിക്കയറി പോകാമെന്ന് കരുതരുത്. ആദ്യം കൈ ഹാന്‍ഡ് വാഷിട്ട് കഴുകണം. അതിനുള്ള ഹാന്‍ഡ് വാഷും വെള്ളവുമെല്ലാമാണ് രാവിലെ തന്നെ അന്‍വര്‍ സാദിഖ് വീട്ടില്‍ നിന്നും കൊണ്ടുപോരുന്നത്.
കൊറോണക്കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവേണ്ടത് എല്ലാവരുടെയും കടമയാണെന്നും താന്‍ അതുമാത്രമാണ് ചെയ്യുന്നത് എന്നുമാണ് ഇതിനെക്കുറിച്ച് അന്‍വര്‍ സാദിഖ് പറയുന്നത്. ടാക്സിയും ഓട്ടോയും ഓടിക്കുന്നയാളാണ് അന്‍വര്‍. കൊറോണ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ പുറത്തിറങ്ങുന്നത് തന്നെ കുറഞ്ഞു. ഉള്ള ആളുകള്‍ തന്നെ ഓട്ടോയില്‍ കയറാന്‍ മടിച്ചു നില്ക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അപ്പോഴാണ് ഓട്ടോയില്‍ കയറുന്നതിന് മുന്‍പോ അതിനു ശേഷമോ കൈകഴുകാനുള്ള സംവിധാനം യാത്രക്കാര്‍ക്ക് ഒരുക്കികൊടുക്കാമെന്ന് അന്‍വര്‍ ചിന്തിക്കുന്നത്. ഹാന്‍ഡ് വാഷ് ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം ആളുകള്‍ സാധാരണത്തേതിനെക്കാള് ഓട്ടോയില്‍ കയറുന്നുണ്ട് എന്നാണ് അന്‍വര്‍ പറയുന്നത്. ഓട്ടം പൊതുവില്‍ കുറവ് തന്നെ. എന്നാലും ഹാന്‍ഡ് വാഷ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയതിന് ശേഷം കുറെക്കൂടി ആളുകള്‍ ഓട്ടോയില്‍ കയറുന്നുണ്ട്. അന്‍വര്‍ സാദിഖ് പറഞ്ഞു.
കയറുന്നവരെല്ലാം ഇതിനെപ്പറ്റി നല്ല അഭിപ്രായമാണ് തന്നോട് പറയുന്നതെന്നും, നാട്ടുകാരും വീട്ടുകാരും നല്ല സഹകരണമാണ് എന്നും അന്‍വര്‍ പറയുന്നു. അതിനാല്‍ തന്നെ പല ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ഈ ഹാന്‍ഡ് വാഷ് സംവിധാനം ഒരുക്കാനുള്ള പ്രോത്സാഹനം കൂടിയാവുകയാണ് അന്‍വറിന്റെ പ്രവര്‍ത്തി.
ഇതിലൂടെ കേരള സര്‍ക്കാരിന്റെ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പൈനിന്റെ ഭാഗമാവുകയാണ് താന്‍ എന്നും അന്‍വര്‍ പറയുന്നു. ആരോഗ്യവകുപ്പുമായി സഹകരിച്ചു മുന്നോട്ടു പോവുക എന്നതാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്. നമ്മളെക്കൊ ണ്ടു പറ്റുന്ന കാര്യങ്ങള്‍ നമ്മള് ചെയ്യുക. തീര്‍ച്ചയായും കേരളം ഇത് അതിജീവിക്കുക തന്നെ ചെയ്യും. അത്രയും നന്നായാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. അന്‍വര്‍ പറയുന്നു. ഒരു ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ കൂടിയായതുകൊണ്ട് എയര്‍ പോര്‍ട്ടില്‍ നല്ല രീതിയിലുള്ള ചെക്കിങ്ങു നടക്കുന്നുണ്ടോ എന്നറിയില്ല എന്ന ആശങ്കയും അന്‍വര്‍ പങ്കു വെച്ചു. കാസര്‍കോട് ഇപ്പോള്‍ വലിയ വ്യാപനമൊന്നുമില്ലെങ്കിലും സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണെന്നും അന്‍വര്‍ പറയുന്നു.
കൊറോണക്കാലത്ത് പ്രതിരോധമാണ് പ്രധാനപ്പെട്ട കാര്യം. അത് ആര്‍ക്കും ചെയ്യാവുന്നതുമാണ്. അത്തരത്തില്‍ ഒരു മാതൃക തീര്‍ക്കുകയാണ് ഓട്ടോ ഡ്രൈവറായ അന്‍വര്‍ സാദിഖ്. വരുന്ന ദിവസങ്ങള്‍ കേരളത്തിനും ഇന്ത്യയ്ക്കും വളരെ നിര്‍ണ്ണായകമാണെന്നിരിക്കെ അന്‍വറിനെ പോലുള്ള നല്ല മാതൃകകള്‍ കൊറോണയ്ക്കെതിരെയുള്ള ചെറുത്തു നില്പ്പിന് മുതല്‍ക്കൂട്ടാകും.