TopTop
Begin typing your search above and press return to search.

പുകളരസന്‍: നീലങ്കരൈയിലെ നീന്തല്‍ക്കാരന്‍, കടലാമകളുടെ കാവല്‍ക്കാരന്‍; ഒരു മത്സ്യത്തൊഴിലാളിയുടെ വ്യത്യസ്തമായ ജീവിതം

പുകളരസന്‍: നീലങ്കരൈയിലെ നീന്തല്‍ക്കാരന്‍, കടലാമകളുടെ കാവല്‍ക്കാരന്‍; ഒരു മത്സ്യത്തൊഴിലാളിയുടെ വ്യത്യസ്തമായ ജീവിതം

ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തെ മികച്ച നീന്തൽക്കാരനായ മത്സ്യത്തൊഴിലാളിയാണ് പുകളരസന്‍ ടി‌എ. ശക്തമായ ജലപ്രവാഹത്തില്‍ പെട്ടുപോകുന്ന കടലാമകളുടെ രക്ഷകന്‍. 'എന്തുകൊണ്ട് ഈ ആമകളെ രക്ഷപ്പെടുത്തണം എന്ന് ഞാൻ അവരോട് ചോദിച്ചു. അവ വംശനാശഭീഷണി നേരിടുന്ന ജീവിയാണെന്ന് അവര്‍ പറഞ്ഞുതന്നു. ഞാൻ തൊഴിൽപരമായി ഒരു മത്സ്യത്തൊഴിലാളിയാണ്. എന്നിട്ടും, പല സമുദ്രജീവികളുടെയും നിലനിൽപ്പ് വസ്തുത എനിക്ക് അനുതാപം തോന്നി. അതുകൊണ്ട്, അവയെ എങ്ങനെ രക്ഷിക്കണം എന്നൊന്നും അറിയില്ലെങ്കിലും ഞാന്‍ കടലിലേക്ക് എടുത്ത് ചാടി. അതായിരുന്നു എന്റെ ആദ്യത്തെ രക്ഷാപ്രവർത്തനം'- 'ദി ബെറ്റർ ഇന്ത്യയുമായുള്ള' അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പുഗലരസൻ.

17 വർഷം മുമ്പാണ് ഈ സംഭവം നടന്നത്. ഇന്ന് 37 വയസ്സ് പിന്നിട്ട അദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നു. ചെറുപ്പത്തില്‍തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ പുകളരസന്‍ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല. ചെന്നൈ തീരത്ത് വളർന്ന അദ്ദേഹം മീൻപിടിത്തം തൊഴിലായി സ്വീകരിച്ചു.

ആഴക്കടലിൽ വല വീശിയാല്‍ പിന്നെ, അതില്‍ മത്സ്യം നിറയുന്നതുവരെ കാത്തിരിക്കും. ഏതൊക്കെ മത്സ്യം ലഭിച്ചു, ഏത്ര കിട്ടി, എന്നിട്ട് ഏത്ര വേഗത്തില്‍ മാര്‍ക്കറ്റിലെത്തി തുടങ്ങിയ മൂന്നു പ്രധാന കാര്യങ്ങളാണ് ഒരു മത്സ്യത്തൊഴിലാളി എത്രമാത്രം സമ്പാദിച്ചുവെന്ന് നിർണ്ണയിക്കുന്നത്.

അതൊരു ദുഷ്‌കരമായ ജീവിതമാണ്. പക്ഷെ, പുകളരസന്റെ ഉള്ളിലെ സഹാനുഭൂതി അതുകൊണ്ടൊന്നും തിരയോടുങ്ങില്ല. 2002 ലെ ആദ്യത്തെ രക്ഷാപ്രവർത്തനത്തിനുശേഷം, തന്നെ സമീപിച്ച ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് മറ്റ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

