കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ജനങ്ങള്‍ മാസ്ക് ധരിക്കുക എന്നതാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരുകള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും പലരും ഇപ്പോഴും അത് ഗൗരവത്തിലെടുത്തിട്ടില്ല. ഇപ്പോഴിതാ മാസ്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്.
മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ചലഞ്ചുമായാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. മാസ്കുകള്‍ക്ക് പോലീസ് സമ്മാനവും നല്‍കും. വ്യത്യസ്തമായ ഫാമിലി മാസ്ക് തയ്യാറാക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പോലീസിന്റെ പ്രഖ്യാപനം. പുതിയ ഡിസൈന്‍ അയക്കുന്നവര്‍ക്ക് 3000 രൂപയും സമ്മാനമായി നല്‍കും. ഇത് കൂടാതെ മികച്ച മസ്ക്കണിഞ്ഞ കുടുംബ ഫോട്ടോകള്‍ പൊലീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് പടര്‍ന്നു പിടിക്കുന്നൊരു സാഹചര്യമുള്ളതിനാല്‍ തന്നെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദ്ദേശം. കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടിയാണ് ഇക്കാര്യത്തില്‍ കേരളാ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങായാല്‍ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.