എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവിതം ഒലിച്ചുപോയ വലിയൊരു വിഭാഗമാളുകളുണ്ട് കാസറഗോഡ്. അവര്‍ക്ക് താങ്ങും തണലുമാവുകയാണ് ഒരു കോളേജും കുറച്ച് വിദ്യാര്‍ത്ഥികളും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒമ്പത് വീടുകളാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഇതുവരെ നിര്‍മ്മിച്ച് നല്‍കിയത്. വീട് നിര്‍മിക്കാന്‍ പണം നല്‍കുക മാത്രമല്ല കല്ലു ചുമക്കാനും സിമന്റ് കുഴക്കാനുമെല്ലാം കുട്ടികള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നെഹ്റു കോളേജിലെ മലയാളം അധ്യാപകനായിരുന്ന അംബികസുതന്‍ മാങ്ങാടിന്റെ നേതൃത്വത്തില്‍ 1987ലാണ് സാഹിത്യവേദി ആരംഭിക്കുന്നത്. സാഹിത്യത്തില്‍ താല്പര്യമുള്ള കുട്ടികളുടെ ഒരു കൂട്ടായ്മ എന്നാണ് തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നത്. ചെറിയ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സാഹിത്യവേദി ഇന്ന് വലിയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതിനായി കുട്ടികളെ പ്രാപ്തരാക്കുന്ന വലിയൊരു കൂട്ടായ്മയാണ്. 1987 ല്‍ സാഹിത്യവേദി ആരംഭിക്കുമ്പോള്‍ സാഹിത്യത്തില്‍ താല്പര്യമുള്ള കുട്ടികളുടെ ഒരു സംഘം എന്നു മാത്രമാണ് അതിനെ കരുതിയിരുന്നത്. അങ്ങനെ ആരംഭിച്ച് വളരെ ചെറിയ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. പിന്നീട് മാഷ് വളരാന്‍ തുടങ്ങി. മാഷ് സാമൂഹ്യ പ്രശ്നങ്ങളിലൊക്കെ സജീവമാകാന്‍ തുടങ്ങി. അതോടെ മാഷിനൊപ്പം ഉണ്ടായിരുന്ന കുട്ടികളും അതിനൊപ്പം കൂടി. സാഹിത്യവേദി പ്രസിഡന്റും നെഹ്റുകോളെജിലെ മലയാളം അധ്യാപികയുമായ ഷീജ കെ പി പറയുന്നു.
2010 മുതല്‍ അബികാസുതന്‍ മാങ്ങാട് അദ്ദേഹത്തിന്റെ എന്മകജെ എന്ന പുസ്തകത്തിന്റെ റോയല്‍റ്റി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കി തുടങ്ങിയിരുന്നു. അങ്ങനെ ഒരിക്കല്‍ ബോവിക്കാനത്തുള്ള ഉണ്ണികൃഷ്ണന് എന്ന കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്കാന് സാഹിത്യവേദിയിലെ കുട്ടികളും മാഷും ചേര്‍ന്ന് ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കുപോയി. ടാര്പ്പോളിന് വലിച്ചുകെട്ടിയ ചെറിയൊരു കുടിലായിരുന്നു അത്. ആ വീടിന്റെ ദാരുണാവസ്ഥ കണ്ടാണ് ഉണ്ണികൃഷ്ണന് വീടുവെച്ചു നല്കാന് സാഹിത്യവേദി തീരുമാനിച്ചത്. രണ്ടരമാസം കൊണ്ട് സാഹിത്യവേദി ഉണ്ണികൃഷ്ണന് വീടു നിര്‍മിച്ചു നല്കി. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
ആദ്യത്തെ വീടിന്റെ താക്കോല്‍ദാന ചടങ്ങിന് അതിഥിയായെത്തിയത് സുരേഷ് ഗോപിയായിരുന്നു. സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം തോന്നിയ അദ്ദേഹം സാഹിത്യവേദിക്കൊപ്പം ചേരാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹായധനവും സാഹിത്യവേദിക്ക് ലഭിച്ചു.
സാഹിത്യവേദി എട്ടാമത് നിര്‍മിച്ചത് സ്നേഹവീടാണ്. അതൊരു വീടല്ല, ബഡ്സ് സ്കൂളാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ് ആ സ്കൂള്‍. ഇപ്പോള്‍ സാഹിത്യവേദിയുടെ ഒന്‍പതാമത്തെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. വീടുനിര്‍മിക്കാന്‍ പണം നല്കുകമാത്രമല്ല നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഈ കുട്ടികള്‍ക്ക് ഒരുമടിയുമില്ല. കുട്ടികളുടെ സ്നേഹം കൊണ്ടും അവരുടെ പ്രവര്‍ത്തന മികവുകൊണ്ടും തന്നെയാണ് ഇതിനെല്ലാം സാധിച്ചത് എന്നാണ് ഷീജ ടീച്ചര്‍ക്കും പറയാനുള്ളത്. സാഹിത്യവേദിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നവരാണ് ഇതിലെ ഓരോ കുട്ടികളും. വലിയ വലിയ ജീവിതാനുഭവങ്ങളാണ് സാഹിത്യവേദിയിലൂടെ ലഭിച്ചതെന്നാണ് ഓരോ കുട്ടിയും പറയുന്നത്.
വീട് നിര്‍മ്മാണം മാത്രമല്ല എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമഗ്രമായ ഇടപെടലുകളും സാഹിത്യവേദി വിദ്യാര്‍ത്ഥികള്‍ നടത്തുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു 'മുട്ടറ്റമേയുള്ളൂ ഭൂതക്കാലക്കുളിര്' എന്ന കലാലയ മാസിക. എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വലിയ രീതിയില്‍ സര്‍വ്വെ ചെയ്ത് 'മുട്ടറ്റമേയുള്ളൂ ഭൂതക്കാലക്കുളിര്' എന്ന മാസികയില്‍ പ്രസിദ്ധീകരിക്കുന്നത് സാഹിത്യവേദിയാണ്. കലാലയ മാസികയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട മാസികയായിമാറി അങ്ങനെ 'മുട്ടറ്റമേയുള്ളൂ ഭൂതക്കാലക്കുളിര്'. സാഹിത്യരംഗത്തും സമഗ്രമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് സാഹിത്യവേദി. സ്വന്തമായി ക്യാമ്പസ് നോവലും, നാട്ടുഭാഷ നിഘണ്ടുവുമുണ്ട് സാഹിത്യവേദിക്ക്. നാട്ടുഭാഷ നിഘണ്ടുവില്‍ നിന്ന് 200 വാക്കുകളോളം ശബ്ദതാരാവലി കടമെടുത്തിട്ടുണ്ട്. കൂടാതെ 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.