കടലാമകളുടെ സംരക്ഷണം, പുനരധിവാസം, (2004 ലെ വിനാശകരമായ സുനാമിക്കുശേഷം) സാമൂഹ്യ വികസനം, ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി വിദ്യാഭ്യാസം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടു പ്രവർത്തിക്കുന്ന 'ട്രീ ഫൌണ്ടേഷന്‍ ഇന്ത്യ' (ടിഎഫ്ഐ) എന്ന ഒരു എന്‍.ജി.ഒ ആണത്. മനുഷ്യന്‍റെ പ്രവർത്തനങ്ങൾ നമ്മുടെ സമുദ്രങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ടിഎഫ്ഐ-യില്‍ ചേര്‍ന്നതിനു ശേഷമാണ് തനിക്ക് ഉള്‍ക്കാഴ്ച ലഭിച്ചതെന്ന് പുകളരസന്‍ പറയുന്നു.

'നമ്മള്‍ നമ്മുടെ കടലുകളേയും സമുദ്രങ്ങളേയും ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായാണ് കാണുന്നത്. എല്ലാ രാസവസ്തുക്കളും മാലിന്യങ്ങളും അതിലേക്ക് പുറന്തള്ളുകയും, നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളത്രയും എറിഞ്ഞ് മലിനമാക്കുകയും ചെയ്യുന്നു. അത്തരം പ്രവർത്തനങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കും. അത് നമുക്ക് ഒരിക്കലും ഗുണം ചെയ്യില്ല'.

'ഒരു ദിവസം ഞാൻ ഡോ. സുപ്രാജ [ധരിനി] യുടെ ഒരു ക്ലാസില്‍ പങ്കെടുത്തു. അവര്‍ എനിക്ക് സമുദ്ര വന്യജീവികളെക്കുറിച്ച് നന്നായി മനസ്സിലാക്കിത്തന്നു. അതന്നെ വല്ലാണ്ട് ആകര്‍ഷിച്ചു. വന്യജീവി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമങ്ങൾതോറും കയറിയിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. തൂത്തുക്കുടി പോലുള്ള സ്ഥലങ്ങളിലെ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാനായിരുന്നു ഏറെ പാടുപെട്ടത്. കാരണം, അവര്‍ കടലാമയുടെ മാംസം ഏറെ ഇഷ്ടപ്പെടുന്ന സമൂഹമാണ്. സമുദ്രവുമായി തീരെ ബന്ധമില്ലാത്തവരെ ഒരുപരിധിവരെയൊക്കെ പറഞ്ഞു മനസ്സിലാക്കാം. എന്നാല്‍, മൃഗങ്ങളെ മാംസത്തിനായി വേട്ടയാടുന്നവരുടെ കാര്യം വരുമ്പോൾ അവരെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അതേ, ഞാനൊരു മത്സ്യത്തൊഴിലാളിയാണെന്ന് എനിക്കറിയാം, എന്നാൽ ഏതല്ലാം ജീവികളാണ് വംശനാശഭീഷണി നേരിടുന്നതെന്നും ഏതല്ലാം ജീവികളെ നമുക്ക് ഭക്ഷണത്തിനായി പിടികൂടാമെന്നും എനിക്ക് ഇപ്പോൾ നന്നായി അറിയാം' -പുകളരസന്‍ പറയുന്നത് തുറന്ന മനസ്സോടെ കേട്ടിരുന്നാല്‍ മാത്രം മതി.

ടി.എഫ്.ഐയുടെ സ്ഥാപകയാണ് ഡോ. ധാരിനി. കടലാമ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ടി‌എഫ്‌ഐയുടെ പ്രവർത്തന മണ്ഡലം. ആമകളെക്കുറിച്ചും അവയുടെ ജനസംഖ്യയെക്കുറിച്ചും അവർ സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമെല്ലാം അവര്‍ ഗവേഷണം നടത്തുന്നു. അതിലൂടെ അവർ നേടുന്ന അറിവുകള്‍ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിക്കുന്നു. ആമകളുടെ കൂടുകളും ടി‌എഫ്‌ഐ സംരക്ഷിക്കുന്നു, വേട്ടക്കാരുടെ ഭീഷണിയില്ലാതെ കടൽത്തീരത്ത് നിന്ന് കടലിലേക്ക് സുരക്ഷിതമായി വഴിയൊരുക്കുന്നു.

