വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍. കേരള പോലീസിന് കീഴിലുള്ള സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ബി സേഫിന്റെ (BSAFE) മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്. ആപ്ലിക്കേഷന്‍ പുറത്തിറക്കി 48 മണിക്കൂര്‍ തികയുന്നതിനിടെ 7000 ത്തിലധികം പേരാണെന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്തത്.
സംസ്ഥാനത്ത് രൂക്ഷമായി വന്ന ഓണ്‍ ലൈന്‍, മൊബൈല്‍ ഫോണ്‍ വഴിയുള്ള പണം തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് പ്ലാറ്റ്ഫോം പുറത്തിറക്കിയത്. മൊബൈല്‍ ആപ്ലിക്കേഷനായും, ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഇതിന്റെ സേവനം കൂടുതല്‍ ലഭ്യമാകും.
സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആപ്പ് വേര്‍ഷന്റെ സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതിലൂടെ തട്ടിപ്പിനിടയാക്കുന്ന ഫോണ്‍കോളുകള്‍ക്കായി അനാവശ്യമായി സമയം നഷ്ടമാകുന്നതും ഒഴിവാക്കാന്‍ സാധിക്കുന്നു.
ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍, ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന് സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന് ലഭ്യമാക്കിയിട്ടുണ്ട്. ആപ് വേര്‍ഷനു പുറമെ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷന് bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ലഭ്യമാണ്.
കേരള പോലീസ് സൈബര്‍ഡോമിന്റെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇ-കൊമേഴ്സ് സൈറ്റുകള്‍, ജില്ലാ സൈബര്‍ സെല്ലുകള്‍, ഹൈടെക് സെല്‍, സൈബര്‍ പിഎസ് എന്നിവ പ്രധാന പങ്കാളികളാണ്.