കേരളത്തില്‍ പലയിടത്തും മാസ്കുകള്‍ ലഭിക്കാനില്ലാത്ത സാഹചര്യത്തില്‍ സൗജന്യമായി മാസ്കുകള്‍ നിര്‍മിച്ചു നല്‍കുകയാണ് എറണാകുളത്തെ ഒരു ദേവാലയം. കേരളത്തില്‍ കൊറോണ വ്യാപിച്ചതോടെ പ്രതിരോധ സാധനങ്ങളുടെ വില കുത്തനെയാണ് കൂടിയത്. പലയിടത്തും മാസ്കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ മാതൃകയാവുകയാണ് ഈ ദേവാലയം.
നാലു ദിവസം മുമ്പ് അഞ്ചു മെഷീനുകളും ഏതാനും ആളുകളുമായി ആരംഭിച്ച കലൂര്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിലെ മാസ്ക് നിര്‍മാണം ഇപ്പോള്‍ 30 മെഷീനുകളിലും എഴുപതോളം ആളുകളുമായി സജീവമായി മുന്നേറുകയാണ്. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തിലാണ് ഈ സൗജന്യ മാസ്ക് നിര്‍മ്മാണം നടത്തുന്നത്. വളരെ പെട്ടന്നാണ് ഇത് ആരംഭിച്ചത്. പള്ളിയില്‍ വിളിച്ചു പറയുകയും പെട്ടന്ന് തന്നെ ആളുകള്‍ വരികയുമായിരുന്നു. സൗജന്യ മാസ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഇതേക്കുറിച്ചറിഞ്ഞ് ജാതിമതഭേദമന്യേ ആളുകള്‍ നിര്‍മാണത്തില്‍ പങ്കാളികളാവാന്‍ ദേവാലയത്തിലേക്കെത്തുന്നുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാണ് മാസ്കുകളുടെ വിതരണം നടത്തുന്നത്.