'എന്നാല്‍, എല്ലാറ്റിനുമപ്പുറം ഓരോ ആഴ്ചയിലും നിരവധി ആളുകൾ എന്നെ വിളിക്കുകയും കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്ന ആമയെക്കുറിച്ച് എന്നെ അറിയിക്കുകയും ചെയ്യും. ഒരു മത്സ്യബന്ധന വലയിൽകുടുങ്ങി പരിക്കേറ്റതോ, പ്ലാസ്റ്റിക്കിനുള്ളില്‍ കുടുങ്ങിയതോ ആയ ആമകളെ രക്ഷപ്പെടുത്താനുള്ള നടപടി ഉടന്‍തന്നെ ഞാന്‍ സ്വീകരിക്കും'. മത്സ്യബന്ധന വലകളിൽ കുടുങ്ങി ആമകൾക്ക് പരിക്കേൽക്കുന്നതാണ് ഏറ്റുംവലിയ പ്രശ്നമെന്ന് പുഗലരസൻ വിശ്വസിക്കുന്നു. കാരണം, മത്സ്യത്തൊഴിലാളികൾ അവയെ പിടിക്കാന്‍ ഉദ്ധേഷിക്കുന്നില്ലെങ്കിലും ആ നിലയില്‍ അവ മണിക്കൂറുകളോളം വെള്ളത്തിനടിയിൽ നിർത്തി മുക്കിക്കൊല്ലുമെന്നാണ് അദ്ദേഹം പറയുന്നത്.

'ആമകൾ ഭക്ഷണത്തിനായാണ് കടലിലേക്ക് ഊളിയിടുന്നത്. പക്ഷേ ഓരോ 45 മിനിറ്റു കൂടുമ്പോഴും അവയ്ക്ക് പുറത്തുവന്ന് ശ്വസിക്കേണ്ടതുണ്ട്. ട്രോളിംഗില്‍ പെട്ടാല്‍ അവ മൂന്ന് മുതൽ ആറ് മണിക്കൂർ വരെ വെള്ളത്തിനടിയിൽ കുടുങ്ങിക്കിടക്കും. അതുകൊണ്ട് ഓരോ മണിക്കൂറിലും വല പരിശോധിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അങ്ങിനെ കുടുങ്ങിയ ഒരുപാട് ആമകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത് വളരെ മന്ദഗതിയിലുള്ള പ്രക്രിയയാണ്. വർഷങ്ങളായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഞങ്ങളുടെ ദൃഢനിശ്ചയത്തിന് മികച്ച സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറയുന്നു.

പുകളരസന്റെ സാമ്പത്തികമായ പരാധീനതകള്‍ മത്സ്യബന്ധനം നിർത്താൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും, താൻ പിടിക്കുന്ന മത്സ്യം വംശനാശഭീഷണി നേരിടുന്നില്ലെന്നും തന്റെ വലകളില്‍ കുടുങ്ങി ആമകൾക്ക് പരിക്കേൽക്കുന്നില്ലെന്നും അദ്ദേഹം ഉറപ്പാക്കും. നമ്മുടെ വലകൾ കൂടുതൽ ശക്തമാവുകയാണ്, പക്ഷേ ഓരോ വലിയ വലയുമായും നാം സമുദ്രങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മുടെ വന്യജീവികളില്‍ വലിയൊരു ഭാഗവും അപകടത്തിലാകുന്നു. ഉത്തരവാദിത്തമുള്ള മീൻപിടുത്തവും ഉത്തരവാദിത്തമുള്ള ഉപഭോഗവും നിർണായകമാണ്. പുകളരസനെപ്പോലുള്ളവര്‍ കാണിച്ചു തരുന്ന പാതകളിലൂടെയാണ് നാം മുന്നേറേണ്ടത്.

(ദി ബെറ്റര്‍ ഇന്ത്യയുമായുള്ള കണ്ടന്‍റ് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎസ്എംഎഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)

ദി ബെറ്റര്‍ ഇന്ത്യ സ്റ്റോറിയിലേക്ക്


Next Story

Related Stories