TopTop

തരിശുഭൂമിയില്‍ 1360 ഏക്കര്‍ വനം നിര്‍മിച്ച ഇന്ത്യയുടെ 'വനമനുഷ്യന്' കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ്

തരിശുഭൂമിയില്‍ 1360 ഏക്കര്‍ വനം നിര്‍മിച്ച ഇന്ത്യയുടെ

അസമിലെ മജൂലി ദ്വീപില്‍ ആയിരത്തിമുന്നൂറേക്കറിലധികം വിസ്തൃതി വരുന്ന വന പ്രദേശമുണ്ട്. ആ വനപ്രദേശം ജാദവ് പയങ് എന്ന ഒരു മനുഷ്യന്റെ അധ്വാനഫലമാണത്. അസമിലെ ജോര്‍ഹട് സ്വദേശി ജാദവ് പയങ് അറിയപ്പെടുന്നത് ഇന്ത്യയിലെ വനമനുഷ്യന്‍ എന്നാണ്. ഇപ്പോഴിതാ 128-ാം കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ്് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ് അദ്ദേഹത്തിന്. ജാദവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ബ്രിട്ടിഷ് ഡെപ്യൂട്ടി കമ്മിഷന്‍ ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് അസമിലെ മജൂലി ദ്വീപ്. ഇവിടെ കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷമായി ഒരു ദിവസം ഒരു മരം എന്ന തോതില്‍ നട്ടുപിടിപ്പിക്കുകയാണ് ജാദവ്. മത്സ്യബന്ധനം തൊഴിലാക്കിയ ജാദവ് ഇടയ്ക്കിടയ്ക്ക് മജൂലി ദ്വീപിലെത്തുമായിരുന്നു. ജാദവിന്റെ ചെറുപ്പകാലത്ത് മരങ്ങള്‍ നിറഞ്ഞ ദ്വീപ് വ്യാപകമായ മരം വെട്ടല്‍ മൂലം വളരെ പെട്ടന്നാണ് മരുഭൂമിയായി മാറിയത്. മരങ്ങള്‍ നഷ്ടപ്പെട്ടതോടെ വരള്‍ച്ച നേരിട്ട മജൂലിയില്‍ 1979 ല്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിവനു ശേഷമാണ് ജാദവ് അവിടെ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത്. പതിയെ മജൂലിയിലെ വരണ്ട മണ്ണ് ഫലപൂയിഷ്ടമായി.

ജാദവ് നട്ടുപിടിപ്പിച്ചതും സ്വാഭാവികമായി വളര്‍ന്നതുമായി ഇന്ന് 1360 ഏക്കര്‍ വനഭൂമിയാണ് മജൂലിയിലുള്ളത്. വനത്തില്‍ പതിയെ മൃഗങ്ങളും വന്നു തുടങ്ങി. ഇപ്പോള്‍ ഈ വനം വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ചോ ഒന്നും ജാദവിന് അറിയില്ല. പക്ഷേ മരങ്ങളും പ്രകൃതിയുമാണ് ഭൂമിയെ നിലനിര്‍ത്തുന്നതെന്ന് ജാദവിനറിയം. അതുകൊണ്ട് തന്നെ തന്റെ അവസാന ശ്വാസം വരെ ഓരോ ദിവസവും മജൂലിയില്‍ താന്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ടേയിരിക്കുമെന്നാണ് ജാദവ് പറയുന്നത്.


Next Story

Related Stories